ശമുവേൽ ഒന്നാം ഭാഗം
20 തുടർന്ന്, ദാവീദ് രാമയിലെ നയ്യോത്തിൽനിന്ന് ഓടിപ്പോയി. പക്ഷേ, ദാവീദ് യോനാഥാന്റെ അടുത്ത് വന്ന് ചോദിച്ചു: “ഞാൻ എന്തു ചെയ്തു?+ എന്റെ കുറ്റം എന്താണ്? അങ്ങയുടെ അപ്പൻ എന്നെ കൊല്ലാൻവേണ്ടി ഇറങ്ങിത്തിരിക്കാൻമാത്രം അദ്ദേഹത്തോടു ഞാൻ എന്തു പാപം ചെയ്തു?” 2 അപ്പോൾ, യോനാഥാൻ ദാവീദിനോടു പറഞ്ഞു: “എന്ത്! നിന്നെ കൊല്ലുകയോ? ഒരിക്കലുമില്ല.+ നോക്ക്! എന്റെ അപ്പൻ എന്നോടു പറയാതെ ചെറുതോ വലുതോ ആയ ഒരു കാര്യവും ചെയ്യില്ല. അപ്പോൾപ്പിന്നെ ഇക്കാര്യം എന്റെ അപ്പൻ എന്തിന് എന്നിൽനിന്ന് ഒളിക്കണം? എന്തായാലും അങ്ങനെ സംഭവിക്കില്ല.” 3 പക്ഷേ, ദാവീദ് സത്യം ചെയ്ത് ഇങ്ങനെ പറഞ്ഞു: “ഞാൻ അങ്ങയ്ക്കു പ്രിയപ്പെട്ടവനാണെന്ന് അങ്ങയുടെ അപ്പനു നന്നായി അറിയാം.+ അതുകൊണ്ട്, അദ്ദേഹം ഇങ്ങനെ പറയും: ‘യോനാഥാൻ ഇത് അറിയേണ്ടാ; കാരണം, അവൻ വിഷമിക്കും.’ പക്ഷേ യഹോവയാണെ, അങ്ങാണെ, എനിക്കും മരണത്തിനും ഇടയിൽ വെറും ഒരു അടി അകലമേ ഉള്ളൂ!”+
4 ഇതു കേട്ട് യോനാഥാൻ ദാവീദിനോടു പറഞ്ഞു: “നീ പറയുന്നതെന്തും ഞാൻ ചെയ്തുതരാം.” 5 അപ്പോൾ ദാവീദ് യോനാഥാനോടു പറഞ്ഞു: “നാളെ കറുത്ത വാവാണ്;+ ഞാനും രാജാവിന്റെകൂടെ ഭക്ഷണത്തിന് ഇരിക്കേണ്ടതാണല്ലോ. അങ്ങ് എന്നെ പോകാൻ അനുവദിക്കണം. മറ്റന്നാൾ വൈകുന്നേരംവരെ ഞാൻ വയലിൽ ഒളിച്ചിരിക്കും. 6 എന്റെ അസാന്നിധ്യം അങ്ങയുടെ അപ്പന്റെ ശ്രദ്ധയിൽപ്പെട്ടാൽ ഇങ്ങനെ പറയുക: ‘സ്വന്തം നഗരമായ ബേത്ത്ലെഹെം വരെ പെട്ടെന്നൊന്നു പോയിവരാൻ അനുവദിക്കേണമേ എന്നു ദാവീദ് എന്നോടു കേണപേക്ഷിച്ചു.+ ദാവീദിന്റെ കുടുംബക്കാർക്കെല്ലാം അവിടെ ഒരു വാർഷികബലിയുണ്ടത്രേ.’+ 7 ‘അതിനു കുഴപ്പമില്ല’ എന്നാണു രാജാവിന്റെ പ്രതികരണമെങ്കിൽ അങ്ങയുടെ ഈ ദാസനു സമാധാനിക്കാമെന്ന് അർഥം. പക്ഷേ, അദ്ദേഹം കോപിക്കുന്നെങ്കിൽ എന്നെ അപായപ്പെടുത്താൻ അദ്ദേഹം നിശ്ചയിച്ചിരിക്കുന്നെന്ന് അങ്ങയ്ക്ക് ഉറപ്പിക്കാം. 8 അങ്ങ് ഈ ദാസനോട് അചഞ്ചലമായ സ്നേഹം കാണിക്കേണമേ;+ അങ്ങ് മുൻകൈയെടുത്ത് ഈ ദാസനുമായി യഹോവയുടെ മുമ്പാകെ ഉടമ്പടി ചെയ്തതാണല്ലോ.+ പക്ഷേ, ഞാൻ കുറ്റക്കാരനാണെങ്കിൽ+ അങ്ങുതന്നെ എന്നെ കൊന്നുകൊള്ളൂ. എന്തിന് എന്നെ അങ്ങയുടെ അപ്പന്റെ കൈയിൽ ഏൽപ്പിച്ചുകൊടുക്കണം?”
9 അപ്പോൾ യോനാഥാൻ പറഞ്ഞു: “അങ്ങനെ ഒരു കാര്യം സംഭവിക്കില്ല! നിന്നെ അപായപ്പെടുത്താൻ എന്റെ അപ്പൻ നിശ്ചയിച്ചിരിക്കുന്നെന്ന് അറിഞ്ഞാൽ ഞാൻ അതു നിന്നോടു പറയാതിരിക്കുമോ?”+ 10 അപ്പോൾ, ദാവീദ് യോനാഥാനോടു പറഞ്ഞു: “അങ്ങയുടെ അപ്പൻ പരുഷമായി പ്രതികരിച്ചാലോ? അക്കാര്യം ആര് എന്നെ അറിയിക്കും?” 11 യോനാഥാൻ ദാവീദിനോട്, “വരൂ! നമുക്കു വയലിലേക്കു പോകാം” എന്നു പറഞ്ഞു. അങ്ങനെ, രണ്ടു പേരും വയലിലേക്കു പോയി. 12 യോനാഥാൻ ദാവീദിനോടു പറഞ്ഞു: “ഞാൻ നാളെ ഈ സമയത്തോ, അല്ലെങ്കിൽ മറ്റന്നാളോ അപ്പന്റെ ഉള്ളിലിരുപ്പു മനസ്സിലാക്കിയെടുക്കും എന്നതിന് ഇസ്രായേലിന്റെ ദൈവമായ യഹോവ സാക്ഷി. അപ്പനു നിന്നോടു പ്രീതിയുണ്ടെങ്കിൽ ഞാൻ അക്കാര്യം നിന്നെ അറിയിക്കാതിരിക്കുമോ? 13 പക്ഷേ, നിന്നെ അപായപ്പെടുത്താനാണ് അപ്പൻ ഉദ്ദേശിക്കുന്നതെങ്കിൽ ഞാൻ അക്കാര്യം നിന്നെ അറിയിച്ച് നിന്നെ സമാധാനത്തോടെ പറഞ്ഞയയ്ക്കും. അല്ലാത്തപക്ഷം യഹോവ ഇതും ഇതിലധികവും യോനാഥാനോടു ചെയ്യട്ടെ. യഹോവ എന്റെ അപ്പന്റെകൂടെയുണ്ടായിരുന്നതുപോലെ+ നിന്റെകൂടെയുമുണ്ടായിരിക്കട്ടെ.+ 14 യഹോവ കാണിക്കുന്നതുപോലുള്ള അചഞ്ചലമായ സ്നേഹം ഞാൻ ജീവിച്ചിരിക്കുമ്പോഴും മരിച്ചശേഷവും നീ എന്നോടു കാണിക്കില്ലേ?+ 15 യഹോവ ദാവീദിന്റെ ശത്രുക്കളെ ഒന്നടങ്കം ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമ്പോഴും എന്റെ വീട്ടുകാരോടു നീ അചഞ്ചലമായ സ്നേഹം കാണിക്കാതിരിക്കരുതേ.”+ 16 അങ്ങനെ, “ദാവീദിന്റെ ശത്രുക്കളോടു യഹോവ കണക്കു ചോദിക്കട്ടെ” എന്നു പറഞ്ഞ് യോനാഥാൻ ദാവീദിന്റെ ഭവനവുമായി ഒരു ഉടമ്പടി ചെയ്തു. 17 ദാവീദിനു തന്നോടുള്ള സ്നേഹത്തെച്ചൊല്ലി യോനാഥാൻ ദാവീദിനെക്കൊണ്ട് വീണ്ടും സത്യം ചെയ്യിച്ചു. കാരണം, യോനാഥാൻ ദാവീദിനെ ജീവനു തുല്യം സ്നേഹിച്ചിരുന്നു.+
18 തുടർന്ന്, യോനാഥാൻ ദാവീദിനോടു പറഞ്ഞു: “നാളെ കറുത്ത വാവാണല്ലോ.+ നിന്റെ ഇരിപ്പിടം ഒഴിഞ്ഞുകിടക്കുന്നതു കാണുമ്പോൾ നിന്റെ അസാന്നിധ്യം ശ്രദ്ധിക്കാതിരിക്കില്ല. 19 മറ്റന്നാളാകുമ്പോഴേക്കും അതു കൂടുതൽ ശ്രദ്ധിക്കപ്പെടും. നീ പക്ഷേ, മുമ്പ്* ഒളിച്ചിരുന്ന ഇതേ സ്ഥലത്ത് വന്ന് ഇവിടെയുള്ള കല്ലിന്റെ അടുത്ത് ഇരിക്കണം. 20 അപ്പോൾ ഞാൻ, ഒരു നിശ്ചിത ലക്ഷ്യത്തിലേക്ക് അമ്പ് എയ്യുന്ന ഭാവത്തിൽ ആ കല്ലിന്റെ ഒരു വശത്തേക്കു മൂന്ന് അമ്പ് എയ്യും. 21 എന്നിട്ട്, ‘പോയി അമ്പുകൾ കണ്ടുപിടിക്കൂ’ എന്നു പറഞ്ഞ് എന്റെ പരിചാരകനെ അയയ്ക്കും. ഞാൻ പരിചാരകനോട്, ‘ഇതാ! അമ്പുകൾ നിന്റെ ഇപ്പുറത്താണ്, അവ എടുത്തുകൊണ്ടുവരൂ’ എന്നാണു പറയുന്നതെങ്കിൽ നിനക്കു മടങ്ങിവരാം. കാരണം, യഹോവയാണെ, അതിന്റെ അർഥം എല്ലാം സമാധാനപരമാണെന്നും നിനക്ക് അപകടമൊന്നും സംഭവിക്കില്ലെന്നും ആണ്. 22 പക്ഷേ, ഞാൻ അവനോട്, ‘അതാ! അമ്പുകൾ കുറച്ച് അപ്പുറത്താണ്’ എന്നു പറയുന്നെങ്കിൽ യഹോവ നിന്നെ പറഞ്ഞയച്ചിരിക്കുന്നു, നീ പോകണം. 23 നമ്മൾ ചെയ്ത വാഗ്ദാനത്തിന്റെ കാര്യത്തിലോ,+ യഹോവ എനിക്കും നിനക്കും മധ്യേ എന്നുമുണ്ടായിരിക്കട്ടെ.”+
24 അങ്ങനെ, ദാവീദ് വയലിൽ ഒളിച്ചിരുന്നു. കറുത്ത വാവായപ്പോൾ രാജാവ് ഭക്ഷണസ്ഥലത്ത് ചെന്ന് തന്റെ ഇരിപ്പിടത്തിലിരുന്നു.+ 25 ചുവരിനടുത്തുള്ള പതിവ് സ്ഥലത്താണു രാജാവ് ഇരുന്നത്. യോനാഥാൻ ശൗലിന് അഭിമുഖമായും അബ്നേർ+ ശൗലിന്റെ ഒരു വശത്തും ഇരുന്നു. പക്ഷേ, ദാവീദിന്റെ ഇരിപ്പിടം ഒഴിഞ്ഞുകിടന്നു. 26 ശൗൽ ഇങ്ങനെ മനസ്സിൽ പറഞ്ഞു: ‘എന്തെങ്കിലും സംഭവിച്ച് ദാവീദ് അശുദ്ധനായിക്കാണും.+ അതെ, അവൻ അശുദ്ധനായിരിക്കും.’ അതുകൊണ്ട്, ശൗൽ അന്ന് ഒന്നും പറഞ്ഞില്ല. 27 കറുത്ത വാവിന്റെ പിറ്റേന്ന്, അതായത് രണ്ടാം ദിവസവും ദാവീദിന്റെ ഇരിപ്പിടം ഒഴിഞ്ഞുകിടന്നു. ശൗൽ അപ്പോൾ മകനായ യോനാഥാനോടു ചോദിച്ചു: “ഇന്നലെയും ഇന്നും യിശ്ശായിയുടെ മകൻ+ ഭക്ഷണത്തിനു വന്നില്ലല്ലോ. എന്തു പറ്റി?” 28 അപ്പോൾ യോനാഥാൻ ശൗലിനോടു പറഞ്ഞു: “ബേത്ത്ലെഹെമിലേക്കു പോകാൻ അനുവാദം തരണേ എന്നു ദാവീദ് എന്നോടു കേണപേക്ഷിച്ചു.+ 29 ദാവീദ് പറഞ്ഞു: ‘ദയവായി എന്നെ പോകാൻ അനുവദിക്കണം. കാരണം, ഞങ്ങൾക്കു നഗരത്തിൽവെച്ച് ഒരു കുടുംബബലിയുണ്ട്. എന്റെ ചേട്ടൻ എന്നോടു ചെല്ലാൻ പറഞ്ഞിരിക്കുന്നു. അങ്ങയ്ക്ക് എന്നോടു പ്രീതി തോന്നുന്നെങ്കിൽ പെട്ടെന്നു പോയി എന്റെ ചേട്ടന്മാരെയൊന്നു കാണാൻ അനുവാദം തരണേ.’ അതുകൊണ്ടാണ് ദാവീദിനെ രാജാവിന്റെ മേശയുടെ മുന്നിൽ കാണാത്തത്.” 30 അപ്പോൾ, ശൗൽ ദേഷ്യത്തോടെ യോനാഥാനോടു പറഞ്ഞു: “ധിക്കാരിയായ സ്ത്രീയുടെ സന്തതീ, നിനക്കും നിന്റെ തള്ളയ്ക്കും* മാനക്കേടുണ്ടാക്കാൻ യിശ്ശായിയുടെ മകന്റെ പക്ഷം ചേരാനുള്ള നിന്റെ താത്പര്യം എനിക്ക് അറിയില്ലെന്നാണോ? 31 യിശ്ശായിയുടെ മകൻ ഈ ഭൂമുഖത്ത് ജീവിച്ചിരിക്കുന്നിടത്തോളം നീയും നിന്റെ രാജാധികാരവും വേരുറയ്ക്കില്ല.+ അതുകൊണ്ട്, ആളയച്ച് ദാവീദിനെ എന്റെ അടുത്ത് കൊണ്ടുവരൂ! ദാവീദ് മരിക്കണം.”*+
32 പക്ഷേ, യോനാഥാൻ അപ്പനായ ശൗലിനോടു ചോദിച്ചു: “എന്തിനാണു ദാവീദിനെ കൊല്ലുന്നത്?+ ദാവീദ് എന്തു ചെയ്തു?” 33 ഉടനെ ശൗൽ യോനാഥാനെ കൊല്ലാൻ യോനാഥാനു നേരെ കുന്തം എറിഞ്ഞു.+ അപ്പോൾ, അപ്പൻ ദാവീദിനെ കൊല്ലാൻ തീരുമാനിച്ചുറച്ചിരിക്കുന്നെന്നു യോനാഥാനു മനസ്സിലായി.+ 34 ഉടൻതന്നെ യോനാഥാൻ ഉഗ്രകോപത്തോടെ മേശയ്ക്കൽനിന്ന് എഴുന്നേറ്റു. കറുത്ത വാവിന്റെ പിറ്റെ ദിവസമായ അന്നു യോനാഥാൻ ഭക്ഷണമൊന്നും കഴിച്ചില്ല. കാരണം, യോനാഥാൻ ദാവീദിനെക്കുറിച്ച് ഓർത്ത് വിഷമിച്ചിരിക്കുകയായിരുന്നു.+ അപ്പൻ ദാവീദിനെ അപമാനിച്ചതും യോനാഥാന്റെ മനസ്സിലുണ്ടായിരുന്നു.
35 ദാവീദുമായി പറഞ്ഞൊത്തിരുന്നതുപോലെ യോനാഥാൻ രാവിലെ വയലിലേക്കു പോയി. ചെറുപ്പക്കാരനായ ഒരു പരിചാരകനും യോനാഥാന്റെകൂടെയുണ്ടായിരുന്നു.+ 36 യോനാഥാൻ പരിചാരകനോടു പറഞ്ഞു: “ദയവായി ഓടിച്ചെന്ന്, ഞാൻ എയ്തുവിടുന്ന അമ്പുകൾ കണ്ടുപിടിക്കൂ.” പരിചാരകൻ ഓടുമ്പോൾ, പരിചാരകനെ കടന്നുപോകുന്ന രീതിയിൽ അയാളുടെ അപ്പുറത്തേക്ക് യോനാഥാൻ അമ്പ് എയ്തു. 37 അമ്പു വീണ സ്ഥലത്തിന് അടുത്ത് പരിചാരകൻ എത്തിയപ്പോൾ യോനാഥാൻ, “അമ്പു വീണതു കുറച്ച് അപ്പുറത്തല്ലേ” എന്നു വിളിച്ചുചോദിച്ചു. 38 യോനാഥാൻ പരിചാരകനോട് ഇങ്ങനെയും പറഞ്ഞു: “വേഗമാകട്ടെ! പെട്ടെന്നു ചെല്ലൂ! ഒട്ടും താമസിക്കരുത്!” യോനാഥാന്റെ പരിചാരകൻ അമ്പുകളും എടുത്ത് യജമാനന്റെ അടുത്ത് മടങ്ങിവന്നു. 39 ഇതിന്റെയെല്ലാം അർഥം യോനാഥാനും ദാവീദിനും മാത്രമേ അറിയാമായിരുന്നുള്ളൂ. പരിചാരകന് ഒന്നും പിടികിട്ടിയില്ല. 40 തുടർന്ന്, യോനാഥാൻ ആയുധങ്ങൾ പരിചാരകനെ ഏൽപ്പിച്ച് അയാളോട്, “ഇതുമായി നഗരത്തിലേക്കു പൊയ്ക്കൊള്ളൂ!” എന്നു പറഞ്ഞു.
41 പരിചാരകൻ പോയ ഉടനെ ദാവീദ് എഴുന്നേറ്റ് വന്നു. ദാവീദ് ഇരുന്ന സ്ഥലം തെക്കുവശത്ത് തൊട്ടടുത്തുതന്നെയായിരുന്നു. ദാവീദ് കമിഴ്ന്നുവീണ് മൂന്നു പ്രാവശ്യം വണങ്ങി. എന്നിട്ട്, അവർ പരസ്പരം ചുംബിച്ച് കരഞ്ഞു. ദാവീദാണു കൂടുതൽ കരഞ്ഞത്. 42 യോനാഥാൻ ദാവീദിനോടു പറഞ്ഞു: “സമാധാനത്തോടെ പോകൂ. കാരണം, ‘യഹോവ എനിക്കും നിനക്കും മധ്യേയും+ നിന്റെ സന്തതികൾക്കും* എന്റെ സന്തതികൾക്കും മധ്യേയും എന്നുമുണ്ടായിരിക്കട്ടെ’ എന്നു പറഞ്ഞ് നമ്മൾ രണ്ടു പേരും യഹോവയുടെ നാമത്തിൽ സത്യം ചെയ്തിട്ടുണ്ടല്ലോ.”+
പിന്നെ, ദാവീദ് അവിടെനിന്ന് പോയി. യോനാഥാൻ നഗരത്തിലേക്കു മടങ്ങി.