യഹസ്കേൽ
11 ഒരു ആത്മാവ്* എന്നെ എടുത്ത് യഹോവയുടെ ഭവനത്തിന്റെ കിഴക്കേ കവാടത്തിൽ+ കൊണ്ടുവന്നു. കിഴക്കോട്ടു ദർശനമുള്ള ആ കവാടത്തിന്റെ മുന്നിൽ 25 പുരുഷന്മാരെ ഞാൻ കണ്ടു. ജനത്തിന്റെ പ്രഭുക്കന്മാരായ+ അസ്സൂരിന്റെ മകൻ യയസന്യയും ബനയയുടെ മകൻ പെലത്യയും അക്കൂട്ടത്തിലുണ്ടായിരുന്നു. 2 അപ്പോൾ ദൈവം എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, ഈ നഗരത്തിൽ* ഗൂഢതന്ത്രങ്ങൾ മനഞ്ഞ് ദുരുപദേശം കൊടുക്കുന്നത് ഇവരാണ്. 3 ‘വീടുകൾ പണിയാനുള്ള സമയമല്ലേ ഇത്?+ ഈ നഗരം* പാചകക്കലവും*+ നമ്മൾ മാംസവും’ എന്നാണ് അവർ പറയുന്നത്.
4 “അതുകൊണ്ട് അവർക്കെതിരെ പ്രവചിക്കൂ! മനുഷ്യപുത്രാ, പ്രവചിക്കൂ!”+
5 അപ്പോൾ യഹോവയുടെ ആത്മാവ് എന്റെ മേൽ വന്നു.+ ദൈവം എന്നോടു പറഞ്ഞു: “നീ ഇങ്ങനെ പറയണം: ‘യഹോവ പറയുന്നത് ഇതാണ്: “ഇസ്രായേൽഗൃഹമേ, നീ പറഞ്ഞതു ശരിയാണ്. നിന്റെ ചിന്ത എന്താണെന്ന് എനിക്ക് അറിയാം. 6 നീ കാരണം ഈ നഗരത്തിൽ അനേകർ മരിച്ചുവീണു. ഇവളുടെ തെരുവുകൾ നീ ശവംകൊണ്ട് നിറച്ചു.”’”+ 7 “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: ‘നീ നഗരത്തിലെങ്ങും ചിതറിച്ചിട്ടിരിക്കുന്ന ശവശരീരങ്ങളാണു മാംസം. നഗരം പാചകക്കലവും.+ പക്ഷേ നിന്നെ അതിൽനിന്ന് എടുത്ത് മാറ്റും.’”
8 “‘വാളിനെയല്ലേ നീ പേടിക്കുന്നത്?+ വാൾത്തന്നെ ഞാൻ നിന്റെ നേരെ വരുത്തും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. 9 ‘നിന്നെ ഞാൻ അവളുടെ ഇടയിൽനിന്ന് പുറത്ത് കൊണ്ടുവന്ന് വിദേശികളുടെ കൈയിൽ ഏൽപ്പിക്കും; നിന്റെ മേൽ ന്യായവിധി നടപ്പാക്കും.+ 10 നീ വാളിന് ഇരയാകും.+ ഇസ്രായേലിന്റെ അതിർത്തിയിൽവെച്ച് ഞാൻ നിന്നെ വിധിക്കും.+ അങ്ങനെ ഞാൻ യഹോവയാണെന്നു നീ അറിയേണ്ടിവരും.+ 11 നഗരം നിനക്ക് ഒരു പാചകക്കലമായിരിക്കില്ല. നീ അതിലെ മാംസവുമാകില്ല. ഇസ്രായേലിന്റെ അതിർത്തിയിൽവെച്ച് ഞാൻ നിന്നെ വിധിക്കും. 12 ഞാൻ യഹോവയാണെന്നു നീ അറിയേണ്ടിവരും. കാരണം, നീ എന്റെ ചട്ടങ്ങളനുസരിച്ച് നടക്കുകയോ എന്റെ ന്യായവിധികൾ നടപ്പിലാക്കുകയോ ചെയ്യാതെ+ ചുറ്റുമുള്ള ജനതകളുടെ ന്യായവിധികൾക്കു ചേർച്ചയിൽ പ്രവർത്തിച്ചിരിക്കുന്നു.’”+
13 ഞാൻ പ്രവചിച്ച ഉടനെ ബനയയുടെ മകൻ പെലത്യ മരിച്ചു. അപ്പോൾ ഞാൻ കമിഴ്ന്നുവീണ് ഉറക്കെ നിലവിളിച്ചു: “അയ്യോ, പരമാധികാരിയായ യഹോവേ, ഇസ്രായേലിൽ ബാക്കിയുള്ളവരെയുംകൂടെ അങ്ങ് ഇല്ലാതാക്കാൻപോകുകയാണോ?”+
14 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 15 “മനുഷ്യപുത്രാ, യരുശലേമിൽ താമസിക്കുന്നവർ നിന്റെ സഹോദരങ്ങളോടും, അതായത് വീണ്ടെടുക്കാൻ അവകാശമുള്ള നിന്റെ സഹോദരങ്ങളോടും, ഇസ്രായേൽഗൃഹം മുഴുവനോടും പറഞ്ഞിരിക്കുന്നത് ഇതാണ്: ‘യഹോവയുടെ അടുത്തേക്കു വരാതെ ദൂരത്തുതന്നെ കഴിയുക. ദേശം ഞങ്ങളുടേതാണ്. ഇതു ഞങ്ങൾക്ക് അവകാശമായി കിട്ടിയതാണ്.’ 16 അതുകൊണ്ട് നീ പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “ഞാൻ അവരെ ദൂരെ ജനതകളുടെ ഇടയിലേക്ക് ഓടിച്ചുകളയുകയും പല ദേശങ്ങളിലേക്കു ചിതറിക്കുകയും ചെയ്തു.+ എങ്കിലും, അവർ പോയിരിക്കുന്ന ദേശങ്ങളിലെല്ലാം അൽപ്പസമയത്തേക്കു ഞാൻ അവർക്ക് ഒരു വിശുദ്ധമന്ദിരമാകും.”’+
17 “അതുകൊണ്ട് നീ പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “ജനങ്ങളുടെ ഇടയിൽനിന്ന് ഞാൻ നിങ്ങളെ കൂട്ടിച്ചേർക്കുകയും ചിതറിച്ചുകളഞ്ഞ ദേശങ്ങളിൽനിന്ന് നിങ്ങളെ ശേഖരിക്കുകയും ചെയ്യും. ഇസ്രായേൽ ദേശം ഞാൻ നിങ്ങൾക്കു തരും.+ 18 അവർ അവിടേക്കു മടങ്ങിവന്ന് അവിടെയുള്ള മ്ലേച്ഛകാര്യങ്ങളും വൃത്തികെട്ട ആചാരങ്ങളും നീക്കം ചെയ്യും.+ 19 ഞാൻ അവർക്ക് ഒരേ മനസ്സു* കൊടുക്കും.+ പുതിയൊരു ആത്മാവ്*+ അവരുടെ ഉള്ളിൽ വെക്കും. അവരുടെ ശരീരത്തിൽനിന്ന് കല്ലുകൊണ്ടുള്ള ഹൃദയം+ മാറ്റി മാംസംകൊണ്ടുള്ള ഹൃദയം* വെക്കും.+ 20 അവർ എന്റെ നിയമങ്ങളനുസരിച്ച് നടക്കാനും എന്റെ ന്യായവിധികൾ പിൻപറ്റി അവ അനുസരിക്കാനും വേണ്ടിയാണു ഞാൻ ഇതു ചെയ്യുന്നത്. അങ്ങനെ, അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവും ആകും.”’
21 “‘“പക്ഷേ തുടർന്നും മ്ലേച്ഛകാര്യങ്ങൾ ചെയ്യാനും വൃത്തികെട്ട ആചാരങ്ങൾ അനുഷ്ഠിക്കാനും ആരെങ്കിലും ഹൃദയത്തിൽ നിശ്ചയിച്ചുറച്ചിരിക്കുന്നെങ്കിൽ, അവരുടെ ചെയ്തികളുടെ ഭവിഷ്യത്തുകൾ ഞാൻ അവരുടെ തലയിൽത്തന്നെ വരുത്തും” എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.’”
22 അപ്പോൾ കെരൂബുകൾ ചിറകുകൾ ഉയർത്തി. ചക്രങ്ങൾ അവയ്ക്കരികെയുണ്ടായിരുന്നു.+ ഇസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സോ അവയുടെ മുകളിലും.+ 23 യഹോവയുടെ തേജസ്സു+ നഗരത്തിൽനിന്ന് ഉയർന്ന് നഗരത്തിനു കിഴക്കുള്ള മലയുടെ മുകളിൽ ചെന്ന് നിന്നു.+ 24 അപ്പോൾ ദൈവാത്മാവിനാലുള്ള ഒരു ദർശനത്തിൽ ഒരു ആത്മാവ് എന്നെ എടുത്ത് കൽദയയിലേക്കു ബന്ദികളായി കൊണ്ടുപോയിരുന്നവരുടെ അടുത്ത് എത്തിച്ചു. ഞാൻ കണ്ട ആ ദിവ്യദർശനം എന്നെ വിട്ട് പോകുകയും ചെയ്തു. 25 യഹോവ എനിക്കു കാണിച്ചുതന്ന കാര്യങ്ങളെല്ലാം ബന്ദികളായി കൊണ്ടുപോയിരുന്ന ജനത്തോടു ഞാൻ പറഞ്ഞുതുടങ്ങി.