ന്യായാധിപന്മാർ
6 എന്നാൽ ഇസ്രായേല്യർ വീണ്ടും യഹോവയുടെ മുമ്പാകെ തിന്മ ചെയ്തു.+ അതുകൊണ്ട് യഹോവ അവരെ ഏഴു വർഷം മിദ്യാന്റെ കൈയിൽ ഏൽപ്പിച്ചു.+ 2 മിദ്യാൻ ഇസ്രായേലിനു മേൽ ശക്തി പ്രാപിച്ചു.+ മിദ്യാന്യർ കാരണം ഇസ്രായേല്യർ മലകളിലും, ഗുഹകളിലും, എത്തിപ്പെടാൻ പ്രയാസമായ സ്ഥലങ്ങളിലും ഒളിസങ്കേതങ്ങൾ* ഉണ്ടാക്കി.+ 3 ഇസ്രായേല്യർ വിത്തു വിതച്ചാൽ മിദ്യാന്യരും അമാലേക്യരും+ കിഴക്കരും+ വന്ന് അവരെ ആക്രമിക്കുമായിരുന്നു. 4 അവർ അവർക്കെതിരെ പാളയമടിച്ച് അങ്ങു ഗസ്സ വരെ ദേശത്തെ വിളവുകളെല്ലാം നശിപ്പിക്കുമായിരുന്നു. ഇസ്രായേല്യർക്കു കഴിക്കാൻ ഒന്നും അവർ ബാക്കി വെച്ചില്ല; ആട്, കാള, കഴുത ഇവയൊന്നും വെച്ചില്ല.+ 5 വളർത്തുമൃഗങ്ങളും കൂടാരങ്ങളും സഹിതം വെട്ടുക്കിളികളെപ്പോലെ വലിയൊരു കൂട്ടമായാണ്+ അവർ വന്നിരുന്നത്. അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യമായിരുന്നു.+ അവർ വന്ന് ദേശം നശിപ്പിച്ചു. 6 അങ്ങനെ മിദ്യാൻ കാരണം ഇസ്രായേല്യർ കടുത്ത ദാരിദ്ര്യത്തിലായി. അവർ സഹായത്തിനുവേണ്ടി യഹോവയോടു നിലവിളിച്ചു.+
7 മിദ്യാൻ കാരണം ഇസ്രായേല്യർ യഹോവയോടു സഹായത്തിനായി നിലവിളിച്ചപ്പോൾ+ 8 യഹോവ ഇസ്രായേല്യരുടെ അടുത്തേക്ക് ഒരു പ്രവാചകനെ അയച്ചു. പ്രവാചകൻ അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇങ്ങനെ പറയുന്നു: ‘ഞാൻ നിങ്ങളെ അടിമവീടായ ഈജിപ്തിൽനിന്ന് വിടുവിച്ച് പുറത്ത് കൊണ്ടുവന്നു.+ 9 അങ്ങനെ ഞാൻ നിങ്ങളെ ഈജിപ്തിന്റെ കൈയിൽനിന്നും നിങ്ങളെ ദ്രോഹിക്കുന്ന എല്ലാ ശത്രുക്കളുടെ കൈയിൽനിന്നും രക്ഷിച്ചു. അവരെ ഞാൻ നിങ്ങളുടെ മുന്നിൽനിന്ന് ഓടിച്ച് അവരുടെ ദേശം നിങ്ങൾക്കു തന്നു.+ 10 ഞാൻ നിങ്ങളോട് ഇങ്ങനെ പറയുകയും ചെയ്തു: “ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.+ നിങ്ങൾ താമസിക്കുന്ന ദേശത്തെ അമോര്യരുടെ ദൈവങ്ങളോടു നിങ്ങൾ ഭയാദരവ് കാട്ടരുത്.”+ എന്നാൽ നിങ്ങൾ എന്നെ അനുസരിച്ചില്ല.’”*+
11 പിന്നീട് യഹോവയുടെ ദൂതൻ വന്ന്+ അബിയേസര്യനായ യോവാശിന്റെ അവകാശത്തിലുള്ള ഒഫ്രയിലെ+ വലിയ വൃക്ഷത്തിന്റെ ചുവട്ടിൽ ഇരുന്നു. അപ്പോൾ യോവാശിന്റെ മകൻ ഗിദെയോൻ+ മിദ്യാന്യർ അറിയാതിരിക്കാൻ മുന്തിരിച്ചക്കിൽവെച്ച്* ഗോതമ്പു തല്ലിയെടുക്കുകയായിരുന്നു. 12 യഹോവയുടെ ദൂതൻ പ്രത്യക്ഷനായി ഗിദെയോനോട്, “വീരനായ യോദ്ധാവേ, യഹോവ നിന്റെകൂടെയുണ്ട്”+ എന്നു പറഞ്ഞു. 13 അപ്പോൾ ഗിദെയോൻ ദൂതനോട്: “യജമാനനേ, എന്നോടു ക്ഷമിക്കണേ. യഹോവ ഞങ്ങളുടെകൂടെയുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ടാണ് ഈ ദുരിതങ്ങളെല്ലാം ഞങ്ങൾ അനുഭവിക്കേണ്ടിവരുന്നത്?+ ‘യഹോവ ഞങ്ങളെ ഈജിപ്തിൽനിന്ന് വിടുവിച്ചു’+ എന്നു പറഞ്ഞ് ഞങ്ങളുടെ പിതാക്കന്മാർ ഞങ്ങൾക്കു വിവരിച്ചുതന്ന ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളൊക്കെ+ ഇപ്പോൾ എവിടെപ്പോയി? ഇതാ, യഹോവ ഞങ്ങളെ ഉപേക്ഷിച്ച്+ മിദ്യാന്യരുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.” 14 യഹോവ ഗിദെയോനെ നോക്കി ഇങ്ങനെ പറഞ്ഞു: “നീ ശക്തി സംഭരിച്ച് പുറപ്പെടുക. ഇസ്രായേലിനെ നീ മിദ്യാന്റെ കൈയിൽനിന്ന് രക്ഷിക്കും.+ ഞാനല്ലേ നിന്നെ അയയ്ക്കുന്നത്?” 15 അപ്പോൾ ഗിദെയോൻ പറഞ്ഞു: “യഹോവേ, എന്നോടു ക്ഷമിക്കേണമേ. ഞാൻ എങ്ങനെ ഇസ്രായേലിനെ രക്ഷിക്കാനാണ്? എന്റെ കുലം* മനശ്ശെയിൽ ഏറ്റവും ചെറുതും ഞാൻ എന്റെ പിതൃഭവനത്തിൽ* ഏറ്റവും നിസ്സാരനും ആണ്.” 16 യഹോവ ഗിദെയോനോടു പറഞ്ഞു: “ഞാൻ നിന്റെകൂടെയുണ്ടാകും;+ ഒരൊറ്റ മനുഷ്യനെ എന്നപോലെ നീ മിദ്യാന്യരെ സംഹരിക്കും.”
17 അപ്പോൾ ഗിദെയോൻ പറഞ്ഞു: “എന്നോടു പ്രീതി തോന്നുന്നെങ്കിൽ അങ്ങുതന്നെയാണ് എന്നോടു സംസാരിക്കുന്നത് എന്നതിന് ഒരു അടയാളം കാണിച്ചുതരണേ. 18 ഞാൻ ഒരു കാഴ്ച കൊണ്ടുവന്ന് അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നതുവരെ അങ്ങ് ഇവിടെനിന്ന് പോകരുതേ.”+ അപ്പോൾ ദൂതൻ, “നീ മടങ്ങിവരുന്നതുവരെ ഞാൻ ഇവിടെത്തന്നെയുണ്ടാകും” എന്നു പറഞ്ഞു. 19 ഗിദെയോൻ അകത്ത് ചെന്ന് ഒരു കോലാടിനെ പാകം ചെയ്തു. ഒരു ഏഫാ* ധാന്യപ്പൊടി എടുത്ത് പുളിപ്പില്ലാത്ത* അപ്പവും ഉണ്ടാക്കി.+ ഇറച്ചി ഒരു കൊട്ടയിലും ചാറ് ഒരു ചട്ടിയിലും എടുത്തു. അത് ആ വലിയ വൃക്ഷത്തിനു കീഴിൽ ദൂതന്റെ അടുത്ത് കൊണ്ടുവന്ന് വിളമ്പിവെച്ചു.
20 അപ്പോൾ സത്യദൈവത്തിന്റെ ദൂതൻ ഗിദെയോനോടു പറഞ്ഞു: “ഇറച്ചിയും പുളിപ്പില്ലാത്ത അപ്പവും എടുത്ത് ആ വലിയ പാറയിൽ വെക്കുക, ചാറും ഒഴിക്കുക.” ഗിദെയോൻ അതുപോലെ ചെയ്തു. 21 യഹോവയുടെ ദൂതൻ കൈയിലുണ്ടായിരുന്ന വടി നീട്ടി അതിന്റെ അറ്റംകൊണ്ട് ഇറച്ചിയിലും പുളിപ്പില്ലാത്ത അപ്പത്തിലും തൊട്ടു. പാറയിൽനിന്ന് തീ ആളിക്കത്തി ഇറച്ചിയും അപ്പവും ദഹിപ്പിച്ചു.+ ഉടനെ യഹോവയുടെ ദൂതൻ ഗിദെയോന്റെ മുന്നിൽനിന്ന് അപ്രത്യക്ഷനായി. 22 അത് യഹോവയുടെ ദൂതനായിരുന്നു എന്ന് അപ്പോൾ ഗിദെയോനു മനസ്സിലായി.+
ഗിദെയോൻ പറഞ്ഞു: “അയ്യോ! പരമാധികാരിയായ യഹോവേ, ഞാൻ യഹോവയുടെ ദൂതനെ മുഖാമുഖം കണ്ടുപോയല്ലോ!”+ 23 പക്ഷേ യഹോവ ഗിദെയോനോടു പറഞ്ഞു: “പേടിക്കേണ്ടാ, സമാധാനമായിരിക്കുക.+ നീ മരിക്കില്ല.” 24 അതുകൊണ്ട് ഗിദെയോൻ അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു. അത് ഇന്നും യഹോവ-ശലോം*+ എന്ന് അറിയപ്പെടുന്നു. അത് ഇപ്പോഴും അബിയേസര്യരുടെ ഒഫ്രയിലുണ്ട്.
25 അന്നു രാത്രി യഹോവ ഗിദെയോനോട് ഇങ്ങനെ പറഞ്ഞു: “നിന്റെ അപ്പന്റെ കാളക്കുട്ടിയെ, ഏഴു വയസ്സുള്ള രണ്ടാമത്തെ കാളയെ, കൊണ്ടുവരുക. എന്നിട്ട് നിന്റെ അപ്പന്റെ വകയായ ബാലിന്റെ യാഗപീഠം ഇടിച്ച് അതിന് അടുത്തുള്ള പൂജാസ്തൂപം* വെട്ടിയിടുക.+ 26 ഈ സുരക്ഷിതസ്ഥാനത്തിനു മുകളിൽ കല്ലുകൾ നിരയായി അടുക്കി നിന്റെ ദൈവമായ യഹോവയ്ക്ക് ഒരു യാഗപീഠം പണിയുക. പിന്നെ, നീ വെട്ടിയിട്ട പൂജാസ്തൂപത്തിന്റെ കഷണങ്ങൾ വിറകായി അടുക്കി രണ്ടാമത്തെ കാളക്കുട്ടിയെ അതിന്മേൽ ദഹനയാഗമായി അർപ്പിക്കണം.” 27 ഗിദെയോൻ പത്തു ദാസന്മാരെ കൂട്ടി യഹോവ പറഞ്ഞതുപോലെ ചെയ്തു. പക്ഷേ അപ്പന്റെ വീട്ടുകാരെയും നഗരത്തിലുള്ളവരെയും വല്ലാതെ പേടിച്ചിരുന്നതുകൊണ്ട് പകൽസമയത്തല്ല, രാത്രിയിലാണു ഗിദെയോൻ അതു ചെയ്തത്.
28 പിറ്റേന്ന് അതിരാവിലെ ആ നഗരത്തിലുള്ളവർ എഴുന്നേറ്റ് നോക്കിയപ്പോൾ ബാലിന്റെ യാഗപീഠം ഇടിച്ചുകളഞ്ഞിരിക്കുന്നതും അതിന് അടുത്തുണ്ടായിരുന്ന പൂജാസ്തൂപം വെട്ടിക്കളഞ്ഞിരിക്കുന്നതും രണ്ടാമത്തെ കാളക്കുട്ടിയെ പുതുതായി ഉണ്ടാക്കിയ ഒരു യാഗപീഠത്തിൽ ബലി അർപ്പിച്ചിരിക്കുന്നതും കണ്ടു. 29 “ആരാണ് ഇതു ചെയ്തത്” എന്ന് അവർ പരസ്പരം ചോദിച്ചു. അന്വേഷിച്ചപ്പോൾ, “യോവാശിന്റെ മകൻ ഗിദെയോനാണ് ഇതു ചെയ്തത്” എന്ന് ആളുകൾ പറഞ്ഞു. 30 അപ്പോൾ നഗരത്തിലുള്ളവർ യോവാശിനോടു പറഞ്ഞു: “നിന്റെ മകനെ പുറത്ത് കൊണ്ടുവാ. അവൻ മരിക്കണം! അവൻ ബാലിന്റെ യാഗപീഠം ഇടിച്ചുകളഞ്ഞു, അതിന് അടുത്തുണ്ടായിരുന്ന പൂജാസ്തൂപം വെട്ടിയിട്ടു.” 31 തന്റെ നേരെ വന്ന എല്ലാവരോടും യോവാശ്+ പറഞ്ഞു: “നിങ്ങൾ എന്തിനാണു ബാലിനുവേണ്ടി വാദിക്കുന്നത്? ബാലിനെ നിങ്ങൾ രക്ഷിക്കേണ്ടതുണ്ടോ? ബാലിനുവേണ്ടി വാദിക്കുന്നവരെല്ലാം ഇന്നു രാവിലെതന്നെ മരിക്കേണ്ടിവരും.+ ബാൽ ദൈവമാണെങ്കിൽ ബാൽതന്നെ തനിക്കുവേണ്ടി വാദിക്കട്ടെ.+ ബാലിന്റെ യാഗപീഠമല്ലേ ഇടിച്ചുകളഞ്ഞിരിക്കുന്നത്?” 32 അന്നു യോവാശ്, “ബാൽ തനിക്കുവേണ്ടി വാദിക്കട്ടെ, ഒരാൾ ബാലിന്റെ യാഗപീഠം ഇടിച്ചുകളഞ്ഞിരിക്കുന്നല്ലോ” എന്നു പറഞ്ഞ് ഗിദെയോനെ യരുബ്ബാൽ* എന്നു വിളിച്ചു.
33 മിദ്യാന്യരും+ അമാലേക്യരും+ കിഴക്കരും ഒരുമിച്ചുകൂടി,+ നദി കുറുകെ കടന്ന് ജസ്രീൽ താഴ്വരയിൽ പാളയമടിച്ചു. 34 അപ്പോൾ യഹോവയുടെ ആത്മാവ് ഗിദെയോന്റെ മേൽ വന്നു.*+ ഗിദെയോൻ കൊമ്പു വിളിച്ചു.+ അബിയേസര്യരെല്ലാം+ ഗിദെയോന്റെ പിന്നിൽ അണിനിരന്നു. 35 പിന്നെ ഗിദെയോൻ മനശ്ശെയിൽ എല്ലായിടത്തും ദൂതന്മാരെ അയച്ചു. അവരും ഗിദെയോന്റെ പിന്നിൽ അണിനിരന്നു. കൂടാതെ ആശേർ, സെബുലൂൻ, നഫ്താലി എന്നിവിടങ്ങളിലേക്കും ആളയച്ചു. അവരും ഗിദെയോന്റെ അടുത്ത് വന്നു.
36 അപ്പോൾ ഗിദെയോൻ സത്യദൈവത്തോടു പറഞ്ഞു: “അങ്ങ് വാഗ്ദാനം ചെയ്തതുപോലെ എന്റെ കൈയാൽ അങ്ങ് ഇസ്രായേലിനെ രക്ഷിക്കുമെങ്കിൽ,+ 37 ഞാൻ ഇതാ, മെതിക്കളത്തിൽ ഒരു രോമക്കമ്പിളി ഇടുന്നു. കമ്പിളിയിൽ മാത്രം മഞ്ഞുണ്ടായിരിക്കുകയും ചുറ്റുമുള്ള നിലമെല്ലാം ഉണങ്ങിയിരിക്കുകയും ചെയ്താൽ അങ്ങ് വാഗ്ദാനം ചെയ്തതുപോലെ എന്റെ കൈയാൽ അങ്ങ് ഇസ്രായേലിനെ രക്ഷിക്കുമെന്നു ഞാൻ മനസ്സിലാക്കും.” 38 അങ്ങനെതന്നെ സംഭവിച്ചു. പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് ഗിദെയോൻ ആ കമ്പിളി പിഴിഞ്ഞു. വലിയൊരു പാത്രം നിറയാൻ മാത്രം വെള്ളം അതിലുണ്ടായിരുന്നു. 39 എന്നാൽ ഗിദെയോൻ സത്യദൈവത്തോടു പറഞ്ഞു: “അങ്ങ് എന്നോടു കോപിക്കരുതേ. ഒരു കാര്യംകൂടെ ഞാൻ അപേക്ഷിച്ചുകൊള്ളട്ടെ. കമ്പിളികൊണ്ട് ഒരു പരീക്ഷണംകൂടെ നടത്താൻ എന്നെ അനുവദിച്ചാലും. കമ്പിളി മാത്രം ഉണങ്ങിയിരിക്കാനും ചുറ്റുമുള്ള നിലമെല്ലാം മഞ്ഞുകൊണ്ട് നനയാനും അങ്ങ് ഇടവരുത്തേണമേ.” 40 അന്നു രാത്രി ദൈവം അതുപോലെ ചെയ്തു. കമ്പിളി മാത്രം ഉണങ്ങിയിരുന്നു. എന്നാൽ നിലം മുഴുവൻ മഞ്ഞുകൊണ്ട് നനഞ്ഞിരുന്നു.