പുറപ്പാട്
14 യഹോവ മോശയോടു പറഞ്ഞു: 2 “ഇസ്രായേല്യരോട്, ഇവിടെനിന്ന് തിരിഞ്ഞ് മിഗ്ദോലിനും കടലിനും ഇടയിലായി പീഹഹിരോത്തിനു മുന്നിലേക്കു ചെന്ന് ബാൽ-സെഫോൻ കാണാവുന്ന വിധത്തിൽ കൂടാരം അടിക്കാൻ പറയുക.+ അതിന് അഭിമുഖമായി കടലിന് അരികെ നിങ്ങൾ കൂടാരം അടിക്കണം. 3 അപ്പോൾ ഇസ്രായേല്യരെക്കുറിച്ച് ഫറവോൻ പറയും: ‘എന്തു ചെയ്യണമെന്ന് അറിയാതെ അവർ ദേശത്ത് അലഞ്ഞുതിരിയുകയാണ്. വിജനഭൂമിയിൽ അവർ കുടുങ്ങിയിരിക്കുന്നു.’ 4 അങ്ങനെ ഫറവോന്റെ ഹൃദയം കഠിനമാകാൻ ഞാൻ അനുവദിക്കും.+ അവൻ അവരെ പിന്തുടരും. ഞാനോ ഫറവോനെയും അവന്റെ സൈന്യത്തെയും ഉപയോഗിച്ച് എന്നെ മഹത്ത്വപ്പെടുത്തും.+ ഞാൻ യഹോവ എന്ന് ഈജിപ്തുകാർ നിശ്ചയമായും അറിയും.”+ ഇസ്രായേല്യർ അങ്ങനെതന്നെ ചെയ്തു.
5 ജനം കടന്നുകളഞ്ഞെന്ന് ഈജിപ്ത് രാജാവിനു വിവരം കിട്ടി. അതു കേട്ട ഉടനെ ഫറവോനും ദാസർക്കും ജനത്തോടുണ്ടായിരുന്ന മനോഭാവം മാറി.+ അവർ പറഞ്ഞു: “നമ്മൾ എന്താണ് ഈ ചെയ്തത്? അടിമപ്പണി ചെയ്തുകൊണ്ടിരുന്ന ആ ഇസ്രായേല്യരെ നമ്മൾ എന്തിനാണു പറഞ്ഞയച്ചത്?” 6 ഫറവോൻ യുദ്ധരഥങ്ങൾ സജ്ജമാക്കി, തന്റെ ആളുകളെയും കൂടെ കൂട്ടി,+ 7 വിശേഷപ്പെട്ട 600 രഥങ്ങളും ഈജിപ്തിലെ മറ്റെല്ലാ രഥങ്ങളും സഹിതം പുറപ്പെട്ടു. അവയിൽ ഓരോന്നിലും യോദ്ധാക്കളുമുണ്ടായിരുന്നു. 8 യഹോവ ഈജിപ്ത് രാജാവായ ഫറവോന്റെ ഹൃദയം കഠിനമാകാൻ അനുവദിച്ചു. ആത്മവിശ്വാസത്തോടെ* പോകുകയായിരുന്ന ഇസ്രായേല്യരെ+ ഫറവോൻ പിന്തുടർന്നു. 9 ഈജിപ്തുകാർ അവരുടെ പിന്നാലെ ചെന്നു.+ ഇസ്രായേല്യർ കടലിന് അരികെ പീഹഹിരോത്തിന് അടുത്ത് ബാൽ-സെഫോന് അഭിമുഖമായി താവളമടിച്ചിരിക്കുമ്പോൾ ഫറവോന്റെ എല്ലാ രഥക്കുതിരകളും കുതിരപ്പടയാളികളും സൈന്യവും അവരെ ലക്ഷ്യമാക്കി പാഞ്ഞടുത്തു.
10 ഫറവോൻ അടുത്തെത്തിയപ്പോൾ ഇസ്രായേല്യർ കണ്ണ് ഉയർത്തി നോക്കി, ഈജിപ്തുകാർ പിന്തുടർന്ന് വരുന്നതു കണ്ടു. വല്ലാതെ പേടിച്ചുപോയ അവർ ഉറക്കെ യഹോവയെ വിളിച്ചപേക്ഷിച്ചു.+ 11 അവർ മോശയോടു പറഞ്ഞു: “ഈജിപ്തിലെങ്ങും ശ്മശാനങ്ങളില്ലാഞ്ഞിട്ടാണോ ഈ വിജനഭൂമിയിൽ കിടന്ന് ചാകാൻ ഞങ്ങളെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവന്നത്?+ ഞങ്ങളോട് എന്താണ് ഈ ചെയ്തത്? എന്തിനാണു ഞങ്ങളെ ഈജിപ്തിൽനിന്ന് കൊണ്ടുപോന്നത്? 12 ഈജിപ്തിൽവെച്ച് ഞങ്ങൾ പറഞ്ഞതല്ലേ, ‘ഞങ്ങളെ വെറുതേ വിട്ടേക്ക്, ഞങ്ങൾ ഈജിപ്തുകാരെ സേവിച്ചുകൊള്ളാം’ എന്ന്? ഈ വിജനഭൂമിയിൽ കിടന്ന് ചാകുന്നതിലും എത്രയോ ഭേദമായിരുന്നു ഈജിപ്തുകാരെ സേവിക്കുന്നത്.”+ 13 അപ്പോൾ മോശ ജനത്തോടു പറഞ്ഞു: “പേടിക്കരുത്.+ ഉറച്ചുനിന്ന് യഹോവ ഇന്നു നിങ്ങളെ രക്ഷിക്കുന്നതു കണ്ടുകൊള്ളൂ.+ ഇന്നു കാണുന്ന ഈ ഈജിപ്തുകാരെ നിങ്ങൾ ഇനി ഒരിക്കലും കാണില്ല.+ 14 യഹോവതന്നെ നിങ്ങൾക്കുവേണ്ടി പോരാടും.+ നിങ്ങളോ മിണ്ടാതെ നിശ്ചലരായി നിൽക്കും.”
15 യഹോവ അപ്പോൾ മോശയോടു പറഞ്ഞു: “നീ എന്തിനാണ് എന്നെ വിളിച്ച് ഇങ്ങനെ കരയുന്നത്? കൂടാരം അഴിച്ച് യാത്ര തുടരാൻ ഇസ്രായേല്യരോടു പറയുക. 16 നീ നിന്റെ വടി കടലിനു മീതെ നീട്ടി അതിനെ വിഭജിക്കുക. അങ്ങനെ ഇസ്രായേല്യർക്കു കടലിനു നടുവിൽ ഉണങ്ങിയ നിലത്തുകൂടി പോകാനാകും. 17 ഞാൻ ഈജിപ്തുകാരുടെ ഹൃദയം കഠിനമാകാൻ അനുവദിക്കുകയാണ്. അതുകൊണ്ട് അവർ ഇസ്രായേല്യരെ പിന്തുടർന്നുചെല്ലും. അങ്ങനെ ഞാൻ ഫറവോനെയും അവന്റെ സർവസൈന്യത്തെയും യുദ്ധരഥങ്ങളെയും കുതിരപ്പടയാളികളെയും ഉപയോഗിച്ച് എന്നെ മഹത്ത്വപ്പെടുത്തും.+ 18 ഫറവോനെയും അവന്റെ യുദ്ധരഥങ്ങളെയും അവന്റെ കുതിരപ്പടയാളികളെയും ഉപയോഗിച്ച് ഞാൻ എന്നെ മഹത്ത്വപ്പെടുത്തുമ്പോൾ ഞാൻ യഹോവയാണെന്ന് ഈജിപ്തുകാർ നിശ്ചയമായും അറിയും.”+
19 ഇസ്രായേല്യരുടെ മുന്നിൽ പൊയ്ക്കൊണ്ടിരുന്ന സത്യദൈവത്തിന്റെ ദൂതൻ+ അവിടെനിന്ന് മാറി അവരുടെ പുറകിലേക്കു പോയി. അവരുടെ മുന്നിലുണ്ടായിരുന്ന മേഘസ്തംഭം പുറകിലേക്കു നീങ്ങി അവരുടെ പിന്നിൽ നിന്നു.+ 20 അങ്ങനെ അത് ഈജിപ്തുകാർക്കും ഇസ്രായേൽ ജനത്തിനും ഇടയിൽ വന്നു.+ അത് ഒരു വശത്ത് ഇരുണ്ട മേഘമായിരുന്നു; മറുവശത്തോ രാത്രിയെ പ്രകാശിപ്പിച്ചുകൊണ്ടിരുന്നു.+ അതുകൊണ്ട് ഈജിപ്തുകാർ ഇസ്രായേല്യരോട് അടുക്കാതെ ആ രാത്രി മുഴുവൻ കഴിഞ്ഞുപോയി.
21 മോശ അപ്പോൾ കടലിനു മീതെ കൈ നീട്ടി.+ യഹോവ രാത്രി മുഴുവൻ ശക്തമായ ഒരു കിഴക്കൻ കാറ്റ് അടിപ്പിച്ചു. അങ്ങനെ കടൽ രണ്ടായി പിരിഞ്ഞുതുടങ്ങി.+ കടലിന്റെ അടിത്തട്ട് ഉണങ്ങിയ നിലമായി.+ 22 ഇസ്രായേല്യർ കടലിനു നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി.+ വെള്ളം അവരുടെ ഇടത്തും വലത്തും ഒരു മതിലായി നിന്നു.+ 23 ഈജിപ്തുകാർ അവരെ പിന്തുടർന്നു. ഫറവോന്റെ എല്ലാ കുതിരകളും യുദ്ധരഥങ്ങളും കുതിരപ്പടയാളികളും അവരുടെ പിന്നാലെ കടലിനു നടുവിലേക്കു ചെന്നു.+ 24 പ്രഭാതയാമത്തിൽ* യഹോവ തീയുടെയും മേഘത്തിന്റെയും സ്തംഭത്തിൽനിന്ന്+ ഈജിപ്തുകാരുടെ സൈന്യത്തെ നോക്കി. ദൈവം അവരെ ആശയക്കുഴപ്പത്തിലാക്കി. 25 ദൈവം അവരുടെ രഥചക്രങ്ങൾ ഊരിക്കളഞ്ഞുകൊണ്ടിരുന്നതിനാൽ രഥങ്ങൾ ഓടിക്കാൻ അവർ നന്നേ പണിപ്പെട്ടു. അവർ ഇങ്ങനെ പറയുന്നുണ്ടായിരുന്നു: “ഇസ്രായേല്യരെ വിട്ട് നമുക്ക് ഓടാം. കാരണം യഹോവ അവർക്കുവേണ്ടി ഈജിപ്തുകാർക്കെതിരെ പോരാടുകയാണ്.”+
26 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: “വെള്ളം തിരികെ ഈജിപ്തുകാരുടെയും അവരുടെ യുദ്ധരഥങ്ങളുടെയും അവരുടെ കുതിരപ്പടയാളികളുടെയും മേൽ വരാൻ നിന്റെ കൈ കടലിനു മീതെ നീട്ടുക.” 27 ഉടൻതന്നെ മോശ കടലിനു മീതെ കൈ നീട്ടി. പ്രഭാതമാകാറായപ്പോൾ കടൽ വീണ്ടും പഴയപടിയായി. അതിൽനിന്ന് രക്ഷപ്പെടാൻ ഈജിപ്തുകാർ ഓടിയെങ്കിലും യഹോവ അവരെ കടലിനു നടുവിലേക്കു കുടഞ്ഞിട്ടു.+ 28 തിരികെ വന്ന വെള്ളം, ഇസ്രായേല്യരുടെ പിന്നാലെ കടലിലേക്കു ചെന്ന യുദ്ധരഥങ്ങളെയും കുതിരപ്പടയാളികളെയും ഫറവോന്റെ മുഴുസൈന്യത്തെയും മുക്കിക്കളഞ്ഞു.+ ഒറ്റയാൾപ്പോലും രക്ഷപ്പെട്ടില്ല.+
29 ഇസ്രായേല്യരോ കടലിന്റെ നടുവിലൂടെ, ഉണങ്ങിക്കിടക്കുന്ന അടിത്തട്ടിലൂടെ നടന്നുപോയി.+ വെള്ളം അവരുടെ ഇടത്തും വലത്തും ഒരു മതിലായി നിന്നു.+ 30 അങ്ങനെ ആ ദിവസം യഹോവ ഇസ്രായേലിനെ ഈജിപ്തുകാരുടെ കൈയിൽനിന്ന് രക്ഷിച്ചു.+ കടൽത്തീരത്ത് ഈജിപ്തുകാർ ചത്തടിഞ്ഞത് ഇസ്രായേല്യർ കണ്ടു. 31 ഈജിപ്തുകാർക്കെതിരെ യഹോവ പ്രയോഗിച്ച മഹാശക്തിയും ഇസ്രായേല്യർ കണ്ടു. ജനം യഹോവയെ ഭയപ്പെടാനും യഹോവയിലും ദൈവദാസനായ മോശയിലും വിശ്വസിക്കാനും തുടങ്ങി.+