തീത്തോസിന് എഴുതിയ കത്ത്
2 എന്നാൽ നീ എപ്പോഴും പ്രയോജനകരമായ* പഠിപ്പിക്കലുമായി+ യോജിക്കുന്ന കാര്യങ്ങൾ പറയുക. 2 പ്രായമുള്ള പുരുഷന്മാർ ശീലങ്ങളിൽ മിതത്വം പാലിക്കുന്നവരും കാര്യഗൗരവമുള്ളവരും* സുബോധമുള്ളവരും വിശ്വാസം, സ്നേഹം, സഹനശക്തി എന്നീ കാര്യങ്ങളിൽ കരുത്തരും* ആയിരിക്കട്ടെ. 3 അങ്ങനെതന്നെ, പ്രായമുള്ള സ്ത്രീകളും ദൈവഭക്തർക്കു ചേർന്ന പെരുമാറ്റശീലമുള്ളവരും പരദൂഷണം പറയാത്തവരും വീഞ്ഞിന് അടിമപ്പെടാത്തവരും നല്ല കാര്യങ്ങൾ പഠിപ്പിക്കുന്നവരും ആയിരിക്കട്ടെ. 4 അവർക്ക് അപ്പോൾ പ്രായം കുറഞ്ഞ സ്ത്രീകളെ ഉപദേശിക്കാനാകും.* അങ്ങനെ, ഭർത്താക്കന്മാരെയും മക്കളെയും സ്നേഹിക്കുന്നവരും 5 സുബോധമുള്ളവരും ചാരിത്ര്യശുദ്ധിയുള്ളവരും വീട്ടുജോലികൾ ചെയ്യുന്നവരും* നല്ലവരും ഭർത്താക്കന്മാർക്കു കീഴ്പെട്ടിരിക്കുന്നവരും+ ആയിരിക്കാൻ അവർക്ക് അവരെ പഠിപ്പിക്കാനാകും.* ദൈവത്തിന്റെ വചനത്തെക്കുറിച്ച് ആരും മോശമായി സംസാരിക്കാൻ ഇടവരുകയുമില്ല.
6 അതുപോലെ, സുബോധമുള്ളവരായിരിക്കാൻ പ്രായം കുറഞ്ഞ പുരുഷന്മാരെയും+ പ്രോത്സാഹിപ്പിക്കുക. 7 നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ നീ എല്ലാ വിധത്തിലും അവർക്ക് ഒരു മാതൃകയായിരിക്കണം. നിർമലമായ കാര്യങ്ങൾ* നല്ല കാര്യഗൗരവത്തോടെ,*+ 8 ആർക്കും കുറ്റം പറയാനാകാത്ത രീതിയിൽ നല്ല* വാക്കുകൾ+ ഉപയോഗിച്ച് പഠിപ്പിക്കുക. അങ്ങനെയായാൽ, നമ്മളെക്കുറിച്ച് മോശമായതൊന്നും പറയാൻ കിട്ടാതെ എതിരാളികൾ നാണിച്ചുപോകും.+ 9 അടിമകൾ യജമാനന്മാർക്ക് എല്ലാ കാര്യങ്ങളിലും കീഴടങ്ങിയിരുന്നുകൊണ്ട്+ അവരെ പ്രസാദിപ്പിക്കാൻ ശ്രമിക്കണം. അവരോടു തർക്കുത്തരമൊന്നും പറയരുത്. 10 അവരുടേതൊന്നും മോഷ്ടിക്കാതെ+ തികച്ചും വിശ്വാസയോഗ്യരാണെന്നു തെളിയിക്കണം. അങ്ങനെ, നമ്മുടെ രക്ഷകനായ ദൈവത്തിന്റെ പഠിപ്പിക്കലിന് എല്ലാ വിധത്തിലും ഒരു അലങ്കാരമാകാൻ അവർക്കു കഴിയും.+
11 എല്ലാ തരം മനുഷ്യരുടെയും രക്ഷയ്ക്കു+ വഴി തുറന്നുകൊണ്ട് അനർഹദയ വെളിപ്പെട്ടിരിക്കുന്നല്ലോ. 12 അഭക്തിയും ലൗകികമോഹങ്ങളും തള്ളിക്കളഞ്ഞ്+ സുബോധത്തോടെയും നീതിനിഷ്ഠയോടെയും ദൈവഭക്തിയോടെയും ഈ വ്യവസ്ഥിതിയിൽ* ജീവിക്കാൻ അതു നമ്മളെ പരിശീലിപ്പിക്കുന്നു.+ 13 സന്തോഷമേകുന്ന പ്രത്യാശയുടെ+ സാക്ഷാത്കാരത്തിനും മഹാദൈവത്തിന്റെയും നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിന്റെയും തേജോമയമായ വെളിപ്പെടലിനും വേണ്ടി കാത്തിരിക്കുന്ന നമ്മൾ അങ്ങനെയാണല്ലോ ജീവിക്കേണ്ടത്. 14 നമ്മളെ എല്ലാ തരം ദുഷ്ചെയ്തികളിൽനിന്നും സ്വതന്ത്രരാക്കി*+ നല്ല കാര്യങ്ങൾ+ ചെയ്യുന്നതിൽ ഉത്സാഹമുള്ള ഒരു ജനമെന്ന നിലയിൽ തന്റെ പ്രത്യേകസ്വത്തായി ശുദ്ധീകരിച്ചെടുക്കാൻ നമുക്കുവേണ്ടി തന്നെത്തന്നെ അർപ്പിച്ചവനാണല്ലോ ക്രിസ്തു.+
15 നീ തികഞ്ഞ അധികാരത്തോടെ അവരെ ശാസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ഇക്കാര്യങ്ങളെല്ലാം അവരോടു പറയുകയും ചെയ്യുക.+ ആരും നിന്നെ വില കുറച്ച് കാണാൻ അനുവദിക്കരുത്.