-
മത്തായി 12:24-30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
24 പരീശന്മാരോ ഇതു കേട്ട്, “ഭൂതങ്ങളുടെ അധിപനായ ബയെത്സെബൂബിനെക്കൊണ്ടാണ് ഇവൻ ഭൂതങ്ങളെ പുറത്താക്കുന്നത് ”+ എന്നു പറഞ്ഞു. 25 അവരുടെ ഉള്ളിലിരുപ്പു മനസ്സിലാക്കിയ യേശു അവരോടു പറഞ്ഞു: “ആളുകൾ പരസ്പരം പോരടിക്കുന്ന രാജ്യം നശിച്ചുപോകും. ആളുകൾ പരസ്പരം പോരടിക്കുന്ന നഗരവും വീടും നിലനിൽക്കില്ല. 26 അതുപോലെതന്നെ സാത്താൻ സാത്താനെ പുറത്താക്കുന്നെങ്കിൽ അവൻ തന്നോടുതന്നെ പോരടിക്കുന്നു. അപ്പോൾപ്പിന്നെ അവന്റെ രാജ്യം നിലനിൽക്കുന്നത് എങ്ങനെയാണ്? 27 ബയെത്സെബൂബിനെക്കൊണ്ടാണു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നതെങ്കിൽ നിങ്ങളുടെ പുത്രന്മാർ ആരെക്കൊണ്ടാണ് അവയെ പുറത്താക്കുന്നത്? അതുകൊണ്ട് അവർതന്നെ ന്യായാധിപന്മാരായി നിങ്ങളെ വിധിക്കട്ടെ. 28 എന്നാൽ ദൈവാത്മാവിനാലാണു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നതെങ്കിൽ ഉറപ്പായും ദൈവരാജ്യം നിങ്ങളെ കടന്നുപോയിരിക്കുന്നു.*+ 29 ശക്തനായ ഒരാളുടെ വീട്ടിൽ കടന്ന് സാധനങ്ങൾ കൊള്ളയടിക്കണമെങ്കിൽ ആദ്യം അയാളെ പിടിച്ചുകെട്ടേണ്ടേ? അയാളെ പിടിച്ചുകെട്ടിയാലേ അതിനു കഴിയൂ. 30 എന്റെ പക്ഷത്ത് നിൽക്കാത്തവനെല്ലാം എനിക്ക് എതിരാണ്. എന്റെകൂടെ നിന്ന് ശേഖരിക്കാത്തവൻ വാസ്തവത്തിൽ ചിതറിക്കുകയാണു ചെയ്യുന്നത്.+
-
-
മർക്കോസ് 3:22-27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
22 യരുശലേമിൽനിന്ന് വന്ന ശാസ്ത്രിമാരും ഇങ്ങനെ ആരോപിച്ചു: “ഇവനിൽ ബയെത്സെബൂബ് കയറിയിട്ടുണ്ട്. ഭൂതങ്ങളുടെ അധിപനെക്കൊണ്ടാണ് ഇവൻ ഭൂതങ്ങളെ പുറത്താക്കുന്നത്.”+ 23 അതുകൊണ്ട് യേശു അവരെ അടുത്ത് വിളിച്ച് ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച് അവരോടു സംസാരിക്കാൻതുടങ്ങി: “സാത്താന് എങ്ങനെ സാത്താനെ പുറത്താക്കാൻ പറ്റും? 24 ഒരു രാജ്യത്തിലെ ആളുകൾ പരസ്പരം പോരടിക്കുന്നെങ്കിൽ ആ രാജ്യം നിലനിൽക്കില്ല.+ 25 ഒരു വീട്ടിലെ ആളുകൾ പരസ്പരം പോരടിക്കുന്നെങ്കിൽ ആ വീടും നിലനിൽക്കില്ല. 26 അതുപോലെ സാത്താൻ തന്നോടുതന്നെ എതിർത്ത് തനിക്ക് എതിരെ പോരാടുന്നെങ്കിൽ അവൻ നിലനിൽക്കില്ല. അത് അവന്റെ അന്ത്യമായിരിക്കും. 27 ശക്തനായ ഒരാളുടെ വീട്ടിൽ കടന്ന് സാധനങ്ങൾ കൊള്ളയടിക്കണമെങ്കിൽ ആദ്യം അയാളെ പിടിച്ചുകെട്ടണം. അയാളെ പിടിച്ചുകെട്ടിയാലേ അതിനു കഴിയൂ.
-