-
1 ശമുവേൽ 2:12-17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 ഏലിയുടെ മക്കൾ കൊള്ളരുതാത്തവരായിരുന്നു.+ അവർ യഹോവയെ ഒട്ടും ആദരിച്ചിരുന്നില്ല. 13 ജനത്തിൽനിന്ന് പുരോഹിതന്മാർക്കു കിട്ടേണ്ട അവകാശത്തിന്റെ കാര്യത്തിൽ അവർ ചെയ്തത് ഇതാണ്:+ ആരെങ്കിലും ബലി അർപ്പിക്കാൻ വന്നാൽ, ഇറച്ചി വേവുന്ന സമയത്ത് പുരോഹിതന്റെ പരിചാരകൻ കയ്യിലൊരു മുപ്പല്ലിയുമായി വന്ന് 14 ഉരുളിയിലോ ഇരട്ടപ്പിടിയുള്ള കലത്തിലോ കുട്ടകത്തിലോ ഒറ്റ പിടിയുള്ള കലത്തിലോ കുത്തും. മുപ്പല്ലിയിൽ കിട്ടുന്നതെല്ലാം പുരോഹിതൻ എടുക്കും. ശീലോയിൽ വരുന്ന എല്ലാ ഇസ്രായേല്യരോടും അവർ അങ്ങനെതന്നെ ചെയ്തിരുന്നു. 15 മാത്രമല്ല, ബലി അർപ്പിക്കുന്നയാൾക്കു കൊഴുപ്പു ദഹിപ്പിക്കാൻ* സാധിക്കുന്നതിനു മുമ്പുതന്നെ+ പുരോഹിതന്റെ പരിചാരകൻ വന്ന് അയാളോടു പറയും: “പുരോഹിതനു ചുടാൻ ഇറച്ചി തരൂ! പുഴുങ്ങിയത് അദ്ദേഹം സ്വീകരിക്കില്ല, പച്ച മാംസംതന്നെ വേണം.” 16 പക്ഷേ, ആ മനുഷ്യൻ പരിചാരകനോട്, “ആദ്യം അവർ കൊഴുപ്പു ദഹിപ്പിക്കട്ടെ,+ പിന്നെ, എന്തു വേണമെങ്കിലും എടുത്തുകൊള്ളൂ” എന്നു പറയുമ്പോൾ, “അതു പറ്റില്ല, ഇപ്പോൾത്തന്നെ വേണം; ഇല്ലെങ്കിൽ ഞാൻ ബലമായി എടുക്കും” എന്നു പരിചാരകൻ പറയും. 17 അങ്ങനെ, ആ പുരുഷന്മാർ യഹോവയുടെ യാഗത്തോട് അനാദരവ് കാണിച്ചതുകൊണ്ട്+ അവരുടെ പാപം യഹോവയുടെ മുമ്പാകെ വളരെ വലുതായി.
-