യോഹന്നാൻ എഴുതിയത്
16 “നിങ്ങൾ വീണുപോകാതിരിക്കാനാണു ഞാൻ ഇക്കാര്യങ്ങൾ നിങ്ങളോടു പറഞ്ഞത്. 2 ആളുകൾ നിങ്ങളെ സിനഗോഗിൽനിന്ന് പുറത്താക്കും.+ നിങ്ങളെ കൊല്ലുന്നവർ,+ ദൈവത്തിനുവേണ്ടി ഒരു പുണ്യപ്രവൃത്തി ചെയ്യുകയാണെന്നു കരുതുന്ന സമയം വരുന്നു. 3 പിതാവിനെയോ എന്നെയോ അറിയാത്തതുകൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നത്.+ 4 ഞാൻ ഇതെല്ലാം നിങ്ങളോടു പറയുന്നതിന് ഒരു കാരണമുണ്ട്: ഇതൊക്കെ സംഭവിക്കുമ്പോൾ ഞാൻ ഇതെക്കുറിച്ച് നിങ്ങളോടു പറഞ്ഞിരുന്നതാണെന്നു നിങ്ങൾ ഓർക്കും.+
“ഞാൻ നിങ്ങളുടെകൂടെയുണ്ടായിരുന്നതുകൊണ്ടാണു തുടക്കത്തിൽ ഈ കാര്യങ്ങൾ നിങ്ങളോടു പറയാതിരുന്നത്. 5 എന്നാൽ ഇപ്പോൾ ഞാൻ എന്നെ അയച്ച വ്യക്തിയുടെ അടുത്തേക്കു പോകുന്നു.+ പക്ഷേ നിങ്ങൾ ആരും എന്നോട്, ‘അങ്ങ് എവിടേക്കു പോകുന്നു’ എന്നു ചോദിക്കുന്നില്ല. 6 ഞാൻ ഇക്കാര്യങ്ങൾ പറഞ്ഞതുകൊണ്ട് നിങ്ങളുടെ ഹൃദയത്തിൽ ദുഃഖം നിറഞ്ഞിരിക്കുന്നു.+ 7 വാസ്തവത്തിൽ, നിങ്ങളുടെ പ്രയോജനത്തിനാണു ഞാൻ പോകുന്നത്. ഞാൻ പോയില്ലെങ്കിൽ സഹായി+ നിങ്ങളുടെ അടുത്ത് വരില്ല. പോയാലോ ഞാൻ സഹായിയെ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കും. 8 സഹായി വരുമ്പോൾ പാപത്തെയും നീതിയെയും ന്യായവിധിയെയും കുറിച്ച് ലോകത്തിനു ബോധ്യം വരുത്തും. 9 ആദ്യം പാപത്തെക്കുറിച്ച് ബോധ്യം വരുത്തും.+ കാരണം അവർ എന്നിൽ വിശ്വസിക്കുന്നില്ല.+ 10 പിന്നെ നീതിയെക്കുറിച്ച്. കാരണം ഞാൻ പിതാവിന്റെ അടുത്തേക്കു പോകുകയാണ്. പിന്നെ നിങ്ങൾ എന്നെ കാണില്ല. 11 അതു കഴിഞ്ഞ് ന്യായവിധിയെക്കുറിച്ച്. കാരണം ഈ ലോകത്തിന്റെ ഭരണാധികാരിയെ ന്യായം വിധിച്ചിരിക്കുന്നു.+
12 “ഇനിയും ഒരുപാടു കാര്യങ്ങൾ എനിക്കു നിങ്ങളോടു പറയാനുണ്ട്. പക്ഷേ ഇപ്പോൾ നിങ്ങൾക്ക് അതൊന്നും ഉൾക്കൊള്ളാൻ പറ്റില്ല.+ 13 എന്നാൽ സത്യത്തിന്റെ ആത്മാവ്+ വരുമ്പോൾ അവൻ നിങ്ങളെ നയിക്കും. അങ്ങനെ നിങ്ങൾക്കു സത്യം മുഴുവനായി മനസ്സിലാകും. അവൻ സ്വന്തം ഇഷ്ടമനുസരിച്ച് സംസാരിക്കാതെ, കേൾക്കുന്ന കാര്യങ്ങൾ പറയുകയും വരാനിരിക്കുന്നതു നിങ്ങളെ അറിയിക്കുകയും ചെയ്യും.+ 14 എന്നിൽനിന്ന് ലഭിക്കുന്നത് അവൻ നിങ്ങളെ അറിയിക്കുന്നതുകൊണ്ട്+ അവൻ എന്നെ മഹത്ത്വപ്പെടുത്തും.+ 15 പിതാവിന്റേതെല്ലാം എന്റേതാണ്.+ എന്നിൽനിന്ന് ലഭിക്കുന്നത് ആത്മാവ് നിങ്ങളെ അറിയിക്കും എന്നു ഞാൻ പറഞ്ഞത് അതുകൊണ്ടാണ്. 16 കുറച്ച് കഴിഞ്ഞാൽ പിന്നെ നിങ്ങൾ എന്നെ കാണില്ല.+ എന്നാൽ പിന്നെയും കുറച്ച് കഴിയുമ്പോൾ നിങ്ങൾ എന്നെ കാണും.”
17 അപ്പോൾ ശിഷ്യന്മാരിൽ ചിലർ തമ്മിൽത്തമ്മിൽ ഇങ്ങനെ ചോദിക്കാൻതുടങ്ങി: “‘കുറച്ച് കഴിഞ്ഞാൽ പിന്നെ നിങ്ങൾ എന്നെ കാണില്ല. എന്നാൽ പിന്നെയും കുറച്ച് കഴിയുമ്പോൾ നിങ്ങൾ എന്നെ കാണും,’ ‘ഞാൻ പിതാവിന്റെ അടുത്തേക്കു പോകുന്നു’ എന്നൊക്കെ യേശു പറയുന്നതിന്റെ അർഥം എന്താണ്?” 18 അവർ ഇങ്ങനെയും പറഞ്ഞു: “‘കുറച്ച് കഴിഞ്ഞാൽ’ എന്നു യേശു ഈ പറയുന്നതിന്റെ അർഥം എന്താണ്? എന്തിനെക്കുറിച്ചാണാവോ യേശു സംസാരിക്കുന്നത്?” 19 അവർ ഇതെക്കുറിച്ച് തന്നോടു ചോദിക്കാൻ ആഗ്രഹിക്കുന്നെന്നു മനസ്സിലാക്കി യേശു അവരോടു പറഞ്ഞു: “‘കുറച്ച് കഴിഞ്ഞാൽ പിന്നെ നിങ്ങൾ എന്നെ കാണില്ല. എന്നാൽ പിന്നെയും കുറച്ച് കഴിയുമ്പോൾ നിങ്ങൾ എന്നെ കാണും’ എന്നു ഞാൻ പറഞ്ഞതിനെപ്പറ്റിയാണോ നിങ്ങൾ പരസ്പരം ചോദിക്കുന്നത്? 20 സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ കരഞ്ഞുവിലപിക്കും,+ പക്ഷേ ലോകം സന്തോഷിക്കും. നിങ്ങൾ ദുഃഖിക്കും, എന്നാൽ നിങ്ങളുടെ ദുഃഖം ആനന്ദമായി മാറും.+ 21 പ്രസവസമയമാകുമ്പോൾ ഒരു സ്ത്രീ അവളുടെ വേദന ഓർത്ത് ദുഃഖിക്കുന്നു. എന്നാൽ കുഞ്ഞിനെ പ്രസവിച്ചുകഴിയുമ്പോൾ, ഒരു കുഞ്ഞ് ലോകത്തിൽ പിറന്നുവീണതുകൊണ്ടുള്ള സന്തോഷം കാരണം അവൾ അനുഭവിച്ച കഷ്ടം പിന്നെ ഓർക്കില്ല. 22 അതുപോലെ, നിങ്ങൾക്കും ഇപ്പോൾ ദുഃഖമുണ്ട്. എന്നാൽ ഞാൻ നിങ്ങളെ വീണ്ടും കാണും. അപ്പോൾ നിങ്ങളുടെ ഹൃദയം സന്തോഷിക്കും.+ നിങ്ങളുടെ സന്തോഷം ആരും കവർന്നുകളയില്ല. 23 അന്നു നിങ്ങൾ എന്നോടു ചോദ്യമൊന്നും ചോദിക്കില്ല. സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോട് എന്തു ചോദിച്ചാലും+ എന്റെ നാമത്തിൽ പിതാവ് അതു നിങ്ങൾക്കു തരും.+ 24 ഇതുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും ചോദിച്ചിട്ടില്ല. ചോദിക്കൂ, നിങ്ങൾക്കു കിട്ടും. അങ്ങനെ, നിങ്ങളുടെ സന്തോഷം അതിന്റെ പരകോടിയിലെത്തും.
25 “ഞാൻ ഉപമകൾ ഉപയോഗിച്ചാണ് ഈ കാര്യങ്ങൾ നിങ്ങളോടു സംസാരിച്ചത്. എന്നാൽ പിതാവിനെക്കുറിച്ചുള്ള കാര്യങ്ങൾ ഉപമകൾ ഉപയോഗിക്കാതെ നിങ്ങളോട് അങ്ങനെതന്നെ സംസാരിക്കുന്ന സമയം വരുന്നു. 26 അന്ന് എന്റെ നാമത്തിൽ നിങ്ങൾ പിതാവിനോട് അപേക്ഷിക്കും. ഈ പറയുന്നതിന്റെ അർഥം ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നല്ല. 27 നിങ്ങൾ എന്നെ സ്നേഹിച്ചതുകൊണ്ടും ഞാൻ പിതാവിന്റെ പ്രതിനിധിയായി വന്നെന്നു വിശ്വസിച്ചതുകൊണ്ടും+ പിതാവുതന്നെ നിങ്ങളെ സ്നേഹിക്കുന്നുണ്ടല്ലോ.+ 28 പിതാവിന്റെ പ്രതിനിധിയായി ഞാൻ ലോകത്തിൽ വന്നു. എന്നാൽ ഇപ്പോൾ ഞാൻ ലോകം വിട്ട് പിതാവിന്റെ അടുത്തേക്കു മടങ്ങുകയാണ്.”+
29 ശിഷ്യന്മാർ യേശുവിനോടു പറഞ്ഞു: “ഇപ്പോൾ അങ്ങ് ഉപമയൊന്നും കൂടാതെ കാര്യങ്ങൾ നേരെ പറയുകയാണല്ലോ. 30 അങ്ങയ്ക്ക് എല്ലാം അറിയാമെന്നും ആരും പ്രത്യേകിച്ചൊന്നും ചോദിക്കാതെതന്നെ അവരുടെ മനസ്സിലുള്ളത് എന്താണെന്ന് അങ്ങ് അറിയുന്നെന്നും ഞങ്ങൾക്കു മനസ്സിലായി. അതുകൊണ്ട് അങ്ങ് ദൈവത്തിന്റെ അടുത്തുനിന്ന് വന്നതാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു.” 31 അപ്പോൾ യേശു അവരോടു ചോദിച്ചു: “ഇപ്പോൾ നിങ്ങൾക്കു വിശ്വാസമായോ? 32 എന്നാൽ ഇതാ, നിങ്ങളെല്ലാം എന്നെ തനിച്ചാക്കിയിട്ട് സ്വന്തം വീടുകളിലേക്ക് ഓടിപ്പോകുന്ന സമയം വരുന്നു,+ അത് ഇപ്പോൾത്തന്നെ വന്നുകഴിഞ്ഞു. പക്ഷേ പിതാവ് എന്റെകൂടെയുള്ളതുകൊണ്ട് ഞാൻ ഒറ്റയ്ക്കല്ല.+ 33 ഞാൻ മുഖാന്തരം നിങ്ങൾക്കു സമാധാനമുണ്ടാകാനാണ് ഈ കാര്യങ്ങൾ ഞാൻ നിങ്ങളോടു പറഞ്ഞത്.+ ഈ ലോകത്തിൽ നിങ്ങൾക്കു കഷ്ടതകളുണ്ടാകും.+ എങ്കിലും ധൈര്യമായിരിക്കുക! ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു.”+