രൂത്ത്
1 ന്യായാധിപന്മാർ+ ന്യായപാലനം ചെയ്തിരുന്ന കാലത്ത് ദേശത്ത് ഒരു ക്ഷാമമുണ്ടായി. അപ്പോൾ, യഹൂദയിലെ ബേത്ത്ലെഹെമിൽനിന്ന്+ ഒരാൾ ഭാര്യയെയും രണ്ട് ആൺമക്കളെയും കൂട്ടി മോവാബ്+ ദേശത്ത് ഒരു പരദേശിയായി താമസിക്കാൻ പോയി. 2 അയാളുടെ പേര് എലീമെലെക്ക്* എന്നായിരുന്നു; ഭാര്യ നൊവൊമി,* മക്കൾ മഹ്ലോനും* കില്യോനും.* അവർ യഹൂദയിലെ ബേത്ത്ലെഹെമിൽനിന്നുള്ള എഫ്രാത്ത്യരായിരുന്നു. അവർ മോവാബ് ദേശത്ത് എത്തി അവിടെ താമസമാക്കി.
3 കുറച്ച് കാലത്തിനു ശേഷം നൊവൊമിയുടെ ഭർത്താവ് എലീമെലെക്ക് മരിച്ചു; നൊവൊമിയും രണ്ടു മക്കളും ബാക്കിയായി. 4 പിന്നീട്, ഈ പുരുഷന്മാർ മോവാബ്യസ്ത്രീകളെ വിവാഹം കഴിച്ചു. ഒരാളുടെ പേര് ഒർപ്പ എന്നും മറ്റേയാളുടെ പേര് രൂത്ത്+ എന്നും ആയിരുന്നു. അവർ ഏകദേശം പത്തു വർഷം അവിടെ താമസിച്ചു. 5 പിന്നെ, മക്കൾ രണ്ടു പേരും—അതായത് മഹ്ലോനും കില്യോനും—മരിച്ചു. അതോടെ നൊവൊമി ഭർത്താവും മക്കളും നഷ്ടപ്പെട്ടവളായിത്തീർന്നു. 6 അങ്ങനെയിരിക്കെ, യഹോവ തന്റെ ജനത്തിന് ആഹാരം കൊടുത്ത് അവരിലേക്കു ശ്രദ്ധ തിരിച്ചിരിക്കുന്നെന്ന് കേട്ടിട്ട് നൊവൊമി മോവാബ് ദേശത്തുനിന്ന് അങ്ങോട്ടു യാത്രയായി, മരുമക്കളും കൂടെ പോയി.
7 അങ്ങനെ, നൊവൊമി താൻ താമസിച്ചിരുന്ന സ്ഥലം വിട്ട് യഹൂദാദേശത്തേക്കു യാത്ര തിരിച്ചു. യാത്രയ്ക്കിടെ, നൊവൊമി 8 മരുമക്കളോടു പറഞ്ഞു: “പൊയ്ക്കൊള്ളൂ! രണ്ടു പേരും സ്വന്തം വീട്ടിലേക്ക്, നിങ്ങളുടെ അമ്മമാരുടെ അടുത്തേക്ക്, തിരിച്ച് പൊയ്ക്കൊള്ളൂ. മരിച്ചുപോയ നിങ്ങളുടെ ഭർത്താക്കന്മാരോടും എന്നോടും നിങ്ങൾ അചഞ്ചലസ്നേഹം+ കാണിച്ചതുപോലെ യഹോവ നിങ്ങളോടും അചഞ്ചലസ്നേഹം കാണിക്കട്ടെ. 9 നിങ്ങൾക്കു രണ്ടു പേർക്കും നിങ്ങളുടെ ഭർത്തൃഗൃഹത്തിൽ യഹോവ സുരക്ഷിതത്വം*+ തരട്ടെ.” പിന്നെ നൊവൊമി അവരെ ചുംബിച്ചു; അവർ പൊട്ടിക്കരഞ്ഞു. 10 അവർ അവളോട്, “ഇല്ല, ഞങ്ങളും അമ്മയുടെകൂടെ അമ്മയുടെ ജനത്തിന്റെ അടുത്തേക്കു പോരും” എന്നു പറഞ്ഞുകൊണ്ടേയിരുന്നു. 11 പക്ഷേ, നൊവൊമി പറഞ്ഞു: “എന്റെ മക്കളേ, മടങ്ങിപ്പൊയ്ക്കൊള്ളൂ. നിങ്ങൾ എന്തിനാണ് എന്റെകൂടെ പോരുന്നത്? നിങ്ങൾക്കു ഭർത്താക്കന്മാരാകാൻവേണ്ടി ആൺമക്കൾക്കു ജന്മം കൊടുക്കാൻ ഇനി എനിക്കു പറ്റുമോ?+ 12 പൊയ്ക്കൊള്ളൂ എന്റെ മക്കളേ, മടങ്ങിപ്പൊയ്ക്കൊള്ളൂ! എനിക്കു വയസ്സായി, വിവാഹത്തിനുള്ള പ്രായമൊക്കെ കഴിഞ്ഞുപോയി. അഥവാ ഈ രാത്രിതന്നെ ഒരു ഭർത്താവിനെ കണ്ടുപിടിച്ച് മക്കൾക്കു ജന്മം നൽകാമെന്നു വിചാരിച്ചാൽത്തന്നെ, 13 അവർക്കു പ്രായമാകുന്നതുവരെ കാത്തിരിക്കാൻ പറ്റുമോ? അവർക്കുവേണ്ടി നിങ്ങൾ വേറെ വിവാഹം കഴിക്കാതിരിക്കാനോ? എന്റെ മക്കളേ, അതു വേണ്ടാ! നിങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ എനിക്കു വല്ലാത്ത വിഷമം തോന്നുന്നു. യഹോവയുടെ കൈ എനിക്ക് എതിരെ തിരിഞ്ഞിരിക്കുകയാണല്ലോ!”+
14 അവർ വീണ്ടും പൊട്ടിക്കരഞ്ഞു. അതിനു ശേഷം ഒർപ്പ അമ്മായിയമ്മയെ ചുംബിച്ച് യാത്ര പറഞ്ഞ് മടങ്ങി. പക്ഷേ രൂത്ത് നൊവൊമിയെ വിട്ട് പോകാൻ കൂട്ടാക്കാതെ നിന്നു. 15 അപ്പോൾ നൊവൊമി പറഞ്ഞു: “വിധവയായ നിന്റെ അനിയത്തി* സ്വന്തം ജനത്തിന്റെയും ദൈവങ്ങളുടെയും അടുത്തേക്കു മടങ്ങിപ്പോയതു കണ്ടില്ലേ? നീയും പൊയ്ക്കൊള്ളൂ.”
16 പക്ഷേ രൂത്ത് പറഞ്ഞു: “അമ്മയെ ഉപേക്ഷിച്ച് തിരിച്ചുപോകാൻ എന്നോടു പറയരുതേ. അമ്മ പോകുന്നിടത്തേക്കു ഞാനും പോരും. അമ്മ രാത്രി തങ്ങുന്നിടത്ത് ഞാനും തങ്ങും. അമ്മയുടെ ജനം എന്റെ ജനവും അമ്മയുടെ ദൈവം എന്റെ ദൈവവും ആയിരിക്കും.+ 17 അമ്മ മരിക്കുന്നിടത്ത് ഞാനും മരിച്ച് അടക്കപ്പെടും. മരണത്താലല്ലാതെ ഞാൻ അമ്മയെ വിട്ടുപിരിഞ്ഞാൽ യഹോവ ഞാൻ അർഹിക്കുന്നതും അതിൽ അധികവും എന്നോടു ചെയ്യട്ടെ.”
18 തന്റെകൂടെ പോരാൻ രൂത്ത് നിർബന്ധംപിടിക്കുന്നതു കണ്ടപ്പോൾ നൊവൊമി മരുമകളുടെ മനസ്സു മാറ്റാനുള്ള ശ്രമം ഉപേക്ഷിച്ചു. 19 അങ്ങനെ രണ്ടു പേരുംകൂടെ യാത്ര തുടർന്നു. അവസാനം അവർ ബേത്ത്ലെഹെമിൽ എത്തി. ബേത്ത്ലെഹെമിൽ+ എത്തിയ അവരെ കണ്ട് നഗരം മുഴുവൻ ഇളകിമറിഞ്ഞു. “ഇതു നമ്മുടെ നൊവൊമിതന്നെയാണോ” എന്നു സ്ത്രീകളൊക്കെ ചോദിച്ചു. 20 അപ്പോൾ, നൊവൊമി പറഞ്ഞു: “എന്നെ ഇനി നൊവൊമി* എന്നു വിളിക്കേണ്ടാ, മാറാ* എന്നു വിളിച്ചാൽ മതി. കാരണം, സർവശക്തൻ എന്റെ ജീവിതം കയ്പേറിയതാക്കിയിരിക്കുന്നു.+ 21 നിറഞ്ഞവളായാണു ഞാൻ പോയത്. പക്ഷേ, യഹോവ എന്നെ വെറുങ്കൈയോടെ മടക്കിവരുത്തിയിരിക്കുന്നു. യഹോവതന്നെ എനിക്ക് എതിരായിരിക്കെ, സർവശക്തൻ എനിക്ക് ആപത്തു+ വരുത്തിയിരിക്കെ, നിങ്ങൾ എന്തിനാണ് എന്നെ നൊവൊമി എന്നു വിളിക്കുന്നത്?”
22 ഇങ്ങനെ, നൊവൊമി മരുമകളായ രൂത്ത് എന്ന മോവാബ്യസ്ത്രീയുടെകൂടെ മോവാബ് ദേശത്തുനിന്ന്+ മടങ്ങിയെത്തി. ബാർളിക്കൊയ്ത്തു+ തുടങ്ങുന്ന സമയത്താണ് അവർ ബേത്ത്ലെഹെമിൽ എത്തിച്ചേർന്നത്.