രാജാക്കന്മാർ ഒന്നാം ഭാഗം
5 സോർരാജാവായ+ ഹീരാം എന്നും ദാവീദിന്റെ ഒരു സുഹൃത്തായിരുന്നു.*+ ശലോമോനെ അപ്പനായ ദാവീദിന്റെ സ്ഥാനത്ത് രാജാവായി അഭിഷേകം ചെയ്തിരിക്കുന്നെന്നു കേട്ടപ്പോൾ ഹീരാം തന്റെ ദാസന്മാരെ ശലോമോന്റെ അടുത്തേക്ക് അയച്ചു. 2 അപ്പോൾ ശലോമോൻ ഹീരാമിന്+ ഇങ്ങനെയൊരു സന്ദേശം അയച്ചു: 3 “എന്റെ അപ്പനായ ദാവീദിന് അപ്പന്റെ ദൈവമായ യഹോവയുടെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയാൻ കഴിഞ്ഞില്ലെന്നു താങ്കൾക്ക് അറിയാമല്ലോ. കാരണം, യഹോവ അപ്പന്റെ ശത്രുക്കളെ അപ്പന്റെ കാൽക്കീഴാക്കുന്നതുവരെ ചുറ്റുമുള്ള ശത്രുക്കളോട് അപ്പനു യുദ്ധം ചെയ്യേണ്ടിവന്നു.+ 4 എന്നാൽ ഇപ്പോൾ എനിക്കു ചുറ്റും എന്റെ ദൈവമായ യഹോവ സ്വസ്ഥത നൽകിയിരിക്കുകയാണ്;+ എതിരാളികളോ പ്രതിബന്ധങ്ങളോ ഒന്നും എന്റെ മുന്നിലില്ല.+ 5 അതുകൊണ്ട് യഹോവ എന്റെ അപ്പനായ ദാവീദിനോട്, ‘ഞാൻ നിനക്കു പകരം നിന്റെ സിംഹാസനത്തിൽ ഇരുത്തുന്ന നിന്റെ മകനായിരിക്കും എന്റെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയുക’+ എന്നു വാഗ്ദാനം ചെയ്തതുപോലെ എന്റെ ദൈവമായ യഹോവയുടെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയാൻ ഞാൻ ഉദ്ദേശിക്കുന്നു. 6 അതുകൊണ്ട് എനിക്കുവേണ്ടി ലബാനോനിലെ ദേവദാരുക്കൾ+ മുറിച്ചുതരാൻ അങ്ങയുടെ ആളുകളോടു കല്പിക്കുക. എന്റെ ദാസന്മാർ അങ്ങയുടെ ദാസന്മാരെ സഹായിക്കും. അങ്ങ് പറയുന്ന കൂലി ഞാൻ അങ്ങയുടെ ദാസന്മാർക്കു കൊടുക്കാം. മരം മുറിക്കുന്നതിൽ സീദോന്യരെപ്പോലെ വൈദഗ്ധ്യമുള്ള+ ആരും ഞങ്ങൾക്കിടയിലില്ലെന്ന് അങ്ങയ്ക്ക് അറിയാമല്ലോ.”
7 ശലോമോന്റെ വാക്കുകൾ കേട്ടപ്പോൾ ഹീരാമിനു വളരെ സന്തോഷമായി. ഹീരാം പറഞ്ഞു: “ഈ മഹാജനത്തെ* ഭരിക്കാൻ ബുദ്ധിമാനായ ഒരു മകനെ ദാവീദിനു നൽകിയ യഹോവ വാഴ്ത്തപ്പെടട്ടെ!”+ 8 ഹീരാം ശലോമോനെ ഇങ്ങനെ അറിയിച്ചു: “താങ്കൾ അയച്ച സന്ദേശം കിട്ടി. താങ്കളുടെ ആഗ്രഹംപോലെ ദേവദാരുവിന്റെയും ജൂനിപ്പരിന്റെയും തടികൾ+ ഞാൻ തരാം. 9 എന്റെ ദാസന്മാർ അവ ലബാനോനിൽനിന്ന് കടൽവരെ കൊണ്ടുവരും; എന്നിട്ട് അവ ചങ്ങാടങ്ങളായി കെട്ടി താങ്കൾ പറയുന്നിടത്ത് എത്തിച്ച് കെട്ടഴിച്ച് തരും. അവിടെനിന്ന് താങ്കൾക്ക് അതു കൊണ്ടുപോകാം. അതിനു പകരമായി, എന്റെ വീട്ടിലുള്ളവർക്കു താങ്കൾ ആഹാരം കൊടുക്കണം.”+
10 അങ്ങനെ ഹീരാം ശലോമോന് ആവശ്യമുള്ളത്ര ദേവദാരുത്തടിയും ജൂനിപ്പർത്തടിയും കൊടുത്തു. 11 ഹീരാമിന്റെ വീട്ടിലുള്ളവർക്കു ഭക്ഷണത്തിനായി ശലോമോൻ 20,000 കോർ* ഗോതമ്പും 20 കോർ മേത്തരമായ* ഒലിവെണ്ണയും കൊടുത്തു.+ ഇത്രയുമാണു വർഷംതോറും ശലോമോൻ ഹീരാമിനു കൊടുത്തിരുന്നത്. 12 വാഗ്ദാനം ചെയ്തിരുന്നതുപോലെ യഹോവ ശലോമോനു ജ്ഞാനം നൽകി.+ ശലോമോനും ഹീരാമും തമ്മിൽ സമാധാനത്തിലായിരുന്നു; അവർ രണ്ടും ഒരു കരാർ* ഉണ്ടാക്കി.
13 ശലോമോൻ രാജാവ് നിർബന്ധിതസേവനത്തിനുവേണ്ടി+ എല്ലാ ഇസ്രായേലിൽനിന്നും 30,000 പുരുഷന്മാരെ കൂട്ടിവരുത്തി. 14 ഓരോ മാസവും അവരിൽ 10,000 പേരെ വീതം അദ്ദേഹം ലബാനോനിലേക്ക് അയയ്ക്കും; അവർ ഒരു മാസം അവിടെയും രണ്ടു മാസം അവരവരുടെ വീട്ടിലും ചെലവഴിക്കും. അദോനീരാമാണ് അവർക്കു മേൽനോട്ടം വഹിച്ചിരുന്നത്.+ 15 ശലോമോന് 70,000 ചുമട്ടുകാരും മലകളിൽ 80,000 കല്ലുവെട്ടുകാരും+ ഉണ്ടായിരുന്നു.+ 16 കൂടാതെ, ശലോമോന്റെ 3,300 കാര്യസ്ഥന്മാർ+ തലവന്മാരായി ജോലിക്കാർക്കു മേൽനോട്ടം വഹിച്ചു. 17 ചെത്തിമിനുക്കിയ കല്ലുകൾകൊണ്ട്+ ഭവനത്തിന് അടിസ്ഥാനമിടാനായി,+ രാജാവിന്റെ ഉത്തരവനുസരിച്ച് അവർ വിലയേറിയ വലിയ കല്ലുകൾ+ വെട്ടിയെടുത്തു. 18 അങ്ങനെ ശലോമോന്റെ പണിക്കാരും ഹീരാമിന്റെ പണിക്കാരും ഗബാല്യരും+ ചേർന്ന് കല്ലുകൾ ചെത്തിയൊരുക്കി. അവർ ഭവനം പണിയുന്നതിനുവേണ്ട തടിയും കല്ലും തയ്യാറാക്കി.