ലേവ്യ
12 യഹോവ മോശയോട് ഇങ്ങനെയും പറഞ്ഞു: 2 “ഇസ്രായേല്യരോടു പറയുക: ‘ഒരു സ്ത്രീ ഗർഭിണിയായി ആൺകുഞ്ഞിനെ പ്രസവിക്കുന്നെങ്കിൽ, ആർത്തവകാലത്തെന്നപോലെ ഏഴു ദിവസത്തേക്ക് അശുദ്ധയായിരിക്കും.+ 3 എട്ടാം ദിവസം കുട്ടിയുടെ അഗ്രചർമം പരിച്ഛേദന* ചെയ്യണം.+ 4 തുടർന്ന് 33 ദിവസംകൂടെ അവൾ രക്തത്തിൽനിന്നുള്ള ശുദ്ധീകരണം ആചരിക്കും. തന്റെ ശുദ്ധീകരണദിവസങ്ങൾ പൂർത്തിയാകുന്നതുവരെ അവൾ വിശുദ്ധവസ്തുക്കളൊന്നും തൊടാനോ വിശുദ്ധമായ സ്ഥലത്ത് പ്രവേശിക്കാനോ പാടില്ല.
5 “‘എന്നാൽ പെൺകുഞ്ഞിനെയാണു പ്രസവിക്കുന്നതെങ്കിൽ അവൾ 14 ദിവസത്തേക്ക് ആർത്തവകാലത്തെന്നപോലെ അശുദ്ധയായിരിക്കും. തുടർന്ന് 66 ദിവസംകൂടെ അവൾ രക്തത്തിൽനിന്നുള്ള ശുദ്ധീകരണം ആചരിക്കണം. 6 മകനോ മകൾക്കോ വേണ്ടിയുള്ള അവളുടെ ശുദ്ധീകരണദിവസങ്ങൾ പൂർത്തിയാകുമ്പോൾ, അവൾ ഒരു വയസ്സോ അതിൽ താഴെയോ പ്രായമുള്ള ഒരു ആൺചെമ്മരിയാട്ടിൻകുട്ടിയെ ദഹനയാഗമായും+ ഒരു പ്രാവിൻകുഞ്ഞിനെയോ ഒരു ചെങ്ങാലിപ്രാവിനെയോ പാപയാഗമായും സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ പുരോഹിതന്റെ അടുത്ത് കൊണ്ടുവരണം. 7 പുരോഹിതൻ അതിനെ യഹോവയുടെ സന്നിധിയിൽ അർപ്പിച്ച് അവൾക്കു പാപപരിഹാരം വരുത്തും. അങ്ങനെ അവൾ തന്റെ രക്തസ്രവത്തിൽനിന്ന് ശുദ്ധയാകും. ഇതാണ് ആൺകുഞ്ഞിനെയോ പെൺകുഞ്ഞിനെയോ പ്രസവിക്കുന്ന സ്ത്രീയെ സംബന്ധിച്ചുള്ള നിയമം. 8 എന്നാൽ ആടിനെ അർപ്പിക്കാൻ അവൾക്കു വകയില്ലെങ്കിൽ അവൾ രണ്ടു ചെങ്ങാലിപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ കൊണ്ടുവരണം.+ ഒന്നു ദഹനയാഗത്തിനും മറ്റേതു പാപയാഗത്തിനും. പുരോഹിതൻ അവൾക്കു പാപപരിഹാരം വരുത്തും. അങ്ങനെ അവൾ ശുദ്ധയാകും.’”