നെഹമ്യ
2 അർഥഹ്ശഷ്ട രാജാവിന്റെ+ വാഴ്ചയുടെ 20-ാം വർഷം+ നീസാൻ* മാസം. ഒരു ദിവസം, രാജാവിന്റെ മുന്നിൽ വെച്ചിരുന്ന വീഞ്ഞ് എടുത്ത് ഞാൻ പതിവുപോലെ രാജാവിനു കൊടുത്തു.+ പക്ഷേ, എന്റെ മുഖം ആകെ മ്ലാനമായിരുന്നു; രാജസന്നിധിയിലായിരിക്കെ മുമ്പൊരിക്കലും അങ്ങനെ സംഭവിച്ചിട്ടില്ല. 2 അതുകൊണ്ട്, രാജാവ് എന്നോടു ചോദിച്ചു: “നിനക്ക് അസുഖമൊന്നുമില്ലല്ലോ. പിന്നെ എന്താണു നിന്റെ മുഖം മ്ലാനമായിരിക്കുന്നത്? ഇതു മനസ്സിന്റെ വിഷമംതന്നെ, സംശയമില്ല.” അപ്പോൾ, ഞാൻ വല്ലാതെ പേടിച്ചു.
3 ഞാൻ രാജാവിനോടു പറഞ്ഞു: “രാജാവ് നീണാൾ വാഴട്ടെ! എന്റെ പൂർവികരെ അടക്കം ചെയ്ത നഗരം നശിച്ചും അതിന്റെ കവാടങ്ങൾ തീക്കിരയായും കിടക്കുമ്പോൾ+ എന്റെ മുഖം എങ്ങനെ മ്ലാനമാകാതിരിക്കും?” 4 അപ്പോൾ രാജാവ് എന്നോട്, “എന്താണു നിന്റെ അപേക്ഷ” എന്നു ചോദിച്ചു. ഉടനെ ഞാൻ സ്വർഗസ്ഥനായ ദൈവത്തോടു പ്രാർഥിച്ചു.+ 5 എന്നിട്ട് രാജാവിനോടു പറഞ്ഞു: “രാജാവിനു പ്രസാദമെങ്കിൽ, അങ്ങയ്ക്ക് ഈ ദാസനോടു പ്രീതി തോന്നുന്നെങ്കിൽ, എന്റെ പൂർവികരെ അടക്കം ചെയ്ത നഗരം വീണ്ടും പണിയാൻ എന്നെ യഹൂദയിലേക്ക് അയയ്ക്കേണമേ.”+ 6 അപ്പോൾ രാജാവ് എന്നോട്, “നിനക്ക് എത്ര നാൾ വേണ്ടിവരും, എന്നു തിരിച്ചുവരും” എന്നു ചോദിച്ചു. അങ്ങനെ, എന്നെ അയയ്ക്കാൻ രാജാവിനു സമ്മതമായി.+ എത്ര സമയം വേണമെന്നും ഞാൻ പറഞ്ഞു.+ അപ്പോൾ, മഹാറാണിയും* രാജാവിന്റെ അടുത്ത് ഇരിപ്പുണ്ടായിരുന്നു.
7 പിന്നെ ഞാൻ രാജാവിനോടു പറഞ്ഞു: “രാജാവിനു പ്രസാദമെങ്കിൽ, ഞാൻ അക്കരപ്രദേശത്തുകൂടെ*+ യഹൂദയിലേക്കു പോകുമ്പോൾ ആ പ്രദേശത്തെ ഗവർണർമാർ എന്നെ കടത്തിവിടേണ്ടതിന് അവർക്കു കത്തുകൾ എഴുതിത്തരേണമേ. 8 കൂടാതെ, ദേവാലയത്തിന്റെ കോട്ടയുടെ+ കവാടങ്ങൾക്കും നഗരമതിലുകൾക്കും+ ഞാൻ താമസിക്കാൻ പോകുന്ന വീടിനും വേണ്ട ഉത്തരങ്ങൾക്ക് ആവശ്യമായ തടി നൽകാൻ രാജാവിന്റെ ഉദ്യാനപാലകനായ* ആസാഫിനും ഒരു കത്തു തരേണമേ.” എന്റെ ദൈവത്തിന്റെ നന്മയുള്ള കൈ എന്റെ മേലുണ്ടായിരുന്നതുകൊണ്ട്+ ചോദിച്ചതെല്ലാം രാജാവ് എനിക്കു തന്നു.+
9 അങ്ങനെ, ഞാൻ യാത്ര ചെയ്ത് അക്കരപ്രദേശത്തുള്ള ഗവർണർമാരുടെ അടുത്ത് ചെന്ന് അവർക്കു രാജാവിന്റെ കത്തുകൾ കൈമാറി. രാജാവ് സൈന്യത്തലവന്മാരെയും കുതിരക്കാരെയും എന്നോടുകൂടെ അയച്ചിരുന്നു. 10 ഹോരോന്യനായ സൻബല്ലത്തും+ അമ്മോന്യ+ ഉദ്യോഗസ്ഥനായ തോബീയയും+ ഇതിനെക്കുറിച്ച് കേട്ടു. ഇസ്രായേൽ ജനത്തിനു ഗുണകരമാകുന്ന കാര്യം ചെയ്യാൻ ഒരാൾ വന്നത് അവർക്കു തീരെ ഇഷ്ടപ്പെട്ടില്ല.
11 ഒടുവിൽ, ഞാൻ യരുശലേമിലെത്തി മൂന്നു ദിവസം അവിടെ കഴിഞ്ഞു. 12 യരുശലേമിനുവേണ്ടി ചെയ്യാൻ ദൈവം എന്റെ ഹൃദയത്തിൽ തോന്നിച്ച കാര്യം ഞാൻ ആരോടും പറഞ്ഞിരുന്നില്ല. ഞാനും കൂടെയുണ്ടായിരുന്നവരിൽ ചിലരും രാത്രിയിൽ എഴുന്നേറ്റ് പുറപ്പെട്ടു. ഞാൻ സവാരി ചെയ്തിരുന്ന മൃഗമല്ലാതെ മറ്റൊരു മൃഗവും എന്റെകൂടെയുണ്ടായിരുന്നില്ല. 13 ഞാൻ രാത്രിയിൽ താഴ്വരക്കവാടത്തിലൂടെ+ പുറത്ത് ഇറങ്ങി വൻപാമ്പ്-നീരുറവയുടെ മുന്നിലൂടെ ചാരക്കൂനക്കവാടത്തിലേക്കു+ ചെന്നു. എന്നിട്ട്, ഇടിഞ്ഞുകിടക്കുന്ന യരുശലേംമതിലുകളും തീക്കിരയായി കിടക്കുന്ന നഗരകവാടങ്ങളും+ പരിശോധിച്ചു. 14 തുടർന്ന്, ഞാൻ ഉറവക്കവാടത്തിലേക്കും+ രാജാവിന്റെ കുളത്തിന് അടുത്തേക്കും ചെന്നു. പക്ഷേ, വഴി ഇടുങ്ങിയതായിരുന്നതുകൊണ്ട് ഞാൻ കയറിയിരുന്ന മൃഗത്തിനു മുന്നോട്ടു പോകാൻ പറ്റില്ലായിരുന്നു. 15 എങ്കിലും, ഞാൻ രാത്രിയിൽ താഴ്വരയിലൂടെ*+ മുന്നോട്ടു ചെന്ന് മതിൽ പരിശോധിച്ചു. അതിനു ശേഷം, ഞാൻ തിരിച്ച് താഴ്വരക്കവാടത്തിലൂടെത്തന്നെ മടങ്ങിപ്പോന്നു.
16 ഞാൻ എവിടെ പോയെന്നോ എന്തു ചെയ്തെന്നോ ഉപഭരണാധികാരികൾ+ അറിഞ്ഞില്ല. കാരണം ഞാൻ, ജൂതന്മാരോടോ പുരോഹിതന്മാരോടോ പ്രധാനികളോടോ ഉപഭരണാധികാരികളോടോ ജോലിക്കാരായ മറ്റുള്ളവരോടോ അതുവരെ ഒന്നും പറഞ്ഞിരുന്നില്ല. 17 ഒടുവിൽ ഞാൻ അവരോടു പറഞ്ഞു: “നമ്മുടെ അവസ്ഥ എത്ര ദയനീയമാണെന്നു നിങ്ങൾ കാണുന്നില്ലേ? യരുശലേം നശിച്ചും അതിന്റെ കവാടങ്ങൾ കത്തിച്ചാമ്പലായും കിടക്കുന്നു. വരൂ! നമുക്ക് യരുശലേമിന്റെ മതിലുകൾ വീണ്ടും പണിയാം. അങ്ങനെ, ഈ അപമാനം ഒഴിഞ്ഞുപോകട്ടെ.” 18 എന്നിട്ട് ഞാൻ, എന്റെ ദൈവത്തിന്റെ നന്മയുള്ള കൈ+ എന്നെ സഹായിച്ച വിധവും രാജാവ് എന്നോടു പറഞ്ഞ വാക്കുകളും+ അവരെ അറിയിച്ചു. അതു കേട്ട് അവർ ആ നല്ല കാര്യം ചെയ്യാൻ കരുത്താർജിച്ചു. “നമുക്ക് എഴുന്നേറ്റ് പണി തുടങ്ങാം” എന്ന് അവർ പറഞ്ഞു.+
19 ഹോരോന്യനായ സൻബല്ലത്തും അമ്മോന്യ+ ഉദ്യോഗസ്ഥനായ തോബീയയും+ ഗേശെം എന്ന അറേബ്യക്കാരനും+ ഇതു കേട്ടപ്പോൾ ഞങ്ങളെ പരിഹസിച്ചുതുടങ്ങി:+ “നിങ്ങൾ എന്താണ് ഈ ചെയ്യുന്നത്? രാജാവിനെ ധിക്കരിക്കുന്നോ”+ എന്നു പറഞ്ഞ് അവർ ഞങ്ങളെ നിന്ദിച്ചു. 20 പക്ഷേ, ഞാൻ അവരോടു പറഞ്ഞു: “സ്വർഗസ്ഥനായ ദൈവമാണു ഞങ്ങൾക്കു വിജയം തരുന്നത്.+ അതുകൊണ്ട്, ദൈവദാസരായ ഞങ്ങൾ എഴുന്നേറ്റ് പണിയും. പക്ഷേ, നിങ്ങൾക്ക് യരുശലേമിൽ ഓഹരിയോ അവകാശമോ ഇല്ല; നിങ്ങളെ ഓർക്കാൻമാത്രം നിങ്ങൾ അവിടെ ഒന്നും ചെയ്തിട്ടുമില്ലല്ലോ.”*+