എസ്ര
7 ഇതെല്ലാം കഴിഞ്ഞശേഷം, പേർഷ്യൻ രാജാവായ അർഥഹ്ശഷ്ടയുടെ+ ഭരണകാലത്ത് എസ്ര*+ മടങ്ങിവന്നു. സെരായയുടെ+ മകനായിരുന്നു എസ്ര. സെരായ അസര്യയുടെ മകൻ; അസര്യ ഹിൽക്കിയയുടെ+ മകൻ; 2 ഹിൽക്കിയ ശല്ലൂമിന്റെ മകൻ; ശല്ലൂം സാദോക്കിന്റെ മകൻ; സാദോക്ക് അഹീതൂബിന്റെ മകൻ; 3 അഹീതൂബ് അമര്യയുടെ മകൻ; അമര്യ അസര്യയുടെ+ മകൻ; അസര്യ മെരായോത്തിന്റെ മകൻ; 4 മെരായോത്ത് സെരഹ്യയുടെ മകൻ; സെരഹ്യ ഉസ്സിയുടെ മകൻ; ഉസ്സി ബുക്കിയുടെ മകൻ; 5 ബുക്കി അബീശൂവയുടെ മകൻ; അബീശൂവ ഫിനെഹാസിന്റെ+ മകൻ; ഫിനെഹാസ് എലെയാസരിന്റെ+ മകൻ; എലെയാസർ മുഖ്യപുരോഹിതനായ അഹരോന്റെ+ മകൻ. 6 എസ്ര ബാബിലോണിൽനിന്ന് വന്നു. ഇസ്രായേലിന്റെ ദൈവമായ യഹോവ നൽകിയ മോശയുടെ നിയമത്തിൽ നല്ല പാണ്ഡിത്യമുണ്ടായിരുന്ന* ഒരു പകർപ്പെഴുത്തുകാരനായിരുന്നു* എസ്ര.+ ദൈവമായ യഹോവയുടെ കൈ എസ്രയുടെ മേലുണ്ടായിരുന്നതുകൊണ്ട് എസ്ര ചോദിച്ചതെല്ലാം രാജാവ് കൊടുത്തു.
7 അർഥഹ്ശഷ്ട രാജാവിന്റെ വാഴ്ചയുടെ ഏഴാം വർഷം ചില ഇസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും+ ഗായകരും+ കാവൽക്കാരും+ ദേവാലയസേവകരും*+ യരുശലേമിലേക്കു പോയി. 8 രാജാവിന്റെ വാഴ്ചയുടെ ഏഴാം വർഷം അഞ്ചാം മാസം എസ്ര യരുശലേമിൽ എത്തി. 9 ഒന്നാം മാസം ഒന്നാം ദിവസമാണ് എസ്ര ബാബിലോണിൽനിന്ന് യാത്ര തിരിച്ചത്. ദൈവത്തിന്റെ കൈ എസ്രയുടെ മേലുണ്ടായിരുന്നതുകൊണ്ട്+ അഞ്ചാം മാസം ഒന്നാം ദിവസം എസ്ര യരുശലേമിൽ എത്തിച്ചേർന്നു. 10 യഹോവയുടെ നിയമം പരിശോധിച്ച് അതിനു ചേർച്ചയിൽ നടക്കാനും+ അതിലെ ചട്ടങ്ങളും ന്യായത്തീർപ്പുകളും ഇസ്രായേല്യരെ പഠിപ്പിക്കാനും+ എസ്ര തന്റെ ഹൃദയം ഒരുക്കിയിരുന്നു.*
11 പകർപ്പെഴുത്തുകാരനും പുരോഹിതനും യഹോവ ഇസ്രായേലിനു കൊടുത്ത കല്പനകളും ചട്ടങ്ങളും പഠിക്കുന്നതിൽ സമർഥനും ആയിരുന്ന എസ്രയ്ക്ക് അർഥഹ്ശഷ്ട രാജാവ് കൊടുത്ത കത്തിന്റെ പകർപ്പാണ് ഇത്:
12 * “പുരോഹിതനും സ്വർഗത്തിലെ ദൈവത്തിന്റെ നിയമം പകർത്തിയെഴുതുന്നവനും* ആയ എസ്രയ്ക്കു രാജാധിരാജനായ അർഥഹ്ശഷ്ട+ എഴുതുന്നത്: നിനക്കു സമാധാനം! 13 എന്റെ സാമ്രാജ്യത്തിലുള്ള ഇസ്രായേല്യർക്കോ അവരുടെ പുരോഹിതന്മാർക്കോ ലേവ്യർക്കോ നിന്നോടൊപ്പം യരുശലേമിലേക്കു വരാൻ ആഗ്രഹമുണ്ടെങ്കിൽ അവർക്കെല്ലാം അങ്ങനെ ചെയ്യാവുന്നതാണ് എന്നു ഞാൻ ഇതാ ഉത്തരവിട്ടിരിക്കുന്നു.+ 14 രാജാവും രാജാവിന്റെ ഏഴ് ഉപദേഷ്ടാക്കളും ചേർന്ന് നിന്നെ അയയ്ക്കുന്നത്, യഹൂദയിലും യരുശലേമിലും ഉള്ളവർ നിന്റെ കൈവശമുള്ള ദൈവത്തിന്റെ നിയമം പാലിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുന്നതിനും 15 യരുശലേമിൽ വസിക്കുന്ന, ഇസ്രായേലിന്റെ ദൈവത്തിനായി രാജാവും ഉപദേഷ്ടാക്കളും സ്വമനസ്സാലെ നൽകിയ സ്വർണവും വെള്ളിയും കൊണ്ടുപോകുന്നതിനും വേണ്ടിയാണ്. 16 യരുശലേമിലുള്ള തങ്ങളുടെ ദൈവഭവനത്തിനു ജനവും പുരോഹിതന്മാരും സ്വമനസ്സാലെ നൽകുന്ന കാഴ്ചയും ബാബിലോൺസംസ്ഥാനത്തുനിന്ന് നിനക്കു ലഭിക്കുന്ന* മുഴുവൻ സ്വർണവും വെള്ളിയും നീ കൊണ്ടുപോകണം.+ 17 നീ പെട്ടെന്നുതന്നെ ആ പണംകൊണ്ട് കാളകൾ,+ മുട്ടനാടുകൾ,+ ആട്ടിൻകുട്ടികൾ,+ അവയുടെ ധാന്യയാഗങ്ങൾ,+ അവയുടെ പാനീയയാഗങ്ങൾ+ എന്നിവ വാങ്ങി അവ യരുശലേമിലുള്ള നിങ്ങളുടെ ദൈവത്തിന്റെ ഭവനത്തിലെ യാഗപീഠത്തിൽ അർപ്പിക്കണം.
18 “ബാക്കിയുള്ള സ്വർണവും വെള്ളിയും നിനക്കും നിന്റെ സഹോദരന്മാർക്കും ഉചിതമെന്നു തോന്നുന്നതുപോലെ നിങ്ങളുടെ ദൈവത്തിനു പ്രസാദകരമായ വിധത്തിൽ ഉപയോഗിക്കാം. 19 നിന്റെ ദൈവത്തിന്റെ ഭവനത്തിലെ ശുശ്രൂഷയ്ക്കായി നിനക്കു തന്നിരിക്കുന്ന പാത്രങ്ങളെല്ലാം നീ യരുശലേമിലെ ദൈവസന്നിധിയിൽ സമർപ്പിക്കണം.+ 20 നിന്റെ ദൈവത്തിന്റെ ഭവനത്തിലെ മറ്റ് ആവശ്യങ്ങൾക്കായി നീ കൊടുക്കേണ്ടതെല്ലാം നിനക്കു ഖജനാവിൽനിന്ന് എടുക്കാവുന്നതാണ്.+
21 “അർഥഹ്ശഷ്ട രാജാവ് എന്ന ഞാൻ അക്കരപ്രദേശത്തെ* ധനകാര്യവിചാരകന്മാരോടെല്ലാം, സ്വർഗത്തിലെ ദൈവത്തിന്റെ നിയമം പകർത്തിയെഴുതുന്നവനായ എസ്ര+ പുരോഹിതൻ ആവശ്യപ്പെടുന്നതെന്തും എത്രയുംവേഗം ചെയ്തുകൊടുക്കണമെന്ന് ആജ്ഞാപിച്ചിരിക്കുന്നു. 22 വെള്ളി 100 താലന്തുവരെയും* ഗോതമ്പ് 100 കോർവരെയും* വീഞ്ഞ്+ 100 ബത്തുവരെയും* എണ്ണ+ 100 ബത്തുവരെയും ഉപ്പ്+ ആവശ്യംപോലെയും കൊടുക്കാൻ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 23 രാജാവിന്റെ മക്കളുടെ മേലും സാമ്രാജ്യത്തിന്മേലും ദൈവകോപം വരാതിരിക്കാൻ സ്വർഗത്തിലെ ദൈവം+ കല്പിച്ചതെല്ലാം സ്വർഗത്തിലെ ദൈവത്തിന്റെ ഭവനത്തിനുവേണ്ടി ഉത്സാഹത്തോടെ ചെയ്യുക.+ 24 കൂടാതെ പുരോഹിതന്മാർ, ലേവ്യർ, സംഗീതജ്ഞർ,+ വാതിൽക്കാവൽക്കാർ, ദേവാലയസേവകർ,+ ദൈവഭവനത്തിലെ പണിക്കാർ എന്നിവരോടൊന്നും കരമോ കപ്പമോ+ യാത്രാനികുതിയോ പിരിക്കാൻ അധികാരമില്ലെന്ന കാര്യവും അറിഞ്ഞുകൊള്ളുക.
25 “എസ്രാ, നിന്റെ ദൈവത്തിൽനിന്ന് നിനക്കു ലഭിച്ച ജ്ഞാനം ഉപയോഗിച്ച്, അക്കരപ്രദേശത്ത് താമസിക്കുന്ന ജനത്തിന്, നിന്റെ ദൈവത്തിന്റെ നിയമങ്ങൾ അറിയാവുന്ന ജനത്തിനു മുഴുവൻ, ന്യായപാലനം നടത്താനായി നീ മജിസ്റ്റ്രേട്ടുമാരെയും ന്യായാധിപന്മാരെയും നിയമിക്കണം. ആ നിയമങ്ങൾ അറിയില്ലാത്ത ആരെങ്കിലുമുണ്ടെങ്കിൽ നീ അവരെ അതു പഠിപ്പിക്കുകയും വേണം.+ 26 നിന്റെ ദൈവത്തിന്റെ നിയമവും രാജാവിന്റെ നിയമവും അനുസരിക്കാത്ത എല്ലാവരെയും നീ ഉടനടി ശിക്ഷിക്കണം. നിനക്ക് അവരെ വധിക്കുകയോ നാടുകടത്തുകയോ തടവിലാക്കുകയോ അവരിൽനിന്ന് പിഴ ഈടാക്കുകയോ ചെയ്യാവുന്നതാണ്.”
27 യരുശലേമിലെ യഹോവയുടെ ഭവനം മോടി പിടിപ്പിക്കാൻ രാജാവിന്റെ ഹൃദയത്തിൽ തോന്നിച്ച നമ്മുടെ പൂർവികരുടെ ദൈവമായ യഹോവയ്ക്കു സ്തുതി!+ 28 രാജാവിന്റെയും ഉപദേഷ്ടാക്കളുടെയും+ രാജാവിന്റെ വീരന്മാരായ എല്ലാ പ്രഭുക്കന്മാരുടെയും മുന്നിൽ ദൈവം എന്നോട് അചഞ്ചലമായ സ്നേഹം കാണിച്ചിരിക്കുന്നു.+ എന്റെ ദൈവമായ യഹോവയുടെ കൈ എന്റെ മേലുണ്ടായിരുന്നതുകൊണ്ട് എന്നോടൊപ്പം പോരുന്നതിന് ഇസ്രായേലിലെ പ്രധാനികളെയെല്ലാം വിളിച്ചുകൂട്ടാൻ എനിക്കു ധൈര്യം തോന്നി.