അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ
12 അക്കാലത്ത് ഹെരോദ് രാജാവ് സഭയിലുള്ള ചിലരെ ദ്രോഹിക്കാൻതുടങ്ങി.+ 2 ഹെരോദ് യോഹന്നാന്റെ സഹോദരനായ യാക്കോബിനെ+ വാളുകൊണ്ട് കൊന്നു.+ 3 ജൂതന്മാരെ അതു സന്തോഷിപ്പിച്ചെന്നു കണ്ടപ്പോൾ പത്രോസിനെയും അറസ്റ്റു ചെയ്യാൻ ഹെരോദ് തീരുമാനിച്ചു. (അപ്പോൾ പുളിപ്പില്ലാത്ത* അപ്പത്തിന്റെ ഉത്സവമായിരുന്നു.)+ 4 ഹെരോദ് പത്രോസിനെ പിടികൂടി ജയിലിൽ ഇട്ടു.+ നാലു ഭടന്മാർ വീതമുള്ള നാലു ഗണങ്ങളെ ഊഴമനുസരിച്ച് നാലു നേരങ്ങളിലായി കാവൽനിറുത്തുകയും ചെയ്തു. പെസഹയ്ക്കു ശേഷം പത്രോസിനെ ജനത്തിന്റെ മുന്നിൽ കൊണ്ടുവരാനായിരുന്നു* പദ്ധതി. 5 അങ്ങനെ പത്രോസ് ജയിലിൽ കഴിഞ്ഞു. എന്നാൽ സഭ ഒന്നടങ്കം പത്രോസിനുവേണ്ടി ദൈവത്തോട് ഉള്ളുരുകി പ്രാർഥിച്ചുകൊണ്ടിരുന്നു.+
6 ഹെരോദ് പത്രോസിനെ ജനത്തിനു മുന്നിൽ കൊണ്ടുവരാനിരുന്നതിന്റെ തലേരാത്രി പത്രോസ് രണ്ടു ഭടന്മാരുടെ നടുവിൽ രണ്ടു ചങ്ങലകൊണ്ട് ബന്ധിതനായി ഉറങ്ങുകയായിരുന്നു. ജയിലിന്റെ വാതിൽക്കലും കാവൽക്കാരുണ്ടായിരുന്നു. 7 പെട്ടെന്ന് യഹോവയുടെ* ഒരു ദൂതൻ അവിടെ പ്രത്യക്ഷനായി!+ ജയിൽമുറിയിൽ ഒരു പ്രകാശം നിറഞ്ഞു. ദൂതൻ പത്രോസിന്റെ ഒരു വശത്ത് തട്ടിയിട്ട്, “വേഗം എഴുന്നേൽക്ക്” എന്നു പറഞ്ഞ് ഉറക്കമുണർത്തി. പത്രോസിന്റെ കൈകളിൽനിന്ന് ചങ്ങലകൾ ഊരിവീണു.+ 8 ദൂതൻ പത്രോസിനോട്, “വസ്ത്രം ധരിക്കൂ,* ചെരിപ്പ് ഇടൂ” എന്നു പറഞ്ഞു. പത്രോസ് അങ്ങനെ ചെയ്തു. പിന്നെ ദൂതൻ പത്രോസിനോട്, “പുറങ്കുപ്പായം ധരിച്ച് എന്റെ പിന്നാലെ വരുക” എന്നു പറഞ്ഞു. 9 പത്രോസ് ജയിൽമുറിയിൽനിന്ന് ഇറങ്ങി ദൂതന്റെ പിന്നാലെ ചെന്നു. എന്നാൽ ദൂതൻ ചെയ്യുന്ന ഇക്കാര്യങ്ങളെല്ലാം ശരിക്കും സംഭവിക്കുകയാണെന്നു പത്രോസിനു മനസ്സിലായില്ല; ഒരു ദിവ്യദർശനം കാണുകയാണെന്നാണു പത്രോസ് കരുതിയത്. 10 അവർ ഒന്നാം കാവലും രണ്ടാം കാവലും കടന്ന് പുറത്തേക്കുള്ള ഇരുമ്പുകവാടത്തിൽ എത്തി. അതു തനിയെ തുറന്നു! അവർ പുറത്ത് ഇറങ്ങി നഗരത്തിലെ ഒരു തെരുവിലൂടെ മുന്നോട്ടു നടന്നു. പെട്ടെന്ന് ദൂതൻ പത്രോസിനെ വിട്ട് പോയി. 11 സംഭവിക്കുന്നത് എന്താണെന്നു മനസ്സിലാക്കിയ പത്രോസ് പറഞ്ഞു: “യഹോവ* ഒരു ദൂതനെ അയച്ച് എന്നെ ഹെരോദിന്റെ കൈയിൽനിന്ന് രക്ഷപ്പെടുത്തുകയായിരുന്നെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി. ദൈവം ജൂതന്മാരുടെ പ്രതീക്ഷകൾ തകിടംമറിച്ചിരിക്കുന്നു.”+
12 ഇക്കാര്യം ബോധ്യമായപ്പോൾ പത്രോസ് നേരെ മറിയയുടെ വീട്ടിൽ ചെന്നു. മർക്കോസ് എന്ന് അറിയപ്പെട്ട യോഹന്നാന്റെ+ അമ്മയാണു മറിയ. അവിടെ കുറെ പേർ കൂടിയിരുന്ന് പ്രാർഥിക്കുകയായിരുന്നു. 13 പത്രോസ് പടിപ്പുരവാതിലിൽ മുട്ടിവിളിച്ചപ്പോൾ രോദ എന്ന ദാസിപ്പെൺകുട്ടി അത് ആരാണെന്നു നോക്കാൻ ചെന്നു. 14 പത്രോസിന്റെ ശബ്ദം തിരിച്ചറിഞ്ഞ രോദ സന്തോഷംകൊണ്ട് മതിമറന്ന് വാതിൽ തുറക്കാതെ അകത്തേക്ക് ഓടി; പത്രോസ് പടിപ്പുരവാതിൽക്കൽ നിൽക്കുന്നുണ്ടെന്ന് അവിടെയുള്ളവരെ അറിയിച്ചു. 15 അവർ രോദയോട്, “നിനക്കു വട്ടാണ്” എന്നു പറഞ്ഞു. എന്നാൽ താൻ സത്യമാണു പറയുന്നതെന്നു രോദ തറപ്പിച്ചുപറഞ്ഞുകൊണ്ടിരുന്നു. അപ്പോൾ അവർ, “അതു പത്രോസിന്റെ ദൈവദൂതനായിരിക്കും” എന്നു പറഞ്ഞു. 16 പത്രോസ് അപ്പോഴും വാതിലിൽ മുട്ടിക്കൊണ്ടിരുന്നു. അവർ വാതിൽ തുറന്നപ്പോൾ പത്രോസിനെ കണ്ട് അത്ഭുതപ്പെട്ടുപോയി. 17 എന്നാൽ നിശ്ശബ്ദരായിരിക്കാൻ പത്രോസ് അവരെ ആംഗ്യം കാണിച്ചു. എന്നിട്ട്, യഹോവ* എങ്ങനെയാണു തന്നെ ജയിലിൽനിന്ന് പുറത്ത് കൊണ്ടുവന്നതെന്ന് അവരോടു വിവരിച്ചു. “ഈ കാര്യങ്ങൾ യാക്കോബിനെയും+ മറ്റു സഹോദരന്മാരെയും അറിയിക്കുക” എന്നും പത്രോസ് പറഞ്ഞു. എന്നിട്ട് അവിടെനിന്ന് മറ്റൊരു സ്ഥലത്തേക്കു പോയി.
18 നേരം വെളുത്തപ്പോൾ, പത്രോസ് എവിടെപ്പോയി എന്ന് ഓർത്ത് ഭടന്മാർ ആകെ പരിഭ്രാന്തരായി. 19 പത്രോസിനുവേണ്ടി ഹെരോദ് ഊർജിതമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതുകൊണ്ട് ഹെരോദ് കാവൽക്കാരെ ചോദ്യം ചെയ്തിട്ട് അവരെ ശിക്ഷിക്കാൻ ഉത്തരവിട്ടു.+ പിന്നെ ഹെരോദ് യഹൂദ്യയിൽനിന്ന് കൈസര്യയിലേക്കു പോയി കുറച്ച് കാലം അവിടെ താമസിച്ചു.
20 സോരിലെയും സീദോനിലെയും ജനങ്ങളോടു ഹെരോദിനു കടുത്ത ദേഷ്യമായിരുന്നു. എന്നാൽ ആ രാജ്യത്തേക്കു വേണ്ട ആഹാരസാധനങ്ങൾ കിട്ടിയിരുന്നതു രാജാവിന്റെ ദേശത്തുനിന്നായിരുന്നതുകൊണ്ട് എങ്ങനെയും സമാധാനം സ്ഥാപിക്കണം എന്ന ലക്ഷ്യത്തിൽ ആളുകളെല്ലാം ചേർന്ന് രാജാവിനെ കാണാൻ ചെന്നു. അതിനുവേണ്ടി അവർ കൊട്ടാരത്തിലെ* കാര്യങ്ങൾ നോക്കിനടത്തിയിരുന്ന ബ്ലസ്തൊസിനെ സ്വാധീനിച്ചു. 21 ഒരു നിശ്ചിതദിവസം ഹെരോദ് രാജകീയവസ്ത്രം ധരിച്ച് ന്യായാസനത്തിൽ* ഉപവിഷ്ടനായി അവർക്കു മുമ്പാകെ ഒരു പ്രസംഗം നടത്തി. 22 കൂടിവന്നിരുന്ന ജനം ഇതു കേട്ട്, “ഇതു മനുഷ്യന്റെ ശബ്ദമല്ല, ഒരു ദൈവത്തിന്റെ ശബ്ദമാണ്” എന്ന് ആർത്തുവിളിച്ചു. 23 ഹെരോദ് ദൈവത്തിനു മഹത്ത്വം കൊടുക്കാഞ്ഞതുകൊണ്ട് ഉടനെ യഹോവയുടെ* ദൂതൻ അയാളെ പ്രഹരിച്ചു. കൃമികൾക്കിരയായി ഹെരോദ് മരിച്ചു.
24 എന്നാൽ യഹോവയുടെ* വചനം കൂടുതൽ സ്ഥലങ്ങളിലേക്കു പ്രചരിച്ചു,+ അനേകം ആളുകൾ വിശ്വാസികളായിത്തീർന്നു.
25 ബർന്നബാസും+ ശൗലും യരുശലേമിലെ ദുരിതാശ്വാസപ്രവർത്തനങ്ങൾ+ പൂർത്തിയാക്കിയശേഷം മർക്കോസ് എന്നും അറിയപ്പെടുന്ന യോഹന്നാനെയും കൂട്ടി മടങ്ങിപ്പോയി.+