ലേവ്യ
15 യഹോവ മോശയോടും അഹരോനോടും ഇങ്ങനെയും പറഞ്ഞു: 2 “ഇസ്രായേല്യരോട് പറയുക: ‘ഒരാൾക്കു ജനനേന്ദ്രിയത്തിൽനിന്ന് സ്രാവം ഉണ്ടാകുന്നെങ്കിൽ ആ സ്രവം അയാളെ അശുദ്ധനാക്കുന്നു.+ 3 അയാൾ സ്രവം കാരണം അശുദ്ധനാണ്. സ്രവം ജനനേന്ദ്രിയത്തിൽനിന്ന് ഒഴുകിക്കൊണ്ടിരുന്നാലും അതിന്റെ ഒഴുക്കു തടസ്സപ്പെട്ടിരുന്നാലും അയാൾ അശുദ്ധനായിരിക്കും.
4 “‘സ്രാവമുള്ളയാൾ കിടക്കുന്ന കിടക്കയും അയാൾ ഇരിക്കുന്ന ഏതു സാധനവും അശുദ്ധമായിരിക്കും. 5 അയാളുടെ കിടക്കയിൽ തൊടുന്നയാൾ വസ്ത്രം അലക്കി, കുളിച്ച് വൈകുന്നേരംവരെ അശുദ്ധനായിരിക്കണം.+ 6 സ്രാവമുള്ളയാൾ ഇരുന്ന സാധനത്തിൽ ഇരിക്കുന്നയാൾ വസ്ത്രം അലക്കി, കുളിച്ച് വൈകുന്നേരംവരെ അശുദ്ധനായിരിക്കണം. 7 സ്രാവമുള്ളയാളുടെ ശരീരത്തിൽ തൊടുന്നവൻ വസ്ത്രം അലക്കി, കുളിച്ച് വൈകുന്നേരംവരെ അശുദ്ധനായിരിക്കണം. 8 സ്രാവമുള്ളയാളുടെ തുപ്പൽ ശുദ്ധിയുള്ള ഒരാളുടെ മേൽ വീഴുന്നെങ്കിൽ അയാൾ വസ്ത്രം അലക്കി, കുളിച്ച് വൈകുന്നേരംവരെ അശുദ്ധനായിരിക്കണം. 9 സ്രാവമുള്ളയാൾ മൃഗത്തിന്റെ പുറത്ത് സവാരി ചെയ്യുമ്പോൾ ഇരിക്കാൻ ഉപയോഗിക്കുന്ന എന്തും അശുദ്ധമായിരിക്കും. 10 അയാൾ ഇരുന്ന എന്തിലെങ്കിലും തൊടുന്നയാൾ വൈകുന്നേരംവരെ അശുദ്ധനായിരിക്കും. ആ വസ്തുക്കൾ എടുക്കുന്നയാളും വസ്ത്രം അലക്കി, കുളിച്ച് വൈകുന്നേരംവരെ അശുദ്ധനായിരിക്കും. 11 സ്രാവമുള്ളയാൾ+ കൈ വെള്ളത്തിൽ കഴുകാതെ ആരെയെങ്കിലും തൊടുന്നെങ്കിൽ അയാളും വസ്ത്രം അലക്കി, കുളിച്ച് വൈകുന്നേരംവരെ അശുദ്ധനായിരിക്കണം. 12 സ്രാവമുള്ളയാൾ തൊടുന്ന മൺപാത്രം ഉടച്ചുകളയണം. അയാൾ മരപ്പാത്രത്തിൽ തൊട്ടാൽ അതു വെള്ളത്തിൽ കഴുകണം.+
13 “‘ഇനി, സ്രാവം നിന്ന് അയാൾ ശുദ്ധനാകുന്നെങ്കിൽ ശുദ്ധീകരണത്തിനായി ഏഴു ദിവസം കാത്തിരുന്നശേഷം തന്റെ വസ്ത്രം അലക്കി ശുദ്ധമായ ഒഴുക്കുവെള്ളം ഉപയോഗിച്ച് കുളിക്കണം. അങ്ങനെ അയാൾ ശുദ്ധനാകും.+ 14 എട്ടാം ദിവസം അയാൾ രണ്ടു ചെങ്ങാലിപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ+ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്ന് പുരോഹിതനു കൊടുക്കണം. 15 പുരോഹിതൻ അവയിൽ ഒന്നിനെ പാപയാഗമായും മറ്റേതിനെ ദഹനയാഗമായും അർപ്പിക്കും. അയാളുടെ സ്രാവത്തെപ്രതി പുരോഹിതൻ യഹോവയുടെ മുമ്പാകെ അയാൾക്കു പാപപരിഹാരം വരുത്തും.
16 “‘ഇനി, ഒരാൾക്കു ബീജസ്ഖലനം ഉണ്ടാകുന്നെങ്കിൽ അയാൾ ശരീരം മുഴുവൻ വെള്ളത്തിൽ കഴുകി വൈകുന്നേരംവരെ അശുദ്ധനായിരിക്കണം.+ 17 ബീജം പറ്റിയിരിക്കുന്ന ഏതു വസ്ത്രവും തോലും വെള്ളത്തിൽ കഴുകണം. വൈകുന്നേരംവരെ അത് അശുദ്ധമായിരിക്കും.
18 “‘ഒരു പുരുഷൻ സ്ത്രീയുമായി ബന്ധപ്പെടുമ്പോൾ ബീജസ്ഖലനം ഉണ്ടാകുന്നെങ്കിൽ, അവർ ഇരുവരും കുളിക്കണം; വൈകുന്നേരംവരെ അശുദ്ധരായിരിക്കുകയും വേണം.+
19 “‘ആർത്തവം കാരണം ഒരു സ്ത്രീക്കു രക്തസ്രാവം ഉണ്ടാകുന്നെങ്കിൽ അവൾ ഏഴു ദിവസത്തേക്ക് അശുദ്ധയായിരിക്കും.+ അവളെ തൊടുന്നവരെല്ലാം വൈകുന്നേരംവരെ അശുദ്ധരായിരിക്കും.+ 20 ആ സമയത്ത്, അവൾ കിടക്കാനോ ഇരിക്കാനോ ഉപയോഗിക്കുന്നത് എന്തും അശുദ്ധമാകും.+ 21 അവളുടെ കിടക്കയിൽ തൊടുന്നവരെല്ലാം വസ്ത്രം അലക്കി, കുളിച്ച് വൈകുന്നേരംവരെ അശുദ്ധരായിരിക്കണം. 22 അവൾ ഇരുന്ന ഏതെങ്കിലും സാധനത്തിൽ തൊടുന്നവരെല്ലാം വസ്ത്രം അലക്കി, കുളിച്ച് വൈകുന്നേരംവരെ അശുദ്ധരായിരിക്കണം. 23 കിടക്കയിലോ മറ്റ് ഏതെങ്കിലും സാധനത്തിലോ അവൾ ഇരുന്നാൽ അതിൽ തൊടുന്നവരും വൈകുന്നേരംവരെ അശുദ്ധരായിരിക്കും.+ 24 ഒരാൾ അവളുമായി ബന്ധപ്പെട്ട് അവളുടെ ആർത്തവാശുദ്ധി അയാളുടെ മേൽ ആകുന്നെങ്കിൽ+ അയാൾ ഏഴു ദിവസത്തേക്ക് അശുദ്ധനായിരിക്കും. അയാൾ കിടക്കുന്ന ഏതു കിടക്കയും അശുദ്ധമാകും.
25 “‘ഒരു സ്ത്രീക്കു തന്റെ ആർത്തവസമയത്തല്ലാതെ+ കുറെ ദിവസത്തേക്കു രക്തസ്രാവം ഉണ്ടാകുകയോ+ തന്റെ ആർത്തവം പതിവിലും നീണ്ടുനിൽക്കുകയോ ചെയ്യുന്നെങ്കിൽ തന്റെ സ്രാവത്തിന്റെ ദിവസങ്ങളിലെല്ലാം ആർത്തവാശുദ്ധിയുടെ ദിവസങ്ങളിലെന്നപോലെതന്നെ അവൾ അശുദ്ധയായിരിക്കും. 26 സ്രാവത്തിന്റെ ദിവസങ്ങളിൽ അവൾ കിടക്കുന്ന കിടക്കയും ഇരിക്കുന്ന സാധനവും അവളുടെ ആർത്തവാശുദ്ധിയുടെ സമയത്തെന്നപോലെതന്നെ അശുദ്ധമാകും.+ 27 അവയിൽ തൊടുന്നയാൾ അശുദ്ധനാകും. അയാൾ വസ്ത്രം അലക്കി, കുളിച്ച് വൈകുന്നേരംവരെ അശുദ്ധനായിരിക്കണം.+
28 “‘എന്നാൽ അവൾ സ്രാവത്തിൽനിന്ന് ശുദ്ധയാകുമ്പോൾ ഏഴു ദിവസം എണ്ണും. അതു കഴിഞ്ഞാൽപ്പിന്നെ അവൾ ശുദ്ധയാണ്.+ 29 എട്ടാം ദിവസം അവൾ രണ്ടു ചെങ്ങാലിപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ+ എടുത്ത് സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ പുരോഹിതന്റെ അടുത്ത് കൊണ്ടുവരണം.+ 30 പുരോഹിതൻ അവയിലൊന്നിനെ പാപയാഗമായും മറ്റേതിനെ ദഹനയാഗമായും അർപ്പിക്കും. അവളുടെ അശുദ്ധസ്രാവത്തെപ്രതി പുരോഹിതൻ യഹോവയുടെ സന്നിധിയിൽവെച്ച് അവൾക്കു പാപപരിഹാരം വരുത്തും.+
31 “‘ഇസ്രായേല്യർ അവരുടെ ഇടയിലുള്ള എന്റെ വിശുദ്ധകൂടാരം അശുദ്ധമാക്കി അവരുടെ അശുദ്ധിയിൽ മരിച്ചുപോകാതിരിക്കാൻ നിങ്ങൾ അവരെ അവരുടെ അശുദ്ധിയിൽനിന്ന് ഇങ്ങനെ അകറ്റി നിറുത്തണം.+
32 “‘സ്രാവമുള്ള മനുഷ്യനും ബീജസ്ഖലനം നിമിത്തം അശുദ്ധനാകുന്ന മനുഷ്യനും+ 33 ആർത്തവാശുദ്ധിയിലായിരിക്കുന്ന+ സ്ത്രീക്കും സ്രാവമുള്ള ഏതൊരു ആണിനും പെണ്ണിനും+ അശുദ്ധയായ ഒരു സ്ത്രീയുമായി ബന്ധപ്പെടുന്ന പുരുഷനും ഉള്ള നിയമമാണ് ഇത്.’”