ദിനവൃത്താന്തം രണ്ടാം ഭാഗം
17 ആസയുടെ മകൻ യഹോശാഫാത്ത്+ അടുത്ത രാജാവായി. യഹോശാഫാത്ത് ഇസ്രായേലിനു മേൽ ആധിപത്യം ഉറപ്പിച്ചു. 2 യഹൂദയിലെ കോട്ടമതിലുള്ള നഗരങ്ങളിലെല്ലാം സൈനികരെ നിറുത്തുകയും യഹൂദാദേശത്തും അപ്പനായ ആസ പിടിച്ചടക്കിയ എഫ്രയീംനഗരങ്ങളിലും കാവൽസേനാകേന്ദ്രങ്ങൾ സ്ഥാപിക്കുകയും ചെയ്തു.+ 3 യഹോശാഫാത്ത് ബാൽ ദൈവങ്ങളെ തേടിപ്പോകാതെ പൂർവികനായ ദാവീദ് പണ്ടു നടന്ന വഴികളിൽ നടന്നതുകൊണ്ട്+ യഹോവ യഹോശാഫാത്തിന്റെകൂടെയുണ്ടായിരുന്നു. 4 യഹോശാഫാത്ത് അപ്പന്റെ ദൈവത്തെ അന്വേഷിച്ച്+ ദൈവത്തിന്റെ കല്പന അനുസരിച്ച് നടന്നു. അദ്ദേഹം ഇസ്രായേലിന്റെ ആചാരങ്ങൾ പിൻപറ്റിയില്ല.+ 5 യഹോവ രാജ്യം യഹോശാഫാത്തിന്റെ കൈകളിൽ സുസ്ഥിരമാക്കി.+ യഹൂദയിലുള്ളവരെല്ലാം യഹോശാഫാത്ത് രാജാവിനു കാഴ്ച കൊണ്ടുവന്നു. രാജാവിനു വളരെയധികം സമ്പത്തും മഹത്ത്വവും കൈവന്നു.+ 6 രാജാവ് സധൈര്യം യഹോവയുടെ വഴികളിൽ നടന്നു; യഹൂദയിൽനിന്ന് ആരാധനാസ്ഥലങ്ങൾ,*+ പൂജാസ്തൂപങ്ങൾ*+ എന്നിവപോലും നീക്കിക്കളഞ്ഞു.
7 ഭരണത്തിന്റെ മൂന്നാം വർഷം അദ്ദേഹം പ്രഭുക്കന്മാരായ ബൻ-ഹയീൽ, ഓബദ്യ, സെഖര്യ, നെഥനയേൽ, മീഖായ എന്നിവരെ വിളിപ്പിച്ച് യഹൂദാനഗരങ്ങളിലുള്ളവരെ പഠിപ്പിക്കുന്നതിന് അയച്ചു. 8 അവരോടൊപ്പം ശെമയ്യ, നെഥന്യ, സെബദ്യ, അസാഹേൽ, ശെമീരാമോത്ത്, യഹോനാഥാൻ, അദോനിയ, തോബിയ, തോബ്-അദോനിയ എന്നീ ലേവ്യരും എലീശാമ, യഹോരാം എന്നീ പുരോഹിതന്മാരും ഉണ്ടായിരുന്നു.+ 9 അവർ യഹോവയുടെ നിയമപുസ്തകവുമായി+ യഹൂദയിലെങ്ങും സഞ്ചരിച്ച് അവിടത്തെ എല്ലാ നഗരങ്ങളിലെയും ജനങ്ങളെ അതിൽനിന്ന് പഠിപ്പിച്ചു.
10 യഹൂദയ്ക്കു ചുറ്റുമുള്ള രാജ്യങ്ങളിലെങ്ങും യഹോവയിൽനിന്നുള്ള ഭയം വ്യാപിച്ചിരുന്നതുകൊണ്ട് അവർ ആരും യഹോശാഫാത്തിനോടു യുദ്ധം ചെയ്തില്ല. 11 ഫെലിസ്ത്യർ യഹോശാഫാത്തിനു കപ്പമായി പണവും സമ്മാനങ്ങളും കൊണ്ടുവന്നു. അറബികൾ അവരുടെ ആട്ടിൻപറ്റത്തിൽനിന്ന് 7,700 ആൺചെമ്മരിയാടിനെയും 7,700 ആൺകോലാടിനെയും രാജാവിനു കൊടുത്തു.
12 യഹോശാഫാത്ത് വളർന്ന് ബലവാനായിക്കൊണ്ടിരുന്നു.+ അദ്ദേഹം യഹൂദയിൽ കോട്ടകളും+ സംഭരണനഗരങ്ങളും+ പണിതു. 13 യഹൂദാനഗരങ്ങളിലുടനീളം പല പദ്ധതികളും നടപ്പിൽവരുത്തി. രാജാവിന് യരുശലേമിൽ വീരപരാക്രമികളായ യോദ്ധാക്കളുമുണ്ടായിരുന്നു. 14 പിതൃഭവനമനുസരിച്ച് അവരുടെ വിഭാഗങ്ങൾ ഇവയായിരുന്നു: യഹൂദയിൽനിന്നുള്ള സഹസ്രാധിപന്മാർ: തലവനായ അദ്നാഹ്; കൂടെ 3,00,000 വീരയോദ്ധാക്കൾ.+ 15 അയാളുടെ കീഴിൽ തലവനായ യഹോഹാനാൻ; കൂടെ 2,80,000 യോദ്ധാക്കൾ. 16 പിന്നെ അയാളുടെ കീഴിൽ യഹോവയുടെ സേവനത്തിനായി സ്വമനസ്സാലെ മുന്നോട്ടു വന്ന, സിക്രിയുടെ മകനായ അമസിയ; കൂടെ 2,00,000 വീരയോദ്ധാക്കൾ. 17 ബന്യാമീനിൽനിന്ന്+ വീരയോദ്ധാവായ എല്യാദ; അയാളുടെകൂടെ, വില്ലും പരിചയും ഏന്തിയ 2,00,000 യോദ്ധാക്കൾ.+ 18 അയാളുടെ കീഴിൽ യഹോസാബാദ്; കൂടെ യുദ്ധസജ്ജരായ 1,80,000 പടയാളികൾ. 19 യഹൂദയിലെ കോട്ടമതിലുള്ള നഗരങ്ങളിൽ രാജാവ് നിയമിച്ചിരുന്നവർക്കു പുറമേ ഇവരും രാജാവിനു ശുശ്രൂഷ ചെയ്തുപോന്നു.+