സംഗീതസംഘനായകന്; ശെമിനീത്ത് രാഗത്തിൽ തന്ത്രിവാദ്യങ്ങളോടെ പാടാനുള്ളത്. ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
6 യഹോവേ, കോപത്തോടെ എന്നെ ശാസിക്കരുതേ,
ക്രോധത്തോടെ എന്നെ തിരുത്തരുതേ.+
2 യഹോവേ, എന്റെ ശക്തി ചോർന്നുപോകുന്നതിനാൽ എന്നോടു പ്രീതി കാട്ടേണമേ.
എന്റെ അസ്ഥികൾ ഇളകുന്നതിനാൽ യഹോവേ,+ എന്നെ സുഖപ്പെടുത്തേണമേ.
3 അതെ, ഞാൻ ആകെ അസ്വസ്ഥനാണ്.+
യഹോവേ, ഞാൻ ചോദിക്കട്ടേ—ഇങ്ങനെ ഇനി എത്ര കാലംകൂടെ?+
4 യഹോവേ, മടങ്ങിവരേണമേ, എന്നെ വിടുവിക്കേണമേ;+
അങ്ങയുടെ അചഞ്ചലമായ സ്നേഹം ഓർത്ത് എന്നെ രക്ഷിക്കേണമേ.+
5 കാരണം, മരിച്ചവർ അങ്ങയെക്കുറിച്ച് മിണ്ടില്ലല്ലോ.
ശവക്കുഴിയിൽ ആര് അങ്ങയെ സ്തുതിക്കും?+
6 നെടുവീർപ്പിട്ട് ഞാൻ ആകെ തളർന്നിരിക്കുന്നു.+
രാത്രി മുഴുവൻ ഞാൻ എന്റെ മെത്ത കണ്ണീരിൽ കുതിർക്കുന്നു;
കരഞ്ഞുകരഞ്ഞ് കിടക്കയിൽനിന്ന് കണ്ണീർ കവിഞ്ഞൊഴുകുന്നു.+
7 ദുഃഖഭാരത്താൽ എന്റെ കണ്ണുകൾ ക്ഷീണിച്ചിരിക്കുന്നു.+
എന്നെ ദ്രോഹിക്കുന്നവർ നിമിത്തം എന്റെ കാഴ്ച മങ്ങിയിരിക്കുന്നു.
8 ദുഷ്ടത പ്രവർത്തിക്കുന്നവരേ, ദൂരെപ്പോകൂ!
എന്റെ കരച്ചിൽ യഹോവ കേൾക്കുമല്ലോ.+
9 പ്രീതിക്കായുള്ള എന്റെ യാചന യഹോവ കേൾക്കും.+
യഹോവ എന്റെ പ്രാർഥന കൈക്കൊള്ളും.
10 എന്റെ ശത്രുക്കളെല്ലാം ലജ്ജിക്കും. അവർ പരിഭ്രാന്തരാകും.
പെട്ടെന്ന് അപമാനിതരായി അവർ പിന്തിരിയും.+