എസ്ര
8 അർഥഹ്ശഷ്ട രാജാവിന്റെ ഭരണകാലത്ത് എന്നോടൊപ്പം ബാബിലോണിൽനിന്ന് പോന്നവരുടെ+ വംശാവലിരേഖയും പിതൃഭവനത്തലവന്മാരുടെ പേരുകളും: 2 ഫിനെഹാസിന്റെ+ ആൺമക്കളിൽ ഗർശോം; ഈഥാമാരിന്റെ+ ആൺമക്കളിൽ ദാനിയേൽ; ദാവീദിന്റെ ആൺമക്കളിൽ ഹത്തൂശ്; 3 പരോശിന്റെയും ശെഖന്യയുടെയും വംശത്തിൽപ്പെട്ട സെഖര്യ, സെഖര്യയുടെകൂടെ രേഖയിൽ പേരുള്ള 150 പുരുഷന്മാർ; 4 പഹത്-മോവാബിന്റെ+ ആൺമക്കളിൽ സെരഹ്യയുടെ മകൻ എല്യെഹോവേനായി, എല്യെഹോവേനായിയുടെകൂടെ 200 പുരുഷന്മാർ; 5 സത്ഥുവിന്റെ+ ആൺമക്കളിൽ യഹസീയേലിന്റെ മകൻ ശെഖന്യ, ശെഖന്യയുടെകൂടെ 300 പുരുഷന്മാർ; 6 ആദീന്റെ+ ആൺമക്കളിൽ യോനാഥാന്റെ മകൻ ഏബെദ്, ഏബെദിന്റെകൂടെ 50 പുരുഷന്മാർ; 7 ഏലാമിന്റെ+ ആൺമക്കളിൽ അഥല്യയുടെ മകൻ എശയ്യ, എശയ്യയുടെകൂടെ 70 പുരുഷന്മാർ; 8 ശെഫത്യയുടെ+ ആൺമക്കളിൽ മീഖായേലിന്റെ മകൻ സെബദ്യ, സെബദ്യയുടെകൂടെ 80 പുരുഷന്മാർ; 9 യോവാബിന്റെ ആൺമക്കളിൽ യഹീയേലിന്റെ മകൻ ഓബദ്യ, ഓബദ്യയുടെകൂടെ 218 പുരുഷന്മാർ; 10 ബാനിയുടെ ആൺമക്കളിൽ യോസിഫ്യയുടെ മകൻ ശെലോമീത്ത്, ശെലോമീത്തിന്റെകൂടെ 160 പുരുഷന്മാർ; 11 ബേബായിയുടെ+ ആൺമക്കളിൽ ബേബായിയുടെ മകൻ സെഖര്യ, സെഖര്യയുടെകൂടെ 28 പുരുഷന്മാർ; 12 അസ്ഗാദിന്റെ+ ആൺമക്കളിൽ ഹക്കാതാന്റെ മകൻ യോഹാനാൻ, യോഹാനാന്റെകൂടെ 110 പുരുഷന്മാർ; 13 അദോനിക്കാമിന്റെ+ ആൺമക്കളിൽ അവസാനത്തവരായ എലീഫേലെത്ത്, യയീയേൽ, ശെമയ്യ എന്നിവരും അവരുടെകൂടെ 60 പുരുഷന്മാരും; 14 ബിഗ്വായിയുടെ+ ആൺമക്കളിൽ ഊഥായി, സബൂദ്, അവരുടെകൂടെ 70 പുരുഷന്മാർ.
15 ഞാൻ അവരെ അഹവയിലേക്ക് ഒഴുകുന്ന നദിയുടെ തീരത്ത് കൂട്ടിവരുത്തി.+ ഞങ്ങൾ അവിടെ കൂടാരം അടിച്ച് മൂന്നു ദിവസം താമസിച്ചു. എന്നാൽ ഞാൻ ജനത്തിന്റെയും പുരോഹിതന്മാരുടെയും ഇടയിൽ അന്വേഷിച്ചപ്പോൾ ലേവ്യർ ആരും അക്കൂട്ടത്തിലില്ലെന്നു മനസ്സിലായി. 16 അതുകൊണ്ട് ഞാൻ പ്രധാനികളായ എലീയേസെർ, അരിയേൽ, ശെമയ്യ, എൽനാഥാൻ, യാരീബ്, എൽനാഥാൻ, നാഥാൻ, സെഖര്യ, മെശുല്ലാം എന്നിവരെയും ഗുരുക്കന്മാരായ യൊയാരീബ്, എൽനാഥാൻ എന്നിവരെയും ആളയച്ച് വിളിപ്പിച്ചു. 17 എന്നിട്ട് കാസിഫ്യ എന്ന സ്ഥലത്തെ പ്രധാനിയായ ഇദ്ദൊയുടെ അടുത്തേക്കു പോകാൻ ഒരു കല്പന കൊടുത്തു. കാസിഫ്യയിൽ ചെന്ന് ദേവാലയസേവകരുടെ* കുടുംബത്തിൽപ്പെട്ട ഇദ്ദൊയെയും സഹോദരന്മാരെയും കണ്ട് ഞങ്ങളുടെ ദൈവത്തിന്റെ ഭവനത്തിനുവേണ്ടി ശുശ്രൂഷ ചെയ്യുന്നവരെ കൊണ്ടുവരാൻ പറയണമെന്നു പറഞ്ഞു. 18 ഞങ്ങളുടെ ദൈവത്തിന്റെ അനുഗ്രഹം ഞങ്ങൾക്കുണ്ടായിരുന്നതുകൊണ്ട് അവർക്ക് ഇസ്രായേലിന്റെ മകനായ ലേവിയുടെ കൊച്ചുമകനായ മഹ്ലിയുടെ+ ആൺമക്കളിൽപ്പെട്ട ജ്ഞാനിയായ ശേരെബ്യയെയും+ ശേരെബ്യയുടെ ആൺമക്കളെയും സഹോദരന്മാരെയും കൊണ്ടുവരാൻ കഴിഞ്ഞു. അവർ ആകെ 18 പേർ. 19 കൂടാതെ ഹശബ്യയെയും മെരാര്യനായ+ എശയ്യയെയും സഹോദരന്മാരെയും അവരുടെ ആൺമക്കളെയും അവർ കൊണ്ടുവന്നു. അവർ ആകെ 20 പേർ. 20 പേര് വിളിച്ച് തിരഞ്ഞെടുത്ത 220 ദേവാലയസേവകരും അക്കൂട്ടത്തിലുണ്ടായിരുന്നു. ദാവീദും പ്രഭുക്കന്മാരും ആണ് ലേവ്യരെ സഹായിക്കാനായി ദേവാലയസേവകരെ ഏർപ്പെടുത്തിയത്.
21 അതിനു ശേഷം, ഞങ്ങളുടെ ദൈവത്തിനു മുമ്പാകെ ഞങ്ങളെത്തന്നെ താഴ്ത്തുന്നതിനും കുട്ടികളോടും സാധനസാമഗ്രികളോടും കൂടെയുള്ള ഞങ്ങളുടെ യാത്രയെക്കുറിച്ച് ദൈവത്തോട് ഉപദേശം തേടുന്നതിനും വേണ്ടി ഞാൻ അഹവ നദീതീരത്ത് ഒരു ഉപവാസം പ്രഖ്യാപിച്ചു. 22 വഴിയിൽ ശത്രുക്കളുടെ ആക്രമണം തടയാനായി രാജാവിനോടു സൈനികരെയും കുതിരപ്പടയാളികളെയും ചോദിക്കാൻ എനിക്കു മടി തോന്നി. കാരണം, “ഞങ്ങളുടെ ദൈവത്തിന്റെ ശക്തിയുള്ള കരം ദൈവത്തെ അന്വേഷിക്കുന്ന എല്ലാവരെയും പിന്തുണയ്ക്കുന്നു,+ എന്നാൽ ദൈവത്തെ ഉപേക്ഷിക്കുന്നവരോട് ദൈവം കോപിക്കുകയും അവർക്കെതിരെ തന്റെ ശക്തി പ്രയോഗിക്കുകയും ചെയ്യും”+ എന്നു ഞങ്ങൾ രാജാവിനോടു പറഞ്ഞിരുന്നു. 23 അതുകൊണ്ട് ഞങ്ങൾ ഉപവസിക്കുകയും ഇതെക്കുറിച്ച് ദൈവത്തോട് അപേക്ഷിക്കുകയും ചെയ്തു. ദൈവം ഞങ്ങളുടെ യാചന കേട്ടു.+
24 പിന്നെ ഞാൻ 12 പ്രധാനപുരോഹിതന്മാരെ, അതായത് ശേരെബ്യയെയും ഹശബ്യയെയും+ അവരുടെ പത്തു സഹോദരന്മാരെയും, വിളിച്ചുകൂട്ടി. 25 എന്നിട്ട് രാജാവും രാജാവിന്റെ ഉപദേഷ്ടാക്കളും പ്രഭുക്കന്മാരും അവിടെയുണ്ടായിരുന്ന എല്ലാ ഇസ്രായേല്യരും ഞങ്ങളുടെ ദൈവത്തിന്റെ ഭവനത്തിനുവേണ്ടി സംഭാവനയായി നൽകിയ സ്വർണവും വെള്ളിയും ഉപകരണങ്ങളും തൂക്കിനോക്കിയിട്ട് അവരുടെ കൈയിൽ കൊടുത്തു.+ 26 അങ്ങനെ ഞാൻ അവർക്ക് 650 താലന്തു* വെള്ളിയും 2 താലന്തു വിലവരുന്ന 100 വെള്ളിയുപകരണങ്ങളും 100 താലന്തു സ്വർണവും 27 1,000 ദാരിക്ക്* വിലവരുന്ന 20 ചെറിയ സ്വർണപാത്രങ്ങളും സ്വർണംപോലെ വിശിഷ്ടമായ, തിളങ്ങുന്ന ചുവപ്പു നിറത്തിൽ മേത്തരം ചെമ്പുകൊണ്ട് ഉണ്ടാക്കിയ 2 ഉപകരണങ്ങളും തൂക്കിക്കൊടുത്തു.
28 പിന്നെ ഞാൻ അവരോടു പറഞ്ഞു: “നിങ്ങൾ യഹോവയ്ക്കു വിശുദ്ധരാണ്;+ ഉപകരണങ്ങളും വിശുദ്ധമാണ്. ഈ സ്വർണവും വെള്ളിയും ആകട്ടെ, നിങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവയ്ക്കു ലഭിച്ച കാഴ്ചകളാണ്. 29 യരുശലേമിൽ യഹോവയുടെ ഭവനത്തിലെ അറകളിൽവെച്ച്* പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രമാണികളും ഇസ്രായേലിന്റെ പിതൃഭവനങ്ങളുടെ പ്രഭുക്കന്മാരും കാൺകെ തൂക്കിനോക്കുന്നതുവരെ നിങ്ങൾ ഇവ ഭദ്രമായി സൂക്ഷിക്കണം.”+ 30 അങ്ങനെ പുരോഹിതന്മാരും ലേവ്യരും കൂടി യരുശലേമിലുള്ള ഞങ്ങളുടെ ദൈവത്തിന്റെ ഭവനത്തിലേക്കു കൊണ്ടുപോകാനായി തൂക്കിക്കൊടുത്ത ആ സ്വർണവും വെള്ളിയും ഉപകരണങ്ങളും ഏറ്റുവാങ്ങി.
31 ഒടുവിൽ, ഒന്നാം മാസം+ 12-ാം ദിവസം ഞങ്ങൾ അഹവ നദിക്കരയിൽനിന്ന്+ യരുശലേമിലേക്കു പുറപ്പെട്ടു. ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങളുടെ മേലുണ്ടായിരുന്നു; ദൈവം വഴിയിലെ ശത്രുക്കളിൽനിന്നും കൊള്ളക്കാരിൽനിന്നും ഞങ്ങളെ രക്ഷിച്ചു. 32 അങ്ങനെ ഞങ്ങൾ യരുശലേമിൽ എത്തി,+ മൂന്നു ദിവസം അവിടെ താമസിച്ചു. 33 നാലാം ദിവസം ഞങ്ങൾ ഞങ്ങളുടെ ദൈവത്തിന്റെ ഭവനത്തിൽവെച്ച് ആ സ്വർണവും വെള്ളിയും ഉപകരണങ്ങളും തൂക്കിനോക്കി+ പുരോഹിതനായ ഉരിയയുടെ മകൻ മെരേമോത്തിനെ+ ഏൽപ്പിച്ചു. മെരേമോത്തിന്റെകൂടെ ഫിനെഹാസിന്റെ മകൻ എലെയാസരും യേശുവയുടെ മകൻ യോസാബാദ്,+ ബിന്നൂവിയുടെ+ മകൻ നോവദ്യ എന്നീ ലേവ്യരും ഉണ്ടായിരുന്നു. 34 അങ്ങനെ എല്ലാത്തിന്റെയും എണ്ണമെടുത്ത് തൂക്കിനോക്കി, തൂക്കമെല്ലാം രേഖപ്പെടുത്തിവെച്ചു. 35 പ്രവാസത്തിൽനിന്ന് മോചിതരായി വന്നവർ ഇസ്രായേലിന്റെ ദൈവത്തിനു ദഹനബലികൾ അർപ്പിച്ചു. പാപയാഗമായി 12 ആൺകോലാടുകളെയും+ 96 ആൺചെമ്മരിയാടുകളെയും+ 77 ആണാട്ടിൻകുട്ടികളെയും എല്ലാ ഇസ്രായേല്യർക്കുംവേണ്ടി 12 കാളകളെയും+ അർപ്പിച്ചു. ഇതെല്ലാം യഹോവയ്ക്കുള്ള ദഹനയാഗമായിരുന്നു.+
36 പിന്നെ ഞങ്ങൾ രാജാവിന്റെ ഉത്തരവുകൾ+ രാജാവിന്റെ സംസ്ഥാനാധിപതിമാർക്കും* അക്കരപ്രദേശത്തെ*+ ഗവർണർമാർക്കും കൈമാറി; അവർ ജനത്തെയും ദൈവഭവനത്തെയും സഹായിച്ചു.+