രൂത്ത്
4 ബോവസ് നഗരകവാടത്തിൽ+ ചെന്ന് അവിടെ ഇരുന്നു. അപ്പോൾ അതാ, ബോവസ് മുമ്പ് സൂചിപ്പിച്ച വീണ്ടെടുപ്പുകാരൻ+ അതുവഴി പോകുന്നു. (പേര് പരാമർശിച്ചിട്ടില്ലാത്ത) അയാളോടു ബോവസ്, “ഇവിടെ വന്ന് ഇരിക്കൂ” എന്നു പറഞ്ഞു. അയാൾ അവിടെ ചെന്ന് ഇരുന്നു. 2 അപ്പോൾ, ബോവസ് നഗരത്തിലെ പത്തു മൂപ്പന്മാരെ*+ വിളിച്ച് അവരോട്, “ഇവിടെ ഇരിക്കൂ” എന്നു പറഞ്ഞു. അവരും അവിടെ ഇരുന്നു.
3 അപ്പോൾ ബോവസ് ആ വീണ്ടെടുപ്പുകാരനോടു+ പറഞ്ഞു: “മോവാബ് ദേശത്തുനിന്ന് മടങ്ങിയെത്തിയ നൊവൊമിക്കു+ നമ്മുടെ സഹോദരനായ എലീമെലെക്കിന്റെ+ ഉടമസ്ഥതയിലുണ്ടായിരുന്ന നിലം വിൽക്കേണ്ടതായിവന്നിരിക്കുന്നു. 4 അതുകൊണ്ട് ഇക്കാര്യം നിന്നെ അറിയിച്ച് ഇങ്ങനെ പറയാമെന്നു ഞാൻ കരുതി: “ഈ ദേശവാസികളുടെയും എന്റെ ജനത്തിന്റെ മൂപ്പന്മാരുടെയും സാന്നിധ്യത്തിൽ അതു വാങ്ങിക്കൊള്ളുക.+ നീ വീണ്ടെടുക്കുന്നെങ്കിൽ വീണ്ടെടുത്തുകൊള്ളൂ. വീണ്ടെടുക്കാൻ അവകാശമുള്ളവൻ നീയാണല്ലോ. പക്ഷേ, നീ വീണ്ടെടുക്കുന്നില്ലെങ്കിൽ എന്നോടു പറയണം. നീ കഴിഞ്ഞാൽ പിന്നെ അതിന് അവകാശമുള്ളവൻ ഞാനാണ്.” അതിന് അയാൾ, “വീണ്ടെടുക്കാൻ ഞാൻ തയ്യാറാണ്” എന്നു പറഞ്ഞു.+ 5 തുടർന്ന് ബോവസ് പറഞ്ഞു: “നൊവൊമിയുടെ കൈയിൽനിന്ന് നീ നിലം വാങ്ങുന്ന അന്നുതന്നെ മരിച്ചയാളുടെ ഭാര്യയായ രൂത്ത് എന്ന മോവാബ്യസ്ത്രീയിൽനിന്നുകൂടെ നീ അതു വാങ്ങണം; അങ്ങനെ, മരിച്ചുപോയ വ്യക്തിയുടെ അവകാശത്തിന്മേൽ അയാളുടെ പേര് നിലനിൽക്കാനിടയാകും.”+ 6 അപ്പോൾ, വീണ്ടെടുപ്പുകാരൻ പറഞ്ഞു: “എനിക്ക് അതു വീണ്ടെടുക്കാൻ പറ്റില്ല. കാരണം അങ്ങനെ ചെയ്താൽ എന്റെ പൈതൃകസ്വത്തു ഞാൻ നഷ്ടപ്പെടുത്തുകയായിരിക്കും. എന്തായാലും ഞാൻ വീണ്ടെടുക്കാത്ത സ്ഥിതിക്ക് എന്റെ വീണ്ടെടുപ്പവകാശം ഉപയോഗിച്ച് ബോവസുതന്നെ അതു വീണ്ടെടുത്തുകൊള്ളൂ.”
7 വീണ്ടെടുപ്പവകാശവും കൈമാറ്റവും സംബന്ധിച്ച എല്ലാ തരം ഇടപാടുകളും നിയമസാധുതയുള്ളതാക്കാൻ ഒരാൾ ചെരിപ്പ് ഊരി+ മറ്റേയാൾക്കു കൊടുക്കുന്ന സമ്പ്രദായം പണ്ട് ഇസ്രായേലിലുണ്ടായിരുന്നു. അങ്ങനെയാണ് ഒരു കരാർ ഉറപ്പിച്ചിരുന്നത്. 8 അതനുസരിച്ച് വീണ്ടെടുപ്പുകാരൻ ബോവസിനോട്, “നീതന്നെ അതു വാങ്ങിക്കൊള്ളുക” എന്നു പറഞ്ഞ് ചെരിപ്പ് ഊരി. 9 അപ്പോൾ ബോവസ് മൂപ്പന്മാരോടും എല്ലാ ജനത്തോടും പറഞ്ഞു: “എലീമെലെക്കിന്റെ ഉടമസ്ഥതയിലും കില്യോൻ, മഹ്ലോൻ എന്നിവരുടെ ഉടമസ്ഥതയിലും ഉണ്ടായിരുന്നതൊക്കെ ഞാൻ നൊവൊമിയുടെ കൈയിൽനിന്ന് വാങ്ങുന്നു എന്നതിനു നിങ്ങൾ ഇന്നു സാക്ഷികൾ.+ 10 കൂടാതെ, മരിച്ചയാളുടെ പേര് അയാളുടെ അവകാശത്തിന്മേൽ+ നിലനിറുത്താനും അങ്ങനെ, അയാളുടെ സഹോദരന്മാരുടെ ഇടയിൽനിന്നും നഗരകവാടത്തിൽനിന്നും ആ പേര് അറ്റുപോകാതിരിക്കാനും മഹ്ലോന്റെ ഭാര്യയായ രൂത്ത് എന്ന മോവാബ്യസ്ത്രീയെ ഞാൻ ഭാര്യയായും വാങ്ങുന്നു. ഇതിനു നിങ്ങൾ ഇന്നു സാക്ഷികൾ.”+
11 അപ്പോൾ നഗരകവാടത്തിലുണ്ടായിരുന്ന ജനവും മൂപ്പന്മാരും പറഞ്ഞു: “ഞങ്ങൾ സാക്ഷികൾ! ബോവസിന്റെ വീട്ടിലേക്കു വരുന്ന ഭാര്യയെ യഹോവ, ഇസ്രായേൽഗൃഹം പണിത റാഹേലിനെയും ലേയയെയും+ പോലെ ആക്കട്ടെ. എഫ്രാത്തയിൽ+ അങ്ങ് അഭിവൃദ്ധി പ്രാപിക്കുകയും ബേത്ത്ലെഹെമിൽ+ സത്പേര് ഉണ്ടാക്കുകയും* ചെയ്യട്ടെ. 12 ഈ യുവതിയിലൂടെ യഹോവ തരുന്ന സന്തതി+ മുഖാന്തരം അങ്ങയുടെ ഗൃഹം യഹൂദയ്ക്കു താമാറിൽ ജനിച്ച പേരെസിന്റെ+ ഗൃഹംപോലെയായിത്തീരട്ടെ.”
13 അങ്ങനെ, ബോവസ് രൂത്തിനെ സ്വീകരിച്ചു; രൂത്ത് ബോവസിന്റെ ഭാര്യയായിത്തീർന്നു. അവർ ശാരീരികബന്ധത്തിൽ ഏർപ്പെട്ടു. യഹോവയുടെ അനുഗ്രഹത്താൽ രൂത്ത് ഗർഭിണിയായി ഒരു മകനെ പ്രസവിച്ചു. 14 അപ്പോൾ സ്ത്രീകൾ നൊവൊമിയോടു പറഞ്ഞു: “ഇന്നു നൊവൊമിക്ക് ഒരു വീണ്ടെടുപ്പുകാരനെ തന്ന യഹോവ വാഴ്ത്തപ്പെടട്ടെ. ആ പേര് ഇസ്രായേലിലെങ്ങും പ്രസിദ്ധമാകട്ടെ! 15 അവൻ* നിനക്കു നവജീവൻ തന്നിരിക്കുന്നു. നിന്റെ വാർധക്യത്തിൽ അവൻ നിന്നെ പരിപാലിക്കും. കാരണം, നിന്നെ സ്നേഹിക്കുന്നവളും ഏഴു പുത്രന്മാരെക്കാൾ നിനക്കു പ്രയോജനം ചെയ്യുന്നവളും ആയ നിന്റെ മരുമകളാണല്ലോ+ അവനെ പ്രസവിച്ചിരിക്കുന്നത്.” 16 നൊവൊമി കുട്ടിയെ എടുത്ത് മാറോടണച്ചു. നൊവൊമി കുട്ടിയുടെ പോറ്റമ്മയായി.* 17 “നൊവൊമിക്ക് ഒരു മകൻ ജനിച്ചിരിക്കുന്നു” എന്നു പറഞ്ഞ് അയൽക്കാരികൾ കുഞ്ഞിനു പേരിട്ടു. അവർ അവനെ ഓബേദ്+ എന്നു വിളിച്ചു. ഇവനാണ് ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ+ അപ്പൻ.
18 പേരെസിന്റെ വംശപരമ്പര+ ഇതാണ്:* പേരെസിനു ഹെസ്രോൻ+ ജനിച്ചു. 19 ഹെസ്രോനു രാം ജനിച്ചു. രാമിന് അമ്മീനാദാബ് ജനിച്ചു.+ 20 അമ്മീനാദാബിനു+ നഹശോൻ ജനിച്ചു. നഹശോനു ശൽമോൻ ജനിച്ചു. 21 ശൽമോനു ബോവസ് ജനിച്ചു. ബോവസിനു ഓബേദ് ജനിച്ചു. 22 ഓബേദിനു യിശ്ശായി+ ജനിച്ചു. യിശ്ശായിക്കു ദാവീദ്+ ജനിച്ചു.