യോശുവ
6 ഇസ്രായേല്യരെ പേടിച്ച് യരീഹൊ അടച്ച് ഭദ്രമാക്കിയിരുന്നു; ആരും പുറത്ത് ഇറങ്ങുകയോ അകത്ത് കയറുകയോ ചെയ്തില്ല.+
2 യഹോവ യോശുവയോടു പറഞ്ഞു: “ഇതാ, ഞാൻ യരീഹൊയെയും അതിന്റെ രാജാവിനെയും അതിന്റെ വീരയോദ്ധാക്കളെയും നിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.+ 3 യോദ്ധാക്കളായ നിങ്ങൾ എല്ലാവരും നഗരത്തെ ഒരു പ്രാവശ്യം ചുറ്റണം. നിങ്ങൾ ആറു ദിവസം ഇങ്ങനെ ചെയ്യണം. 4 ഏഴു പുരോഹിതന്മാർ ആൺചെമ്മരിയാടിന്റെ കൊമ്പുകൊണ്ടുള്ള വാദ്യവും പിടിച്ച് പെട്ടകത്തിനു മുന്നിൽ നടക്കണം. പക്ഷേ, ഏഴാം ദിവസം നിങ്ങൾ നഗരത്തെ ഏഴു പ്രാവശ്യം ചുറ്റണം; പുരോഹിതന്മാർ കൊമ്പു വിളിക്കുകയും വേണം.+ 5 കൊമ്പുവിളിയുടെ ശബ്ദം* മുഴങ്ങുമ്പോൾ—ആ ശബ്ദം കേൾക്കുന്ന ഉടൻതന്നെ—നിങ്ങൾ എല്ലാവരും ഉച്ചത്തിൽ പോർവിളി മുഴക്കണം. അപ്പോൾ നഗരമതിൽ നിലംപൊത്തും.+ പടയാളികൾ ഓരോരുത്തരും നേരെ മുന്നോട്ടു ചെല്ലണം.”
6 അപ്പോൾ, നൂന്റെ മകനായ യോശുവ പുരോഹിതന്മാരെ വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “ഉടമ്പടിപ്പെട്ടകം എടുക്കൂ. ഏഴു പുരോഹിതന്മാർ ആൺചെമ്മരിയാടിന്റെ കൊമ്പുകൊണ്ടുള്ള വാദ്യവും പിടിച്ച് യഹോവയുടെ പെട്ടകത്തിനു മുന്നിൽ നടക്കണം.”+ 7 പിന്നെ, പടയാളികളോടു പറഞ്ഞു: “പോകൂ. പോയി നഗരത്തെ ചുറ്റൂ. ആയുധധാരികൾ യഹോവയുടെ പെട്ടകത്തിനു മുന്നിൽ നടക്കണം.”+ 8 യോശുവ പറഞ്ഞതുപോലെ ആൺചെമ്മരിയാടിന്റെ കൊമ്പുകൊണ്ടുള്ള വാദ്യങ്ങൾ പിടിച്ചുകൊണ്ട് ഏഴു പുരോഹിതന്മാർ മുന്നോട്ടു നീങ്ങി കൊമ്പു വിളിച്ചു. യഹോവയുടെ ഉടമ്പടിപ്പെട്ടകം അവരുടെ പിന്നാലെ നീങ്ങി. 9 ആയുധധാരികൾ, കൊമ്പു വിളിക്കുന്ന പുരോഹിതന്മാരുടെ മുന്നിൽ നടന്നു. പിൻപട* പെട്ടകത്തിനു പിന്നാലെയും നീങ്ങി. കൊമ്പുവിളി തുടർച്ചയായി മുഴങ്ങിക്കൊണ്ടിരുന്നു.
10 യോശുവ പടയാളികളോട് ഇങ്ങനെ കല്പിച്ചിരുന്നു: “ആർപ്പിടരുത്. നിങ്ങളുടെ ശബ്ദം വെളിയിൽ കേൾക്കാനും പാടില്ല. ഞാൻ നിങ്ങളോട് ‘ആർപ്പിടുക’ എന്നു പറയുന്ന ദിവസംവരെ ഒരു വാക്കുപോലും മിണ്ടരുത്. അതിനു ശേഷം ആർപ്പിടുക.” 11 അങ്ങനെ, യഹോവയുടെ പെട്ടകവുമായി അവർ ഒരു പ്രാവശ്യം നഗരത്തെ ചുറ്റി. അതു കഴിഞ്ഞ് അവർ പാളയത്തിലേക്കു മടങ്ങിവന്ന് അവിടെ രാത്രിതങ്ങി.
12 യോശുവ പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റു. പുരോഹിതന്മാർ യഹോവയുടെ പെട്ടകം എടുത്തു.+ 13 ആൺചെമ്മരിയാടിന്റെ കൊമ്പുകൊണ്ടുള്ള വാദ്യങ്ങൾ പിടിച്ചിരുന്ന ഏഴു പുരോഹിതന്മാർ തുടർച്ചയായി കൊമ്പു വിളിച്ചുകൊണ്ട് യഹോവയുടെ പെട്ടകത്തിനു മുന്നിൽ നടന്നു. ആയുധധാരികൾ അവർക്കും മുന്നിലായിരുന്നു. പിൻപടയോ യഹോവയുടെ പെട്ടകത്തിനു പിന്നാലെയും. കൊമ്പുവിളി തുടർച്ചയായി മുഴങ്ങിക്കൊണ്ടിരുന്നു. 14 രണ്ടാം ദിവസം അവർ ഒരു പ്രാവശ്യം നഗരത്തെ ചുറ്റി. അതു കഴിഞ്ഞ് അവർ പാളയത്തിലേക്കു മടങ്ങി. അവർ ആറു ദിവസം ഇങ്ങനെ ചെയ്തു.+
15 ഏഴാം ദിവസം അവർ നേരത്തേ, വെട്ടംവീണുതുടങ്ങിയപ്പോൾത്തന്നെ, എഴുന്നേറ്റ് അതേ വിധത്തിൽ നഗരത്തെ ഏഴു പ്രാവശ്യം ചുറ്റി. ആ ദിവസം മാത്രമാണ് അവർ നഗരത്തെ ഏഴു പ്രാവശ്യം ചുറ്റിയത്.+ 16 ഏഴാം പ്രാവശ്യം പുരോഹിതന്മാർ കൊമ്പു വിളിച്ചപ്പോൾ യോശുവ പടയാളികളോടു പറഞ്ഞു: “ആർപ്പിടുക!+ കാരണം, യഹോവ നഗരം നിങ്ങൾക്കു തന്നിരിക്കുന്നു! 17 നഗരവും അതിലുള്ളതു മുഴുവനും നിശ്ശേഷം നശിപ്പിക്കണം;+ അതെല്ലാം യഹോവയുടേതാണ്. വേശ്യയായ രാഹാബും+ രാഹാബിന്റെകൂടെ ആ വീട്ടിലുള്ളവരും മാത്രം ജീവനോടിരിക്കട്ടെ. കാരണം, നമ്മൾ അയച്ച ദൂതന്മാരെ രാഹാബ് ഒളിപ്പിച്ചല്ലോ.+ 18 പക്ഷേ, നശിപ്പിച്ചുകളയേണ്ട എന്തിനോടെങ്കിലും ആഗ്രഹം തോന്നി അത് എടുക്കാതിരിക്കാൻ+ നിങ്ങൾ അവയിൽനിന്ന് അകന്നുനിൽക്കുക.+ അല്ലാത്തപക്ഷം, നിങ്ങൾ ഇസ്രായേൽപാളയത്തെ നാശയോഗ്യമാക്കിത്തീർത്തുകൊണ്ട് അതിന്മേൽ ആപത്തു* വരുത്തിവെക്കും.+ 19 ചെമ്പുകൊണ്ടും ഇരുമ്പുകൊണ്ടും ഉള്ള എല്ലാ ഉരുപ്പടികളും വെള്ളിയും സ്വർണവും യഹോവയ്ക്കു വിശുദ്ധമാണ്.+ അവ യഹോവയുടെ ഖജനാവിലേക്കു പോകണം.”+
20 കൊമ്പുവിളി മുഴങ്ങിയപ്പോൾ പടയാളികൾ ആർപ്പുവിളിച്ചു.+ അവർ കൊമ്പുവിളിയുടെ ശബ്ദം കേട്ട് ഉച്ചത്തിൽ പോർവിളി മുഴക്കിയ ഉടൻ മതിൽ നിലംപൊത്തി.+ അപ്പോൾ അവർ നേരെ മുന്നോട്ടു ചെന്ന് നഗരത്തിനുള്ളിൽ കയറി നഗരം പിടിച്ചടക്കി. 21 പുരുഷന്മാർ, സ്ത്രീകൾ, ചെറുപ്പക്കാർ, പ്രായമായവർ, കാള, കഴുത, ആട് എന്നിങ്ങനെ നഗരത്തിലുള്ളതെല്ലാം അവർ വാളുകൊണ്ട് നിശ്ശേഷം നശിപ്പിച്ചു.+
22 ദേശം ഒറ്റുനോക്കിയ രണ്ടു പുരുഷന്മാരോടു യോശുവ പറഞ്ഞു: “ആ വേശ്യയുടെ വീട്ടിൽ ചെന്ന്, നിങ്ങൾ അവളോടു സത്യം ചെയ്തതുപോലെ അവളെയും അവൾക്കുള്ള എല്ലാവരെയും പുറത്ത് കൊണ്ടുവരൂ!”+ 23 അപ്പോൾ, ഒറ്റുനോക്കാൻ പോയ ആ ചെറുപ്പക്കാർ അകത്ത് ചെന്ന് രാഹാബിനെയും രാഹാബിന്റെ അപ്പനെയും അമ്മയെയും സഹോദരങ്ങളെയും രാഹാബിനുള്ള എല്ലാവരെയും പുറത്ത് കൊണ്ടുവന്നു. അങ്ങനെ അവർ രാഹാബിന്റെ കുടുംബത്തെ മുഴുവൻ പുറത്ത് കൊണ്ടുവന്നു.+ അവർ അവരെ ഇസ്രായേൽപാളയത്തിനു വെളിയിലുള്ള ഒരു സ്ഥലത്ത് സുരക്ഷിതരായി എത്തിച്ചു.
24 പിന്നെ അവർ നഗരവും അതിലുള്ളതു മുഴുവനും തീക്കിരയാക്കി. പക്ഷേ, ചെമ്പുകൊണ്ടും ഇരുമ്പുകൊണ്ടും ഉള്ള ഉരുപ്പടികളും വെള്ളിയും സ്വർണവും അവർ യഹോവയുടെ ഭവനത്തിലെ ഖജനാവിലേക്കു കൊടുത്തു.+ 25 യരീഹൊ ഒറ്റുനോക്കാൻ യോശുവ അയച്ച ദൂതന്മാരെ വേശ്യയായ രാഹാബ് ഒളിപ്പിച്ചതുകൊണ്ട് രാഹാബിന്റെ പിതൃഭവനക്കാരെയും രാഹാബിനുള്ള എല്ലാവരെയും മാത്രം യോശുവ ജീവനോടെ വെച്ചു.+ രാഹാബ്+ ഇന്നും ഇസ്രായേലിൽ താമസിക്കുന്നുണ്ട്.
26 ആ സമയത്ത് യോശുവ ഇങ്ങനെ ആണയിട്ട് പ്രഖ്യാപിച്ചു:* “ഈ യരീഹൊ നഗരം പുനർനിർമിക്കാൻ തുനിയുന്നവൻ യഹോവയുടെ മുന്നിൽ ശപിക്കപ്പെട്ടവൻ. അയാൾ അതിന് അടിസ്ഥാനമിടുമ്പോൾ അയാൾക്കു മൂത്ത മകനെ നഷ്ടപ്പെടും. അതിനു വാതിൽ പിടിപ്പിക്കുമ്പോൾ ഇളയ മകനെയും നഷ്ടമാകും.”+
27 യഹോവ യോശുവയുടെകൂടെ ഉണ്ടായിരുന്നു.+ യോശുവയുടെ പ്രശസ്തി ഭൂമിയിലെങ്ങും പരന്നു.+