യശയ്യ
58 “തൊണ്ട തുറന്ന് ഉച്ചത്തിൽ വിളിച്ചുപറയുക, മടിച്ചുനിൽക്കരുത്!
കൊമ്പു വിളിക്കുന്നതുപോലെ നിന്റെ ശബ്ദം ഉയർത്തുക.
എന്റെ ജനത്തോട് അവരുടെ ധിക്കാരത്തെക്കുറിച്ചും+
യാക്കോബുഗൃഹത്തോട് അവരുടെ പാപങ്ങളെക്കുറിച്ചും പറയുക.
2 തങ്ങളുടെ ദൈവത്തിന്റെ കല്പനകൾ ഉപേക്ഷിക്കാത്ത,
നീതിയോടെ പ്രവർത്തിക്കുന്ന ഒരു ജനതയാണെന്ന് അവർ നടിക്കുന്നു.+
അവർ ഓരോ ദിവസവും എന്നെ തേടുന്നു,
എന്റെ വഴികൾ അറിയാൻ അവർ താത്പര്യം കാട്ടുന്നു.
അവർ എന്നിൽനിന്ന് നീതിയുള്ള വിധികൾ തേടുന്നു,
ദൈവത്തോട് അടുത്തുചെല്ലാൻ പ്രിയപ്പെടുന്നു.
3 ‘അങ്ങ് എന്താണു ഞങ്ങൾ ഉപവസിക്കുന്നതു കാണാത്തത്,+
ഞങ്ങൾ സ്വയം ക്ലേശിപ്പിക്കുമ്പോൾ അങ്ങ് എന്താണ് അതു ശ്രദ്ധിക്കാത്തത്’+ എന്നു നിങ്ങൾ ചോദിക്കുന്നു.
ഉപവസിക്കുന്ന ദിവസം നിങ്ങൾ സ്വന്തം കാര്യങ്ങൾക്കു പിന്നാലെ പോകുന്നു,
നിങ്ങളുടെ വേലക്കാരോടു ക്രൂരത കാട്ടുന്നു.+
4 നിങ്ങളുടെ ഉപവാസം വാക്കുതർക്കങ്ങളിലും കയ്യാങ്കളിയിലും അവസാനിക്കുന്നു,
നിങ്ങൾ ക്രൂരതയുടെ മുഷ്ടികൊണ്ട് മർദിക്കുന്നു.
ഇങ്ങനെയാണ് ഉപവസിക്കുന്നതെങ്കിൽ നിങ്ങളുടെ സ്വരം സ്വർഗത്തിൽ എത്തില്ല.
5 ഇങ്ങനെ ഉപവസിക്കാനാണോ ഞാൻ നിങ്ങളോടു പറഞ്ഞത്?
നിങ്ങൾക്കു സ്വയം ക്ലേശിപ്പിക്കാനും
ഞാങ്ങണപോലെ തല കുമ്പിട്ടിരിക്കാനും
വിലാപവസ്ത്രവും ചാരവും കൊണ്ട് കിടക്ക ഒരുക്കാനും ഉള്ള ദിവസമാണോ അത്?
ഇതിനാണോ നിങ്ങൾ ഉപവാസമെന്നും യഹോവയെ പ്രസാദിപ്പിക്കാനുള്ള ദിവസമെന്നും പറയുന്നത്?
6 ഉപവസിക്കുമ്പോൾ ഇങ്ങനെ ചെയ്യാനാണു ഞാൻ നിങ്ങളോടു പറഞ്ഞത്:
അനീതിയുടെ കാൽവിലങ്ങുകൾ പൊട്ടിച്ചുകളയുക,
അടിമത്തത്തിന്റെ നുകക്കയറുകൾ അഴിച്ചുമാറ്റുക,
മർദിതനെ സ്വതന്ത്രനാക്കുക,+
എല്ലാ നുകങ്ങളും രണ്ടായി ഒടിച്ചുകളയുക;
7 വിശന്നിരിക്കുന്നവനുമായി അപ്പം പങ്കുവയ്ക്കുക,+
കിടപ്പാടമില്ലാത്തവനെയും ദരിദ്രനെയും നിങ്ങളുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരുക,
വസ്ത്രമില്ലാത്തവനെ കണ്ടാൽ അവനു വസ്ത്രം നൽകുക,+
സ്വന്തക്കാരിൽനിന്ന് ഒഴിഞ്ഞുമാറാതിരിക്കുക.
8 അപ്പോൾ, നിങ്ങളുടെ പ്രകാശം പ്രഭാതത്തിലെ വെളിച്ചംപോലെ പ്രകാശിക്കും,+
നിങ്ങൾ വേഗം സുഖപ്പെടും.
നിങ്ങളുടെ നീതി നിങ്ങൾക്കു മുമ്പേ പോകും,
യഹോവയുടെ തേജസ്സു നിങ്ങളുടെ പിൻപടയായിരിക്കും.+
9 നിങ്ങൾ വിളിക്കും, യഹോവ ഉത്തരം നൽകും;
നിങ്ങൾ സഹായത്തിനായി യാചിക്കും, ‘ഞാൻ ഇതാ, ഇവിടെയുണ്ട്!’ എന്ന് അവൻ പറയും.
നിങ്ങൾ നിങ്ങൾക്കിടയിൽനിന്ന് നുകങ്ങൾ എടുത്തുമാറ്റുകയും
കൈ ചൂണ്ടി ദ്രോഹബുദ്ധിയോടെ സംസാരിക്കുന്നതു നിറുത്തുകയും,+
10 നിങ്ങൾ ഇഷ്ടപ്പെടുന്നതു വിശന്നിരിക്കുന്നവനു കൊടുക്കുകയും+
ക്ലേശിതനു തൃപ്തിവരുത്തുകയും ചെയ്യുമെങ്കിൽ,
നിങ്ങളുടെ വെളിച്ചം അന്ധകാരത്തിലും ശോഭിക്കും,
നിങ്ങളുടെ മൂടൽപോലും നട്ടുച്ചപോലെയായിരിക്കും.+
11 യഹോവ എപ്പോഴും നിങ്ങളെ നയിക്കും,
വരണ്ടുണങ്ങിയ ദേശത്തും നിങ്ങൾക്കു തൃപ്തിയേകും;+
ദൈവം നിങ്ങളുടെ അസ്ഥികൾക്കു പുതുജീവൻ നൽകും,
നിങ്ങൾ നീരൊഴുക്കുള്ള ഒരു തോട്ടംപോലെയും+
വറ്റാത്ത നീരുറവപോലെയും ആകും.
12 നാളുകളായി തകർന്നുകിടക്കുന്നതെല്ലാം അവർ നിങ്ങൾക്കുവേണ്ടി പുതുക്കിപ്പണിയും,+
തലമുറകളായി നശിച്ചുകിടക്കുന്ന അടിസ്ഥാനങ്ങൾ നിങ്ങൾ പുനഃസ്ഥാപിക്കും.+
തകർന്ന മതിലുകളുടെ* കേടുപോക്കുന്നവർ എന്നു നിങ്ങൾ അറിയപ്പെടും,+
പാതകൾ* പുനർനിർമിക്കുന്നവർ എന്നു നിങ്ങൾക്കു പേരാകും.
13 നിങ്ങൾ ശബത്തിനെ എന്റെ വിശുദ്ധദിവസമായി+ കണ്ട് അന്നു സ്വന്തം കാര്യങ്ങൾക്കു* പിന്നാലെ പോകാതിരിക്കുന്നെങ്കിൽ,
ശബത്തിനെ യഹോവയുടെ വിശുദ്ധദിനമെന്നും+ ആദരിക്കേണ്ട ഒരു ദിവസമെന്നും അത്യാഹ്ലാദകരമെന്നും വിളിക്കുന്നെങ്കിൽ,
സ്വന്തം കാര്യങ്ങൾക്കു പിന്നാലെ പോകുകയോ വ്യർഥസംഭാഷണങ്ങളിൽ ഏർപ്പെടുകയോ ചെയ്യാതെ അതിനെ മഹത്ത്വപ്പെടുത്തുന്നെങ്കിൽ,
14 നിങ്ങൾ യഹോവയിൽ ആനന്ദിച്ചുല്ലസിക്കും,
നിങ്ങൾ ഭൂമിയിലെ ഉയർന്ന സ്ഥലങ്ങളിലൂടെ സഞ്ചരിക്കാൻ ഞാൻ ഇടവരുത്തും.+