പുറപ്പാട്
19 ഈജിപ്ത് ദേശം വിട്ട് പോന്നതിന്റെ മൂന്നാം മാസം, അതേ ദിവസംതന്നെ, ഇസ്രായേല്യർ സീനായ് വിജനഭൂമിയിൽ എത്തിച്ചേർന്നു. 2 രഫീദീമിൽനിന്ന്+ പുറപ്പെട്ട് സീനായ് വിജനഭൂമിയിൽ വന്ന അവർ അവിടെ പർവതത്തിനു+ മുന്നിൽ പാളയമടിച്ചു.
3 പിന്നെ മോശ സത്യദൈവത്തിന്റെ അടുത്തേക്കു കയറിപ്പോയി. യഹോവ പർവതത്തിൽനിന്ന് മോശയെ വിളിച്ച്+ ഇങ്ങനെ പറഞ്ഞു: “യാക്കോബിന്റെ ഭവനത്തോട്, അതായത് ഇസ്രായേലിന്റെ പുത്രന്മാരോട്, നീ ഇങ്ങനെ പറയണം: 4 ‘നിങ്ങളെ കഴുകന്റെ ചിറകിൽ വഹിച്ച് എന്റെ അടുത്തേക്കു കൊണ്ടുവരാൻവേണ്ടി+ ഈജിപ്തുകാരോടു ഞാൻ ചെയ്തതു+ നിങ്ങൾ കണ്ടതാണല്ലോ. 5 നിങ്ങൾ എന്റെ സ്വരം കേട്ടനുസരിക്കുന്നതിൽ വീഴ്ചയൊന്നും വരുത്താതെ എന്റെ ഉടമ്പടി പാലിക്കുന്നെങ്കിൽ നിങ്ങൾ എല്ലാ ജനങ്ങളിലുംവെച്ച് എന്റെ പ്രത്യേകസ്വത്താകും.*+ കാരണം ഭൂമി മുഴുവൻ എന്റേതാണ്.+ 6 നിങ്ങൾ എനിക്കു രാജ-പുരോഹിതന്മാരും വിശുദ്ധജനതയും ആകും.’+ ഇവയാണു നീ ഇസ്രായേല്യരോടു പറയേണ്ട വാക്കുകൾ.”
7 അപ്പോൾ മോശ പോയി ജനത്തിന്റെ മൂപ്പന്മാരെ വിളിച്ചുകൂട്ടി യഹോവ കല്പിച്ച ഈ വാക്കുകളെല്ലാം അവരെ അറിയിച്ചു.+ 8 അതിനു ശേഷം, ജനം ഒന്നടങ്കം ഒരേ സ്വരത്തിൽ ഇങ്ങനെ പറഞ്ഞു: “യഹോവ പറഞ്ഞതെല്ലാം ചെയ്യാൻ ഞങ്ങൾ ഒരുക്കമാണ്.”+ ഉടൻതന്നെ മോശ പോയി ജനത്തിന്റെ വാക്കുകൾ യഹോവയെ അറിയിച്ചു. 9 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: “ഇതാ, ഇരുണ്ട മേഘത്തിൽ ഞാൻ നിന്റെ അടുത്തേക്കു വരുന്നു! അങ്ങനെ, ഞാൻ നിന്നോടു സംസാരിക്കുമ്പോൾ ജനം കേൾക്കാനും അവർ എപ്പോഴും നിന്നിലുംകൂടെ വിശ്വാസമർപ്പിക്കാനും ഇടയാകട്ടെ.” പിന്നെ മോശ ജനത്തിന്റെ വാക്കുകൾ യഹോവയെ അറിയിച്ചു.
10 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: “ജനത്തിന്റെ അടുത്തേക്കു ചെന്ന് ഇന്നും നാളെയും അവരെ വിശുദ്ധീകരിക്കുക. അവർ വസ്ത്രം കഴുകി 11 മൂന്നാം ദിവസത്തിനായി തയ്യാറായിരിക്കണം. കാരണം മൂന്നാം ദിവസം സർവജനവും കാൺകെ യഹോവ സീനായ് പർവതത്തിൽ ഇറങ്ങിവരും. 12 നീ ജനത്തിനുവേണ്ടി പർവതത്തിന്റെ ചുറ്റോടുചുറ്റും അതിർ തിരിച്ച് അവരോടു പറയണം: ‘പർവതത്തിലേക്കു കയറിപ്പോകുകയോ അതിന്റെ അതിരിൽ തൊടുകയോ ചെയ്യാതിരിക്കാൻ സൂക്ഷിക്കുക. ആരെങ്കിലും പർവതത്തിൽ തൊട്ടാൽ അവനെ കൊന്നുകളയണം. 13 ആരും അവനെ തൊടരുത്. പകരം, അവനെ കല്ലെറിഞ്ഞോ കുത്തിയോ* കൊല്ലണം. മനുഷ്യനായാലും മൃഗമായാലും ജീവനോടെ വെക്കരുത്.’+ എന്നാൽ കൊമ്പുവിളി* ഉയരുമ്പോൾ+ അവർക്കു പർവതത്തിന്റെ അടുത്ത് വരാം.”
14 പിന്നെ മോശ പർവതത്തിൽനിന്ന് ജനത്തിന്റെ അടുത്തേക്ക് ഇറങ്ങിച്ചെന്ന് ജനത്തെ വിശുദ്ധീകരിക്കാൻതുടങ്ങി. അവർ വസ്ത്രം കഴുകി.+ 15 മോശ ജനത്തോടു പറഞ്ഞു: “മൂന്നാം ദിവസത്തിനുവേണ്ടി ഒരുങ്ങുക. ആരും ലൈംഗികബന്ധത്തിൽ ഏർപ്പെടരുത്.”
16 മൂന്നാം ദിവസം രാവിലെ ഇടിമുഴക്കവും മിന്നലും ഉണ്ടായി. പർവതമുകളിൽ കനത്ത മേഘമുണ്ടായിരുന്നു;+ കൊമ്പുവിളിയുടെ ഗംഭീരശബ്ദവും മുഴങ്ങിക്കേട്ടു. പാളയത്തിലുണ്ടായിരുന്ന ജനം മുഴുവൻ ഭയന്നുവിറയ്ക്കാൻതുടങ്ങി.+ 17 സത്യദൈവവുമായി കൂടിക്കാണാൻ മോശ ഇപ്പോൾ ജനത്തെ പാളയത്തിനു പുറത്ത് കൊണ്ടുവന്നു. അവർ പർവതത്തിന്റെ അടിവാരത്ത് ചെന്ന് നിന്നു. 18 യഹോവ തീയിൽ സീനായ് പർവതത്തിൽ ഇറങ്ങിവന്നതിനാൽ പർവതം മുഴുവനും പുകഞ്ഞു.+ ഒരു ചൂളയിൽനിന്നെന്നപോലെ അതിൽനിന്ന് പുക ഉയർന്നുകൊണ്ടിരുന്നു. പർവതം മുഴുവൻ അതിശക്തമായി കുലുങ്ങുന്നുമുണ്ടായിരുന്നു.+ 19 കൊമ്പുവിളിയുടെ ശബ്ദം കൂടിക്കൂടി വന്നപ്പോൾ മോശ സംസാരിച്ചു. സത്യദൈവത്തിന്റെ ശബ്ദം മോശയ്ക്ക് ഉത്തരമേകി.
20 യഹോവ സീനായ് പർവതത്തിന്റെ മുകളിലേക്ക് ഇറങ്ങിവന്നു. എന്നിട്ട് യഹോവ മോശയെ പർവതത്തിന്റെ മുകളിലേക്കു വിളിച്ചു. മോശ കയറിച്ചെന്നു.+ 21 യഹോവ അപ്പോൾ മോശയോടു പറഞ്ഞു: “നീ താഴേക്കു ചെന്ന്, യഹോവയെ കാണാൻവേണ്ടി അതിർത്തി ലംഘിച്ച് വരരുതെന്നു ജനത്തിനു മുന്നറിയിപ്പു കൊടുക്കുക. അല്ലാത്തപക്ഷം അനേകം ആളുകൾക്കു ജീവൻ നഷ്ടമാകും. 22 യഹോവയുടെ അടുത്ത് പതിവായി വരുന്ന പുരോഹിതന്മാർ തങ്ങളെ വിശുദ്ധീകരിക്കട്ടെ. അങ്ങനെയാകുമ്പോൾ യഹോവ അവരെ പ്രഹരിക്കില്ല.”+ 23 അപ്പോൾ മോശ യഹോവയോടു പറഞ്ഞു: “പർവതത്തിന് അടുത്തേക്കു വരാൻ ജനത്തിനു സാധിക്കില്ല. കാരണം, ‘പർവതത്തിനു ചുറ്റും അതിർത്തി തിരിച്ച് അതു വിശുദ്ധമാക്കണം’+ എന്നു പറഞ്ഞ് അങ്ങ് ഇതിനോടകംതന്നെ ഞങ്ങൾക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ടല്ലോ.” 24 എന്നാൽ യഹോവ മോശയോടു പറഞ്ഞു: “നീ ഇറങ്ങിച്ചെന്ന് അഹരോനെയും കൂട്ടി തിരിച്ച് കയറിവരണം. പക്ഷേ പുരോഹിതന്മാരെയും ജനത്തെയും യഹോവ പ്രഹരിക്കാതിരിക്കേണ്ടതിന് അവർ അതിർത്തി ലംഘിച്ച് ദൈവത്തിന്റെ അടുത്തേക്കു വരാൻ അനുവദിക്കരുത്.”+ 25 അതുകൊണ്ട്, മോശ ജനത്തിന്റെ അടുത്തേക്ക് ഇറങ്ങിച്ചെന്ന് ഇക്കാര്യം അറിയിച്ചു.