ശമുവേൽ ഒന്നാം ഭാഗം
18 ദാവീദ് ശൗലിനോടു സംസാരിച്ചുതീർന്നതും യോനാഥാനും+ ദാവീദും ഉറ്റ സുഹൃത്തുക്കളായി. യോനാഥാൻ ദാവീദിനെ ജീവനു തുല്യം സ്നേഹിച്ചുതുടങ്ങി.+ 2 അന്നുമുതൽ, ശൗൽ ദാവീദിനെ കൂടെ നിറുത്തി. അപ്പന്റെ വീട്ടിലേക്കു മടങ്ങാൻ ദാവീദിനെ അനുവദിച്ചില്ല.+ 3 യോനാഥാൻ ദാവീദിനെ ജീവനു തുല്യം സ്നേഹിച്ചതുകൊണ്ട്+ അവർ തമ്മിൽ ഒരു ഉടമ്പടി ഉണ്ടാക്കി.+ 4 യോനാഥാൻ മേലങ്കി ഊരി ദാവീദിനു കൊടുത്തു. മറ്റു വസ്ത്രങ്ങളും വാളും വില്ലും അരപ്പട്ടയും ദാവീദിനു നൽകി. 5 ദാവീദ് യുദ്ധത്തിനു പോയിത്തുടങ്ങി. ശൗൽ അയയ്ക്കുന്നിടത്തെല്ലാം ദാവീദ് വിജയം വരിച്ചതുകൊണ്ട്*+ ശൗൽ ദാവീദിനെ പടയാളികളുടെ ചുമതല ഏൽപ്പിച്ചു.+ ഇക്കാര്യം ജനത്തിനും ശൗലിന്റെ ദാസന്മാർക്കും ഇഷ്ടമായി.
6 ദാവീദും മറ്റുള്ളവരും ഫെലിസ്ത്യരെ കൊന്ന് മടങ്ങിവരുമ്പോൾ എല്ലാ ഇസ്രായേൽനഗരങ്ങളിൽനിന്നും സ്ത്രീകൾ ശൗൽ രാജാവിനെ സ്വീകരിക്കാൻ തപ്പും+ തന്ത്രിവാദ്യവും എടുത്ത് പാടി+ നൃത്തം ചെയ്ത് ആഹ്ലാദഘോഷത്തോടെ ഇറങ്ങിവന്നു. 7 ആഘോഷത്തിനിടെ സ്ത്രീകൾ ഇങ്ങനെ പാടി:
“ശൗൽ ആയിരങ്ങളെ കൊന്നു,
ദാവീദോ പതിനായിരങ്ങളെയും.”+
8 ശൗലിനു നല്ല ദേഷ്യം വന്നു.+ ഈ പാട്ടു ശൗലിന് ഇഷ്ടപ്പെട്ടില്ല. ശൗൽ പറഞ്ഞു: “അവർ ദാവീദിനു പതിനായിരങ്ങളെ കൊടുത്തു. എനിക്കാണെങ്കിൽ വെറും ആയിരങ്ങളെയും. ഇനി ഇപ്പോൾ, രാജാധികാരം മാത്രമേ അവനു കിട്ടാനുള്ളൂ!”+ 9 അന്നുമുതൽ എപ്പോഴും ശൗൽ ദാവീദിനെ സംശയദൃഷ്ടിയോടെയാണു കണ്ടത്.
10 പിറ്റേന്ന്, ദൈവത്തിൽനിന്നുള്ള ഒരു ദുരാത്മാവ് ശൗലിന്റെ മേൽ വന്നു.*+ വീട്ടിൽ ശൗൽ തികച്ചും വിചിത്രമായി പെരുമാറാൻതുടങ്ങി.* ദാവീദ് പതിവുപോലെ കിന്നരം വായിക്കുകയായിരുന്നു.+ ശൗലിന്റെ കൈയിൽ ഒരു കുന്തമുണ്ടായിരുന്നു.+ 11 ‘ഞാൻ ദാവീദിനെ ചുവരോടു ചേർത്ത് കുത്തും’+ എന്നു മനസ്സിൽ പറഞ്ഞ് ശൗൽ കുന്തം എറിഞ്ഞു. പക്ഷേ, ദാവീദ് രണ്ടു പ്രാവശ്യം ശൗലിന്റെ കൈയിൽനിന്ന് രക്ഷപ്പെട്ടു. 12 യഹോവ ദാവീദിന്റെകൂടെയുണ്ടായിരിക്കുകയും+ ശൗലിനെ വിട്ട് പോകുകയും+ ചെയ്തിരുന്നതുകൊണ്ട് ശൗലിനു ദാവീദിനെ പേടിയായി. 13 അതുകൊണ്ട്, ശൗൽ ദാവീദിനെ തന്റെ സന്നിധിയിൽനിന്ന് നീക്കി സഹസ്രാധിപനായി നിയമിച്ചു. ദാവീദായിരുന്നു യുദ്ധത്തിൽ സൈന്യത്തെ നയിച്ചിരുന്നത്.*+ 14 ദാവീദിന്റെ ഉദ്യമങ്ങളെല്ലാം വിജയിച്ചു.*+ യഹോവ ദാവീദിന്റെകൂടെയുണ്ടായിരുന്നു.+ 15 ദാവീദിന്റെ ഉദ്യമങ്ങളൊക്കെ വിജയിക്കുന്നെന്നു കണ്ടപ്പോൾ ശൗലിനു ദാവീദിനെ പേടിയായി. 16 പക്ഷേ, ഇസ്രായേലിന്റെയും യഹൂദയുടെയും സൈനികനീക്കങ്ങൾക്കു നേതൃത്വം കൊടുത്തിരുന്നതു ദാവീദായിരുന്നതുകൊണ്ട് അവരെല്ലാം ദാവീദിനെ സ്നേഹിച്ചു.
17 പിന്നീട്, ശൗൽ ദാവീദിനോടു പറഞ്ഞു: “ഇതാ, എന്റെ മൂത്ത മകൾ മേരബ്.+ മേരബിനെ ഞാൻ നിനക്കു ഭാര്യയായി തരാം.+ നീ എനിക്കുവേണ്ടി തുടർന്നും ധീരമായി യഹോവയുടെ യുദ്ധങ്ങൾ നടത്തിയാൽ മതി.”+ പക്ഷേ, ശൗൽ മനസ്സിൽ പറഞ്ഞു: ‘എന്റെ കൈ ഇവന് എതിരെ തിരിയുന്നതിനു പകരം ഫെലിസ്ത്യരുടെ കൈ ഇവന്റെ മേൽ പതിക്കട്ടെ.’+ 18 അപ്പോൾ, ദാവീദ് ശൗലിനോടു പറഞ്ഞു: “രാജാവിന്റെ മരുമകനാകാൻ ഞാൻ ആരാണ്? ഇസ്രായേലിൽ, എന്റെ അപ്പന്റെ കുടുംബക്കാരായ എന്റെ ബന്ധുക്കൾക്ക് എന്തു സ്ഥാനമാണുള്ളത്?”+ 19 പക്ഷേ, മകളായ മേരബിനെ ദാവീദിനു നൽകേണ്ട സമയമായപ്പോഴേക്കും ശൗൽ അവളെ മെഹോലാത്യനായ അദ്രിയേലിനു+ ഭാര്യയായി കൊടുത്തുകഴിഞ്ഞിരുന്നു.
20 ശൗലിന്റെ മകളായ മീഖൾ+ ദാവീദുമായി സ്നേഹത്തിലാണെന്നു ശൗലിനു വിവരം കിട്ടി. ശൗലിന് അത് ഇഷ്ടമായി. 21 അതുകൊണ്ട്, ശൗൽ പറഞ്ഞു: “മീഖൾ ദാവീദിന് ഒരു കെണിയായിരിക്കാൻ മീഖളിനെ ഞാൻ ദാവീദിനു കൊടുക്കും. അങ്ങനെ, ഫെലിസ്ത്യരുടെ കൈ ദാവീദിന്റെ മേൽ പതിക്കട്ടെ.”+ അതുകൊണ്ട്, ശൗൽ രണ്ടാംതവണ ദാവീദിനോടു പറഞ്ഞു: “ഇന്നു നീ എന്റെ മരുമകനാകണം.” 22 കൂടാതെ, ശൗൽ ദാസന്മാരോട് ഇങ്ങനെ കല്പിക്കുകയും ചെയ്തു: “ദാവീദിനോടു രഹസ്യമായി ഇങ്ങനെ പറയുക: ‘രാജാവ് അങ്ങയിൽ പ്രസാദിച്ചിരിക്കുന്നു. രാജാവിന്റെ ദാസന്മാർക്കൊക്കെ അങ്ങയെ ഇഷ്ടമാണ്. അതുകൊണ്ട്, അങ്ങ് രാജാവിന്റെ മരുമകനാകണം.’” 23 ശൗലിന്റെ ദാസന്മാർ ഇക്കാര്യങ്ങൾ ദാവീദിനോടു പറഞ്ഞപ്പോൾ ദാവീദ് പറഞ്ഞു: “നിങ്ങൾ എന്താണ് ഈ പറയുന്നത്? ദരിദ്രനും നിസ്സാരനും ആയ ഈ ഞാൻ രാജാവിന്റെ മരുമകനാകുന്നത് അത്ര ചെറിയൊരു കാര്യമാണോ?”+ 24 അപ്പോൾ, ശൗലിന്റെ ദാസന്മാർ, “ദാവീദ് ഇതൊക്കെയാണു പറഞ്ഞത്” എന്നു ശൗലിനെ അറിയിച്ചു.
25 അപ്പോൾ, ശൗൽ പറഞ്ഞു: “ദാവീദിനോട് നിങ്ങൾ ഇങ്ങനെ പറയണം: ‘രാജാവിന്റെ ശത്രുക്കളോടുള്ള പ്രതികാരമായി ഫെലിസ്ത്യരുടെ 100 അഗ്രചർമമല്ലാതെ+ മറ്റൊന്നും വധുവിലയായി+ രാജാവ് ആഗ്രഹിക്കുന്നില്ല.’” പക്ഷേ ഇത്, ദാവീദ് ഫെലിസ്ത്യരുടെ കൈയാൽ വീഴാനുള്ള ശൗലിന്റെ ഗൂഢതന്ത്രമായിരുന്നു. 26 രാജാവിന്റെ വാക്കുകൾ ദാസന്മാർ ദാവീദിനെ അറിയിച്ചപ്പോൾ രാജാവിന്റെ മരുമകനാകാൻ ദാവീദിനു സമ്മതമായി.+ അനുവദിച്ചിരുന്ന കാലാവധി തീരുന്നതിനു മുമ്പുതന്നെ 27 തന്റെ ആളുകളോടൊപ്പം പോയി 200 ഫെലിസ്ത്യരെ കൊന്ന ദാവീദ്, രാജാവിന്റെ മരുമകനാകാൻവേണ്ടി അവരുടെ അഗ്രചർമം ഒന്നൊഴിയാതെ രാജാവിന്റെ അടുത്ത് കൊണ്ടുവന്നു. അപ്പോൾ, ശൗൽ മകളായ മീഖളിനെ ദാവീദിനു ഭാര്യയായി കൊടുത്തു.+ 28 യഹോവ ദാവീദിന്റെകൂടെയുണ്ടെന്നും+ മകളായ മീഖൾ ദാവീദിനെ സ്നേഹിക്കുന്നെന്നും ശൗലിനു മനസ്സിലായി.+ 29 അതുകൊണ്ട്, ശൗലിനു ദാവീദിനെ കൂടുതൽ പേടിയായി. ശിഷ്ടകാലം മുഴുവൻ ശൗൽ ദാവീദിന്റെ ശത്രുവായിരുന്നു.+
30 ഫെലിസ്ത്യപ്രഭുക്കന്മാർ യുദ്ധത്തിനു വരുമ്പോഴൊക്കെ ശൗലിന്റെ എല്ലാ ദാസന്മാരിലുംവെച്ച് മികച്ചുനിന്നതു* ദാവീദായിരുന്നു.+ ദാവീദിന്റെ പേര് പ്രശസ്തമായി. ദാവീദ് വളരെ ആദരണീയനായിത്തീർന്നു.+