-
1 ദിനവൃത്താന്തം 17:16-22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 അപ്പോൾ ദാവീദ് രാജാവ് യഹോവയുടെ സന്നിധിയിൽ വന്ന് അവിടെ ഇരുന്ന് ഇങ്ങനെ പ്രാർഥിച്ചു: “ദൈവമായ യഹോവേ, എന്നെ ഇത്രത്തോളം ഉയർത്താൻ ഞാൻ ആരാണ്? എന്റെ കുടുംബവും എത്ര നിസ്സാരം!+ 17 എന്നാൽ എന്റെ ദൈവമേ, ഇതൊന്നും പോരാ എന്നപോലെ, അടിയന്റെ ഭവനത്തിനു വിദൂരഭാവിയിൽ സംഭവിക്കാനിരിക്കുന്നതിനെക്കുറിച്ചുപോലും+ അങ്ങ് പറഞ്ഞിരിക്കുന്നു. ദൈവമായ യഹോവേ, ഞാൻ ഇനിയും ശ്രേഷ്ഠനാകേണ്ടവനാണ് എന്നപോലെ* അങ്ങ് എന്നെ കടാക്ഷിക്കുകയും ചെയ്തിരിക്കുന്നു. 18 അങ്ങയ്ക്ക് എന്നെ ഇത്ര നന്നായി അറിയാവുന്ന സ്ഥിതിക്ക്+ അങ്ങ് എന്നെ ആദരിച്ചതിനെക്കുറിച്ച് അങ്ങയുടെ ദാസനായ ഈ ദാവീദ് അങ്ങയോട് ഇതിൽക്കൂടുതൽ എന്തു പറയാനാണ്? 19 യഹോവേ, അങ്ങയുടെ ഈ ദാസനെ ഓർത്തും അങ്ങയുടെ ഹൃദയത്തിനു ബോധിച്ചതുപോലെയും അങ്ങയുടെ മഹത്ത്വം വെളിപ്പെടുത്തി അങ്ങ് ഈ മഹാകാര്യങ്ങളെല്ലാം ചെയ്തിരിക്കുന്നു.+ 20 യഹോവേ, അങ്ങയെപ്പോലെ മറ്റാരുമില്ല.+ അങ്ങല്ലാതെ മറ്റൊരു ദൈവവുമില്ല.+ ഞങ്ങൾ കേട്ട കാര്യങ്ങളെല്ലാം ഇതു സത്യമാണെന്നതിനു തെളിവ് തരുന്നു. 21 അങ്ങയുടെ ജനമായ ഇസ്രായേലിനെപ്പോലെ വേറെ ഏതു ജനതയാണ് ഈ ഭൂമിയിലുള്ളത്?+ സത്യദൈവമായ അങ്ങ് അവരെ വീണ്ടെടുത്ത് അങ്ങയുടെ ജനമാക്കിയിരിക്കുന്നു.+ അങ്ങ് ഈജിപ്തിൽനിന്ന് വീണ്ടെടുത്ത് കൊണ്ടുവന്ന അങ്ങയുടെ ജനത്തിന്റെ മുന്നിൽനിന്ന് അങ്ങ് ജനതകളെ ഓടിച്ചുകളഞ്ഞു.+ അങ്ങനെ, ഭയാദരവ് ഉണർത്തുന്ന മഹാകാര്യങ്ങൾ ചെയ്ത്+ അങ്ങ് അങ്ങയുടെ പേര് ഉന്നതമാക്കിയിരിക്കുന്നു. 22 എന്നും അങ്ങയുടെ സ്വന്തം ജനമായിരിക്കാൻ ഇസ്രായേലിനെ അങ്ങ് തിരഞ്ഞെടുത്തിരിക്കുന്നു.+ യഹോവേ, അങ്ങ് അവരുടെ ദൈവവുമായിരിക്കുന്നു.+
-