യഹസ്കേൽ
44 പിന്നെ വിശുദ്ധമന്ദിരത്തിന്റെ കിഴക്കോട്ടു ദർശനമുള്ള പുറത്തെ കവാടത്തിന് അടുത്തേക്ക് എന്നെ തിരികെ കൊണ്ടുവന്നു.+ ആ കവാടം അടഞ്ഞുകിടന്നിരുന്നു.+ 2 അപ്പോൾ യഹോവ എന്നോടു പറഞ്ഞു: “ഈ കവാടം അടഞ്ഞുതന്നെ കിടക്കും. അതു തുറക്കരുത്. ഒരു മനുഷ്യനും അതിലൂടെ പ്രവേശിക്കരുത്. കാരണം, ഇസ്രായേലിന്റെ ദൈവമായ യഹോവ അതിലൂടെ പ്രവേശിച്ചിരിക്കുന്നു.+ അതുകൊണ്ട്, അത് അടഞ്ഞുതന്നെ കിടക്കണം. 3 പക്ഷേ യഹോവയുടെ സന്നിധിയിൽവെച്ച് അപ്പം കഴിക്കാൻവേണ്ടി തലവൻ അതിൽ ഇരിക്കും;+ കാരണം, അവൻ ഒരു തലവനാണ്. കവാടത്തിന്റെ മണ്ഡപത്തിലൂടെ അവൻ അകത്തേക്കു വരും; അതുവഴിതന്നെ പുറത്തേക്കും പോകും.”+
4 പിന്നെ അദ്ദേഹം എന്നെ വടക്കേ കവാടത്തിലൂടെ ദേവാലയത്തിനു മുന്നിൽ കൊണ്ടുവന്നു. ഞാൻ നോക്കിയപ്പോൾ അതാ, യഹോവയുടെ തേജസ്സ് യഹോവയുടെ ആലയത്തിൽ നിറഞ്ഞിരിക്കുന്നു!+ ഞാൻ നിലത്ത് കമിഴ്ന്നുവീണു.+ 5 അപ്പോൾ യഹോവ എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, യഹോവയുടെ ആലയത്തിന്റെ നിയമങ്ങളെക്കുറിച്ചും വ്യവസ്ഥകളെക്കുറിച്ചും ഞാൻ നിന്നോടു പറയുന്നതെല്ലാം ശ്രദ്ധിച്ചുകേൾക്കൂ! സശ്രദ്ധം നിരീക്ഷിക്കൂ! നന്നായി ശ്രദ്ധിക്കൂ!* ദേവാലയത്തിന്റെ പ്രവേശനമാർഗവും വിശുദ്ധമന്ദിരത്തിന്റെ പുറത്തേക്കുള്ള എല്ലാ വഴികളും നന്നായി ശ്രദ്ധിക്കൂ!+ 6 ധിക്കാരികളായ ഇസ്രായേൽഗൃഹത്തോടു നീ ഇങ്ങനെ പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നു: “ഇസ്രായേൽഗൃഹമേ, നിങ്ങളുടെ വൃത്തികെട്ട ആചാരങ്ങൾ അതിരു കടന്നിരിക്കുന്നു. 7 ഹൃദയത്തിലെയും ശരീരത്തിലെയും അഗ്രചർമം പരിച്ഛേദിക്കാത്ത* വിദേശികളെ നിങ്ങൾ എന്റെ വിശുദ്ധമന്ദിരത്തിൽ കൊണ്ടുവരുന്നു. അവർ എന്റെ ആലയത്തെ അശുദ്ധമാക്കുന്നു. എനിക്കു തരേണ്ട അപ്പവും കൊഴുപ്പും രക്തവും നിങ്ങൾ അർപ്പിക്കുന്നെങ്കിലും നിങ്ങളുടെ വൃത്തികെട്ട ആചാരങ്ങളാൽ എന്റെ ഉടമ്പടി ലംഘിക്കുന്നു. 8 നിങ്ങൾ എന്റെ വിശുദ്ധവസ്തുക്കൾ സൂക്ഷിക്കാതെ+ എന്റെ വിശുദ്ധമന്ദിരത്തിലെ ചുമതലകൾ നിർവഹിക്കാൻ മറ്റുള്ളവരെ നിയമിക്കുന്നു.”’
9 “‘പരമാധികാരിയായ യഹോവ പറയുന്നു: “ഇസ്രായേലിൽ താമസിക്കുന്ന, ഹൃദയത്തിലെയും ശരീരത്തിലെയും അഗ്രചർമം പരിച്ഛേദിക്കാത്ത ഒരൊറ്റ വിദേശിയും എന്റെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കരുത്.”’
10 “‘തങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങളുടെ* പിന്നാലെ പോകാൻ ഇസ്രായേൽ എന്നിൽനിന്ന് അകന്നപ്പോൾ എന്നെ വിട്ട് അകന്നുപോയ ലേവ്യർ+ അവരുടെ തെറ്റിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടിവരും. 11 പിന്നെ അവർ എന്റെ വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്യുന്നവരാകും. അവർ ദേവാലയത്തിന്റെ കവാടങ്ങളുടെ മേൽവിചാരണ നടത്തും;+ ദേവാലയത്തിൽ ശുശ്രൂഷ ചെയ്യും. അവർ ജനത്തിനുവേണ്ടി സമ്പൂർണദഹനയാഗത്തിനുള്ള മൃഗങ്ങളെയും ബലിമൃഗങ്ങളെയും അറുക്കും. ജനത്തിനു ശുശ്രൂഷ ചെയ്യാൻ അവർ അവരുടെ മുന്നിൽ നിൽക്കും. 12 അവരുടെ മ്ലേച്ഛവിഗ്രഹങ്ങളുടെ മുന്നിൽ അവർക്കു ശുശ്രൂഷ ചെയ്ത ലേവ്യർ ഇസ്രായേൽഗൃഹം പാപത്തിലേക്ക് ഇടറിവീഴാൻ കാരണമായി.+ അതുകൊണ്ട് ഞാൻ കൈ ഉയർത്തി അവർക്കെതിരെ ആണയിട്ടു’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. ‘അവരുടെ തെറ്റിന്റെ ഭവിഷ്യത്തുകൾ അവർ അനുഭവിക്കേണ്ടിവരും. 13 അവർ എന്റെ പുരോഹിതന്മാരായി സേവിക്കാൻ എന്നെ സമീപിക്കുകയോ എന്റെ ഏതെങ്കിലും വിശുദ്ധവസ്തുവിന്റെയോ അതിവിശുദ്ധവസ്തുവിന്റെയോ അടുത്തേക്കു വരുകയോ ഇല്ല. ചെയ്തുകൂട്ടിയ എല്ലാ വൃത്തികേടുകളുടെയും അപമാനം പേറി അവർ കഴിയേണ്ടിവരും. 14 പക്ഷേ ഞാൻ അവർക്കു ദേവാലയത്തിലെ കാര്യാദികളുടെ ചുമതല ഏൽപ്പിച്ചുകൊടുക്കും. അവർ അവിടത്തെ സേവനങ്ങൾ ചെയ്യും; അവിടത്തെ എല്ലാ കാര്യങ്ങളും നോക്കിനടത്തും.’+
15 “‘പക്ഷേ ഇസ്രായേല്യർ എന്നിൽനിന്ന് അകന്നുപോയപ്പോൾ+ എന്റെ വിശുദ്ധമന്ദിരത്തിലെ കാര്യാദികൾ നോക്കിനടത്തിയിരുന്ന സാദോക്കിന്റെ പുത്രന്മാരായ ലേവ്യപുരോഹിതന്മാർ+ എന്നെ സമീപിച്ച് എനിക്കു ശുശ്രൂഷ ചെയ്യും. എനിക്കു കൊഴുപ്പും+ രക്തവും+ അർപ്പിക്കാൻ അവർ എന്റെ മുന്നിൽ നിൽക്കും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. 16 ‘അവരായിരിക്കും എന്റെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുക. എനിക്കു ശുശ്രൂഷ ചെയ്യാൻ അവർ എന്റെ മേശയെ സമീപിക്കും.+ എന്നോടുള്ള അവരുടെ ഉത്തരവാദിത്വങ്ങൾ അവർ നിറവേറ്റും.+
17 “‘അവർ അകത്തെ മുറ്റത്തെ കവാടങ്ങളുടെ ഉള്ളിലേക്കു വരുമ്പോൾ ലിനൻവസ്ത്രങ്ങൾ ധരിക്കണം.+ അകത്തെ മുറ്റത്തെ കവാടങ്ങളിലോ ഉള്ളിലോ ശുശ്രൂഷ ചെയ്യുമ്പോൾ അവർ കമ്പിളിവസ്ത്രങ്ങൾ ധരിക്കരുത്. 18 അവർ ലിനൻതലപ്പാവുകൾ വെക്കണം. ലിനൻകൊണ്ടുള്ള അടിവസ്ത്രം ഉപയോഗിച്ച് അവർ അര മറയ്ക്കണം.+ ശരീരം വിയർക്കാൻ ഇടയാക്കുന്നതൊന്നും അവർ ധരിക്കരുത്. 19 അവർ ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നപ്പോൾ ധരിച്ച വസ്ത്രങ്ങൾ, പൊതുജനത്തിനു പ്രവേശനമുള്ള പുറത്തെ മുറ്റത്തേക്കു പോകുന്നതിനു മുമ്പ് വിശുദ്ധമായ ഊണുമുറികളിൽ*+ ഊരിവെക്കണം.+ എന്നിട്ട് അവർ വേറെ വസ്ത്രം ധരിക്കണം. അങ്ങനെയാകുമ്പോൾ അവർ അവരുടെ വസ്ത്രത്തിൽനിന്ന് വിശുദ്ധി ജനങ്ങളിലേക്കു പകരില്ല.* 20 അവർ അവരുടെ തല വടിക്കുകയോ+ തലമുടി നീട്ടിവളർത്തുകയോ അരുത്; പക്ഷേ മുടി വെട്ടിയൊതുക്കണം. 21 പുരോഹിതന്മാർ വീഞ്ഞു കുടിച്ചിട്ട് അകത്തെ മുറ്റത്ത് പ്രവേശിക്കരുത്.+ 22 അവർ വിധവയെയോ വിവാഹമോചിതയെയോ ഭാര്യയാക്കരുത്.+ പക്ഷേ അവർക്ക് ഒരു ഇസ്രായേല്യകന്യകയെയോ ഒരു പുരോഹിതന്റെ വിധവയെയോ വിവാഹം കഴിക്കാം.’+
23 “‘വിശുദ്ധമായതും അല്ലാത്തതും തമ്മിലുള്ള വ്യത്യാസം അവർ എന്റെ ജനത്തിനു പറഞ്ഞുകൊടുക്കണം. ശുദ്ധവും അശുദ്ധവും തമ്മിലുള്ള വ്യത്യാസം അവർ അവരെ പഠിപ്പിക്കണം.+ 24 നിയമപരമായി കൈകാര്യം ചെയ്യേണ്ട പ്രശ്നങ്ങളിൽ അവർ ന്യായാധിപന്മാരായിരിക്കണം.+ എന്റെ ന്യായത്തീർപ്പുകൾക്കു ചേർച്ചയിൽ വേണം അവർ അവയ്ക്കു വിധി കല്പിക്കാൻ.+ എന്റെ എല്ലാ ഉത്സവങ്ങളെക്കുറിച്ചുമുള്ള+ ചട്ടങ്ങളും നിയമങ്ങളും അവർ പാലിക്കണം; എന്റെ ശബത്തുകൾ അവർ വിശുദ്ധീകരിക്കണം. 25 അവർ ശവശരീരത്തിന് അടുത്ത് ചെല്ലരുത്; ചെന്നാൽ അശുദ്ധരാകും. പക്ഷേ അവരുടെ അപ്പൻ, അമ്മ, മകൻ, മകൾ, സഹോദരൻ, അവിവാഹിതയായ സഹോദരി എന്നിവരുടെ കാര്യത്തിൽ അവർക്ക് അശുദ്ധരാകാം.+ 26 പുരോഹിതന്റെ ശുദ്ധീകരണം കഴിഞ്ഞാൽ അവർ അവനുവേണ്ടി ഏഴു ദിവസം എണ്ണണം. 27 വിശുദ്ധസ്ഥലത്ത് ശുശ്രൂഷ ചെയ്യാൻ അകത്തെ മുറ്റത്തേക്ക്, അതായത് വിശുദ്ധസ്ഥലത്തേക്ക്, പ്രവേശിക്കുന്ന ദിവസം അവൻ തന്റെ പാപയാഗം കൊണ്ടുവരണം’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.
28 “‘ഇനി അവരുടെ പൈതൃകാവകാശത്തിന്റെ കാര്യം: ഞാനാണ് അവരുടെ അവകാശം.+ നിങ്ങൾ ഇസ്രായേലിൽ അവർക്ക് ഒരു സ്വത്തും കൊടുക്കരുത്. ഞാനാണല്ലോ അവരുടെ സ്വത്ത്. 29 അവരായിരിക്കും ധാന്യയാഗവും+ പാപയാഗവും അപരാധയാഗവും+ ഭക്ഷിക്കുന്നത്. ഇസ്രായേലിലെ സമർപ്പിതവസ്തുക്കളെല്ലാം അവരുടേതാകും.+ 30 എല്ലാ ആദ്യഫലങ്ങളിലെയും എല്ലാ തരം സംഭാവനകളിലെയും ഏറ്റവും നല്ലതു പുരോഹിതന്മാർക്കുള്ളതാണ്.+ നിങ്ങളുടെ ആദ്യഫലമായ തരിമാവും നിങ്ങൾ പുരോഹിതനു കൊടുക്കണം.+ നിങ്ങളുടെ വീട്ടിലുള്ളവരുടെ അനുഗ്രഹത്തിൽ അതു കലാശിക്കും.+ 31 താനേ ചത്തതോ എന്തെങ്കിലും കടിച്ചുകീറിയതോ ആയ പക്ഷിയെയോ മൃഗത്തെയോ പുരോഹിതന്മാർ കഴിക്കരുത്.’+