ശമുവേൽ ഒന്നാം ഭാഗം
7 അങ്ങനെ, കിര്യത്ത്-യയാരീംനിവാസികൾ വന്ന് യഹോവയുടെ പെട്ടകം കുന്നിന്മുകളിലുള്ള അബീനാദാബിന്റെ വീട്ടിലേക്കു കൊണ്ടുപോയി.+ അവർ അബീനാദാബിന്റെ മകനായ എലെയാസരിനെ യഹോവയുടെ പെട്ടകം കാക്കുന്നതിനുവേണ്ടി നിയമിക്കുകയും* ചെയ്തു.
2 കാലം ഏറെ കടന്നുപോയി. യഹോവയുടെ പെട്ടകം കിര്യത്ത്-യയാരീമിൽ വന്നിട്ട് 20 വർഷം പിന്നിട്ടു. ഇസ്രായേൽഗൃഹം മുഴുവനും യഹോവയെ അന്വേഷിക്കാൻതുടങ്ങി.*+ 3 അപ്പോൾ, ശമുവേൽ ഇസ്രായേൽഗൃഹത്തോടു മുഴുവൻ പറഞ്ഞു: “നിങ്ങൾ യഹോവയിലേക്കു മടങ്ങിവരുന്നതു മുഴുഹൃദയത്തോടെയാണെങ്കിൽ,+ അന്യദൈവങ്ങളെയും+ അസ്തോരെത്തിന്റെ രൂപങ്ങളെയും+ നീക്കിക്കളയുകയും നിങ്ങളുടെ ഹൃദയം യഹോവയിലേക്കു തിരിച്ച് അചഞ്ചലരായി ദൈവത്തെ മാത്രം സേവിക്കുകയും+ ചെയ്യുക. അപ്പോൾ ദൈവം ഫെലിസ്ത്യരുടെ കൈയിൽനിന്ന് നിങ്ങളെ രക്ഷിക്കും.”+ 4 അങ്ങനെ, ഇസ്രായേല്യർ ബാൽ ദൈവങ്ങളുടെയും അസ്തോരെത്തിന്റെയും രൂപങ്ങൾ നീക്കിക്കളഞ്ഞ് യഹോവയെ മാത്രം സേവിച്ചു.+
5 ശമുവേൽ പറഞ്ഞു: “ഇസ്രായേലിനെ മുഴുവൻ മിസ്പയിൽ കൂട്ടിവരുത്തൂ.+ ഞാൻ നിങ്ങൾക്കുവേണ്ടി യഹോവയോടു പ്രാർഥിക്കും.”+ 6 അങ്ങനെ, അവർ മിസ്പയിൽ ഒരുമിച്ചുകൂടി. അവർ വെള്ളം കോരി യഹോവയുടെ സന്നിധിയിൽ ഒഴിച്ചു; അന്നേ ദിവസം ഉപവസിക്കുകയും ചെയ്തു.+ അവിടെവെച്ച് അവർ, “ഞങ്ങൾ യഹോവയോടു പാപം ചെയ്തു” എന്നു പറഞ്ഞു.+ ശമുവേൽ മിസ്പയിൽ ഇസ്രായേല്യർക്കു ന്യായാധിപനായി സേവിച്ചുതുടങ്ങി.+
7 ഇസ്രായേല്യർ മിസ്പയിൽ ഒരുമിച്ചുകൂടിയെന്നു ഫെലിസ്ത്യർ കേട്ടപ്പോൾ ഫെലിസ്ത്യപ്രഭുക്കന്മാർ+ ഇസ്രായേലിന് എതിരെ പുറപ്പെട്ടു. അതെക്കുറിച്ച് കേട്ടപ്പോൾ ഇസ്രായേല്യർക്കു പേടിയായി. 8 അതുകൊണ്ട്, ഇസ്രായേല്യർ ശമുവേലിനോടു പറഞ്ഞു: “നമ്മുടെ ദൈവമായ യഹോവ ഞങ്ങളെ സഹായിക്കേണ്ടതിനും ഫെലിസ്ത്യരുടെ കൈയിൽനിന്ന് രക്ഷിക്കേണ്ടതിനും ദൈവത്തോട് അപേക്ഷിക്കുന്നതു നിറുത്തരുതേ.”+ 9 തുടർന്ന് ശമുവേൽ, മുലകുടി മാറാത്ത ഒരു ചെമ്മരിയാട്ടിൻകുട്ടിയെ എടുത്ത് സമ്പൂർണദഹനയാഗമായി+ യഹോവയ്ക്ക് അർപ്പിച്ചിട്ട് ഇസ്രായേലിനെ സഹായിക്കാൻ യഹോവയോട് അപേക്ഷിച്ചു. യഹോവ ശമുവേലിന് ഉത്തരം കൊടുത്തു.+ 10 ശമുവേൽ ദഹനയാഗം അർപ്പിച്ചുകൊണ്ടിരുന്നപ്പോൾ ഫെലിസ്ത്യർ യുദ്ധം ചെയ്യാൻ ഇസ്രായേല്യരോട് അടുക്കുകയായിരുന്നു. യഹോവ അന്നേ ദിവസം ഫെലിസ്ത്യർക്കെതിരെ ഉച്ചത്തിൽ ഇടി മുഴക്കി+ അവരുടെ ഇടയിൽ പരിഭ്രാന്തി പടർത്തി.+ അവർ ഇസ്രായേലിനോടു തോറ്റു.+ 11 ഇസ്രായേല്യർ മിസ്പയിൽനിന്ന് പുറപ്പെട്ട് ഫെലിസ്ത്യരെ പിന്തുടർന്നു. ബേത്ത്-കാരിനു തെക്കുവരെ അവർ അവരെ കൊന്നുവീഴ്ത്തി. 12 തുടർന്ന്, ശമുവേൽ ഒരു കല്ല്+ എടുത്ത് മിസ്പയ്ക്കും യശാനയ്ക്കും ഇടയിൽ സ്ഥാപിച്ചു. “ഇതുവരെ യഹോവ നമ്മളെ സഹായിച്ചല്ലോ” എന്നു പറഞ്ഞ് ശമുവേൽ അതിന് ഏബനേസർ* എന്നു പേരിട്ടു.+ 13 അങ്ങനെ, ഫെലിസ്ത്യർ ഒതുങ്ങി. ഇസ്രായേലിന്റെ പ്രദേശത്തേക്ക് അവർ പിന്നെ വന്നതുമില്ല.+ ശമുവേലിന്റെ കാലം മുഴുവൻ യഹോവയുടെ കൈ ഫെലിസ്ത്യർക്കെതിരായിരുന്നു.+ 14 കൂടാതെ, ഫെലിസ്ത്യർ ഇസ്രായേലിൽനിന്ന് പിടിച്ചെടുത്തിരുന്ന എക്രോൻ മുതൽ ഗത്ത് വരെയുള്ള നഗരങ്ങൾ ഇസ്രായേല്യർക്കു തിരികെ കിട്ടുകയും ചെയ്തു. ആ നഗരങ്ങളുടെ ചുറ്റുമുള്ള പ്രദേശവും ഇസ്രായേൽ ഫെലിസ്ത്യരുടെ കൈയിൽനിന്ന് തിരിച്ചുപിടിച്ചു.+
മാത്രമല്ല, ഇസ്രായേല്യരും അമോര്യരും തമ്മിൽ സമാധാനത്തിലുമായിരുന്നു.
15 ശമുവേൽ ജീവിതകാലം മുഴുവൻ ഇസ്രായേലിനു ന്യായാധിപനായിരുന്നു.+ 16 ഓരോ വർഷവും ശമുവേൽ ബഥേൽ,+ ഗിൽഗാൽ,+ മിസ്പ+ എന്നിവിടങ്ങളിലൂടെ പര്യടനം നടത്തിയിരുന്നു. ഈ സ്ഥലങ്ങളിൽവെച്ചെല്ലാം ശമുവേൽ ഇസ്രായേലിനു ന്യായപാലനം ചെയ്തു. 17 പക്ഷേ, വീടു രാമയിലായതുകൊണ്ട്+ ഒടുവിൽ അവിടേക്കു മടങ്ങിവരും. അവിടെവെച്ചും ശമുവേൽ ഇസ്രായേലിനു ന്യായപാലനം ചെയ്തു. ശമുവേൽ അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു.+