ന്യായാധിപന്മാർ
16 ഒരിക്കൽ ശിംശോൻ ഗസ്സയിലേക്കു പോയി. അവിടെ ഒരു വേശ്യയെ കണ്ടു. ശിംശോൻ അവളുടെ വീട്ടിൽ ചെന്നു. 2 “ശിംശോൻ വന്നിരിക്കുന്നു” എന്നു ഗസ്സയിലുള്ളവർക്കു വിവരം കിട്ടി. അവർ ശിംശോനെ വളഞ്ഞ് രാത്രി മുഴുവൻ നഗരകവാടത്തിൽ പതിയിരുന്നു. “നേരം പുലരുമ്പോൾ നമുക്കു ശിംശോനെ കൊല്ലാം” എന്നു പറഞ്ഞ് രാത്രി മുഴുവനും അവർ പതുങ്ങിയിരുന്നു.
3 എന്നാൽ അർധരാത്രിവരെ കിടന്നുറങ്ങിയിട്ട് ശിംശോൻ എഴുന്നേറ്റ് നഗരകവാടത്തിന്റെ വാതിലുകളും ഇരുവശത്തുള്ള തൂണുകളും ഓടാമ്പൽ സഹിതം പറിച്ചെടുത്തു. അവ ചുമലിൽ വെച്ചുകൊണ്ട് ശിംശോൻ ഹെബ്രോന് അഭിമുഖമായി നിൽക്കുന്ന മലയുടെ മുകളിലേക്കു പോയി.
4 പിന്നീട് ശിംശോൻ സോരേക്ക് താഴ്വരയിലുള്ള* ദലീല+ എന്ന യുവതിയുമായി സ്നേഹത്തിലായി. 5 അപ്പോൾ ഫെലിസ്ത്യയിലെ പ്രഭുക്കന്മാർ ദലീലയുടെ അടുത്ത് വന്ന് പറഞ്ഞു: “ശിംശോന്റെ മഹാശക്തിയുടെ രഹസ്യം എന്താണെന്നും ശിംശോനെ കീഴ്പെടുത്താനും ബന്ധിച്ച് വരുതിയിലാക്കാനും എങ്ങനെ കഴിയുമെന്നും നീ സൂത്രത്തിൽ*+ മനസ്സിലാക്കണം. പ്രതിഫലമായി ഞങ്ങൾ ഓരോരുത്തരും നിനക്ക് 1,100 വെള്ളിക്കാശു വീതം തരാം.”
6 അങ്ങനെ ദലീല ശിംശോനോടു ചോദിച്ചു: “ദയവായി എന്നോടു പറയൂ, എന്താണ് അങ്ങയുടെ ഈ മഹാശക്തിയുടെ രഹസ്യം, എങ്ങനെ അങ്ങയെ ബന്ധിച്ച് കീഴ്പെടുത്താം?” 7 ശിംശോൻ പറഞ്ഞു: “ഉണങ്ങിയിട്ടില്ലാത്ത ഏഴു പുതിയ ഞാണുകൊണ്ട്* അവർ എന്നെ ബന്ധിച്ചാൽ എന്റെ ശക്തി ക്ഷയിച്ച് ഞാൻ ഒരു സാധാരണമനുഷ്യനെപ്പോലെയാകും.” 8 അങ്ങനെ ഫെലിസ്ത്യപ്രഭുക്കന്മാർ ഏഴു പുതിയ ഞാൺ കൊണ്ടുവന്ന് ദലീലയ്ക്കു കൊടുത്തു; ദലീല ശിംശോനെ അതുകൊണ്ട് ബന്ധിച്ചു. 9 ശിംശോനെ പിടിക്കാനായി അകത്തെ മുറിയിൽ അവർ ആളുകളെ നിറുത്തിയിരുന്നു. ദലീല വിളിച്ചുപറഞ്ഞു: “ശിംശോനേ, അങ്ങയെ പിടിക്കാൻ ഫെലിസ്ത്യർ വന്നിരിക്കുന്നു!” അപ്പോൾ ശിംശോൻ ആ ഞാണുകൾ കത്തിക്കരിഞ്ഞ ഒരു നൂൽപോലെ* പൊട്ടിച്ചുകളഞ്ഞു.+ ശിംശോന്റെ ശക്തിയുടെ രഹസ്യം വെളിപ്പെട്ടതുമില്ല.
10 അപ്പോൾ ദലീല ശിംശോനോട്: “എന്നോടു നുണ പറഞ്ഞ് അങ്ങ് എന്നെ ഒരു വിഡ്ഢിയാക്കി. അങ്ങയെ എങ്ങനെ ബന്ധിക്കാമെന്ന് എന്നോടു പറയൂ.” 11 ശിംശോൻ പറഞ്ഞു: “ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ഒരു പുതിയ കയറുകൊണ്ട് അവർ എന്നെ ബന്ധിക്കുകയാണെങ്കിൽ എന്റെ ശക്തി ക്ഷയിച്ച് ഞാൻ ഒരു സാധാരണമനുഷ്യനെപ്പോലെയാകും.” 12 അങ്ങനെ ദലീല ഒരു പുതിയ കയർ എടുത്ത് ശിംശോനെ കെട്ടിയിട്ട് ഇങ്ങനെ വിളിച്ചുപറഞ്ഞു: “ശിംശോനേ, അങ്ങയെ പിടിക്കാൻ ഫെലിസ്ത്യർ വന്നിരിക്കുന്നു!” (അവർ നിറുത്തിയ പതിയിരിപ്പുകാർ ആ സമയം മുഴുവൻ അകത്തെ മുറിയിലുണ്ടായിരുന്നു.) ശിംശോൻ വെറും നൂലുപോലെ അവ കൈയിൽനിന്ന് പൊട്ടിച്ചുകളഞ്ഞു.+
13 അതിനു ശേഷം ദലീല ശിംശോനോടു പറഞ്ഞു: “ഇതുവരെ എന്നോടു നുണ പറഞ്ഞ് അങ്ങ് എന്നെ പറ്റിച്ചു.+ ദയവായി പറയൂ, അങ്ങയെ എങ്ങനെ ബന്ധിക്കാം?” അപ്പോൾ ശിംശോൻ പറഞ്ഞു: “എന്റെ തലമുടിയുടെ ഏഴു പിന്നലുകൾ നെയ്ത്തുപാവിൽ ചേർത്ത് നെയ്താൽ മതി.” 14 ദലീല അങ്ങനെ ചെയ്ത് അത് ഒരു കുറ്റി അടിച്ച് ഉറപ്പിച്ചുവെച്ചു. എന്നിട്ട് ഇങ്ങനെ വിളിച്ചുപറഞ്ഞു: “ശിംശോനേ, അങ്ങയെ പിടിക്കാൻ ഫെലിസ്ത്യർ വന്നിരിക്കുന്നു!” ശിംശോൻ ഉറക്കത്തിൽനിന്ന് എഴുന്നേറ്റു; നെയ്ത്തുതറിയുടെ കുറ്റിയും പാവുനൂലും പറിച്ചെടുത്തു.
15 അപ്പോൾ ദലീല ശിംശോനോടു പറഞ്ഞു: “അങ്ങയുടെ ഹൃദയം എനിക്കു തരാതെ, ‘നിന്നെ സ്നേഹിക്കുന്നു’+ എന്ന് അങ്ങയ്ക്ക് എന്നോട് എങ്ങനെ പറയാനാകും? ഈ മൂന്നു പ്രാവശ്യവും എന്നെ വിഡ്ഢിയാക്കി. അങ്ങയുടെ മഹാശക്തിയുടെ രഹസ്യം എന്നോട് ഇതുവരെ പറഞ്ഞിട്ടില്ല.”+ 16 ദലീല ദിവസവും ശിംശോനെ ശല്യം ചെയ്ത് അസഹ്യപ്പെടുത്തിയതുകൊണ്ട് ശിംശോനു മരിച്ചാൽ മതിയെന്നായി.+ 17 ഒടുവിൽ ശിംശോൻ ഹൃദയം തുറന്നു. ശിംശോൻ പറഞ്ഞു: “ജനനംമുതൽ* ഞാൻ ദൈവത്തിന് ഒരു നാസീരാണ്.+ അതുകൊണ്ട് ഇതുവരെ എന്റെ തലയിൽ ക്ഷൗരക്കത്തി തൊട്ടിട്ടില്ല. എന്റെ തല ക്ഷൗരം ചെയ്താൽ എന്റെ ശക്തി എന്നെ വിട്ട് പോകുകയും ഞാൻ സാധാരണമനുഷ്യരെപ്പോലെയാകുകയും ചെയ്യും.”
18 ശിംശോൻ ഹൃദയത്തിലുള്ളതെല്ലാം പറഞ്ഞെന്നു കണ്ടപ്പോൾ ദലീല ഫെലിസ്ത്യപ്രഭുക്കന്മാരെ+ ഇങ്ങനെ അറിയിച്ചു: “ഇപ്രാവശ്യം നിങ്ങൾ വന്നുകൊള്ളൂ; ഹൃദയത്തിലുള്ളതു മുഴുവൻ ശിംശോൻ എന്നോടു പറഞ്ഞു.” അങ്ങനെ ഫെലിസ്ത്യപ്രഭുക്കന്മാർ ദലീലയ്ക്കുള്ള പണവുമായി വന്നു. 19 ദലീല ശിംശോനെ മടിയിൽ കിടത്തി ഉറക്കിയിട്ട് ഒരാളെ വിളിച്ച് ശിംശോന്റെ ഏഴു പിന്നലുകളും ക്ഷൗരം ചെയ്യിച്ചു. ശിംശോന്റെ ശക്തി അദ്ദേഹത്തെ വിട്ടുപോയതിനാൽ ദലീലയ്ക്കു ശിംശോനെ നിയന്ത്രിക്കാനായി. 20 പിന്നെ ദലീല ഇങ്ങനെ വിളിച്ചുപറഞ്ഞു: “ശിംശോനേ, അങ്ങയെ പിടിക്കാൻ ഫെലിസ്ത്യർ വന്നിരിക്കുന്നു!” ശിംശോൻ ഉറക്കത്തിൽനിന്ന് എഴുന്നേറ്റ്, “ഞാൻ എപ്പോഴത്തെയുംപോലെ+ എന്റെ ബന്ധനം പൊട്ടിച്ച് രക്ഷപ്പെടും” എന്നു പറഞ്ഞു. പക്ഷേ യഹോവ തന്നെ വിട്ടുപോയ കാര്യം ശിംശോൻ അറിഞ്ഞില്ല. 21 ഫെലിസ്ത്യർ ശിംശോനെ കീഴ്പെടുത്തി കണ്ണുകൾ ചൂഴ്ന്നെടുത്തു. പിന്നെ ഗസ്സയിലേക്കു കൊണ്ടുപോയി രണ്ടു ചെമ്പുചങ്ങലകൊണ്ട് ബന്ധിച്ച് തടവറയിലാക്കി. അവിടെ അവർ ശിംശോനെക്കൊണ്ട് ധാന്യം പൊടിപ്പിക്കാൻതുടങ്ങി. 22 എന്നാൽ ക്ഷൗരം ചെയ്ത ശിംശോന്റെ തലയിൽ വീണ്ടും മുടി വളരുന്നുണ്ടായിരുന്നു.+
23 “നമ്മുടെ ദൈവം നമ്മുടെ ശത്രുവായ ശിംശോനെ നമ്മുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു!” എന്നു പറഞ്ഞ് ഫെലിസ്ത്യപ്രഭുക്കന്മാർ അവരുടെ ദൈവമായ ദാഗോനു+ വലിയൊരു ബലി അർപ്പിക്കാനും ഉത്സവം കൊണ്ടാടാനും ഒന്നിച്ചുകൂടി. 24 ശിംശോനെ കണ്ടപ്പോൾ ജനം അവരുടെ ദൈവത്തെ സ്തുതിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “നമ്മുടെ ദേശം നശിപ്പിക്കുകയും+ നമ്മളിൽ അനേകരെ കൊല്ലുകയും+ ചെയ്ത നമ്മുടെ ശത്രുവിനെ ദൈവം നമ്മുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.”
25 സന്തോഷംകൊണ്ട് മതിമറന്ന അവർ പറഞ്ഞു: “ശിംശോനെ വരുത്തൂ, ശിംശോൻ നമ്മളെ രസിപ്പിക്കട്ടെ.” അങ്ങനെ അവർ തങ്ങളെ രസിപ്പിക്കാൻ ശിംശോനെ തടവറയിൽനിന്ന് പുറത്ത് കൊണ്ടുവന്ന് തൂണുകൾക്കിടയിൽ നിറുത്തി. 26 കൈക്കു പിടിച്ചിരുന്ന ആൺകുട്ടിയോടു ശിംശോൻ പറഞ്ഞു: “കെട്ടിടത്തെ താങ്ങിനിറുത്തുന്ന തൂണുകളിൽ എന്നെയൊന്നു തൊടുവിക്കുക; ഞാൻ അവയിൽ ചാരിനിൽക്കട്ടെ.” 27 (ആ കെട്ടിടം മുഴുവൻ സ്ത്രീപുരുഷന്മാരെക്കൊണ്ട് നിറഞ്ഞിരുന്നു. എല്ലാ ഫെലിസ്ത്യപ്രഭുക്കന്മാരും അവിടെയുണ്ടായിരുന്നു. ശിംശോന്റെ പ്രകടനങ്ങൾ കണ്ടുനിന്ന 3,000 സ്ത്രീപുരുഷന്മാർ മുകളിലുമുണ്ടായിരുന്നു.)
28 അപ്പോൾ ശിംശോൻ+ യഹോവയോടു നിലവിളിച്ചുപറഞ്ഞു: “പരമാധികാരിയായ യഹോവേ, ദയവായി ഈ ഒരു പ്രാവശ്യംകൂടി എന്നെ ഓർക്കേണമേ. ദൈവമേ, എന്റെ കണ്ണുകളിൽ ഒന്നിനുവേണ്ടി+ ഫെലിസ്ത്യരോടു പ്രതികാരം ചെയ്യാൻ എനിക്കു ശക്തി നൽകേണമേ.”+
29 അങ്ങനെ ശിംശോൻ കെട്ടിടത്തിന്റെ നടുക്ക് അതിനെ താങ്ങിനിറുത്തിയിരുന്ന രണ്ടു തൂണുകളിൽ പിടിച്ചുനിന്നു; വലതുകൈ ഒരു തൂണിലും ഇടതുകൈ മറ്റേതിലും വെച്ച് മുന്നോട്ട് ആഞ്ഞു. 30 “ഞാൻ ഫെലിസ്ത്യരോടുകൂടി മരിക്കട്ടെ!” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് ശിംശോൻ സർവശക്തിയുമെടുത്ത് തള്ളി. ആ കെട്ടിടം തകർന്ന് അവിടെയുണ്ടായിരുന്ന പ്രഭുക്കന്മാരുടെ മേലും എല്ലാവരുടെ മേലും വീണു.+ അങ്ങനെ താൻ ജീവിച്ചിരുന്നപ്പോൾ കൊന്നതിനെക്കാൾ കൂടുതൽ ആളുകളെ ശിംശോൻ മരണസമയത്ത് കൊന്നു.+
31 പിന്നീട് ശിംശോന്റെ സഹോദരന്മാരും അപ്പന്റെ വീട്ടിലുള്ളവരും വന്ന് ശിംശോനെ എടുത്തുകൊണ്ടുപോയി. അവർ ശിംശോനെ സൊരയ്ക്കും+ എസ്തായോലിനും ഇടയിൽ, ശിംശോന്റെ അപ്പനായ മനോഹയെ+ അടക്കിയ കല്ലറയിൽ അടക്കി. ശിംശോൻ 20 വർഷം ഇസ്രായേലിൽ ന്യായാധിപനായിരുന്നു.+