ഗലാത്യയിലുള്ളവർക്ക് എഴുതിയ കത്ത്
4 ഞാൻ പറയുന്നത് ഇതാണ്: അവകാശി എല്ലാത്തിന്റെയും യജമാനനാണെങ്കിലും ഒരു കുട്ടിയായിരിക്കുന്നിടത്തോളം കാലം അവനും അടിമയും തമ്മിൽ ഒരു വ്യത്യാസവുമില്ല. 2 അപ്പൻ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ദിവസംവരെ അവൻ മേൽനോട്ടക്കാരുടെയും കാര്യസ്ഥന്മാരുടെയും കീഴിലായിരിക്കും. 3 അങ്ങനെതന്നെ, നമ്മളും കുട്ടികളായിരുന്നപ്പോൾ ലോകത്തിന്റെ അടിസ്ഥാനകാര്യങ്ങളുടെ അടിമകളായിരുന്നു.+ 4 എന്നാൽ കാലം തികഞ്ഞപ്പോൾ ദൈവം സ്വന്തം പുത്രനെ അയച്ചു. ആ പുത്രൻ സ്ത്രീയിൽനിന്ന് ജനിച്ച്+ നിയമത്തിന്+ അധീനനായി ജീവിച്ചു. 5 നിയമത്തിന് അധീനരായവരെ പുത്രൻ വിലയ്ക്കു വാങ്ങി വിടുവിക്കാനും+ അങ്ങനെ നമ്മളെ പുത്രന്മാരായി ദത്തെടുക്കാനും ആണ്+ ദൈവം ഉദ്ദേശിച്ചത്.
6 നിങ്ങൾ പുത്രന്മാരായതുകൊണ്ട് ദൈവം തന്റെ പുത്രനു കൊടുത്ത അതേ ദൈവാത്മാവിനെ+ നമ്മുടെ ഹൃദയങ്ങളിലേക്ക്+ അയച്ചിരിക്കുന്നു. അത് “അബ്ബാ,* പിതാവേ” എന്നു വിളിക്കുന്നു.+ 7 അതുകൊണ്ട് നിങ്ങൾ ഇനി അടിമകളല്ല, പുത്രന്മാരാണ്. പുത്രന്മാരാണെങ്കിൽ ദൈവം നിങ്ങളെ അവകാശികളുമാക്കിയിരിക്കുന്നു.+
8 ദൈവത്തെ അറിയാതിരുന്ന കാലത്ത് നിങ്ങൾ ദൈവങ്ങളല്ലാത്തവയുടെ അടിമകളായിരുന്നു. 9 പക്ഷേ ഇപ്പോൾ നിങ്ങൾക്കു ദൈവത്തെ അറിയാം. അതിലുപരി ദൈവത്തിനു നിങ്ങളെ അറിയാം. ആ സ്ഥിതിക്ക് ദുർബലമായ,+ ഒന്നിനും കൊള്ളാത്ത അടിസ്ഥാനകാര്യങ്ങളിലേക്കു വീണ്ടും തിരിഞ്ഞ് അവയുടെ അടിമകളാകാൻ നിങ്ങൾക്ക് എങ്ങനെ മനസ്സു വരുന്നു?+ 10 നിങ്ങൾ ഇപ്പോഴും വിശേഷദിവസങ്ങളും മാസങ്ങളും+ കാലങ്ങളും വർഷങ്ങളും ചിട്ടയോടെ ആചരിക്കുന്നു! 11 ഞാൻ നിങ്ങൾക്കുവേണ്ടി അധ്വാനിച്ചതെല്ലാം വെറുതേയായോ എന്നാണ് എന്റെ പേടി.
12 സഹോദരങ്ങളേ, നിങ്ങളും എന്നെപ്പോലെയാകണമെന്നു ഞാൻ യാചിക്കുകയാണ്. കാരണം ഒരിക്കൽ ഞാനും നിങ്ങളെപ്പോലെതന്നെയായിരുന്നു.+ നിങ്ങൾ എന്നോട് ഒരു അന്യായവും ചെയ്തിട്ടില്ല. 13 എനിക്കുണ്ടായിരുന്ന ഒരു രോഗം കാരണമാണ് ആദ്യമായി നിങ്ങളോടു സന്തോഷവാർത്ത അറിയിക്കാൻ എനിക്ക് അവസരം കിട്ടിയതെന്നു നിങ്ങൾക്ക് അറിയാമല്ലോ. 14 എന്റെ ശാരീരികാവസ്ഥ നിങ്ങൾക്ക് ഒരു പരീക്ഷണമായിരുന്നിട്ടും നിങ്ങൾ എന്നോട് അറപ്പോ വെറുപ്പോ കാണിച്ചില്ല.* പകരം, ദൈവത്തിന്റെ ഒരു ദൂതനെ എന്നപോലെ, അല്ല, ക്രിസ്തുയേശുവിനെ എന്നപോലെതന്നെ നിങ്ങൾ എന്നെ സ്വീകരിച്ചു. 15 നിങ്ങൾക്കുണ്ടായിരുന്ന ആ സന്തോഷം ഇപ്പോൾ എവിടെപ്പോയി? കഴിയുമായിരുന്നെങ്കിൽ നിങ്ങൾ സ്വന്തം കണ്ണുകൾ ചൂഴ്ന്നെടുത്ത് എനിക്കു തരുമായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്.*+ 16 എന്നാൽ ഇപ്പോൾ നിങ്ങളോടു സത്യം പറയുന്നതുകൊണ്ട് ഞാൻ നിങ്ങളുടെ ശത്രുവായോ? 17 അവർ നിങ്ങളെ അവരുടെ പക്ഷത്താക്കാൻ വലിയ ഉത്സാഹം കാണിക്കുന്നതു സദുദ്ദേശ്യത്തോടെയല്ല. നിങ്ങളെ എന്നിൽനിന്ന് അകറ്റുകയാണ് അവരുടെ ലക്ഷ്യം. അപ്പോൾ നിങ്ങൾ താത്പര്യത്തോടെ അവരുടെ പിന്നാലെ ചെല്ലുമല്ലോ. 18 എന്നാൽ ഞാൻ കൂടെയുള്ളപ്പോൾ മാത്രമല്ല, അല്ലാത്തപ്പോഴും സദുദ്ദേശ്യത്തോടെയാണ് ആരെങ്കിലും നിങ്ങളുടെ കാര്യത്തിൽ ഉത്സാഹം കാണിക്കുന്നതെങ്കിൽ അതു നല്ലതാണ്. 19 എന്റെ കുഞ്ഞുങ്ങളേ,+ ക്രിസ്തു നിങ്ങളിൽ രൂപപ്പെടുന്നതുവരെ ഞാൻ വീണ്ടും നിങ്ങൾ കാരണം പ്രസവവേദന അനുഭവിക്കുന്നു. 20 നിങ്ങളുടെ കാര്യത്തിൽ എന്തു ചെയ്യണമെന്ന് എനിക്കു നല്ല നിശ്ചയമില്ല. അതുകൊണ്ട് ഈ നിമിഷം നിങ്ങളുടെകൂടെയായിരിക്കാനും കുറച്ചുകൂടെ മയത്തിൽ സംസാരിക്കാനും കഴിഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചുപോകുന്നു.
21 നിയമത്തിൻകീഴിലായിരിക്കാൻ ആഗ്രഹിക്കുന്നവരേ, പറയൂ: നിയമം പറയുന്നത് എന്താണെന്നു നിങ്ങൾ കേൾക്കുന്നില്ലേ? 22 ഉദാഹരണത്തിന്, അബ്രാഹാമിനു രണ്ട് ആൺമക്കളുണ്ടായിരുന്നെന്നും ഒരാൾ ദാസിയിൽനിന്നും+ മറ്റേയാൾ സ്വതന്ത്രയിൽനിന്നും+ ജനിച്ചെന്നും എഴുതിയിട്ടുണ്ടല്ലോ. 23 ദാസിയിൽനിന്നുള്ളവൻ സ്വാഭാവികമായും*+ എന്നാൽ സ്വതന്ത്രയിൽനിന്നുള്ളവൻ വാഗ്ദാനത്തിലൂടെയും ആണ് ജനിച്ചത്.+ 24 ഈ കാര്യങ്ങളെ ആലങ്കാരികമായ അർഥമുള്ള ഒരു നാടകമായി കണക്കാക്കാം: ഈ സ്ത്രീകൾ രണ്ട് ഉടമ്പടികളെ സൂചിപ്പിക്കുന്നു. ഒന്നു സീനായ് പർവതത്തിൽനിന്നുള്ളതും+ അടിമകളെ പ്രസവിക്കുന്നതും ആണ്; അതു ഹാഗാർ. 25 അറേബ്യയിലുള്ള സീനായ് പർവതത്തെ+ കുറിക്കുന്ന ഹാഗാർ ഇന്നത്തെ യരുശലേമിനു തുല്യയാണ്. മക്കളുമായി യരുശലേം അടിമത്തത്തിൽ കഴിയുകയാണല്ലോ. 26 പക്ഷേ മീതെയുള്ള യരുശലേം സ്വതന്ത്രയാണ്. അതാണു നമ്മുടെ അമ്മ.
27 “വന്ധ്യേ, പ്രസവിക്കാത്തവളേ, സന്തോഷിക്കുക. പ്രസവവേദന അറിഞ്ഞിട്ടില്ലാത്തവളേ, ആർത്തുഘോഷിക്കുക. ഉപേക്ഷിക്കപ്പെട്ടവളുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികമാണ്”+ എന്നാണല്ലോ എഴുതിയിട്ടുള്ളത്. 28 അതുകൊണ്ട് സഹോദരങ്ങളേ, നിങ്ങൾ യിസ്ഹാക്കിനെപ്പോലെ വാഗ്ദാനമനുസരിച്ചുള്ള മക്കളാണ്.+ 29 അന്നു സ്വാഭാവികമായി* ജനിച്ചയാൾ, ദൈവാത്മാവിന്റെ ശക്തിയാൽ ജനിച്ചയാളെ ഉപദ്രവിച്ചു.+ ഇന്നും അങ്ങനെതന്നെ.+ 30 എന്നാൽ തിരുവെഴുത്ത് എന്തു പറയുന്നു? “ദാസിയെയും മകനെയും ഇറക്കിവിട്. ദാസിയുടെ മകൻ സ്വതന്ത്രയുടെ മകനോടൊപ്പം ഒരിക്കലും അവകാശിയാകരുത്.”+ 31 അതുകൊണ്ട് സഹോദരങ്ങളേ, നമ്മൾ ദാസിയുടെ മക്കളല്ല, സ്വതന്ത്രയുടെ മക്കളാണ്.