യിരെമ്യ
28 അതേ വർഷംതന്നെ, അതായത് യഹൂദയിലെ സിദെക്കിയ രാജാവിന്റെ+ വാഴ്ചയുടെ തുടക്കത്തിൽ, നാലാം വർഷം അഞ്ചാം മാസം ഗിബെയോനിൽനിന്നുള്ള+ അസ്സൂരിന്റെ മകൻ ഹനന്യ പ്രവാചകൻ യഹോവയുടെ ഭവനത്തിൽവെച്ച് പുരോഹിതന്മാരുടെയും ജനങ്ങളുടെയും സാന്നിധ്യത്തിൽ എന്നോടു പറഞ്ഞു: 2 “ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: ‘ബാബിലോൺരാജാവിന്റെ നുകം+ ഞാൻ ഒടിച്ചുകളയും. 3 ബാബിലോണിലെ നെബൂഖദ്നേസർ രാജാവ് ഇവിടെനിന്ന് ബാബിലോണിലേക്കു കൊണ്ടുപോയ, യഹോവയുടെ ഭവനത്തിലെ ഉപകരണങ്ങളെല്ലാം വെറും രണ്ടു വർഷത്തിനുള്ളിൽ ഞാൻ ഇവിടേക്കു കൊണ്ടുവരും.’”+ 4 “‘യഹൂദാരാജാവായ യഹോയാക്കീമിന്റെ+ മകൻ യഖൊന്യയെയും+ യഹൂദയിൽനിന്ന് ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോയ+ എല്ലാവരെയും ഞാൻ തിരികെ വരുത്തും. കാരണം, ഞാൻ ബാബിലോൺരാജാവിന്റെ നുകം ഒടിച്ചുകളയാൻപോകുകയാണ്’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”
5 അപ്പോൾ യിരെമ്യ പ്രവാചകൻ യഹോവയുടെ ഭവനത്തിൽ നിന്നിരുന്ന പുരോഹിതന്മാരുടെയും ജനങ്ങളുടെയും സാന്നിധ്യത്തിൽ ഹനന്യ പ്രവാചകനോടു സംസാരിച്ചു. 6 യിരെമ്യ പറഞ്ഞു: “ആമേൻ!* യഹോവ അങ്ങനെ ചെയ്യട്ടെ! യഹോവയുടെ ഭവനത്തിലെ ഉപകരണങ്ങളെയും ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോയ ജനത്തെയും ഇവിടേക്കു തിരികെ കൊണ്ടുവന്നുകൊണ്ട്, താങ്കൾ പ്രവചിച്ച സന്ദേശങ്ങൾ യഹോവ നിവർത്തിക്കട്ടെ! 7 പക്ഷേ താങ്കളോടും ജനങ്ങളോടും ഞാൻ പറയുന്ന ഈ സന്ദേശം ശ്രദ്ധിക്കൂ. 8 പണ്ട് എനിക്കും താങ്കൾക്കും മുമ്പ് ജീവിച്ചിരുന്ന പ്രവാചകന്മാർ അനേകം ദേശങ്ങളെയും വലിയ സാമ്രാജ്യങ്ങളെയും കുറിച്ച് പ്രവചിക്കാറുണ്ടായിരുന്നു; യുദ്ധം, ദുരന്തം, മാരകമായ പകർച്ചവ്യാധി എന്നിവയെക്കുറിച്ചാണ് അവർ പ്രവചിച്ചത്. 9 പക്ഷേ സമാധാനം പ്രവചിക്കുന്ന പ്രവാചകന്റെ കാര്യത്തിലാകട്ടെ, അദ്ദേഹം പ്രവചിച്ചതു നിറവേറുമ്പോഴാണ് അദ്ദേഹത്തെ യഹോവ അയച്ചതാണെന്നു തെളിയുന്നത്.”
10 അപ്പോൾ ഹനന്യ പ്രവാചകൻ യിരെമ്യ പ്രവാചകന്റെ കഴുത്തിൽനിന്ന് നുകം എടുത്ത് ഒടിച്ചുകളഞ്ഞു.+ 11 എന്നിട്ട് ഹനന്യ ജനങ്ങളുടെ മുഴുവൻ മുന്നിൽവെച്ച് ഇങ്ങനെ പറഞ്ഞു: “യഹോവ പറയുന്നത് ഇതാണ്: ‘വെറും രണ്ടു വർഷത്തിനുള്ളിൽ എല്ലാ ജനതകളുടെയും കഴുത്തിലിരിക്കുന്ന, ബാബിലോണിലെ നെബൂഖദ്നേസർ രാജാവിന്റെ നുകം ഞാൻ ഇതുപോലെ ഒടിച്ചുകളയും.’”+ അപ്പോൾ യിരെമ്യ പ്രവാചകൻ അവിടെനിന്ന് പോയി.
12 യിരെമ്യ പ്രവാചകന്റെ കഴുത്തിലിരുന്ന നുകം ഹനന്യ പ്രവാചകൻ ഒടിച്ചുകളഞ്ഞതിനു ശേഷം യിരെമ്യക്ക് യഹോവയിൽനിന്ന് ഈ സന്ദേശം കിട്ടി: 13 “പോയി ഹനന്യയോടു പറയുക: ‘യഹോവ പറയുന്നത് ഇതാണ്: “തടികൊണ്ടുള്ള നുകം നീ ഒടിച്ചുകളഞ്ഞല്ലോ.+ പക്ഷേ അതിനു പകരം ഇരുമ്പുകൊണ്ടുള്ള നുകം നീ ഉണ്ടാക്കും.” 14 ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: “ബാബിലോണിലെ നെബൂഖദ്നേസർ രാജാവിനെ സേവിക്കാൻ ഈ ജനതകളുടെയെല്ലാം കഴുത്തിൽ ഞാൻ ഇരുമ്പുനുകം വെക്കും. അവർ അവനെ സേവിക്കണം.+ കാട്ടിലെ മൃഗങ്ങളെപ്പോലും ഞാൻ അവനു നൽകും.”’”+
15 യിരെമ്യ പ്രവാചകൻ ഹനന്യ പ്രവാചകനോടു+ പറഞ്ഞു: “ഹനന്യാ, ദയവുചെയ്ത് ഒന്നു ശ്രദ്ധിക്കൂ! യഹോവ താങ്കളെ അയച്ചിട്ടില്ല. താങ്കൾ കാരണം ഈ ജനം നുണയിൽ വിശ്വാസമർപ്പിച്ചിരിക്കുന്നു.+ 16 അതുകൊണ്ട് യഹോവ പറയുന്നത് ഇതാണ്: ‘ഇതാ, ഭൂമുഖത്തുനിന്ന് ഞാൻ നിന്നെ നീക്കിക്കളയുന്നു. ഈ വർഷംതന്നെ നീ മരിക്കും. കാരണം, യഹോവയെ ധിക്കരിക്കാൻ നീ ജനത്തെ പ്രേരിപ്പിച്ചു.’”+
17 അങ്ങനെ ഹനന്യ പ്രവാചകൻ അതേ വർഷം, ഏഴാം മാസം മരിച്ചു.