ലേവ്യ
10 പിന്നീട് അഹരോന്റെ പുത്രന്മാരായ നാദാബും അബീഹുവും+ അവരവരുടെ സുഗന്ധക്കൂട്ടു കത്തിക്കുന്ന പാത്രം എടുത്ത് അതിൽ തീയും സുഗന്ധക്കൂട്ടും+ ഇട്ടു. അങ്ങനെ അവർ നിഷിദ്ധമായ അഗ്നി+ യഹോവയുടെ മുന്നിൽ അർപ്പിച്ചു. അവരോടു ചെയ്യാൻ കല്പിക്കാത്തതായിരുന്നു ഇത്. 2 അതുകൊണ്ട് യഹോവയുടെ സന്നിധിയിൽനിന്ന് തീ പുറപ്പെട്ട് അവരെ ദഹിപ്പിച്ചുകളഞ്ഞു.+ അങ്ങനെ അവർ യഹോവയുടെ സന്നിധിയിൽവെച്ച് മരിച്ചുപോയി.+ 3 അപ്പോൾ മോശ അഹരോനോടു പറഞ്ഞു: “യഹോവ ഇങ്ങനെ പറഞ്ഞിരിക്കുന്നു: ‘എന്റെ അടുത്തുള്ളവർ എന്നെ വിശുദ്ധനായി കാണണം.+ എല്ലാ ജനത്തിന്റെയും മുന്നിൽ എന്നെ മഹത്ത്വീകരിക്കണം.’” അഹരോനോ മൗനം പാലിച്ചു.
4 അപ്പോൾ മോശ അഹരോന്റെ പിതൃസഹോദരനായ ഉസ്സീയേലിന്റെ+ പുത്രന്മാരായ മീശായേലിനെയും എൽസാഫാനെയും വിളിച്ചു. എന്നിട്ട് അവരോടു പറഞ്ഞു: “ഇവിടെ വന്ന് നിങ്ങളുടെ സഹോദരന്മാരെ വിശുദ്ധസ്ഥലത്തിന്റെ മുന്നിൽനിന്ന് പാളയത്തിനു വെളിയിലുള്ള ഒരു സ്ഥലത്തേക്ക് എടുത്തുകൊണ്ടുപോകൂ.” 5 മോശ കല്പിച്ചതുപോലെ അവർ വന്ന് ആ പുരുഷന്മാരെ അവരുടെ കുപ്പായങ്ങളോടുകൂടെ പാളയത്തിനു വെളിയിലുള്ള ഒരു സ്ഥലത്തേക്ക് എടുത്തുകൊണ്ടുപോയി.
6 പിന്നെ മോശ അഹരോനോടും അഹരോന്റെ മറ്റു പുത്രന്മാരായ എലെയാസരിനോടും ഈഥാമാരിനോടും പറഞ്ഞു: “നിങ്ങൾ മരിക്കാതിരിക്കാനും മുഴുസമൂഹത്തിനും എതിരെ ദൈവം കോപിക്കാതിരിക്കാനും നിങ്ങൾ മുടി അലക്ഷ്യമായി വിടരുത്, വസ്ത്രം കീറുകയുമരുത്.+ യഹോവ തീകൊണ്ട് കൊന്നവരെച്ചൊല്ലി ഇസ്രായേൽഗൃഹത്തിലുള്ള നിങ്ങളുടെ സഹോദരന്മാർ കരഞ്ഞുകൊള്ളും. 7 നിങ്ങൾ സാന്നിധ്യകൂടാരത്തിന്റെ പ്രവേശനകവാടം വിട്ട് പുറത്തെങ്ങും പോകരുത്, പോയാൽ നിങ്ങൾ മരിക്കും. കാരണം യഹോവയുടെ അഭിഷേകതൈലം നിങ്ങളുടെ മേൽ ഉണ്ട്.”+ അങ്ങനെ അവർ മോശ പറഞ്ഞതുപോലെ ചെയ്തു.
8 പിന്നെ, യഹോവ അഹരോനോടു പറഞ്ഞു: 9 “സാന്നിധ്യകൂടാരത്തിൽ വരുമ്പോൾ നീയും നിന്റെകൂടെയുള്ള നിന്റെ പുത്രന്മാരും വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ കുടിക്കരുത്.+ എങ്കിൽ നിങ്ങൾ മരിക്കില്ല. ഇതു നിങ്ങൾക്കു തലമുറതലമുറയായുള്ള സ്ഥിരനിയമമായിരിക്കും. 10 വിശുദ്ധമായതും വിശുദ്ധമല്ലാത്തതും തമ്മിലും അശുദ്ധമായതും ശുദ്ധമായതും തമ്മിലും നിങ്ങൾക്കു വേർതിരിക്കാൻ പറ്റേണ്ടതിനും+ 11 മോശയിലൂടെ യഹോവ ഇസ്രായേല്യരോടു സംസാരിച്ച എല്ലാ ചട്ടങ്ങളും നിങ്ങൾക്ക് അവരെ പഠിപ്പിക്കാൻ കഴിയേണ്ടതിനും ആണ് ഈ നിയമം തരുന്നത്.”+
12 പിന്നെ, മോശ അഹരോനോടും അഹരോന്റെ ശേഷിച്ച പുത്രന്മാരായ എലെയാസരിനോടും ഈഥാമാരിനോടും പറഞ്ഞു: “അഗ്നിയിൽ യഹോവയ്ക്ക് അർപ്പിച്ച യാഗങ്ങളിൽപ്പെട്ട ധാന്യയാഗത്തിൽ ബാക്കിവന്നത് എടുത്ത് യാഗപീഠത്തിന് അടുത്തുവെച്ച് പുളിപ്പില്ലാത്ത അപ്പമായി കഴിക്കുക.+ കാരണം അത് ഏറ്റവും വിശുദ്ധമാണ്.+ 13 വിശുദ്ധമായ ഒരു സ്ഥലത്തുവെച്ച് വേണം നിങ്ങൾ അതു കഴിക്കാൻ.+ കാരണം അഗ്നിയിൽ യഹോവയ്ക്ക് അർപ്പിച്ച യാഗങ്ങളിൽനിന്ന് നിനക്കും നിന്റെ പുത്രന്മാർക്കും ഉള്ള ഓഹരിയാണ് അത്. ഇതാണ് എന്നോടു കല്പിച്ചിരിക്കുന്നത്. 14 കൂടാതെ ദോളനയാഗത്തിന്റെ* നെഞ്ചും വിശുദ്ധയോഹരിയായ കാലും+ ശുദ്ധിയുള്ള ഒരു സ്ഥലത്തുവെച്ച് വേണം നിങ്ങൾ കഴിക്കാൻ. ഇവ ഇസ്രായേല്യരുടെ സഹഭോജനബലികളിൽനിന്ന് നിനക്കും മക്കൾക്കും ഉള്ള ഓഹരിയായി നൽകിയിരിക്കുന്നതുകൊണ്ട് നിനക്കും നിന്റെ പുത്രന്മാർക്കും നിന്റെകൂടെയുള്ള നിന്റെ പുത്രിമാർക്കും അതു കഴിക്കാം.+ 15 അവർ അഗ്നിയിൽ യാഗമായി അർപ്പിക്കുന്ന കൊഴുപ്പു കൊണ്ടുവരുന്നതിന്റെകൂടെ വിശുദ്ധയോഹരിയായ കാലും ദോളനയാഗത്തിന്റെ നെഞ്ചും കൊണ്ടുവരണം. എന്നിട്ട് ദോളനയാഗവസ്തു യഹോവയുടെ മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും ആട്ടും. ഇതു നിനക്കും നിന്റെകൂടെയുള്ള നിന്റെ പുത്രന്മാർക്കും സ്ഥിരമായ ഓഹരിയായി കിട്ടും,+ യഹോവ കല്പിച്ചിരിക്കുന്നതുപോലെതന്നെ.”
16 പാപയാഗത്തിനുള്ള കോലാടിനെ+ മോശ പലയിടത്തും തിരഞ്ഞെങ്കിലും കണ്ടില്ല. അതു ദഹിച്ചുതീർന്നെന്ന് അറിഞ്ഞപ്പോൾ അഹരോന്റെ ശേഷിച്ച പുത്രന്മാരായ എലെയാസരിനോടും ഈഥാമാരിനോടും മോശ ദേഷ്യപ്പെട്ട് ഇങ്ങനെ പറഞ്ഞു: 17 “നിങ്ങൾ എന്തുകൊണ്ടാണു വിശുദ്ധസ്ഥലത്തുവെച്ച് പാപയാഗം ഭക്ഷിക്കാതിരുന്നത്?+ അത് ഏറ്റവും വിശുദ്ധമായതല്ലേ? ഇസ്രായേൽസമൂഹത്തിന്റെ തെറ്റിനു നിങ്ങൾ ഉത്തരം പറയാനും യഹോവയുടെ മുമ്പാകെ അവർക്കു പാപപരിഹാരം വരുത്താനും വേണ്ടി ദൈവമല്ലേ അതു നിങ്ങൾക്കു തന്നത്? 18 പക്ഷേ നിങ്ങൾ അതിന്റെ രക്തം വിശുദ്ധസ്ഥലത്തേക്കു+ കൊണ്ടുവന്നിട്ടില്ല. എനിക്കു കിട്ടിയ കല്പനപോലെ, നിങ്ങൾ അതു വിശുദ്ധസ്ഥലത്തുവെച്ച് കഴിക്കേണ്ടതായിരുന്നു.” 19 മറുപടിയായി അഹരോൻ മോശയോടു പറഞ്ഞു: “അവർ ഇന്ന് അവരുടെ പാപയാഗവും ദഹനയാഗവും+ യഹോവയുടെ മുമ്പാകെ അർപ്പിച്ചു. എന്നിട്ടും എനിക്ക് ഇങ്ങനെയൊക്കെ സംഭവിച്ചു. അഥവാ ഇന്നു ഞാൻ പാപയാഗം കഴിച്ചിരുന്നെങ്കിലും യഹോവയ്ക്ക് അതിൽ പ്രസാദം തോന്നുമായിരുന്നോ?” 20 ആ വിശദീകരണം മോശയ്ക്കു തൃപ്തികരമായി തോന്നി.