ശമുവേൽ ഒന്നാം ഭാഗം
5 സത്യദൈവത്തിന്റെ പെട്ടകം പിടിച്ചെടുത്ത ഫെലിസ്ത്യർ+ അത് ഏബനേസരിൽനിന്ന് അസ്തോദിലേക്കു കൊണ്ടുവന്നു. 2 ഫെലിസ്ത്യർ സത്യദൈവത്തിന്റെ പെട്ടകം എടുത്ത് ദാഗോന്റെ+ ക്ഷേത്രത്തിൽ കൊണ്ടുവന്ന് ദാഗോന്റെ അടുത്ത് വെച്ചു. 3 അസ്തോദ്യർ പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റപ്പോൾ ദാഗോൻ യഹോവയുടെ പെട്ടകത്തിനു മുന്നിൽ നിലത്ത് മുഖംകുത്തി വീണുകിടക്കുന്നതു കണ്ടു.+ അതുകൊണ്ട്, അവർ ദാഗോനെ എടുത്ത് വീണ്ടും സ്വസ്ഥാനത്ത് വെച്ചു.+ 4 അവർ അടുത്ത ദിവസം അതിരാവിലെ എഴുന്നേറ്റപ്പോഴും ദാഗോൻ യഹോവയുടെ പെട്ടകത്തിനു മുന്നിൽ നിലത്ത് മുഖംകുത്തി വീണുകിടക്കുന്നതു കണ്ടു. ദാഗോന്റെ തലയും ഇരുകൈപ്പത്തികളും മുറിച്ചുമാറ്റിയ നിലയിൽ വാതിൽപ്പടിയിൽ കിടക്കുന്നുമുണ്ടായിരുന്നു; മത്സ്യരൂപത്തിലുള്ള ഭാഗത്തിനു മാത്രം* കുഴപ്പമൊന്നും സംഭവിച്ചിരുന്നില്ല. 5 അതുകൊണ്ടാണ്, ഇന്നുവരെ ദാഗോന്റെ പുരോഹിതന്മാരും ദാഗോന്റെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നവരും അസ്തോദിലെ ദാഗോന്റെ വാതിൽപ്പടിയിൽ ചവിട്ടാത്തത്.
6 യഹോവയുടെ കൈ അസ്തോദ്യർക്കെതിരെ ശക്തമായി പ്രവർത്തിച്ചു. ദൈവം അസ്തോദിലും അതിന്റെ പ്രദേശങ്ങളിലും ഉള്ളവരെ മൂലക്കുരുക്കളാൽ* ദണ്ഡിപ്പിച്ച് മുടിച്ചു.+ 7 ഇതു കണ്ട് അസ്തോദുനിവാസികൾ പറഞ്ഞു: “ഇസ്രായേലിന്റെ ദൈവത്തിന്റെ പെട്ടകം ഇനി നമ്മുടെ ഇടയിൽ വെച്ചുകൂടാ. കാരണം, ആ ദൈവത്തിന്റെ കൈ നമുക്കും നമ്മുടെ ദൈവമായ ദാഗോനും എതിരെ കഠിനമായിരിക്കുകയാണ്.” 8 അതുകൊണ്ട്, അവർ ആളയച്ച് ഫെലിസ്ത്യരുടെ എല്ലാ പ്രഭുക്കന്മാരെയും കൂട്ടിവരുത്തി അവരോടു ചോദിച്ചു: “ഇസ്രായേലിന്റെ ദൈവത്തിന്റെ പെട്ടകം നമ്മൾ എന്തു ചെയ്യണം?” അപ്പോൾ അവർ, “ഇസ്രായേലിന്റെ ദൈവത്തിന്റെ പെട്ടകം ഗത്തിലേക്കു മാറ്റുക” എന്നു പറഞ്ഞു.+ അങ്ങനെ, അവർ ഇസ്രായേലിന്റെ ദൈവത്തിന്റെ പെട്ടകം അവിടേക്കു മാറ്റി.
9 അവർ അത് അവിടേക്കു മാറ്റിക്കഴിഞ്ഞപ്പോൾ യഹോവയുടെ കൈ ആ നഗരത്തിന് എതിരെ വന്നു. അവിടെ വലിയ പരിഭ്രാന്തിയുണ്ടായി. ചെറിയവൻമുതൽ വലിയവൻവരെ നഗരവാസികളെയെല്ലാം ദൈവം പ്രഹരിച്ചു. അവർക്കു മൂലക്കുരു പിടിപെട്ടു.+ 10 അതുകൊണ്ട്, അവർ സത്യദൈവത്തിന്റെ പെട്ടകം എക്രോനിലേക്ക് അയച്ചു.+ പക്ഷേ, സത്യദൈവത്തിന്റെ പെട്ടകം എക്രോനിലെത്തിയ ഉടനെ എക്രോന്യർ ഇങ്ങനെ പറഞ്ഞ് നിലവിളിച്ചുതുടങ്ങി: “നമ്മളെയും നമ്മുടെ ജനത്തെയും കൊല്ലാൻവേണ്ടി അവർ ഇസ്രായേലിന്റെ ദൈവത്തിന്റെ പെട്ടകം ഇങ്ങോട്ടു കൊണ്ടുവന്നിരിക്കുന്നു!”+ 11 തുടർന്ന്, അവർ ആളയച്ച് ഫെലിസ്ത്യരുടെ എല്ലാ പ്രഭുക്കന്മാരെയും കൂട്ടിവരുത്തി അവരോട്, “ഇസ്രായേലിന്റെ ദൈവത്തിന്റെ പെട്ടകം തിരിച്ചയയ്ക്കുക; ഞങ്ങളും ഞങ്ങളുടെ ജനവും കൊല്ലപ്പെടാതിരിക്കാൻ അത് അതിന്റെ സ്ഥലത്തേക്കുതന്നെ മടങ്ങിപ്പോകട്ടെ” എന്നു പറഞ്ഞു. കാരണം, മരണഭീതി നഗരം മുഴുവൻ പടർന്നു. സത്യദൈവത്തിന്റെ കൈ അവർക്കു താങ്ങാനാകാത്തത്ര ഭാരമുള്ളതായിത്തീർന്നിരുന്നു.+ 12 മരിക്കാതെ ശേഷിച്ചവർക്കു മൂലക്കുരു പിടിപെട്ടു. സഹായത്തിനുവേണ്ടിയുള്ള നഗരവാസികളുടെ നിലവിളി സ്വർഗത്തിലേക്ക് ഉയർന്നു.