തെസ്സലോനിക്യയിലുള്ളവർക്ക് എഴുതിയ ഒന്നാമത്തെ കത്ത്
3 ഇനിയും സഹിക്കാൻ വയ്യെന്നായപ്പോൾ, ഒറ്റയ്ക്കാണെങ്കിലും ആതൻസിൽത്തന്നെ+ താമസിച്ചിട്ട് 2 നമ്മുടെ സഹോദരനും ക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത അറിയിക്കുന്നതിൽ ദൈവത്തിന്റെ ശുശ്രൂഷകനും* ആയ തിമൊഥെയൊസിനെ+ അവിടേക്ക് അയയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു. നിങ്ങളെ ബലപ്പെടുത്തിയും ആശ്വസിപ്പിച്ചും നിങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്താനാണു ഞങ്ങൾ അങ്ങനെ ചെയ്തത്. 3 ഇത്തരം കഷ്ടതകളുടെ സമയത്ത് ആരും വിശ്വാസത്തിൽനിന്ന് ഇളകിപ്പോകരുതെന്നാണു* ഞങ്ങളുടെ ആഗ്രഹം. നിങ്ങൾക്ക് അറിയാവുന്നതുപോലെ ഇതുപോലുള്ള കഷ്ടതകൾ നമുക്ക് ഒഴിവാക്കാൻ പറ്റില്ലല്ലോ.+ 4 നമ്മൾ കഷ്ടതകൾ സഹിക്കേണ്ടിവരുമെന്നു നിങ്ങളുടെകൂടെ ആയിരുന്നപ്പോൾത്തന്നെ ഞങ്ങൾ മുൻകൂട്ടിപ്പറയാറുണ്ടായിരുന്നല്ലോ. നിങ്ങൾക്ക് അറിയാവുന്നതുപോലെ ഇപ്പോൾ അതു സംഭവിക്കുകയും ചെയ്തിരിക്കുന്നു.+ 5 അതുകൊണ്ടാണ് എനിക്കു സഹിക്കാൻ വയ്യെന്നായപ്പോൾ നിങ്ങളുടെ വിശ്വസ്തതയെക്കുറിച്ച് അറിയാൻ ഞാൻ തിമൊഥെയൊസിനെ അയച്ചത്.+ ഒരുപക്ഷേ പ്രലോഭകൻ+ നിങ്ങളെ ഏതെങ്കിലും വിധത്തിൽ പ്രലോഭിപ്പിച്ചിരിക്കുമോ എന്നും അങ്ങനെ ഞങ്ങളുടെ അധ്വാനമെല്ലാം വെറുതേയായിപ്പോകുമോ എന്നും എനിക്കു പേടിയുണ്ടായിരുന്നു.
6 പക്ഷേ ഇപ്പോൾ, നിങ്ങളുടെ വിശ്വസ്തതയെയും സ്നേഹത്തെയും കുറിച്ച് നല്ലൊരു വാർത്തയുമായാണു തിമൊഥെയൊസ് തിരിച്ചെത്തിയിരിക്കുന്നത്.+ നിങ്ങൾ എപ്പോഴും ഞങ്ങളെ സ്നേഹത്തോടെ ഓർക്കുന്നുണ്ടെന്നും നിങ്ങളെ കാണാൻ ഞങ്ങൾ കൊതിക്കുന്നതുപോലെ ഞങ്ങളെ കാണാൻ നിങ്ങളും കൊതിക്കുന്നുണ്ടെന്നും തിമൊഥെയൊസ് അറിയിച്ചു. 7 അതുകൊണ്ടാണ് സഹോദരങ്ങളേ, ഇത്രയെല്ലാം ബുദ്ധിമുട്ടുകളും* കഷ്ടതകളും ഉണ്ടായിട്ടും ഞങ്ങൾക്ക് ആശ്വാസം തോന്നുന്നത്. നിങ്ങളും നിങ്ങൾ കാണിക്കുന്ന വിശ്വസ്തതയും ആണ് അതിനു കാരണം.+ 8 നിങ്ങൾ കർത്താവിൽ ഉറച്ചുനിൽക്കുന്നു എന്ന് അറിയുന്നതുതന്നെ ഞങ്ങൾക്ക് ഒരു പുത്തൻ ഉണർവേകുന്ന കാര്യമാണ്.* 9 നിങ്ങൾ കാരണം നമ്മുടെ ദൈവത്തിന്റെ സന്നിധിയിൽ ഞങ്ങൾ അനുഭവിക്കുന്ന ഈ വലിയ സന്തോഷത്തിനു ഞങ്ങൾ ദൈവത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാകുമോ? 10 നിങ്ങളുടെ വിശ്വാസത്തിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ+ അതു നികത്താൻവേണ്ടി നിങ്ങളെ ഒന്നു നേരിൽ കാണാൻ കഴിയേണ്ടതിനു ഞങ്ങൾ ആകുന്നത്ര തീക്ഷ്ണതയോടെ രാപ്പകൽ ഉള്ളുരുകി പ്രാർഥിക്കുന്നുണ്ട്.
11 ഞങ്ങൾ നിങ്ങളുടെ അടുത്ത് എത്താൻവേണ്ടി നമ്മുടെ പിതാവായ ദൈവവും നമ്മുടെ കർത്താവായ യേശുവും വഴിയൊരുക്കട്ടെ. 12 ഞങ്ങൾക്കു നിങ്ങളോടുള്ള സ്നേഹം നിറഞ്ഞുകവിയുന്നതുപോലെതന്നെ നിങ്ങൾക്കു തമ്മിൽത്തമ്മിലും മറ്റുള്ളവരോടും ഉള്ള സ്നേഹവും+ വർധിച്ച് നിറഞ്ഞുകവിയാൻ കർത്താവ് ഇടയാക്കട്ടെ. 13 അങ്ങനെ, നമ്മുടെ കർത്താവായ യേശു തന്റെ എല്ലാ വിശുദ്ധരുടെയുംകൂടെ സാന്നിധ്യവാനാകുന്ന സമയത്ത്+ നമ്മുടെ പിതാവായ ദൈവത്തിന്റെ മുന്നിൽ നിങ്ങളുടെ ഹൃദയങ്ങൾ ഉറപ്പുള്ളതും കുറ്റമറ്റ വിധം വിശുദ്ധിയുള്ളതും ആകും.+