ശമുവേൽ ഒന്നാം ഭാഗം
19 പിന്നീട്, ശൗൽ മകനായ യോനാഥാനോടും എല്ലാ ദാസന്മാരോടും ദാവീദിനെ കൊല്ലുന്നതിനെക്കുറിച്ച് സംസാരിച്ചു.+ 2 ശൗലിന്റെ മകനായ യോനാഥാനു ദാവീദിനെ വളരെ ഇഷ്ടമായിരുന്നതുകൊണ്ട്+ യോനാഥാൻ ദാവീദിനോടു പറഞ്ഞു: “എന്റെ അപ്പനായ ശൗൽ നിന്നെ കൊല്ലാൻ നോക്കുന്നു. അതുകൊണ്ട്, രാവിലെ നീ സൂക്ഷിക്കണം. പോയി ആരും കാണാതെ ഒരിടത്ത് ഒളിച്ചിരിക്കുക. 3 നീ ഇരിക്കുന്ന വയലിൽ വന്ന് ഞാൻ നിന്നെപ്പറ്റി എന്റെ അപ്പനോടു സംസാരിക്കും. എന്തെങ്കിലും അറിഞ്ഞാൽ ഞാൻ നിശ്ചയമായും നിന്നെ അറിയിക്കാം.”+
4 യോനാഥാൻ അപ്പനായ ശൗലിനോടു ദാവീദിനെപ്പറ്റി നല്ലതു സംസാരിച്ചു.+ യോനാഥാൻ ശൗലിനോടു പറഞ്ഞു: “രാജാവ് അങ്ങയുടെ ദാസനായ ദാവീദിനോടു പാപം ചെയ്യരുത്. കാരണം, ദാവീദ് അങ്ങയോടു പാപം ചെയ്തിട്ടില്ലല്ലോ. മാത്രമല്ല, ദാവീദ് അങ്ങയ്ക്കുവേണ്ടി ചെയ്തതെല്ലാം അങ്ങയ്ക്ക് ഉപകാരപ്പെട്ടിട്ടുമുണ്ട്. 5 സ്വന്തം ജീവൻ പണയംവെച്ചാണു ദാവീദ് ആ ഫെലിസ്ത്യനെ വകവരുത്തിയത്.+ അങ്ങനെ, യഹോവ ഇസ്രായേലിനു മുഴുവൻ ഒരു മഹാവിജയം തന്നു. അങ്ങ് അതു കണ്ട് മതിമറന്ന് സന്തോഷിച്ചതുമാണ്. അതുകൊണ്ട്, കാരണം കൂടാതെ ദാവീദിനെപ്പോലെ ഒരു നിരപരാധിയുടെ രക്തം ചൊരിഞ്ഞ് അങ്ങ് എന്തിനാണു പാപം ചെയ്യുന്നത്?”+ 6 യോനാഥാന്റെ വാക്കു ചെവിക്കൊണ്ട ശൗൽ ഇങ്ങനെ സത്യം ചെയ്തു: “യഹോവയാണെ, ദാവീദിനെ ഞാൻ കൊല്ലില്ല.” 7 പിന്നീട്, യോനാഥാൻ ദാവീദിനെ വിളിച്ച് ഇക്കാര്യങ്ങളെല്ലാം പറഞ്ഞു. എന്നിട്ട്, ദാവീദിനെ ശൗലിന്റെ അടുത്ത് കൊണ്ടുവന്നു. ദാവീദ് മുമ്പത്തെപ്പോലെ ശൗലിനെ സേവിച്ചു.+
8 പിന്നീട്, വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ദാവീദ് ചെന്ന് ഫെലിസ്ത്യരോടു പോരാടി ഒരു മഹാസംഹാരം നടത്തി. അവർ ദാവീദിന്റെ മുന്നിൽനിന്ന് ഓടിപ്പോയി.
9 ഒരിക്കൽ, ശൗൽ കുന്തവും പിടിച്ച് ഭവനത്തിൽ ഇരിക്കുകയായിരുന്നു. അപ്പോൾ, യഹോവയിൽനിന്ന് ഒരു ദുരാത്മാവ് ശൗലിന്റെ മേൽ വന്നു.*+ ദാവീദോ കിന്നരം വായിക്കുകയായിരുന്നു.+ 10 ശൗൽ ദാവീദിനെ കുന്തംകൊണ്ട് ചുവരോടു ചേർത്ത് കുത്താൻ ശ്രമിച്ചു. പക്ഷേ, ദാവീദ് ഒഴിഞ്ഞുമാറി; കുന്തം ചുവരിൽ തുളച്ചുകയറി. അന്നു രാത്രി ദാവീദ് അവിടെനിന്ന് ഓടിരക്ഷപ്പെട്ടു. 11 ദാവീദിന്റെ വീടിനു വെളിയിൽ കാത്തുനിന്ന് രാവിലെ ദാവീദിനെ കൊന്നുകളയാൻ ശൗൽ ദൂതന്മാരെ അങ്ങോട്ട് അയച്ചു.+ എന്നാൽ, ദാവീദിന്റെ ഭാര്യ മീഖൾ ദാവീദിനോടു പറഞ്ഞു: “ഇന്നു രാത്രി രക്ഷപ്പെട്ടില്ലെങ്കിൽ നാളെ അങ്ങ് കൊല്ലപ്പെടും.” 12 ദാവീദിന് ഓടിരക്ഷപ്പെടാൻ കഴിയേണ്ടതിനു മീഖൾ പെട്ടെന്നുതന്നെ ദാവീദിനെ ജനലിലൂടെ ഇറക്കിവിട്ടു. 13 തുടർന്ന്, മീഖൾ കുലദൈവപ്രതിമ എടുത്ത് കിടക്കയിൽ കിടത്തി. എന്നിട്ട്, കോലാട്ടുരോമംകൊണ്ടുള്ള ഒരു വല അതിന്റെ തലഭാഗത്ത് ഇട്ട് ഒരു വസ്ത്രംകൊണ്ട് അതു മൂടി.
14 ദാവീദിനെ പിടിച്ചുകൊണ്ടുവരാൻ ശൗൽ അയച്ച ദൂതന്മാരോട്, “ദാവീദിനു സുഖമില്ല” എന്നു മീഖൾ പറഞ്ഞു. 15 അതുകൊണ്ട് ശൗൽ, “ദാവീദിനെ കൊല്ലേണ്ടതിന് കിടക്കയോടെ അവനെ എടുത്തുകൊണ്ടുവരുക” എന്നു പറഞ്ഞ് ദാവീദിന്റെ അടുത്തേക്കു ദൂതന്മാരെ അയച്ചു.+ 16 ദൂതന്മാർ അകത്ത് ചെന്നപ്പോൾ കിടക്കയിൽ ഒരു കുലദൈവപ്രതിമ കിടക്കുന്നതു കണ്ടു. കോലാട്ടുരോമംകൊണ്ടുള്ള ഒരു വല അതിന്റെ തലഭാഗത്ത് ഇട്ടിട്ടുണ്ടായിരുന്നു. 17 ശൗൽ മീഖളിനോടു ചോദിച്ചു: “നീ എന്തിനാണ് എന്നോട് ഈ ചതി ചെയ്തത്?+ എന്റെ ശത്രുവിനെ വിട്ടയച്ച നീ അവൻ രക്ഷപ്പെടാൻ സമ്മതിച്ചില്ലേ?” അപ്പോൾ മീഖൾ ശൗലിനോടു പറഞ്ഞു: “‘എന്നെ വിട്ടയച്ചില്ലെങ്കിൽ ഞാൻ നിന്നെ കൊല്ലും!’ എന്നു ദാവീദ് എന്നോടു പറഞ്ഞു.”
18 ദാവീദ് അവിടെനിന്ന് ഓടിരക്ഷപ്പെട്ട് രാമയിൽ ശമുവേലിന്റെ അടുത്ത് എത്തി.+ ശൗൽ തന്നോടു ചെയ്തതെല്ലാം ദാവീദ് ശമുവേലിനോടു പറഞ്ഞു. പിന്നെ, ദാവീദും ശമുവേലും അവിടെനിന്ന് പോയി നയ്യോത്തിൽ താമസിച്ചു.+ 19 “ദാവീദ് രാമയിലെ നയ്യോത്തിലുണ്ട്” എന്ന വാർത്ത ശൗലിന്റെ ചെവിയിലെത്തി. 20 ഉടനെ, ദാവീദിനെ പിടിച്ചുകൊണ്ടുവരാൻ ശൗൽ ദൂതന്മാരെ അയച്ചു. പ്രായമുള്ള പ്രവാചകന്മാർ പ്രവചിക്കുന്നതും ശമുവേൽ അവരുടെ അധ്യക്ഷനായി അവിടെ നിൽക്കുന്നതും ശൗലിന്റെ ദൂതന്മാർ കണ്ടപ്പോൾ ദൈവാത്മാവ് അവരുടെ മേൽ വന്നു. അപ്പോൾ, അവരും പ്രവാചകന്മാരെപ്പോലെ പെരുമാറാൻതുടങ്ങി.
21 അവർ ഇക്കാര്യം ശൗലിനോടു പറഞ്ഞപ്പോൾ ശൗൽ ഉടനെ വേറെ ദൂതന്മാരെ അയച്ചു. അവരും പ്രവാചകന്മാരെപ്പോലെ പെരുമാറാൻതുടങ്ങി. അതുകൊണ്ട്, ശൗൽ വീണ്ടും, മൂന്നാം തവണ, ദൂതന്മാരെ അയച്ചു. അവരും പ്രവാചകന്മാരെപ്പോലെ പെരുമാറാൻതുടങ്ങി. 22 ഒടുവിൽ ശൗലും രാമയിലേക്കു പോയി. സേക്കുവിലുള്ള വലിയ ജലസംഭരണിയുടെ* അടുത്തെത്തിയപ്പോൾ, “ശമുവേലും ദാവീദും എവിടെ” എന്നു ശൗൽ അന്വേഷിച്ചു. “രാമയിലെ നയ്യോത്തിലുണ്ട്”+ എന്ന് അവർ പറഞ്ഞു. 23 ശൗൽ അവിടെനിന്ന് രാമയിലെ നയ്യോത്തിലേക്കു പോകുമ്പോൾ ദൈവാത്മാവ് ശൗലിന്റെ മേലും വന്നു. രാമയിലെ നയ്യോത്തിലെത്തുന്നതുവരെ ശൗൽ ഒരു പ്രവാചകനെപ്പോലെ പെരുമാറിക്കൊണ്ട് നടന്നു. 24 ശൗലും തന്റെ വസ്ത്രങ്ങൾ ഊരിക്കളഞ്ഞ് ശമുവേലിന്റെ മുന്നിൽ ഒരു പ്രവാചകനെപ്പോലെ പെരുമാറി. ശൗൽ ആ പകലും രാത്രിയും നഗ്നനായി* അവിടെ കിടന്നു. “ശൗലും പ്രവാചകഗണത്തിലുണ്ടോ” എന്ന് അവർ പറഞ്ഞുവരുന്നത് അതുകൊണ്ടാണ്.+