ഗലാത്യയിലുള്ളവർക്ക് എഴുതിയ കത്ത്
1 മനുഷ്യരിൽനിന്നോ ഏതെങ്കിലും മനുഷ്യനാലോ അല്ല, ക്രിസ്തുയേശുവിനാലും+ ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച പിതാവായ ദൈവത്താലും+ അപ്പോസ്തലനായിത്തീർന്ന പൗലോസും, 2 കൂടെയുള്ള എല്ലാ സഹോദരന്മാരും ഗലാത്യയിലെ സഭകൾക്ക് എഴുതുന്നത്:
3 നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ ക്രിസ്തുയേശുവിൽനിന്നും ഉള്ള അനർഹദയയും സമാധാനവും നിങ്ങൾക്കുണ്ടായിരിക്കട്ടെ. 4 നമ്മുടെ ദൈവവും പിതാവും ആയവന്റെ ഇഷ്ടമനുസരിച്ച്+ ഈ ദുഷ്ടവ്യവസ്ഥിതിയിൽനിന്ന്*+ നമ്മളെ വിടുവിക്കാൻ നമ്മുടെ പാപങ്ങൾക്കുവേണ്ടി+ ക്രിസ്തു തന്നെത്തന്നെ ഏൽപ്പിച്ചുകൊടുത്തു. 5 ദൈവത്തിന് എന്നുമെന്നേക്കും മഹത്ത്വം. ആമേൻ.
6 ക്രിസ്തുവിന്റെ അനർഹദയകൊണ്ട് നിങ്ങളെ വിളിച്ച ദൈവത്തെ വിട്ട് നിങ്ങൾ ഇത്ര വേഗം മറ്റൊരു സന്തോഷവാർത്തയിലേക്കു തിരിയുന്നതു കണ്ടിട്ട്+ എനിക്ക് അത്ഭുതം തോന്നുന്നു. 7 വാസ്തവത്തിൽ, അതൊരു സന്തോഷവാർത്തയേ അല്ല. ചിലർ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കാൻ നോക്കുകയാണ്.+ ക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത വികലമാക്കുകയാണ് അവരുടെ ലക്ഷ്യം. 8 എന്നാൽ ഞങ്ങൾ നിങ്ങളോട് അറിയിച്ചതിൽനിന്ന് വ്യത്യസ്തമായ ഒരു സന്തോഷവാർത്ത ഞങ്ങളാകട്ടെ, സ്വർഗത്തിൽനിന്നുള്ള ഒരു ദൂതനാകട്ടെ നിങ്ങളെ അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ. 9 ഞങ്ങൾ മുമ്പ് പറഞ്ഞതുതന്നെ ഞാൻ ഇപ്പോഴും പറയുന്നു: നിങ്ങൾ സ്വീകരിച്ചതിൽനിന്ന് വ്യത്യസ്തമായ ഒരു സന്തോഷവാർത്ത ആരെങ്കിലും നിങ്ങളെ അറിയിച്ചാൽ അയാൾ ശപിക്കപ്പെട്ടവൻ.
10 ഞാൻ മനുഷ്യരുടെ അംഗീകാരം നേടാനാണോ അതോ ദൈവത്തിന്റെ അംഗീകാരം നേടാനാണോ ശ്രമിക്കുന്നത്? മനുഷ്യരെ പ്രീതിപ്പെടുത്താനാണോ ഞാൻ നോക്കുന്നത്? മനുഷ്യരെ പ്രീതിപ്പെടുത്താനാണു ഞാൻ ഇപ്പോഴും നോക്കുന്നതെങ്കിൽ ഞാൻ ക്രിസ്തുവിന്റെ അടിമയല്ല. 11 സഹോദരങ്ങളേ, ഞാൻ നിങ്ങളോട് അറിയിച്ച സന്തോഷവാർത്ത മനുഷ്യരിൽനിന്നുള്ളതല്ല+ എന്നു നിങ്ങൾ അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു. 12 എനിക്ക് അതു കിട്ടിയതു മനുഷ്യനിൽനിന്നല്ല. ആരും എന്നെ പഠിപ്പിച്ചതുമല്ല. ഒരു വെളിപാടിലൂടെ ക്രിസ്തുയേശു എനിക്ക് അതു വെളിപ്പെടുത്തിത്തന്നതാണ്.
13 ജൂതമതത്തിലെ എന്റെ മുൻകാലജീവിതത്തെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.+ ദൈവത്തിന്റെ സഭയെ ഞാൻ കഠിനമായി ഉപദ്രവിക്കുകയും നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുപോന്നു.+ 14 എന്റെ ജനത്തിലെ സമപ്രായക്കാരായ പലരെക്കാളും ഞാൻ ജൂതമതകാര്യങ്ങളിൽ മുന്നിട്ടുനിന്നിരുന്നു. പിതൃപാരമ്പര്യങ്ങൾ പിൻപറ്റുന്നതിൽ മറ്റാരെക്കാളും ഉത്സാഹമുള്ളവനായിരുന്നു ഞാൻ.+ 15 പക്ഷേ എന്റെ അമ്മയുടെ ഗർഭത്തിൽനിന്ന് എന്നെ വേർപെടുത്തുകയും അനർഹദയ കാണിച്ച്+ എന്നെ വിളിക്കുകയും ചെയ്ത ദൈവത്തിന് 16 എന്നിലൂടെ തന്റെ പുത്രനെ വെളിപ്പെടുത്താൻ പ്രസാദം തോന്നി. ഞാൻ ജനതകൾക്കിടയിൽ പുത്രനെക്കുറിച്ചുള്ള സന്തോഷവാർത്ത ഘോഷിക്കണമെന്നായിരുന്നു ദൈവത്തിന്റെ ഉദ്ദേശ്യം.+ പക്ഷേ ഞാൻ അപ്പോൾ ഒരു മനുഷ്യനോടും* അഭിപ്രായം ചോദിക്കാൻ നിന്നില്ല. 17 എനിക്കു മുമ്പേ അപ്പോസ്തലന്മാരായവരെ കാണാൻ യരുശലേമിലേക്കു പോയതുമില്ല. പകരം, ഞാൻ നേരെ അറേബ്യയിലേക്കു പോയിട്ട് അവിടെനിന്ന് ദമസ്കൊസിലേക്കു മടങ്ങിപ്പോരുകയാണു ചെയ്തത്.+
18 മൂന്നു വർഷം കഴിഞ്ഞ് ഞാൻ കേഫയെ കാണാൻ+ യരുശലേമിൽ ചെന്നു.+ 15 ദിവസം കേഫയുടെകൂടെ* താമസിച്ചു. 19 പക്ഷേ കർത്താവിന്റെ സഹോദരനായ യാക്കോബിനെ+ അല്ലാതെ മറ്റ് അപ്പോസ്തലന്മാരെയൊന്നും ഞാൻ കണ്ടില്ല. 20 ഞാൻ എഴുതുന്ന ഇക്കാര്യങ്ങളൊന്നും നുണയല്ല എന്നു ദൈവത്തെ സാക്ഷിയാക്കി നിങ്ങൾക്ക് ഉറപ്പു തരുന്നു.
21 പിന്നീട് ഞാൻ സിറിയ, കിലിക്യ എന്നീ പ്രദേശങ്ങളിലേക്കു പോയി.+ 22 എന്നാൽ യഹൂദ്യയിലെ ക്രിസ്തീയസഭകൾക്ക് എന്നെ നേരിട്ട് പരിചയമില്ലായിരുന്നു. 23 “മുമ്പ് നമ്മളെ ഉപദ്രവിച്ചിരുന്ന ആ മനുഷ്യൻ+ ഇപ്പോൾ, താൻ ഒരിക്കൽ നശിപ്പിക്കാൻ ശ്രമിച്ച വിശ്വാസത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കുന്നു”+ എന്നൊരു കേട്ടറിവ് മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ. 24 അങ്ങനെ എന്നെപ്രതി അവർ ദൈവത്തെ സ്തുതിക്കാൻതുടങ്ങി.