ദിനവൃത്താന്തം ഒന്നാം ഭാഗം
23 ദാവീദ് പ്രായം ചെന്ന് മരിക്കാറായി. അപ്പോൾ ദാവീദ് മകനായ ശലോമോനെ ഇസ്രായേലിനു രാജാവാക്കി.+ 2 പിന്നെ ഇസ്രായേലിലെ എല്ലാ പ്രഭുക്കന്മാരെയും പുരോഹിതന്മാരെയും+ ലേവ്യരെയും+ കൂട്ടിവരുത്തി. 3 ലേവ്യരിൽ 30 വയസ്സും അതിനു മേലോട്ടും പ്രായമുള്ള ഓരോ പുരുഷനെയും ആളാംപ്രതി* എണ്ണി.+ ആകെ 38,000 പേരുണ്ടായിരുന്നു. 4 അതിൽ 24,000 പേർ യഹോവയുടെ ഭവനത്തിലെ വേലയ്ക്കു മേൽനോട്ടം വഹിച്ചു; 6,000 പേർ അധികാരികളും ന്യായാധിപന്മാരും+ ആയി സേവിച്ചു. 5 ബാക്കിയുള്ളവരിൽ 4,000 പേർ കാവൽക്കാരും+ 4,000 പേർ ദൈവത്തെ സ്തുതിക്കാൻ+ ദാവീദ് നിർമിച്ച സംഗീതോപകരണങ്ങൾ വായിച്ച് യഹോവയ്ക്കു സ്തുതി അർപ്പിക്കുന്നവരും ആയിരുന്നു.
6 ദാവീദ് ലേവിയുടെ ആൺമക്കളുടെ പേരുകളനുസരിച്ച് അവരെ ഗർശോൻ, കൊഹാത്ത്, മെരാരി+ എന്നീ വിഭാഗങ്ങളായി+ സംഘടിപ്പിച്ചു.* 7 ഗർശോന്യരിൽനിന്ന് ലാദാനും ശിമെയിയും. 8 ലാദാന്റെ ആൺമക്കൾ മൂന്നു പേർ: തലവനായ യഹീയേലും സേഥാമും യോവേലും.+ 9 ശിമെയിയുടെ ആൺമക്കൾ മൂന്നു പേർ: ശെലോമോത്ത്, ഹസീയേൽ, ഹാരാൻ. ഇവരായിരുന്നു ലാദാന്റെ പിതൃഭവനങ്ങളുടെ തലവന്മാർ. 10 ശിമെയിയുടെ ആൺമക്കൾ: യഹത്ത്, സീന, യയൂശ്, ബരീയ. ഇവർ നാലു പേരുമായിരുന്നു ശിമെയിയുടെ ആൺമക്കൾ. 11 യഹത്തായിരുന്നു തലവൻ; രണ്ടാമൻ സീസ. എന്നാൽ യയൂശിനും ബരീയയ്ക്കും അധികം ആൺമക്കളില്ലായിരുന്നു. അതുകൊണ്ട് അവരെ ഒരൊറ്റ പിതൃഭവനമായി എണ്ണി ഒരു ചുമതലയാണ് ഏൽപ്പിച്ചിരുന്നത്.
12 കൊഹാത്തിന്റെ ആൺമക്കൾ നാലു പേർ: അമ്രാം, യിസ്ഹാർ,+ ഹെബ്രോൻ, ഉസ്സീയേൽ.+ 13 അമ്രാമിന്റെ ആൺമക്കളായിരുന്നു അഹരോനും+ മോശയും.+ എന്നാൽ അതിവിശുദ്ധസ്ഥലം വിശുദ്ധീകരിക്കാനും യഹോവയുടെ സന്നിധിയിൽ ബലികൾ അർപ്പിക്കാനും ദൈവമുമ്പാകെ ശുശ്രൂഷ ചെയ്യാനും ദൈവത്തിന്റെ നാമത്തിൽ എന്നെന്നും അനുഗ്രഹിക്കാനും+ വേണ്ടി അഹരോനെയും ആൺമക്കളെയും എന്നേക്കുമായി വേർതിരിച്ചു.+ 14 ദൈവപുരുഷനായ മോശയുടെ ആൺമക്കളെ ലേവ്യഗോത്രത്തോടൊപ്പമാണ് എണ്ണിയത്. 15 ഗർശോമും+ എലീയേസെരും+ ആയിരുന്നു മോശയുടെ ആൺമക്കൾ. 16 ശെബൂവേലായിരുന്നു+ ഗർശോമിന്റെ ആൺമക്കളുടെ തലവൻ. 17 രഹബ്യയായിരുന്നു+ എലീയേസെരിന്റെ വംശജരുടെ* തലവൻ. എലീയേസെരിനു വേറെ ആൺമക്കളുണ്ടായിരുന്നില്ല. എന്നാൽ രഹബ്യക്കു ധാരാളം ആൺമക്കളുണ്ടായിരുന്നു. 18 ശെലോമീത്തായിരുന്നു+ യിസ്ഹാരിന്റെ+ ആൺമക്കളുടെ തലവൻ. 19 ഹെബ്രോന്റെ ആൺമക്കൾ: തലവനായ യരിയ, രണ്ടാമൻ അമര്യ, മൂന്നാമൻ യഹസീയേൽ, നാലാമൻ യക്കമെയാം.+ 20 ഉസ്സീയേലിന്റെ ആൺമക്കൾ:+ തലവനായ മീഖ, രണ്ടാമൻ യിശ്യ.
21 മെരാരിയുടെ ആൺമക്കൾ: മഹ്ലി, മൂശി.+ മഹ്ലിയുടെ ആൺമക്കൾ: എലെയാസർ, കീശ്. 22 എലെയാസർ ആൺമക്കളില്ലാതെ മരിച്ചു; എലെയാസരിനു പെൺമക്കളേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അവരുടെ ബന്ധുക്കളായ,* കീശിന്റെ ആൺമക്കൾ ആ പെൺകുട്ടികളെ വിവാഹം കഴിച്ചു. 23 മൂശിയുടെ ആൺമക്കൾ മൂന്നു പേർ: മഹ്ലി, ഏദെർ, യരേമോത്ത്.
24 ഇവരായിരുന്നു പിതൃഭവനങ്ങളനുസരിച്ച്, പിതൃഭവനങ്ങളുടെ തലവന്മാരനുസരിച്ച്, ലേവിയുടെ ആൺമക്കൾ. 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള ഈ പുരുഷന്മാരുടെ എണ്ണമെടുത്ത് പേരുപേരായി രേഖയിൽ ചേർത്തിരുന്നു. അവർ യഹോവയുടെ ഭവനത്തിലെ സേവനങ്ങൾ ചെയ്തുപോന്നു. 25 കാരണം ദാവീദ് ഇങ്ങനെ പറഞ്ഞിരുന്നു: “ഇസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനത്തിനു വിശ്രമം നൽകിയിരിക്കുന്നു;+ ദൈവം എന്നും യരുശലേമിൽ വസിക്കും.+ 26 അതുകൊണ്ട് ലേവ്യർ ഇനിമുതൽ വിശുദ്ധകൂടാരമോ ആരാധനയ്ക്ക് ഉപയോഗിച്ചിരുന്ന ഏതെങ്കിലും ഉപകരണങ്ങളോ+ ചുമക്കേണ്ടതില്ല.” 27 അങ്ങനെ, ദാവീദ് നൽകിയ അവസാനത്തെ നിർദേശമനുസരിച്ച് ലേവ്യരിൽ 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള എല്ലാവരെയും എണ്ണി. 28 അഹരോന്റെ പുത്രന്മാരെ+ യഹോവയുടെ ഭവനത്തിലെ സേവനത്തിൽ സഹായിക്കുക എന്നതായിരുന്നു അവരുടെ ദൗത്യം. മുറ്റങ്ങളുടെയും+ ഊണുമുറികളുടെയും വിശുദ്ധവസ്തുക്കളുടെ ശുദ്ധീകരണത്തിന്റെയും സത്യദൈവത്തിന്റെ ഭവനത്തിലെ മറ്റു ജോലികളുടെയും ചുമതല അവർക്കായിരുന്നു. 29 കാഴ്ചയപ്പം,*+ ധാന്യയാഗത്തിനുള്ള നേർത്ത ധാന്യപ്പൊടി, കനം കുറഞ്ഞ് മൊരിഞ്ഞിരിക്കുന്ന പുളിപ്പില്ലാത്ത* അപ്പം,+ കല്ലിൽ ചുട്ടെടുത്ത അട, എണ്ണ ചേർത്ത മാവ്,+ അളവുകളും തൂക്കങ്ങളും എന്നിവയുടെയെല്ലാം കാര്യത്തിൽ ഇവരാണ് അവരെ സഹായിച്ചിരുന്നത്. 30 ദൈവമായ യഹോവയോടു നന്ദി പറയാനും ദൈവത്തെ സ്തുതിക്കാനും ആയി എല്ലാ ദിവസവും രാവിലെയും+ വൈകുന്നേരവും+ ലേവ്യർ അവിടെയുണ്ടായിരിക്കണമായിരുന്നു. 31 നിയമപ്രകാരമുള്ള എണ്ണമനുസരിച്ച്, ശബത്തിലും+ കറുത്ത വാവിലും+ ഉത്സവകാലങ്ങളിലും+ യഹോവയ്ക്കു ദഹനബലികൾ അർപ്പിക്കുമ്പോഴെല്ലാം അവർ പതിവായി യഹോവയുടെ മുമ്പാകെ വന്ന് അവരെ സഹായിച്ചിരുന്നു. 32 കൂടാതെ സാന്നിധ്യകൂടാരത്തോടും വിശുദ്ധസ്ഥലത്തോടും അവരുടെ സഹോദരന്മാരായ അഹരോന്റെ പുത്രന്മാരോടും ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളെല്ലാം അവർ യഹോവയുടെ ഭവനത്തിൽ ചെയ്തുപോന്നു.