യഹസ്കേൽ
24 ഒൻപതാം വർഷം പത്താം മാസം പത്താം ദിവസം എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 2 “മനുഷ്യപുത്രാ, ഈ തീയതി,* അതെ, ഈ ദിവസം, രേഖപ്പെടുത്തിവെക്കുക. ഇന്ന് ബാബിലോൺരാജാവ് യരുശലേമിന് എതിരെ ആക്രമണം തുടങ്ങിയിരിക്കുന്നു.+ 3 മത്സരഗൃഹത്തെക്കുറിച്ച് ഒരു ദൃഷ്ടാന്തകഥ പറയുക. അവരെക്കുറിച്ച് ഇങ്ങനെ പറയണം:
“‘പരമാധികാരിയായ യഹോവ പറയുന്നു:
“തീ കൂട്ടി അതിനു മുകളിൽ ഒരു പാചകക്കലം* വെച്ച് അതിൽ വെള്ളം ഒഴിക്കുക.+
തുടയും കൈക്കുറകും പോലെ നല്ല കഷണങ്ങളെല്ലാം അതിൽ ഇടണം; നല്ല എല്ലിൻകഷണങ്ങളുംകൂടെ ഇട്ട് അതു നിറയ്ക്കുക.
5 ആട്ടിൻപറ്റത്തിൽനിന്ന് ഏറ്റവും നല്ല ആടുകളെ എടുക്കണം.+ കലത്തിന് അടിയിൽ ചുറ്റോടുചുറ്റും വിറക് അടുക്കുക.
കഷണങ്ങൾ വേവിക്കുക. എല്ലുകളും അതിൽ കിടന്ന് വേകട്ടെ.”’
6 “പരമാധികാരിയായ യഹോവ പറയുന്നു:
‘രക്തച്ചൊരിച്ചിലിന്റെ നഗരം,+ ക്ലാവ് പിടിച്ച ആ പാചകക്കലം, നശിക്കട്ടെ! അതിന്റെ ക്ലാവ് കളഞ്ഞിട്ടില്ലല്ലോ!
കഷണങ്ങൾ ഓരോന്നായി എടുത്ത് കലം കാലിയാക്കുക.+ അവയ്ക്കുവേണ്ടി നറുക്കിടരുത്.
7 കാരണം, അതിന്റെ രക്തം അതിൽത്തന്നെയുണ്ടല്ലോ.+ അവൾ അതു പാറപ്പുറത്ത് ഒഴിച്ചു.
മണ്ണിട്ട് മൂടാൻ അവൾ അതു നിലത്ത് ഒഴിച്ചില്ല.+
8 പ്രതികാരം ചെയ്യാൻ തോന്നുന്നത്ര കോപം ജ്വലിപ്പിക്കാൻ
മൊട്ടപ്പാറയുടെ പുറത്ത് ഞാൻ അവളുടെ രക്തം ഒഴിച്ചു.
അതു മൂടിക്കളയാൻ പറ്റരുത്.’+
9 “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു:
‘രക്തച്ചൊരിച്ചിലിന്റെ നഗരം നശിക്കട്ടെ!+
ഞാൻ വിറകു കൂമ്പാരംകൂട്ടും.
10 വിറകു കൂനകൂട്ടി തീ കൊളുത്തൂ!
ഇറച്ചി നന്നായി വേവിക്കൂ! ചാറ് ഒഴിച്ചുകളയൂ! എല്ലുകൾ കരിയട്ടെ!
11 കാലിയായ കലം തീക്കനലിൽ വെച്ച് ചൂടാക്കുക.
അങ്ങനെ, അതിന്റെ ചെമ്പു ചുട്ടുപഴുക്കട്ടെ.
അതിന്റെ മാലിന്യം ഉരുകിപ്പോകട്ടെ.+ അതിന്റെ ക്ലാവ് തീക്കിരയാകട്ടെ.
ക്ലാവ് പിടിച്ച ആ കലം തീയിൽ എറിയൂ!’
13 “‘നിന്റെ വഷളത്തം കാരണമാണു നീ അശുദ്ധയായത്.+ നിന്നെ ശുദ്ധീകരിക്കാൻ ഞാൻ ശ്രമിച്ചിട്ടും നീ ശുദ്ധയായില്ല. നിന്നോടുള്ള എന്റെ ഉഗ്രകോപം ശമിച്ചാലും നീ ശുദ്ധയാകില്ല.+ 14 യഹോവ എന്ന ഞാനാണു പറയുന്നത്. അതു തീർച്ചയായും സംഭവിക്കും. ഒരു മടിയും കൂടാതെ ഞാൻ നടപടിയെടുക്കും.+ എനിക്ക് അതിൽ യാതൊരു സങ്കടമോ ഖേദമോ തോന്നില്ല. നിന്റെ വഴികൾക്കും പെരുമാറ്റത്തിനും അനുസൃതമായി അവർ നിന്നെ വിധിക്കും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”
15 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 16 “മനുഷ്യപുത്രാ, നിന്റെ പ്രിയപ്പെട്ടവളെ ഞാൻ പെട്ടെന്നു നിന്റെ അടുത്തുനിന്ന് എടുക്കാൻപോകുകയാണ്.+ നീ ദുഃഖം പ്രകടിപ്പിക്കരുത്.* നീ വിലപിക്കുകയോ കരയുകയോ അരുത്. 17 മൗനമായി നെടുവീർപ്പിടുക. മരിച്ചവൾക്കുവേണ്ടി ദുഃഖാചരണം നടത്തരുത്.+ നിന്റെ തലപ്പാവ് കെട്ടി+ ചെരിപ്പ് ഇടൂ!+ വായ്* മറച്ചുപിടിക്കരുത്.+ ആളുകൾ കൊണ്ടുവന്ന് തരുന്ന അപ്പം* നീ കഴിക്കരുത്.”+
18 രാവിലെ ഞാൻ ജനത്തോടു സംസാരിച്ചു. വൈകുന്നേരം എന്റെ ഭാര്യ മരിച്ചു. എന്നോടു കല്പിച്ചിരുന്നതുപോലെതന്നെ പിറ്റേന്നു രാവിലെ ഞാൻ ചെയ്തു. 19 “നീ ചെയ്യുന്ന ഈ കാര്യങ്ങൾ ഞങ്ങളെ ബാധിക്കുന്നത് എങ്ങനെയാണെന്നു പറഞ്ഞുതരില്ലേ” എന്ന് ആളുകൾ എന്നോടു ചോദിച്ചു. 20 അപ്പോൾ, ഞാൻ പറഞ്ഞു: “എനിക്ക് യഹോവയിൽനിന്ന് ഈ സന്ദേശം കിട്ടിയിട്ടുണ്ട്: 21 ‘ഇസ്രായേൽഗൃഹത്തോടു പറയണം: “പരമാധികാരിയായ യഹോവ പറയുന്നു: ‘നിങ്ങൾ ഏറെ അഭിമാനംകൊള്ളുന്ന, നിങ്ങൾക്കു പ്രിയപ്പെട്ട, നിങ്ങളുടെ ഹൃദയത്തിനു കൊതി തോന്നുന്ന എന്റെ വിശുദ്ധമന്ദിരം ഞാൻ അശുദ്ധമാക്കാൻപോകുകയാണ്.+ നിങ്ങൾ വിട്ടിട്ടുപോന്ന നിങ്ങളുടെ പുത്രീപുത്രന്മാർ വാളിന് ഇരയാകും.+ 22 അപ്പോൾ, ഞാൻ ചെയ്തതുപോലെതന്നെ നിങ്ങൾക്കും ചെയ്യേണ്ടിവരും. നിങ്ങൾ വായ്* മറച്ചുപിടിക്കുകയോ ആളുകൾ കൊണ്ടുവന്ന് തരുന്ന അപ്പം കഴിക്കുകയോ ഇല്ല.+ 23 നിങ്ങളുടെ തലപ്പാവ് നിങ്ങളുടെ തലയിലും ചെരിപ്പു കാലിലും ഉണ്ടായിരിക്കും. നിങ്ങൾ ദുഃഖം പ്രകടിപ്പിക്കുകയോ വിലപിക്കുകയോ ഇല്ല. പകരം, നിങ്ങളുടെ തെറ്റുകൾ കാരണം നിങ്ങൾ ക്ഷയിച്ചുപോകും.+ നിങ്ങൾ പരസ്പരം നോക്കി നെടുവീർപ്പിടും. 24 യഹസ്കേൽ നിങ്ങൾക്ക് ഒരു അടയാളമാണ്.+ അവൻ ചെയ്തതുപോലെതന്നെ നിങ്ങളും ചെയ്യും. അങ്ങനെ സംഭവിക്കുമ്പോൾ ഞാൻ പരമാധികാരിയായ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.’”’”
25 “മനുഷ്യപുത്രാ, അവർക്കു പ്രിയപ്പെട്ട, അവരുടെ ഹൃദയത്തിനു കൊതി തോന്നുന്ന, അവരുടെ അഭയകേന്ദ്രം, അവർക്കു സന്തോഷം പകരുന്ന മനോഹരസ്ഥലം, ഞാൻ എടുത്തുകളയും. അവരുടെ പുത്രീപുത്രന്മാരെയും ഞാൻ അന്നു കൊണ്ടുപോകും.+ 26 ഒരാൾ രക്ഷപ്പെട്ട് വന്ന് അന്നുതന്നെ ആ വാർത്ത നിന്നെ അറിയിക്കും.+ 27 അന്നു നീ വായ് തുറക്കും; രക്ഷപ്പെട്ട് വന്ന ആ മനുഷ്യനോടു സംസാരിക്കും. അപ്പോൾമുതൽ, നീ മൂകനായിരിക്കില്ല.+ അവർക്കു നീ ഒരു അടയാളമാകും. അങ്ങനെ, ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും.”