ദിനവൃത്താന്തം രണ്ടാം ഭാഗം
2 പിന്നെ ശലോമോൻ യഹോവയുടെ നാമത്തിനുവേണ്ടി ഒരു ദേവാലയവും+ തനിക്കുവേണ്ടി ഒരു കൊട്ടാരവും പണിയാൻ ഉത്തരവിട്ടു.+ 2 ശലോമോൻ 70,000 പേരെ ചുമട്ടുകാരായും 80,000 പേരെ മലകളിൽ കല്ലുവെട്ടുകാരായും+ 3,600 പേരെ അവർക്കു മേൽനോട്ടക്കാരായും നിയമിച്ചു.+ 3 കൂടാതെ ശലോമോൻ സോരിലെ രാജാവായ ഹീരാമിന്+ ഇങ്ങനെയൊരു സന്ദേശം അയച്ചു: “എന്റെ അപ്പനായ ദാവീദ് ഒരു കൊട്ടാരം പണിതപ്പോൾ അങ്ങ് ദേവദാരുത്തടി കൊടുത്ത് സഹായിച്ചതുപോലെ എന്നെയും സഹായിക്കണം.+ 4 ഞാൻ എന്റെ ദൈവമായ യഹോവയുടെ നാമത്തിനുവേണ്ടി ഒരു ഭവനം പണിത് അതു ദൈവത്തിനുവേണ്ടി വിശുദ്ധീകരിക്കാൻപോകുകയാണ്. അവിടെ ദൈവത്തിന്റെ മുന്നിൽ സുഗന്ധദ്രവ്യം കത്തിക്കുകയും,+ പതിവ് കാഴ്ചയപ്പം* ഒരുക്കിവെക്കുകയും,+ രാവിലെയും വൈകുന്നേരവും ശബത്തുകളിലും+ കറുത്ത വാവുകളിലും+ ഞങ്ങളുടെ ദൈവമായ യഹോവയുടെ ഉത്സവകാലങ്ങളിലും+ ദഹനയാഗങ്ങൾ+ അർപ്പിക്കുകയും വേണം. ഇസ്രായേൽ ഇത് എല്ലാ കാലവും ചെയ്യേണ്ടതാണ്. 5 ഞങ്ങളുടെ ദൈവം മറ്റെല്ലാ ദൈവങ്ങളെക്കാളും ശ്രേഷ്ഠനായതിനാൽ ഞാൻ പണിയുന്ന ഭവനം അതിശ്രേഷ്ഠമായിരിക്കണം. 6 സ്വർഗങ്ങൾക്കും സ്വർഗാധിസ്വർഗങ്ങൾക്കും ഞങ്ങളുടെ ദൈവത്തെ ഉൾക്കൊള്ളാൻ കഴിയില്ല.+ ആ സ്ഥിതിക്കു ദൈവത്തിന് ഒരു ഭവനം പണിയാൻ ആർക്കു കഴിയും? ദൈവമുമ്പാകെ യാഗവസ്തു ദഹിപ്പിക്കാനുള്ള* ഒരു സ്ഥലം എന്നല്ലാതെ ദൈവത്തിനുവേണ്ടി ഒരു ഭവനം പണിയാൻ ഞാൻ ആരാണ്? 7 അങ്ങ് ഇപ്പോൾ എനിക്കു വിദഗ്ധനായ ഒരു പണിക്കാരനെ അയച്ചുതരണം. അയാൾ സ്വർണം, വെള്ളി, ചെമ്പ്,+ ഇരുമ്പ്, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, രക്തവർണത്തിലുള്ള നൂൽ, നീല നിറത്തിലുള്ള നൂൽ എന്നിവകൊണ്ട് പണി ചെയ്യാൻ സമർഥനായിരിക്കണം; കൊത്തുപണി ചെയ്യാനും അറിവുണ്ടായിരിക്കണം. അയാൾ വന്ന് യഹൂദയിലും യരുശലേമിലും എന്റെ അപ്പനായ ദാവീദ് എനിക്കു തന്നിരിക്കുന്ന വിദഗ്ധജോലിക്കാരോടൊപ്പം പണി ചെയ്യട്ടെ.+ 8 കൂടാതെ അങ്ങ് എനിക്കു ലബാനോനിൽനിന്ന് ദേവദാരു, ജൂനിപ്പർ,+ രക്തചന്ദനം+ എന്നിവയുടെ തടിയും അയച്ചുതരണം. ലബാനോനിലെ മരങ്ങൾ+ മുറിക്കാൻ അങ്ങയുടെ ദാസന്മാർക്കു പ്രത്യേകം വൈദഗ്ധ്യമുണ്ടെന്ന് എനിക്ക് അറിയാം. എന്റെ ദാസന്മാർ അവരെ സഹായിക്കും.+ 9 എനിക്കു ധാരാളം തടി ആവശ്യമുണ്ട്. കാരണം അതിഗംഭീരമായ ഒരു ദേവാലയമാണു ഞാൻ പണിയാൻ ഉദ്ദേശിക്കുന്നത്. 10 അങ്ങയുടെ മരംവെട്ടുകാരായ ദാസന്മാർക്കു വേണ്ട ഭക്ഷണം ഞാൻ കൊടുക്കാം.+ 20,000 കോർ* ഗോതമ്പും 20,000 കോർ ബാർളിയും 20,000 ബത്ത്* വീഞ്ഞും 20,000 ബത്ത് എണ്ണയും ഞാൻ എത്തിച്ചുതരാം.”
11 അപ്പോൾ സോരിലെ രാജാവായ ഹീരാം ശലോമോന് ഇങ്ങനെയൊരു എഴുത്തു കൊടുത്തയച്ചു: “യഹോവ തന്റെ ജനത്തെ സ്നേഹിക്കുന്നതുകൊണ്ട് അങ്ങയെ അവർക്കു രാജാവാക്കിയിരിക്കുന്നു.” 12 ഹീരാം തുടർന്നു: “ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ, ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ. ദൈവം വിവേകവും ഗ്രാഹ്യവും നിറഞ്ഞ,+ ബുദ്ധിമാനായ ഒരു മകനെ ദാവീദ് രാജാവിനു നൽകിയിരിക്കുന്നല്ലോ.+ ആ മകൻ യഹോവയ്ക്കുവേണ്ടി ഒരു ആലയവും തനിക്കു താമസിക്കാൻ ഒരു കൊട്ടാരവും പണിയും. 13 ഞാൻ ഇതാ, വിദഗ്ധനായ ഒരു പണിക്കാരനെ അയച്ചുതരുന്നു. അയാൾ വളരെ സമർഥനാണ്.* ഹീരാം-ആബി+ എന്നാണു പേര്. 14 ദാൻവംശജയാണ് അയാളുടെ അമ്മ. എന്നാൽ അപ്പൻ സോർദേശക്കാരനാണ്. അയാൾക്കു സ്വർണം, വെള്ളി, ചെമ്പ്, ഇരുമ്പ്, കല്ല്, തടി, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, നീല നിറത്തിലുള്ള നൂൽ, മേത്തരം തുണി, രക്തവർണത്തിലുള്ള നൂൽ എന്നിവകൊണ്ട് പണി ചെയ്ത് നല്ല പരിചയമുണ്ട്.+ എല്ലാ തരം കൊത്തുപണികളും അറിയാം. ഏതു മാതൃക കൊടുത്താലും അയാൾ അത് ഉണ്ടാക്കിത്തരും.+ അങ്ങയുടെയും എന്റെ യജമാനനായ ദാവീദിന്റെയും വിദഗ്ധശില്പികളുടെകൂടെ അയാൾ ജോലി ചെയ്തുകൊള്ളും. 15 യജമാനനേ, അങ്ങ് പറഞ്ഞതുപോലെ അങ്ങയുടെ ദാസന്മാർക്കു ഗോതമ്പും ബാർളിയും എണ്ണയും വീഞ്ഞും കൊടുത്തയച്ചാലും.+ 16 അങ്ങയ്ക്ക് ആവശ്യമുള്ളത്രയും തടി ഞങ്ങൾ ലബാനോനിൽനിന്ന് വെട്ടിത്തരാം.+ ഞങ്ങൾ അതു ചങ്ങാടങ്ങളാക്കി കടൽമാർഗം യോപ്പയിൽ എത്തിക്കാം.+ അങ്ങയ്ക്ക് അത് അവിടെനിന്ന് യരുശലേമിലേക്കു കൊണ്ടുപോകാമല്ലോ.”+
17 പിന്നെ ശലോമോൻ അപ്പനായ ദാവീദ് ചെയ്തതുപോലെ+ ഇസ്രായേൽ ദേശത്ത് വന്നുതാമസിക്കുന്ന വിദേശികളുടെ ഒരു കണക്കെടുത്തു.+ അവർ മൊത്തം 1,53,600 പേരുണ്ടായിരുന്നു. 18 ശലോമോൻ അവരിൽ 70,000 പേരെ ചുമട്ടുകാരായും 80,000 പേരെ മലകളിൽ കല്ലുവെട്ടുകാരായും+ 3,600 പേരെ ആളുകളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതിനു മേൽനോട്ടക്കാരായും നിയമിച്ചു.+