ഏപ്രിൽ 9 വ്യാഴം
“അവൻ ലംഘകർക്കുവേണ്ടി മധ്യസ്ഥത വഹിച്ചു.”—യശ. 53:12
യഹോവ അബ്രാഹാമിനോടു സ്വന്തം മകനായ യിസ്ഹാക്കിനെ ബലി അർപ്പിക്കാൻ ആവശ്യപ്പെട്ടു. ആ സമയത്ത് അബ്രാഹാമിന് ഉണ്ടായ വേദന ചിന്തിക്കാവുന്നതിനും അപ്പുറമായിരുന്നു. എന്നിട്ടും അത് അനുസരിക്കാൻ അദ്ദേഹം തയ്യാറായി. എന്നാൽ മകനെ ബലി അർപ്പിക്കുന്നതിനു തൊട്ടുമുമ്പ് ദൈവം അദ്ദേഹത്തെ തടഞ്ഞു. എങ്കിലും അബ്രാഹാം ചെയ്ത ആ കാര്യം വിശ്വാസമുള്ള എല്ലാവരെയും ഒരു വലിയ സത്യം പഠിപ്പിക്കുന്നു: യഹോവയും തന്റെ പ്രിയമകനെ മനസ്സോടെ ഒരു ബലിയായി നൽകാൻ തയ്യാറാകും. അത്ര വലുതാണ് യഹോവയ്ക്കു മനുഷ്യരോടുള്ള സ്നേഹം! (ഉൽപ. 22:1-18) നൂറ്റാണ്ടുകൾക്കു ശേഷം യഹോവ ഇസ്രായേൽ ജനതയ്ക്കു നിയമം കൊടുത്തപ്പോൾ പാപപരിഹാരത്തിനായി മൃഗബലികൾ അർപ്പിക്കാൻ ആവശ്യപ്പെട്ടു. (ലേവ്യ 4:27-29; 17:11) ആ ബലികളെല്ലാം സൂചിപ്പിച്ചത്, മനുഷ്യകുലത്തെ പാപത്തിൽനിന്ന് പൂർണമായി മോചിപ്പിക്കാൻ യഹോവ മഹത്തായ ഒരു ബലി നൽകുമെന്നാണ്. വാഗ്ദാനം ചെയ്ത സന്തതി കഷ്ടങ്ങൾ സഹിച്ച് മരിക്കുമെന്ന് എഴുതാൻ ദൈവം തന്റെ പ്രവാചകന്മാരെ പ്രചോദിപ്പിച്ചു. മനുഷ്യകുലത്തെ അതായത്, നമ്മളെ ഓരോരുത്തരെയും പാപത്തിൽനിന്നും മരണത്തിൽനിന്നും രക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു അത്.—യശ. 53:1-12. w24.08 പേ. 4 ഖ. 7-8
ഏപ്രിൽ 10 വെള്ളി
“അങ്ങയുടെ നിയമം ഞാൻ എത്ര പ്രിയപ്പെടുന്നു! ദിവസം മുഴുവൻ ഞാൻ അതു ധ്യാനിക്കുന്നു.”—സങ്കീ. 119:97.
ബൈബിൾ വായിക്കുമ്പോൾ വായിക്കുന്ന കാര്യങ്ങൾ എങ്ങനെ പ്രാവർത്തികമാക്കാം എന്നു ചിന്തിക്കാൻ വിട്ടുപോകരുത്. ദൈവവചനത്തിലെ ഒരു ഭാഗം വായിക്കുമ്പോൾ നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ഈ വിവരങ്ങൾ ഇപ്പോഴോ ഭാവിയിലോ എനിക്ക് എങ്ങനെ പ്രയോജനപ്പെടുത്താനാകും?’ ഇത് എങ്ങനെ ചെയ്യാമെന്നു മനസ്സിലാക്കാൻ ഒരു ഉദാഹരണം നോക്കാം: നിങ്ങൾ ഇപ്പോൾ 1 തെസ്സലോനിക്യർ 5:17, 18 വായിച്ച് കഴിഞ്ഞതേ ഉള്ളൂ. ഇപ്പോൾ വായന നിറുത്തിയിട്ട്, നിങ്ങൾ ഉള്ളിന്റെ ഉള്ളിൽനിന്ന് എത്ര കൂടെക്കൂടെ പ്രാർഥിക്കാറുണ്ട് എന്ന് ചിന്തിക്കുന്നു. അതുപോലെ എന്തൊക്കെ കാര്യങ്ങൾക്കാണ് നിങ്ങൾക്കു ദൈവത്തോടു നന്ദി തോന്നുന്നതെന്നും ആലോചിക്കുന്നു. ചിലപ്പോൾ ഏതെങ്കിലും മൂന്നു കാര്യങ്ങൾ എടുത്തുപറഞ്ഞ് യഹോവയോടു നന്ദി പറയാൻ നിങ്ങൾ തീരുമാനിച്ചേക്കാം. ഇങ്ങനെ ശ്രദ്ധയോടെ ഏതാനും മിനിട്ടുകൾ ചിന്തിക്കുമ്പോൾത്തന്നെ നിങ്ങൾ ഒരു പരിധിവരെ ദൈവവചനം കേൾക്കുകയും അതിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാളാകുകയാണ്. ഓരോ ദിവസവും ബൈബിൾ വായിക്കുമ്പോൾ ഇങ്ങനെ ചെയ്യുന്നെങ്കിൽ അതു നിങ്ങൾക്ക് എത്രമാത്രം പ്രയോജനം ചെയ്യും എന്നു ചിന്തിച്ച് നോക്കൂ. പതിയെപ്പതിയെ ദൈവവചനത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്ന ഒരാളായി നിങ്ങൾ വളരും. w24.09 പേ. 5 ഖ. 9-10
ഏപ്രിൽ 11 ശനി
“ഞങ്ങൾ എന്തിനുവേണ്ടി അധ്വാനിച്ചോ, അതു നഷ്ടമാക്കാതെ പ്രതിഫലം മുഴുവൻ നേടാൻ ശ്രദ്ധിച്ചുകൊള്ളുക.”—2 യോഹ. 8.
ഒരു പ്രത്യേകപ്രാപ്തിയോടെയാണ് യഹോവ നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്. എന്തെങ്കിലും കിട്ടുമ്പോൾ നമുക്കു സന്തോഷം തോന്നുമെങ്കിലും, നമ്മൾ മറ്റുള്ളവർക്കു കൊടുക്കുമ്പോൾ അതിലേറെ സന്തോഷം തോന്നും. സഹോദരങ്ങളെ സഹായിക്കാനാകുമ്പോൾ നമുക്കു സംതൃപ്തി കിട്ടുന്നു. അവർ അതു വിലമതിക്കുന്നതു കാണുമ്പോഴും നമ്മുടെ സന്തോഷം കൂടും. എന്നാൽ അവർ വിലമതിപ്പു കാണിച്ചില്ലെങ്കിലും നമ്മൾ ശരിയായതു ചെയ്തല്ലോ എന്നോർത്ത് നമുക്കു സന്തോഷിക്കാനാകും. നിങ്ങൾ മറ്റുള്ളവർക്ക് കൊടുക്കുന്നത് എന്താണെങ്കിലും, ‘അതിനെക്കാൾ എത്രയോ അധികം നിങ്ങൾക്കു തരാൻ യഹോവയ്ക്കു കഴിയും’ എന്നോർക്കുക. (2 ദിന. 25:9) ദൈവം തരുന്നത് എപ്പോഴും കൂടുതലായിരിക്കും. യഹോവയിൽനിന്ന് പ്രതിഫലം കിട്ടുന്നതിനെക്കാൾ വലിയ സന്തോഷം വേറെയില്ല. അതുകൊണ്ട്, ഉദാരമായി കൊടുക്കുന്ന നമ്മുടെ സ്വർഗീയപിതാവിനെ നമുക്കു തുടർന്നും അനുകരിക്കാം. w24.09 പേ. 31 ഖ. 20-21