യോഹന്നാൻ എഴുതിയ രണ്ടാമത്തെ കത്ത്
1 തിരഞ്ഞെടുക്കപ്പെട്ട സഹോദരിക്കും* മക്കൾക്കും വൃദ്ധനായ* ഞാൻ എഴുതുന്നത്: ഞാൻ നിങ്ങളെ ആത്മാർഥമായി സ്നേഹിക്കുന്നു. ഞാൻ മാത്രമല്ല, സത്യം അറിഞ്ഞിരിക്കുന്ന എല്ലാവരും നിങ്ങളെ സ്നേഹിക്കുന്നു. 2 കാരണം സത്യം നമ്മളിലുണ്ട്, അത് എല്ലാ കാലവും നമ്മളോടൊപ്പമുണ്ടായിരിക്കും. 3 സത്യവും സ്നേഹവും മാത്രമല്ല, പിതാവായ ദൈവത്തിൽനിന്നും പുത്രനായ യേശുക്രിസ്തുവിൽനിന്നും ലഭിക്കുന്ന അനർഹദയയും കരുണയും സമാധാനവും നമ്മുടെ മേലുണ്ടായിരിക്കും.
4 പിതാവിൽനിന്ന് നമുക്കു ലഭിച്ച കല്പനയ്ക്കു ചേർച്ചയിൽ നിന്റെ മക്കളിൽ ചിലർ സത്യത്തിൽ നടക്കുന്നതു+ കാണുമ്പോൾ എനിക്ക് അങ്ങേയറ്റം സന്തോഷം തോന്നുന്നു. 5 തിരഞ്ഞെടുക്കപ്പെട്ട സഹോദരീ, നമ്മൾ എല്ലാവരും പരസ്പരം സ്നേഹിക്കണം എന്നു ഞാൻ അഭ്യർഥിക്കുന്നു. (ഞാൻ നിനക്ക് എഴുതുന്നത് ഒരു പുതിയ കല്പനയല്ല, ആദ്യംമുതൽ നമുക്കുണ്ടായിരുന്ന കല്പനതന്നെയാണ്.)+ 6 നമ്മൾ പിതാവിന്റെ കല്പനകൾ അനുസരിച്ച് നടക്കുന്നതാണു സ്നേഹം.+ നിങ്ങൾ സ്നേഹത്തിൽ നടക്കണം എന്നതാണ് ആദ്യംമുതൽ നിങ്ങൾ കേട്ടിട്ടുള്ള ആ കല്പന. 7 യേശുക്രിസ്തു മനുഷ്യശരീരത്തിൽ വന്നെന്ന്+ അംഗീകരിക്കാത്ത അനേകം വഞ്ചകർ ലോകത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.+ ഇങ്ങനെയുള്ളവനാണു വഞ്ചകനും ക്രിസ്തുവിരുദ്ധനും.*+
8 ഞങ്ങൾ എന്തിനുവേണ്ടി അധ്വാനിച്ചോ, അതു നഷ്ടമാക്കാതെ പ്രതിഫലം മുഴുവൻ നേടാൻ ശ്രദ്ധിച്ചുകൊള്ളുക.+ 9 ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിരു കടന്നുപോകുന്ന ആർക്കും ദൈവമില്ല.+ ആ ഉപദേശത്തിൽ നിലനിൽക്കുന്നയാൾക്കോ പിതാവുമുണ്ട്, പുത്രനുമുണ്ട്.+ 10 ഈ ഉപദേശവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളുടെ അടുത്ത് വന്നാൽ അയാളെ വീട്ടിൽ സ്വീകരിക്കാനോ+ അഭിവാദനം ചെയ്യാനോ പാടില്ല. 11 അയാളെ അഭിവാദനം ചെയ്യുന്നയാൾ അയാളുടെ ദുഷ്ചെയ്തികളിൽ പങ്കാളിയാണ്.
12 ഇനിയും പലതും നിങ്ങൾക്ക് എഴുതാനുണ്ട്. പക്ഷേ കടലാസും മഷിയും കൊണ്ട് എഴുതാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ സന്തോഷം പൂർണമാകാൻവേണ്ടി നിങ്ങളെ നേരിൽ കണ്ട് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
13 നിന്റെ തിരഞ്ഞെടുക്കപ്പെട്ട സഹോദരിയുടെ മക്കൾ നിന്നെ സ്നേഹം അറിയിക്കുന്നു.