രാജാക്കന്മാർ ഒന്നാം ഭാഗം
16 പിന്നീട്, ഹനാനിയുടെ+ മകനായ യേഹുവിനു+ ബയെശയ്ക്കെതിരെ യഹോവയിൽനിന്ന് ഈ സന്ദേശം ലഭിച്ചു: 2 “ഞാൻ നിന്നെ പൊടിയിൽനിന്ന് എഴുന്നേൽപ്പിച്ച് എന്റെ ജനമായ ഇസ്രായേലിനു നായകനാക്കി.+ എന്നാൽ നീ യൊരോബെയാമിന്റെ വഴിയിൽ നടന്ന് എന്റെ ജനമായ ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ചു.+ അങ്ങനെ, അവർ ചെയ്ത പാപങ്ങൾ കാരണം ഞാൻ അവരോടു കോപിക്കാൻ നീ ഇടവരുത്തി. 3 അതിനാൽ ഞാൻ ബയെശയെയും അവന്റെ ഭവനത്തെയും തൂത്തുവാരും. അവന്റെ ഭവനം ഞാൻ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഭവനംപോലെയാക്കും.+ 4 ബയെശയുടെ ആരെങ്കിലും നഗരത്തിൽവെച്ച് മരിച്ചാൽ അയാളെ നായ്ക്കൾ തിന്നും. നഗരത്തിനു വെളിയിൽവെച്ച് മരിച്ചാൽ അയാളെ ആകാശത്തിലെ പക്ഷികൾ തിന്നും.”
5 ബയെശയുടെ ബാക്കി ചരിത്രം, ബയെശ ചെയ്ത കാര്യങ്ങളും അയാളുടെ വീരകൃത്യങ്ങളും, ഇസ്രായേൽരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 6 ബയെശ പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു; ബയെശയെ തിർസയിൽ അടക്കം ചെയ്തു.+ ബയെശയുടെ മകൻ ഏലെ അടുത്ത രാജാവായി. 7 ബയെശ തന്റെ കൈകളുടെ പ്രവൃത്തിയാൽ യഹോവയെ കോപിപ്പിച്ച് ദൈവമുമ്പാകെ തിന്മ പ്രവർത്തിച്ചു. അങ്ങനെ യൊരോബെയാമിന്റെ ഭവനത്തെപ്പോലെ ബയെശ തെറ്റുകൾ ചെയ്തതുകൊണ്ടും ബയെശ അയാളെ* കൊന്നതുകൊണ്ടും ഹനാനിയുടെ മകനായ യേഹു പ്രവാചകനിലൂടെ ബയെശയ്ക്കും അയാളുടെ ഭവനത്തിനും എതിരെ യഹോവയുടെ അരുളപ്പാട് ഉണ്ടായി.+
8 യഹൂദാരാജാവായ ആസയുടെ ഭരണത്തിന്റെ 26-ാം വർഷം ബയെശയുടെ മകനായ ഏലെ തിർസയിൽ ഇസ്രായേലിന്റെ രാജാവായി. ഏലെ രണ്ടു വർഷം ഭരിച്ചു. 9 ഏലെ ഒരിക്കൽ തിർസയിലുള്ള അയാളുടെ കൊട്ടാരത്തിന്റെ മേൽനോട്ടക്കാരനായ അർസയുടെ വീട്ടിൽ മദ്യപിച്ച് ലക്കുകെട്ടിരിക്കുമ്പോൾ ഏലെയുടെ ദാസനായ, രഥസൈന്യത്തിന്റെ പകുതിക്ക് അധിപനായ, സിമ്രി ഏലെക്കെതിരെ ഗൂഢാലോചന നടത്തി. 10 സിമ്രി തിർസയിലെ ആ വീടിന് അകത്ത് കയറി ഏലെയെ ആക്രമിച്ച് കൊലപ്പെടുത്തി.+ യഹൂദാരാജാവായ ആസയുടെ ഭരണത്തിന്റെ 27-ാം വർഷം സിമ്രി അടുത്ത രാജാവായി. 11 രാജാവായി സിംഹാസനത്തിൽ ഉപവിഷ്ടനായ ഉടനെ സിമ്രി ബയെശയുടെ ഭവനത്തെ ഇല്ലാതാക്കി. ബയെശയുടെ ബന്ധുക്കളിലോ* സുഹൃത്തുക്കളിലോ ഒരു ആണിനെപ്പോലും സിമ്രി ബാക്കി വെച്ചില്ല. 12 ബയെശയുടെ ഭവനത്തെ മുഴുവൻ സിമ്രി കൊന്നൊടുക്കി. അങ്ങനെ, ബയെശയ്ക്കെതിരെ പ്രവാചകനായ യേഹുവിലൂടെ യഹോവ പറഞ്ഞതു നിറവേറി.+ 13 തങ്ങളുടെ ഒരു ഗുണവുമില്ലാത്ത വിഗ്രഹങ്ങളാൽ+ ഇസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചുകൊണ്ട് ബയെശയും മകനായ ഏലെയും ചെയ്ത പാപങ്ങൾ കാരണവും അവർ ഇസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപങ്ങൾ കാരണവും ആണ് ഇങ്ങനെയെല്ലാം സംഭവിച്ചത്. 14 ഏലെയുടെ ബാക്കി ചരിത്രം, അയാൾ ചെയ്ത എല്ലാ കാര്യങ്ങളും, ഇസ്രായേൽരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
15 യഹൂദാരാജാവായ ആസയുടെ ഭരണത്തിന്റെ 27-ാം വർഷം സിമ്രി ഏഴു ദിവസം തിർസയിൽ രാജാവായി ഭരിച്ചു. അപ്പോൾ സൈന്യം ഫെലിസ്ത്യരുടെ അധീനതയിലുള്ള ഗിബ്ബെഥോനു+ നേരെ പാളയമിറങ്ങിയിരിക്കുകയായിരുന്നു. 16 “രാജാവിന് എതിരെ സിമ്രി ഗൂഢാലോചന നടത്തി രാജാവിനെ വധിച്ചു” എന്നു പാളയമടിച്ചിരുന്ന സൈന്യത്തിനു വിവരം കിട്ടി. അപ്പോൾ ഇസ്രായേല്യരെല്ലാം സൈന്യാധിപനായ ഒമ്രിയെ പാളയത്തിൽവെച്ച് ഇസ്രായേലിന്റെ രാജാവാക്കി.+ 17 ഒമ്രിയും കൂടെയുള്ള എല്ലാ ഇസ്രായേല്യരും ഗിബ്ബെഥോനിൽനിന്ന് വന്ന് തിർസയെ ഉപരോധിച്ചു. 18 നഗരം പിടിക്കപ്പെട്ടു എന്നു കണ്ടപ്പോൾ സിമ്രി രാജകൊട്ടാരത്തിലെ ഉറപ്പുള്ള ഗോപുരത്തിൽ കയറി അതിനു തീയിട്ട് അതിനുള്ളിൽക്കിടന്ന് വെന്തുമരിച്ചു.+ 19 യഹോവയുടെ മുന്നിൽ തിന്മ ചെയ്തും യൊരോബെയാമിന്റെ വഴികളിൽ+ നടന്നും കൊണ്ട് സിമ്രി ചെയ്ത പാപവും അയാൾ ഇസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപവും കാരണമാണ് ഇങ്ങനെയെല്ലാം സംഭവിച്ചത്. 20 സിമ്രിയുടെ ബാക്കി ചരിത്രവും അയാൾ നടത്തിയ ഗൂഢാലോചനയും ഇസ്രായേൽരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
21 അക്കാലത്താണ് ഇസ്രായേൽ ജനം രണ്ടു ചേരികളായി തിരിഞ്ഞത്. ഒരു വിഭാഗം ഗീനത്തിന്റെ മകനായ തിബ്നിയെ രാജാവാക്കാൻ ആഗ്രഹിച്ച് അയാളുടെ പക്ഷം ചേർന്നു. എന്നാൽ മറ്റേ വിഭാഗം ഒമ്രിയുടെ പക്ഷം ചേർന്നു. 22 എന്നാൽ ഒമ്രിയുടെ അനുയായികൾ ഗീനത്തിന്റെ മകനായ തിബ്നിയുടെ ആളുകളെ തോൽപ്പിച്ചു. അങ്ങനെ തിബ്നി മരിച്ചു; ഒമ്രി രാജാവായി.
23 യഹൂദാരാജാവായ ആസയുടെ ഭരണത്തിന്റെ 31-ാം വർഷം ഒമ്രി ഇസ്രായേലിനു രാജാവായി. അയാൾ 12 വർഷം ഭരണം നടത്തി. തിർസയിൽ ഒമ്രി ആറു വർഷം ഭരിച്ചു. 24 അയാൾ രണ്ടു താലന്തു* വെള്ളി കൊടുത്ത് ശേമെരിന്റെ കൈയിൽനിന്ന് ശമര്യ പർവതം വാങ്ങി. അയാൾ ആ പർവതത്തിൽ ഒരു നഗരം പണിത് ആ പർവതത്തിന്റെ ഉടമസ്ഥനായ ശേമെരിന്റെ പേരനുസരിച്ച് അതിനു ശമര്യ*+ എന്നു പേരിട്ടു. 25 ഒമ്രി യഹോവയ്ക്ക് അനിഷ്ടമായതു ചെയ്തു.+ അയാൾ തനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം തിന്മ പ്രവർത്തിച്ചു. 26 ഒമ്രി നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ എല്ലാ വഴികളിലും+ അയാൾ ഇസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപങ്ങളിലും നടന്നു. അങ്ങനെ, ഇസ്രായേല്യർ ഒരു ഗുണവുമില്ലാത്ത വിഗ്രഹങ്ങളാൽ അവരുടെ ദൈവമായ യഹോവയെ കോപിപ്പിക്കാൻ ഒമ്രി ഇടവരുത്തി. 27 ഒമ്രിയുടെ ബാക്കി ചരിത്രം, അയാൾ ചെയ്ത കാര്യങ്ങളും അയാളുടെ വീരകൃത്യങ്ങളും, ഇസ്രായേൽരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 28 ഒമ്രി പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. അയാളെ ശമര്യയിൽ അടക്കം ചെയ്തു. ഒമ്രിക്കു പകരം മകനായ ആഹാബ്+ രാജാവായി.
29 യഹൂദാരാജാവായ ആസയുടെ ഭരണത്തിന്റെ 38-ാം വർഷം ഒമ്രിയുടെ മകനായ ആഹാബ് ഇസ്രായേലിൽ രാജാവായി. അയാൾ ശമര്യയിലിരുന്ന്+ 22 വർഷം ഇസ്രായേലിനെ ഭരിച്ചു. 30 യഹോവ ഒമ്രിയുടെ മകനായ ആഹാബിനെ അയാൾക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും നിന്ദ്യനായി കണക്കാക്കി.+ 31 നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളിൽ നടക്കുന്നതു+ പോരാഞ്ഞിട്ട് അയാൾ സീദോന്യരാജാവായ+ എത്ബാലിന്റെ മകളായ ഇസബേലിനെ+ ഭാര്യയാക്കുകയും ബാലിനെ സേവിച്ച്+ ബാലിനു മുമ്പാകെ കുമ്പിടുകയും ചെയ്തു. 32 കൂടാതെ, ശമര്യയിൽ താൻ നിർമിച്ച ബാലിന്റെ ഭവനത്തിൽ*+ അയാൾ ബാലിന് ഒരു യാഗപീഠം പണിതു. 33 അയാൾ പൂജാസ്തൂപവും*+ ഉണ്ടാക്കി. മുമ്പുണ്ടായിരുന്ന എല്ലാ ഇസ്രായേൽരാജാക്കന്മാരെക്കാളും അധികം ആഹാബ് ഇസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു.
34 അയാളുടെ കാലത്ത് ബഥേല്യനായ ഹീയേൽ യരീഹൊ പുനർനിർമിച്ചു. നൂന്റെ മകനായ യോശുവയിലൂടെ യഹോവ പറഞ്ഞിരുന്നതുപോലെ,+ അതിന് അടിസ്ഥാനമിട്ടപ്പോൾ ഹീയേലിനു മൂത്ത മകനായ അബീരാമിനെ നഷ്ടപ്പെട്ടു. അതിനു വാതിൽ പിടിപ്പിച്ചപ്പോൾ ഇളയ മകനായ സെഗൂബിനെയും നഷ്ടമായി.