പുറപ്പാട്
10 പിന്നെ യഹോവ മോശയോടു പറഞ്ഞു: “ഫറവോന്റെ അടുത്ത് ചെല്ലുക. അവന്റെയും അവന്റെ ദാസരുടെയും ഹൃദയം കഠിനമാകാൻ ഞാൻ അനുവദിച്ചിരിക്കുന്നു.+ അങ്ങനെ, എന്റെ ഈ അടയാളങ്ങൾ എനിക്ക് അവന്റെ മുന്നിൽ കാണിക്കാൻ അവസരം കിട്ടും.+ 2 കൂടാതെ ഈജിപ്തിനോടു ഞാൻ എത്ര കഠിനമായി പെരുമാറിയെന്നും എന്തെല്ലാം അടയാളങ്ങൾ അവരുടെ ഇടയിൽ കാണിച്ചെന്നും നിങ്ങൾക്കു നിങ്ങളുടെ മക്കളോടും മക്കളുടെ മക്കളോടും പറഞ്ഞുകൊടുക്കാനും+ അവസരമുണ്ടാകും. ഞാൻ യഹോവയാണെന്നു നിങ്ങൾ ഉറപ്പായും അറിയും.”
3 അങ്ങനെ മോശയും അഹരോനും ഫറവോന്റെ അടുത്ത് ചെന്ന് പറഞ്ഞു: “എബ്രായരുടെ ദൈവമായ യഹോവ പറഞ്ഞിരിക്കുന്നത് ഇതാണ്: ‘ഇനിയും എത്ര നാൾ നീ എനിക്കു കീഴ്പെടാതിരിക്കും?+ എന്റെ ജനത്തിന് എന്നെ സേവിക്കാൻ കഴിയേണ്ടതിന് അവരെ വിടുക. 4 എന്റെ ജനത്തെ വിടാൻ നീ ഇനിയും വിസമ്മതിച്ചാൽ ഇതാ, നാളെ ഞാൻ നിന്റെ അതിരുകൾക്കുള്ളിൽ വെട്ടുക്കിളികളെ വരുത്താൻപോകുന്നു! 5 നിലം കാണാൻ സാധിക്കാത്ത വിധം അവ ഭൂമിയുടെ ഉപരിതലം മൂടും. ആലിപ്പഴം വീണ് നശിക്കാത്തതെല്ലാം അവ തിന്നുകളയും. നിലത്ത് വളരുന്ന എല്ലാ മരങ്ങളും അവ തിന്നുതീർക്കും.+ 6 നിന്റെ പിതാക്കന്മാരോ അവരുടെ പിതാക്കന്മാരോ ജനിച്ച കാലംമുതൽ ഇന്നുവരെ+ കണ്ടിട്ടില്ലാത്തത്ര വെട്ടുക്കിളികൾ നിന്റെ വീടുകളിലും നിന്റെ ദാസരുടെ വീടുകളിലും ഈജിപ്തിലെ എല്ലാ വീടുകളിലും നിറയും.’” ഇതു പറഞ്ഞിട്ട് മോശ തിരിഞ്ഞ് ഫറവോന്റെ അടുത്തുനിന്ന് പുറത്ത് പോയി.
7 അപ്പോൾ ഫറവോന്റെ ദാസർ അദ്ദേഹത്തോടു പറഞ്ഞു: “ഈ മനുഷ്യൻ എത്ര കാലം നമ്മളെ ഇങ്ങനെ ഭീഷണിപ്പെടുത്തും?* അവരുടെ ദൈവമായ യഹോവയെ സേവിക്കാൻ അവരെ വിട്ടാലും. ഈജിപ്ത് നശിച്ചെന്ന് ഇത്രയൊക്കെയായിട്ടും അങ്ങയ്ക്കു മനസ്സിലാകുന്നില്ലേ?” 8 അപ്പോൾ മോശയെയും അഹരോനെയും ഫറവോന്റെ അടുത്ത് തിരികെ കൊണ്ടുവന്നു. ഫറവോൻ അവരോടു പറഞ്ഞു: “പോയി നിങ്ങളുടെ ദൈവമായ യഹോവയെ സേവിക്കൂ. എന്നാൽ ആരൊക്കെയാണു പോകുന്നത്?” 9 അപ്പോൾ മോശ പറഞ്ഞു: “ഞങ്ങൾ യഹോവയ്ക്ക് ഒരു ഉത്സവം ആചരിക്കാനാണു+ പോകുന്നത്. അതുകൊണ്ട്, ഞങ്ങളുടെ ചെറുപ്പക്കാരെയും പ്രായമായവരെയും പുത്രീപുത്രന്മാരെയും ആടുമാടുകളെയും+ ഞങ്ങൾ ഒപ്പം കൊണ്ടുപോകും.” 10 എന്നാൽ ഫറവോൻ അവരോടു പറഞ്ഞു: “അഥവാ ഞാൻ നിങ്ങളെയും നിങ്ങളുടെ കുട്ടികളെയും വിട്ടയച്ചാൽ+ യഹോവ നിങ്ങളോടുകൂടെയുണ്ടെന്നു തീർച്ച! എന്തായാലും നിങ്ങൾക്ക് എന്തോ ദുരുദ്ദേശ്യമുണ്ടെന്നു വ്യക്തമാണ്. 11 വേണ്ടാ! യഹോവയെ സേവിക്കാൻ നിങ്ങളുടെ പുരുഷന്മാർ മാത്രം പോയാൽ മതി. അതായിരുന്നല്ലോ നിങ്ങളുടെ അപേക്ഷ.” ഇതു പറഞ്ഞ് ഫറവോൻ അവരെ തന്റെ മുന്നിൽനിന്ന് ആട്ടിയോടിച്ചു.
12 യഹോവ അപ്പോൾ മോശയോടു പറഞ്ഞു: “നിന്റെ കൈ ഈജിപ്ത് ദേശത്തിന്മേൽ നീട്ടി വെട്ടുക്കിളികളെ വരുത്തുക. അവ വന്ന് ഈജിപ്ത് ദേശത്തെ എല്ലാ പച്ചസസ്യവും, ആലിപ്പഴം ബാക്കി വെച്ചതെല്ലാം, തിന്നുതീർക്കട്ടെ.” 13 ഉടനെ മോശ വടി ഈജിപ്ത് ദേശത്തിന്മേൽ നീട്ടി. യഹോവ അന്നു പകലും രാത്രിയും മുഴുവൻ ദേശത്ത് ഒരു കിഴക്കൻ കാറ്റ് അടിക്കാൻ ഇടയാക്കി. നേരം വെളുത്തപ്പോൾ കിഴക്കൻ കാറ്റ് വെട്ടുക്കിളികളെ കൊണ്ടുവന്നു. 14 അങ്ങനെ വെട്ടുക്കിളികൾ ഈജിപ്തിലേക്കു വന്ന് ദേശത്ത് എല്ലായിടത്തും ഇരിപ്പുറപ്പിച്ചു.+ ഈ ബാധ അതിരൂക്ഷമായിരുന്നു;+ ഇത്രയേറെ വെട്ടുക്കിളികൾ മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല; ഇനി ഒരിക്കലും ഉണ്ടാകുകയുമില്ല. 15 അവ ദേശം മുഴുവൻ മൂടിക്കളഞ്ഞു. അവ കാരണം ദേശം ഇരുണ്ടുപോയി. ആലിപ്പഴം ബാക്കി വെച്ച എല്ലാ പച്ചസസ്യവും എല്ലാ വൃക്ഷഫലവും അവ തിന്നുമുടിച്ചു. ഈജിപ്ത് ദേശത്ത് മരങ്ങളിലോ സസ്യങ്ങളിലോ പച്ചയായതൊന്നും ബാക്കിവന്നില്ല.
16 അതുകൊണ്ട് ഫറവോൻ തിടുക്കത്തിൽ മോശയെയും അഹരോനെയും വിളിപ്പിച്ച് അവരോടു പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവയ്ക്കും നിങ്ങൾക്കും എതിരായി ഞാൻ പാപം ചെയ്തിരിക്കുന്നു. 17 ഇപ്പോൾ ഈ ഒരൊറ്റ പ്രാവശ്യം മാത്രം ദയവായി എന്റെ പാപം ക്ഷമിച്ച് മാരകമായ ഈ ബാധ എന്റെ മേൽനിന്ന് നീക്കിത്തരാൻ നിങ്ങളുടെ ദൈവമായ യഹോവയോടു യാചിച്ചാലും.” 18 അങ്ങനെ അദ്ദേഹം* ഫറവോന്റെ അടുത്തുനിന്ന് പോയി യഹോവയോടു യാചിച്ചു.+ 19 അപ്പോൾ യഹോവ കാറ്റിന്റെ ഗതി മാറ്റി. അതിശക്തമായ ഒരു പടിഞ്ഞാറൻ കാറ്റായി മാറിയ അത്, വെട്ടുക്കിളികളെ ഒന്നാകെ കൊണ്ടുപോയി ചെങ്കടലിൽ ഇട്ടുകളഞ്ഞു. ഈജിപ്തിന്റെ പ്രദേശത്തെങ്ങും ഒറ്റ വെട്ടുക്കിളിപോലും ശേഷിച്ചില്ല. 20 എങ്കിലും ഫറവോന്റെ ഹൃദയം കഠിനമായിത്തീരാൻ യഹോവ അനുവദിച്ചു,+ ഫറവോൻ ഇസ്രായേല്യരെ വിട്ടില്ല.
21 യഹോവ അപ്പോൾ മോശയോടു പറഞ്ഞു: “ഈജിപ്ത് ദേശത്തിന്മേൽ ഇരുട്ട് ഉണ്ടാകേണ്ടതിന് നിന്റെ കൈ ആകാശത്തേക്കു നീട്ടുക. തൊട്ടുനോക്കാനാകുന്നത്ര കനത്ത കൂരിരുട്ടു ദേശത്തെ മൂടട്ടെ.” 22 ഉടൻതന്നെ മോശ കൈ ആകാശത്തേക്കു നീട്ടി. ഈജിപ്ത് ദേശത്ത് എല്ലായിടത്തും മൂന്നു ദിവസത്തേക്കു കൂരിരുട്ടായി.+ 23 ആരും പരസ്പരം കണ്ടില്ല. മൂന്നു ദിവസത്തേക്ക് അവരിൽ ഒരാൾപ്പോലും സ്വസ്ഥാനങ്ങളിൽനിന്ന് എഴുന്നേറ്റതുമില്ല. എന്നാൽ, ഇസ്രായേല്യരുടെയെല്ലാം വീടുകളിൽ വെളിച്ചമുണ്ടായിരുന്നു.+ 24 അപ്പോൾ ഫറവോൻ മോശയെ വിളിപ്പിച്ച് ഇങ്ങനെ പറഞ്ഞു: “പോയി യഹോവയെ സേവിക്കൂ.+ നിങ്ങളുടെ കുട്ടികൾക്കും നിങ്ങളോടൊപ്പം പോരാം. ആടുമാടുകൾ മാത്രം ഇവിടെ നിൽക്കട്ടെ.” 25 എന്നാൽ മോശ പറഞ്ഞു: “ബലികൾക്കും ദഹനയാഗങ്ങൾക്കും വേണ്ടതുംകൂടെ ഞങ്ങൾക്കു തരണം.* അവ ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് അർപ്പിക്കാനാണ്.+ 26 അതുകൊണ്ട് ഞങ്ങളുടെ മൃഗങ്ങളെയും ഞങ്ങൾ കൊണ്ടുപോകും. ഒരൊറ്റ മൃഗത്തെപ്പോലും ഞങ്ങൾ വിട്ടിട്ട് പോകില്ല. കാരണം അവയിൽ ചിലതിനെ ഞങ്ങളുടെ ദൈവമായ യഹോവയുടെ ആരാധനയ്ക്കായി ഉപയോഗിക്കേണ്ടതുണ്ട്. യഹോവയെ ആരാധിക്കുമ്പോൾ എന്താണ് അർപ്പിക്കുകയെന്ന് അവിടെ എത്തുന്നതുവരെ ഞങ്ങൾക്ക് അറിയാൻ കഴിയില്ല.” 27 അപ്പോൾ വീണ്ടും ഫറവോന്റെ ഹൃദയം കഠിനമായിത്തീരാൻ യഹോവ അനുവദിച്ചു; അവരെ വിടാൻ ഫറവോൻ സമ്മതിച്ചില്ല.+ 28 ഫറവോൻ മോശയോടു പറഞ്ഞു: “എന്റെ കൺവെട്ടത്തുനിന്ന് കടന്നുപോകൂ! മേലാൽ നീ എന്റെ മുഖം കണ്ടുപോകരുത്. എന്റെ മുഖം കാണുന്ന നാളിൽ നീ മരിക്കും.” 29 അപ്പോൾ മോശ പറഞ്ഞു: “പറഞ്ഞതുപോലെതന്നെ ആകട്ടെ. മേലാൽ ഫറവോന്റെ മുഖം കാണാൻ ഞാൻ ശ്രമിക്കില്ല.”