റോമിലുള്ളവർക്ക് എഴുതിയ കത്ത്
14 വിശ്വാസത്തിൽ ബലഹീനനായ ആളെ സന്തോഷത്തോടെ സ്വീകരിക്കുക.*+ അയാൾക്കു മറ്റൊരു അഭിപ്രായമുണ്ട്* എന്നതിന്റെ പേരിൽ അയാളെ വിധിക്കരുത്. 2 ഒരാളുടെ വിശ്വാസം എല്ലാം കഴിക്കാൻ അയാളെ അനുവദിച്ചേക്കാം. എന്നാൽ ബലഹീനനായ ആൾ സസ്യാഹാരം മാത്രം കഴിക്കുന്നു. 3 കഴിക്കുന്നയാൾ കഴിക്കാത്തയാളെ പുച്ഛിക്കരുത്. കഴിക്കാത്തയാൾ കഴിക്കുന്നയാളെ വിധിക്കുകയുമരുത്.+ കാരണം ദൈവം അയാളെ സ്വീകരിച്ചതാണ്. 4 മറ്റൊരാളുടെ ദാസനെ വിധിക്കാൻ നീ ആരാണ്?+ അയാൾ നിന്നാലും വീണാലും അത് അയാളുടെ യജമാനന്റെ കാര്യം.+ അയാൾ നിൽക്കുകതന്നെ ചെയ്യും. കാരണം യഹോവയ്ക്ക്* അയാളെ നിറുത്താൻ കഴിയും.
5 ഒരാൾ ഒരു ദിവസത്തെ മറ്റൊരു ദിവസത്തെക്കാൾ മാനിക്കുന്നു.+ മറ്റൊരാൾ എല്ലാ ദിവസങ്ങളെയും ഒരുപോലെ മാനിക്കുന്നു.+ ഓരോരുത്തർക്കും സ്വന്തം മനസ്സിൽ പൂർണബോധ്യമുണ്ടായിരിക്കട്ടെ. 6 ഒരു പ്രത്യേകദിവസം ആചരിക്കുന്നയാൾ യഹോവയ്ക്കുവേണ്ടി* അത് ആചരിക്കുന്നു. ഭക്ഷണം കഴിക്കുന്നയാൾ യഹോവയ്ക്കുവേണ്ടി* കഴിക്കുന്നു. കാരണം അയാൾ ദൈവത്തോടു നന്ദി പറയുന്നു.+ കഴിക്കാത്തയാൾ യഹോവയ്ക്കുവേണ്ടി* കഴിക്കാതിരിക്കുന്നു. എന്നാൽ അയാളും ദൈവത്തിനു നന്ദി നൽകുന്നു.+ 7 നമ്മളിൽ ആരും തനിക്കുവേണ്ടി മാത്രം ജീവിക്കുന്നില്ല.+ ആരും തനിക്കുവേണ്ടി മാത്രം മരിക്കുന്നുമില്ല. 8 ജീവിക്കുന്നെങ്കിൽ നമ്മൾ യഹോവയ്ക്കുവേണ്ടി* ജീവിക്കുന്നു.+ മരിക്കുന്നെങ്കിൽ നമ്മൾ യഹോവയ്ക്കുവേണ്ടി* മരിക്കുന്നു. അതുകൊണ്ട് ജീവിച്ചാലും മരിച്ചാലും നമ്മൾ യഹോവയ്ക്കുള്ളവരാണ്.*+ 9 ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും കർത്താവാകേണ്ടതിനാണല്ലോ ക്രിസ്തു മരിക്കുകയും വീണ്ടും ജീവിക്കുകയും ചെയ്തത്.+
10 ആ സ്ഥിതിക്ക്, നീ നിന്റെ സഹോദരനെ വിധിക്കുന്നത് എന്തിനാണ്?+ നീ നിന്റെ സഹോദരനെ പുച്ഛിക്കുന്നത് എന്തിനാണ്? നമ്മളെല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിനു* മുന്നിൽ നിൽക്കേണ്ടവരാണ്.+ 11 “‘ഞാനാണെ,+ എന്റെ മുന്നിൽ എല്ലാ മുട്ടും മടങ്ങും, എല്ലാ നാവും ദൈവത്തെ പരസ്യമായി അംഗീകരിച്ചുപറയും’+ എന്ന് യഹോവ* പറയുന്നു” എന്ന് എഴുതിയിട്ടുണ്ടല്ലോ. 12 അതുകൊണ്ട് നമ്മൾ ഓരോരുത്തരും ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും.+
13 അങ്ങനെയാണെങ്കിൽ നമുക്ക് ഇനി അന്യോന്യം വിധിക്കാതിരിക്കാം.+ സഹോദരൻ ഇടറിവീഴാൻ ഇടയാക്കുന്ന എന്തെങ്കിലുമോ ഒരു തടസ്സമോ അയാളുടെ മുന്നിൽ വെക്കില്ല എന്നു തീരുമാനിച്ചുറയ്ക്കുക.+ 14 ഒന്നും സ്വതവെ മലിനമല്ല+ എന്നു കർത്താവായ യേശുവിൽ എനിക്ക് അറിയാം. അത് എനിക്കു ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്തെങ്കിലും മലിനമാണെന്ന് ഒരാൾ വിചാരിക്കുന്നെങ്കിൽ അത് അയാൾക്കു മലിനമാണ്. 15 സഹോദരനു ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഭക്ഷണമാണു നീ കഴിക്കുന്നതെങ്കിൽ അതു സ്നേഹമല്ല.+ ക്രിസ്തു ആർക്കുവേണ്ടി മരിച്ചോ അയാളെ നിന്റെ ഭക്ഷണംകൊണ്ട് നശിപ്പിക്കരുത്.+ 16 അതുകൊണ്ട് നിങ്ങൾ ചെയ്യുന്ന നല്ലൊരു കാര്യം മോശമാണെന്ന് ആരും പറയാൻ ഇടവരുത്തരുത്. 17 ദൈവരാജ്യം എന്നതു തീറ്റിയും കുടിയും അല്ല,+ പരിശുദ്ധാത്മാവിനാലുള്ള സന്തോഷവും നീതിയും സമാധാനവും ആണ്. 18 ഈ വിധത്തിൽ ക്രിസ്തുവിനുവേണ്ടി ഒരു അടിമയെപ്പോലെ പണിയെടുക്കുന്ന ഏതൊരാളും ദൈവത്തിനു സ്വീകാര്യനാണ്. മനുഷ്യരും അയാളെ അംഗീകരിക്കും.
19 അതുകൊണ്ട് സമാധാനം ഉണ്ടാക്കാനും+ അന്യോന്യം ബലപ്പെടുത്താനും വേണ്ടി നമ്മളാലാകുന്നതെല്ലാം നമുക്കു ചെയ്യാം.+ 20 ദൈവം പണിതുണ്ടാക്കിയതിനെ വെറും ഭക്ഷണത്തിന്റെ പേരിൽ ഇടിച്ചുകളയരുത്.+ എല്ലാം ശുദ്ധിയുള്ളതാണ്. പക്ഷേ അതു കഴിക്കുന്നതുകൊണ്ട് മറ്റാരെങ്കിലും വിശ്വാസത്തിൽനിന്ന് വീണുപോകുമെങ്കിൽ*+ അതു ദോഷം ചെയ്യും.* 21 മാംസം കഴിക്കുന്നതുകൊണ്ടോ വീഞ്ഞു കുടിക്കുന്നതുകൊണ്ടോ സഹോദരൻ വിശ്വാസത്തിൽനിന്ന് വീണുപോകുമെങ്കിൽ അത് ഒഴിവാക്കുന്നതാണു നല്ലത്.+ 22 നിന്റെ വിശ്വാസം നിനക്കും ദൈവത്തിനും ഇടയിൽ മാത്രമായി ഇരിക്കട്ടെ. എന്നാൽ തനിക്കു ശരിയെന്നു തോന്നുന്ന ഒരു കാര്യത്തിന്റെ പേരിൽ തന്നെത്തന്നെ കുറ്റം വിധിക്കേണ്ടിവരാത്തവൻ സന്തുഷ്ടൻ. 23 എന്നാൽ സംശയത്തോടെ കഴിക്കുന്നയാൾ ന്യായം വിധിക്കപ്പെട്ടുകഴിഞ്ഞു. കാരണം വിശ്വാസത്തിന്റെ അടിസ്ഥാനമില്ലാതെയാണ് അയാൾ അതു കഴിച്ചത്. വിശ്വാസത്തിൽ അടിസ്ഥാനമില്ലാത്തതെല്ലാം പാപമാണ്.