നെഹമ്യ
1 ഹഖല്യയുടെ മകനായ നെഹമ്യയുടെ*+ വാക്കുകൾ: 20-ാം വർഷം* കിസ്ലേവ്* മാസത്തിൽ ഞാൻ ശൂശൻ*+ കോട്ടയിലായിരുന്ന* കാലം. 2 എന്റെ സഹോദരന്മാരിൽ ഒരാളായ ഹനാനിയും+ ചില യഹൂദാപുരുഷന്മാരും അവിടെ വന്നു. ഞാൻ അവരോട് അടിമത്തത്തിൽനിന്ന് മോചിതരായ ജൂതന്മാരെക്കുറിച്ചും+ യരുശലേമിനെക്കുറിച്ചും ചോദിച്ചു. 3 അപ്പോൾ അവർ പറഞ്ഞു: “അടിമത്തത്തിൽനിന്ന് മോചിതരായി ആ സംസ്ഥാനത്ത് ഇപ്പോൾ ബാക്കിയുള്ളവർ അപമാനം സഹിച്ച് പരിതാപകരമായ അവസ്ഥയിൽ കഴിയുകയാണ്.+ യരുശലേംമതിലുകൾ ഇടിഞ്ഞും+ അതിന്റെ കവാടങ്ങൾ കത്തിനശിച്ചും കിടക്കുന്നു.”+
4 ഈ വാർത്ത കേട്ട ഉടനെ ഞാൻ നിലത്ത് ഇരുന്ന് കരയാൻതുടങ്ങി; ദിവസങ്ങളോളം ദുഃഖിതനായിരുന്ന ഞാൻ ഉപവസിച്ച്+ സ്വർഗസ്ഥനായ ദൈവത്തിന്റെ സന്നിധിയിൽ പ്രാർഥിച്ചുകൊണ്ടിരുന്നു. 5 ഞാൻ പറഞ്ഞു: “സ്വർഗസ്ഥനായ ദൈവമേ, യഹോവേ, അങ്ങയെ സ്നേഹിച്ച് അങ്ങയുടെ കല്പനകൾ അനുസരിക്കുന്നവരോട് അചഞ്ചലസ്നേഹം കാണിക്കുകയും ഉടമ്പടി പാലിക്കുകയും ചെയ്യുന്ന, ഭയാദരവ് ഉണർത്തുന്ന, മഹാനായ ദൈവമേ,+ 6 ഈ ദാസൻ ഇന്നു പ്രാർഥിക്കുമ്പോൾ അങ്ങ് കണ്ണു തുറക്കേണമേ, എന്റെ പ്രാർഥനയ്ക്കു കാതോർക്കേണമേ. രാവും പകലും അങ്ങയുടെ ദാസരായ ഇസ്രായേല്യരെ ഓർത്ത് ഞാൻ പ്രാർഥിക്കുന്നു;+ ഇസ്രായേൽ ജനം അങ്ങയോടു ചെയ്തുപോയ പാപങ്ങൾ ഏറ്റുപറയുകയും ചെയ്യുന്നു. ഞാനും എന്റെ പിതൃഭവനവും* പാപം ചെയ്തു.+ 7 അങ്ങ് അങ്ങയുടെ ദാസനായ മോശയ്ക്കു കൊടുത്ത കല്പനകളും ചട്ടങ്ങളും ന്യായത്തീർപ്പുകളും ഞങ്ങൾ പാലിച്ചില്ലല്ലോ;+ അതു തീരെ മോശമായിപ്പോയെന്നു സമ്മതിക്കുന്നു.+
8 “അങ്ങയുടെ ദാസനായ മോശയോട് അങ്ങ് കല്പിച്ച ഈ വാക്കുകൾ* ദയവായി ഓർക്കേണമേ: ‘നിങ്ങൾ അവിശ്വസ്തത കാണിച്ചാൽ ജനതകളുടെ ഇടയിലേക്കു ഞാൻ നിങ്ങളെ ചിതറിച്ചുകളയും.+ 9 പക്ഷേ, നിങ്ങൾ എന്നിലേക്കു തിരിഞ്ഞ് എന്റെ കല്പനകൾ പ്രമാണിച്ച് അനുസരിക്കുന്നെങ്കിൽ, ചിതറിപ്പോയ നിങ്ങളെ ആകാശത്തിന്റെ അറുതികളിൽനിന്നായാലും ഞാൻ ശേഖരിച്ച് എന്റെ പേര് സ്ഥാപിക്കാൻ തിരഞ്ഞെടുത്ത സ്ഥലത്ത്+ ഒന്നിച്ചുകൂട്ടും.’+ 10 അങ്ങ് മഹാശക്തികൊണ്ടും കൈക്കരുത്തുകൊണ്ടും മോചിപ്പിച്ച* അങ്ങയുടെ ദാസരും ജനവും ആണല്ലോ അവർ.+ 11 യഹോവേ, ഈ ദാസന്റെ പ്രാർഥനയ്ക്കും അങ്ങയുടെ പേരിനെ ഭയപ്പെടുന്നതിൽ ആനന്ദിക്കുന്ന മറ്റു ദാസരുടെ പ്രാർഥനയ്ക്കും ദയവായി കാതോർക്കേണമേ. ഇന്ന് അടിയന്റെ കാര്യം സാധിച്ചുതരേണമേ. രാജാവിന് എന്നോട് അനുകമ്പ തോന്നാൻ ഇടയാക്കേണമേ.”+
ഞാൻ ആ സമയത്ത് രാജാവിന്റെ പാനപാത്രവാഹകനായിരുന്നു.+