യോഹന്നാനു ലഭിച്ച വെളിപാട്
9 അഞ്ചാമത്തെ ദൂതൻ കാഹളം+ ഊതി. അപ്പോൾ ആകാശത്തുനിന്ന് ഒരു നക്ഷത്രം ഭൂമിയിൽ വീണുകിടക്കുന്നതു ഞാൻ കണ്ടു. അഗാധത്തിലേക്കുള്ള+ ദ്വാരത്തിന്റെ* താക്കോൽ അതിനു* ലഭിച്ചു. 2 അത് ആ ദ്വാരം തുറന്നപ്പോൾ ഒരു വലിയ ചൂളയിൽനിന്ന് എന്നപോലെ അതിൽനിന്ന് പുക പൊങ്ങി. പുക കാരണം സൂര്യനും അന്തരീക്ഷവും ഇരുണ്ടുപോയി.+ 3 പുകയിൽനിന്ന് വെട്ടുക്കിളികൾ ഭൂമിയിലേക്കു വന്നു.+ ഭൂമിയിലെ തേളുകൾക്കുള്ള അതേ ശക്തി അവയ്ക്കും ലഭിച്ചു. 4 നെറ്റിയിൽ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യരെ മാത്രമേ ആക്രമിക്കാവൂ, ഭൂമിയിലെ പുല്ലിനോ സസ്യങ്ങൾക്കോ മരങ്ങൾക്കോ ദോഷം വരുത്തരുത്+ എന്ന് അവയ്ക്ക് ആജ്ഞ ലഭിച്ചിരുന്നു.
5 അവരെ കൊല്ലാനല്ല, അഞ്ചു മാസത്തേക്കു ക്രൂരമായി ഉപദ്രവിക്കാനാണു വെട്ടുക്കിളികൾക്ക് അനുവാദം ലഭിച്ചത്. അപ്പോഴത്തെ വേദന, തേൾ+ കുത്തുമ്പോഴുള്ള വേദനപോലെയായിരുന്നു. 6 അക്കാലത്ത് മനുഷ്യർ മരണം തേടും; പക്ഷേ ഒരിക്കലും കണ്ടെത്തില്ല. അവർ മരിക്കാൻ കൊതിക്കും; പക്ഷേ മരണം അവരിൽനിന്ന് ഓടിയകലും.
7 വെട്ടുക്കിളികളുടെ രൂപം യുദ്ധത്തിന് ഒരുക്കിയ കുതിരകളുടേതുപോലെയായിരുന്നു.+ അവയുടെ തലയിൽ സ്വർണകിരീടംപോലെ എന്തോ ഒന്നുണ്ടായിരുന്നു. അവയുടെ മുഖം പുരുഷന്മാരുടേതുപോലെയും 8 തലമുടി സ്ത്രീകളുടേതുപോലെയും ആയിരുന്നു. അവയുടെ പല്ലുകൾ സിംഹത്തിന്റേതുപോലെയായിരുന്നു.+ 9 അവയുടെ മാറിൽ ഇരുമ്പുകവചംപോലുള്ള കവചങ്ങളുണ്ടായിരുന്നു. അവയുടെ ചിറകടിശബ്ദം യുദ്ധത്തിനു പായുന്ന അശ്വരഥങ്ങളുടെ ഇരമ്പൽപോലെയായിരുന്നു.+ 10 തേളിന്റേതുപോലെ വിഷമുള്ളുള്ള വാൽ അവയ്ക്കുണ്ട്. അഞ്ചു മാസം മനുഷ്യരെ ദണ്ഡിപ്പിക്കാനുള്ള ശക്തി അവയുടെ വാലുകൾക്കുണ്ടായിരുന്നു.+ 11 അഗാധത്തിന്റെ ദൂതൻ അവയ്ക്കു രാജാവായിരുന്നു.+ എബ്രായ ഭാഷയിൽ ആ ദൂതന്റെ പേര് അബദ്ദോൻ* എന്നും ഗ്രീക്ക് ഭാഷയിൽ അപ്പൊല്യോൻ* എന്നും ആണ്.
12 ഒന്നാമത്തെ കഷ്ടത കഴിഞ്ഞു. ഇതാ, രണ്ടു കഷ്ടതകൂടെ+ വരാൻപോകുന്നു!
13 ആറാമത്തെ ദൂതൻ+ കാഹളം ഊതി.+ അപ്പോൾ ദൈവത്തിന്റെ മുന്നിലുള്ള സ്വർണയാഗപീഠത്തിന്റെ+ കൊമ്പുകളിൽനിന്ന് ഒരു ശബ്ദം 14 കാഹളം പിടിച്ചിരുന്ന ആറാമത്തെ ദൂതനോട് ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “മഹാനദിയായ യൂഫ്രട്ടീസിന്റെ+ തീരത്ത് കെട്ടിയിട്ടിരുന്ന നാലു ദൈവദൂതന്മാരെ അഴിച്ചുവിടൂ.” 15 മനുഷ്യരിൽ മൂന്നിലൊന്നിനെ കൊല്ലാൻ നിശ്ചയിച്ചിരിക്കുന്ന വർഷത്തിനും മാസത്തിനും ദിവസത്തിനും സമയത്തിനും വേണ്ടി ഒരുക്കിനിറുത്തിയിരുന്ന ആ നാലു ദൂതന്മാരെയും അപ്പോൾ അഴിച്ചുവിട്ടു.
16 കുതിരപ്പടയാളികളുടെ എണ്ണം പതിനായിരത്തിന്റെ ഇരുപതിനായിരം മടങ്ങ്* എന്നു ഞാൻ കേട്ടു. 17 ഞാൻ ദിവ്യദർശനത്തിൽ കണ്ട കുതിരകളുടെയും കുതിരക്കാരുടെയും രൂപം ഇങ്ങനെയാണ്: അവരുടെ മാറിലെ കവചങ്ങൾക്കു തീപോലുള്ള ചുവപ്പു നിറവും കടുംനീല നിറവും മഞ്ഞ നിറവും* ആയിരുന്നു. കുതിരകളുടെ തല സിംഹങ്ങളുടെ തലപോലെ.+ അവയുടെ വായിൽനിന്ന് തീയും പുകയും ഗന്ധകവും* വന്നുകൊണ്ടിരുന്നു. 18 അവയുടെ വായിൽനിന്ന് വന്ന തീ, പുക, ഗന്ധകം* എന്നീ മൂന്നു ബാധകളാൽ മനുഷ്യരിൽ മൂന്നിലൊന്നു കൊല്ലപ്പെട്ടു. 19 കുതിരകളുടെ ശക്തി അവയുടെ വായിലും വാലിലും ആണ്. പാമ്പിനെപ്പോലിരിക്കുന്ന അവയുടെ വാലിനു തലയുമുണ്ട്. വാൽ ഉപയോഗിച്ചാണ് അവ ഉപദ്രവിക്കുന്നത്.
20 ഈ ബാധകളാൽ കൊല്ലപ്പെടാതെ ബാക്കിയുണ്ടായിരുന്ന മനുഷ്യർ അവരുടെ ചെയ്തികൾ* വിട്ട് മാനസാന്തരപ്പെട്ടില്ല; ഭൂതങ്ങളെയും സ്വർണം, വെള്ളി, ചെമ്പ്, കല്ല്, തടി എന്നിവകൊണ്ട് ഉണ്ടാക്കിയ, കാണാനും കേൾക്കാനും നടക്കാനും കഴിവില്ലാത്ത വിഗ്രഹങ്ങളെയും+ ആരാധിക്കുന്നത് അവർ നിറുത്തിയില്ല. 21 അവർ ചെയ്ത കൊലപാതകങ്ങളെയും ഭൂതവിദ്യയെയും അധാർമികപ്രവൃത്തികളെയും* മോഷണങ്ങളെയും കുറിച്ച് അവർ പശ്ചാത്തപിച്ചില്ല.