ഏപ്രിൽ 29 ബുധൻ
“ചിന്താശേഷി നിന്നെ സംരക്ഷിക്കുകയും വകതിരിവ് നിന്നെ കാക്കുകയും ചെയ്യും.”—സുഭാ. 2:11.
ഓരോ ദിവസവും നമ്മൾ വ്യത്യസ്ത തീരുമാനങ്ങളെടുക്കാറുണ്ട്. ചില തീരുമാനങ്ങൾ എളുപ്പത്തിലെടുക്കാൻ പറ്റുന്നവയാണ്. രാവിലെ എന്തു കഴിക്കണം, എപ്പോൾ ഉറങ്ങണം എന്നതൊക്കെ. എന്നാൽ ചില കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കുന്നതു ബുദ്ധിമുട്ടാണ്. നമ്മുടെ ആരോഗ്യത്തെയും സന്തോഷത്തെയും ആരാധനയെയും നമ്മുടെ പ്രിയപ്പെട്ടവരെയും ഒക്കെ ബാധിക്കുന്നതായിരിക്കാം അത്. നമ്മളെടുക്കുന്ന തീരുമാനങ്ങൾ നമുക്കും നമ്മുടെ കുടുംബത്തിനും പ്രയോജനം ചെയ്യണമെന്നാണു നമ്മൾ ആഗ്രഹിക്കുന്നത്. ഏറ്റവും പ്രധാനമായി, അത് യഹോവയെ സന്തോഷിപ്പിക്കണമെന്നു നമ്മൾ ആഗ്രഹിക്കുന്നു. (റോമ. 12:1, 2) ശരിയായ തീരുമാനമെടുക്കുന്നതിനുള്ള പടി വസ്തുതകൾ മനസ്സിലാക്കുക എന്നതാണ്. അത് എന്തുകൊണ്ടാണ്? ഗുരുതരമായ ആരോഗ്യപ്രശ്നവുമായി ഒരു രോഗി ഡോക്ടറെ കാണുന്നെന്നു വിചാരിക്കുക. നന്നായി പരിശോധിക്കുകയോ വിവരങ്ങളൊക്കെ ചോദിച്ച് അറിയുകയോ ചെയ്യാതെ ആ ഡോക്ടർ ഒരു ചികിത്സ നിർദേശിക്കുമോ? ഒരിക്കലുമില്ല. അതുപോലെ, സാഹചര്യവുമായി ബന്ധപ്പെട്ട വസ്തുതകൾ നന്നായി മനസ്സിലാക്കിയാൽ മാത്രമേ നമുക്കും ശരിയായ തീരുമാനങ്ങളെടുക്കാൻ കഴിയൂ. w25.01 പേ. 14 ഖ. 1-3
ഏപ്രിൽ 30 വ്യാഴം
“‘യഹോവ അങ്ങയുടെ പാപം ക്ഷമിക്കുന്നു. അങ്ങ് മരിക്കില്ല’”—2 ശമു. 12:13.
യഹോവയുടെ കരുണയെക്കുറിച്ച് നമുക്ക് എന്ത് അറിയാം? ‘ആരും നശിച്ചുപോകാൻ താൻ ആഗ്രഹിക്കുന്നില്ല’ എന്ന് യഹോവ എങ്ങനെയാണു തെളിയിച്ചിരിക്കുന്നത്? (2 പത്രോ. 3:9) ഗുരുതരമായ പാപം ചെയ്ത ചിലരോട് യഹോവ കരുണ കാണിച്ചതിൽനിന്ന് നമുക്ക് അതു മനസ്സിലാക്കാം. ദാവീദ് രാജാവിന്റെ കാര്യമെടുക്കുക: അദ്ദേഹം വ്യഭിചാരവും കൊലപാതകവും പോലെയുള്ള ഗുരുതരമായ പാപങ്ങൾ ചെയ്തു. എന്നാൽ പശ്ചാത്തപിച്ചപ്പോൾ യഹോവ അദ്ദേഹത്തോടു ക്ഷമിച്ചു. (2 ശമു. 12:1-12) ഇനി, മനശ്ശെ രാജാവിന്റെ കാര്യം പറഞ്ഞാൽ, ആയുസ്സിന്റെ അധികഭാഗവും അങ്ങേയറ്റം ദുഷ്ടത ചെയ്തുകൂട്ടിയ ആളായിരുന്നു അദ്ദേഹം. അത്രയും മോശമായ കാര്യങ്ങൾ ചെയ്തിട്ടും മനശ്ശെ പിന്നീട് പശ്ചാത്തപിച്ചപ്പോൾ യഹോവ ക്ഷമിക്കുകയും കരുണ കാണിക്കുകയും ചെയ്തു. (2 ദിന. 33:9-16) ഈ ഉദാഹരണങ്ങൾ നമ്മളെ എന്താണു പഠിപ്പിക്കുന്നത്? കരുണ കാണിക്കാൻ ഒരു അടിസ്ഥാനം ഉള്ളപ്പോൾ യഹോവ ഉറപ്പായും കരുണ കാണിക്കും. തങ്ങൾ ഗുരുതരമായ പാപങ്ങൾ ചെയ്തെന്നു തിരിച്ചറിയുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നതുകൊണ്ട് യഹോവ അത്തരം ആളുകളെ ഉയിർപ്പിക്കും. w24.05 പേ. 4 ഖ. 12
മെയ് 1 വെള്ളി
“ദൈവത്തിനു പക്ഷപാതമില്ല.”—റോമ. 2:11.
ഈജിപ്തിൽനിന്ന് ഇസ്രായേല്യരെ വിടുവിച്ചശേഷം വിശുദ്ധകൂടാരത്തിൽ പുരോഹിതന്മാരായി സേവിക്കാൻ യഹോവ ചില ആളുകളെ നിയമിച്ചു. അതുപോലെ വിശുദ്ധകൂടാരത്തിലെ മറ്റു ജോലികൾ ചെയ്യാൻ ലേവ്യരെയും നിയമിച്ചാക്കി. എന്നാൽ വിശുദ്ധകൂടാരത്തിൽ സേവിച്ചിരുന്നവർക്കോ അതിന് അടുത്തുള്ള കൂടാരങ്ങളിൽ താമസിച്ചിരുന്നവർക്കോ മറ്റുള്ളവരെക്കാൾ എന്തെങ്കിലും പ്രത്യേകപരിഗണന യഹോവ കൊടുത്തോ? ഇല്ല. യഹോവ പക്ഷപാതമുള്ള ദൈവമല്ല. വിശുദ്ധകൂടാരത്തിൽ സേവിക്കുന്നവർക്കും വിശുദ്ധകൂടാരത്തിന് അടുത്ത് താമസിക്കുന്നവർക്കും മാത്രമല്ല എല്ലാ ഇസ്രായേല്യർക്കും യഹോവയുമായി ഒരു അടുത്ത ബന്ധത്തിലേക്കു വരാൻ പറ്റുമായിരുന്നു. ഉദാഹരണത്തിന്, വിശുദ്ധകൂടാരത്തിനു മുകളിലുള്ള അത്ഭുതകരമായ മേഘസ്തംഭവും രാത്രിയിലെ അഗ്നിസ്തംഭവും ജനത്തിലെ എല്ലാവർക്കും കാണാമെന്ന് യഹോവ ഉറപ്പാക്കി. (പുറ. 40:38) ഈ മേഘം മറ്റൊരു സ്ഥലത്തേക്കു നീങ്ങിത്തുടങ്ങുന്നത് എല്ലാവർക്കും, വിശുദ്ധകൂടാരത്തിൽനിന്ന് ഒരുപാട് അകലെ താമസിക്കുന്നവർക്കുപോലും കാണാൻ പറ്റുമായിരുന്നു. അങ്ങനെ അവർക്കും കൂടാരം അഴിച്ച്, സാധനങ്ങളൊക്കെ എടുത്ത്, എല്ലാവരുടെയുംകൂടെ പോകാൻ കഴിഞ്ഞു. (സംഖ്യ 9:15-23) അതുപോലെ ഇന്നും, നമ്മൾ എവിടെയാണ് ജീവിക്കുന്നതെങ്കിലും യഹോവയുടെ സ്നേഹവും കരുതലും സംരക്ഷണവും നമുക്കും കിട്ടും. w24.06 പേ. 4 ഖ. 10-12