യിരെമ്യ
19 യഹോവ പറഞ്ഞത് ഇതാണ്: “നീ കുശവന്റെ അടുത്ത് ചെന്ന് ഒരു മൺകുടം വാങ്ങുക.+ എന്നിട്ട് ജനത്തിന്റെ മൂപ്പന്മാരിലും* പുരോഹിതന്മാരുടെ മൂപ്പന്മാരിലും ചിലരെ കൂട്ടിക്കൊണ്ട് 2 ഓട്ടുകഷണക്കവാടത്തിന്റെ മുന്നിലുള്ള ബൻ-ഹിന്നോം താഴ്വരയിൽ*+ ചെല്ലണം. ഞാൻ നിന്നോടു പറയുന്ന കാര്യങ്ങൾ അവിടെവെച്ച് പ്രഖ്യാപിക്കുക. 3 നീ ഇങ്ങനെ പറയണം: ‘യഹൂദാരാജാക്കന്മാരേ, യരുശലേംനിവാസികളേ, യഹോവയുടെ സന്ദേശം കേൾക്കൂ. ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്:
“‘“ഞാൻ ഈ സ്ഥലത്ത് ഒരു ദുരന്തം വരുത്താൻപോകുന്നു; കേൾക്കുന്നവരുടെയെല്ലാം ചെവി രണ്ടും തരിച്ചുപോകുന്ന തരം ദുരന്തം! 4 കാരണം, അവർ എന്നെ ഉപേക്ഷിച്ച്,+ കണ്ടാൽ തിരിച്ചറിയാനാകാത്തതുപോലെ ഈ സ്ഥലം മാറ്റിക്കളഞ്ഞു.+ ഇവിടെ അവർ, അവർക്കോ അവരുടെ പൂർവികർക്കോ യഹൂദാരാജാക്കന്മാർക്കോ അറിയില്ലായിരുന്ന അന്യദൈവങ്ങൾക്കു ബലി അർപ്പിക്കുന്നു. അവർ നിരപരാധികളുടെ രക്തംകൊണ്ട് ഈ സ്ഥലം നിറച്ചു.+ 5 സ്വന്തം മക്കളെ തീയിൽ സമ്പൂർണ ദഹനബലികളായി ബാലിന് അർപ്പിക്കാൻ അവർ ബാലിന് ആരാധനാസ്ഥലങ്ങൾ* പണിതു.+ ഇതു ഞാൻ കല്പിക്കുകയോ പറയുകയോ ചെയ്തതല്ല; ഇങ്ങനെയൊരു കാര്യം എന്റെ മനസ്സിൽപ്പോലും വന്നിട്ടില്ല.”’*+
6 “‘യഹോവ പ്രഖ്യാപിക്കുന്നു: “അതുകൊണ്ട്, ഈ സ്ഥലത്തെ മേലാൽ തോഫെത്ത് എന്നോ ബൻ-ഹിന്നോം താഴ്വര എന്നോ വിളിക്കാതെ കശാപ്പുതാഴ്വര എന്നു വിളിക്കുന്ന നാളുകൾ ഇതാ വരുന്നു.+ 7 ഞാൻ ഇവിടെവെച്ച് യഹൂദയുടെയും യരുശലേമിന്റെയും പദ്ധതികൾ വിഫലമാക്കും. ശത്രുക്കളുടെ വാളാലും അവരുടെ ജീവനെടുക്കാൻ നോക്കുന്നവരുടെ കൈയാലും അവർ വീഴാൻ ഇടയാക്കും. അവരുടെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും തീറ്റയായി ഇട്ടുകൊടുക്കും.+ 8 അങ്ങനെ ഞാൻ ഈ നഗരം പേടിപ്പെടുത്തുന്ന ഒരിടമാക്കും. ആളുകൾ ആ സ്ഥലം കണ്ട് അതിശയത്തോടെ തല കുലുക്കും.* അതുവഴി കടന്നുപോകുന്നവരെല്ലാം പേടിച്ച് കണ്ണു മിഴിക്കും. അതിനു വന്ന ദുരന്തങ്ങൾ കാരണം അവർ കൂക്കിവിളിക്കും.+ 9 അവരുടെ ശത്രുക്കളും അവരുടെ ജീവനെടുക്കാൻ നോക്കുന്നവരും വന്ന് അവരെ ഉപരോധിക്കും. അങ്ങനെ, കഷ്ടത്തിലാകുന്ന അവർക്കെല്ലാം കൂടെയുള്ളവരുടെ മാംസം തിന്നേണ്ടിവരും; ഞാൻ അവരെ അവരുടെ മക്കളുടെ മാംസംപോലും തീറ്റും.”’+
10 “എന്നിട്ട്, നിന്റെകൂടെ പോന്നവരുടെ കൺമുന്നിൽവെച്ച് ആ കുടം ഉടച്ച് 11 അവരോട് ഇങ്ങനെ പറയണം: ‘സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നത് ഇതാണ്: “ഇങ്ങനെ, ഒരു കുശവന്റെ പാത്രം ഉടച്ചുകളയുന്നതുപോലെ ഈ ജനത്തെയും നഗരത്തെയും ഞാൻ തകർത്തുകളയും; പിന്നെ ഒരിക്കലും അതു കൂട്ടിച്ചേർക്കാനാകില്ല. അവർ തോഫെത്തിൽ ശവങ്ങൾ അടക്കും; പക്ഷേ സ്ഥലം പോരാതെവരും.”’+
12 “യഹോവ പ്രഖ്യാപിക്കുന്നു: ‘ഇങ്ങനെയായിരിക്കും ഞാൻ ഈ സ്ഥലത്തോടും അതിലെ താമസക്കാരോടും ചെയ്യുക. ഞാൻ ഈ നഗരം തോഫെത്തുപോലെയാക്കും. 13 യരുശലേമിലെ വീടുകളും യഹൂദാരാജാക്കന്മാരുടെ ഭവനങ്ങളും ഈ തോഫെത്തുപോലെ അശുദ്ധമാകും.+ പുരമുകളിൽവെച്ച് ആകാശത്തിലെ സർവസൈന്യത്തിനും ബലികൾ അർപ്പിക്കുകയും+ അന്യദൈവങ്ങൾക്കു പാനീയയാഗങ്ങൾ ചൊരിയുകയും ചെയ്ത വീടുകളെല്ലാം ഇതുപോലെയാകും.’”+
14 പ്രവചിക്കാൻ യഹോവ തോഫെത്തിലേക്ക് അയച്ച യിരെമ്യ മടങ്ങിവന്ന് യഹോവയുടെ ഭവനത്തിന്റെ മുറ്റത്ത് നിന്ന് ജനത്തോടു മുഴുവൻ പറഞ്ഞു: 15 “ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: ‘ഇതാ, ഞാൻ ഈ നഗരത്തിന് എതിരായി ഉച്ചരിച്ച ദുരന്തങ്ങൾ മുഴുവനും ഈ നഗരത്തിന്മേലും അതിന്റെ എല്ലാ പട്ടണങ്ങളിന്മേലും വരുത്താൻപോകുന്നു; കാരണം, അവർ എന്റെ വാക്കുകൾ അനുസരിക്കാൻ ശാഠ്യപൂർവം വിസമ്മതിച്ചു.’”*+