ദിനവൃത്താന്തം ഒന്നാം ഭാഗം
13 സഹസ്രാധിപന്മാരോടും* ശതാധിപന്മാരോടും* എല്ലാ നേതാക്കന്മാരോടും+ കൂടിയാലോചിച്ചശേഷം ദാവീദ് 2 ഇസ്രായേൽ സഭയോടു മുഴുവൻ ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്കു സമ്മതമാണെങ്കിൽ, ഇതു നമ്മുടെ ദൈവമായ യഹോവയുടെ ഹിതമാണെങ്കിൽ, നമുക്ക് ഇസ്രായേലിലെ എല്ലാ പ്രദേശങ്ങളിലേക്കും ആളയച്ച് ബാക്കിയുള്ള എല്ലാ സഹോദരന്മാരെയും അവരവരുടെ നഗരങ്ങളിൽ*+ താമസിക്കുന്ന പുരോഹിതന്മാരെയും ലേവ്യരെയും വിളിപ്പിക്കാം. 3 നമുക്ക് ഒന്നിച്ച് നമ്മുടെ ദൈവത്തിന്റെ പെട്ടകം തിരികെ കൊണ്ടുവരാം.”+ കാരണം ശൗലിന്റെ കാലത്ത് അവർ അത് അവഗണിച്ചു.+ 4 ജനങ്ങൾക്ക് മുഴുവൻ ഈ നിർദേശം ഉചിതമാണെന്നു തോന്നി; സഭ ഒന്നടങ്കം അത് അംഗീകരിച്ചു. 5 അങ്ങനെ സത്യദൈവത്തിന്റെ പെട്ടകം കിര്യത്ത്-യയാരീമിൽനിന്ന് കൊണ്ടുവരാൻ+ ഈജിപ്ത് നദി* മുതൽ ലബോ-ഹമാത്ത്*+ വരെയുള്ള എല്ലാ ഇസ്രായേല്യരെയും ദാവീദ് വിളിച്ചുകൂട്ടി.
6 കെരൂബുകളുടെ മീതെ സിംഹാസനത്തിൽ* ഇരിക്കുന്ന+ യഹോവയുടെ പെട്ടകം—ആളുകൾ സത്യദൈവത്തിന്റെ പേര് വിളിച്ചപേക്ഷിക്കുന്ന പെട്ടകം—കൊണ്ടുവരാൻ ദാവീദും എല്ലാ ഇസ്രായേലും കൂടി യഹൂദയിലുള്ള ബാലയിലേക്ക്,+ അതായത് കിര്യത്ത്-യയാരീമിലേക്ക്, പോയി. 7 പക്ഷേ അവർ സത്യദൈവത്തിന്റെ പെട്ടകം ഒരു പുതിയ വണ്ടിയിൽ കയറ്റിയാണ്+ അബീനാദാബിന്റെ വീട്ടിൽനിന്ന് കൊണ്ടുവന്നത്. ഉസ്സയും അഹ്യൊയും വണ്ടി തെളിച്ചു.+ 8 ദാവീദും എല്ലാ ഇസ്രായേല്യരും കിന്നരം, മറ്റു തന്ത്രിവാദ്യങ്ങൾ, തപ്പ്,+ ഇലത്താളം,+ കാഹളം+ എന്നിവയുടെ അകമ്പടിയോടെ പാട്ടു പാടി അത്യുത്സാഹത്തോടെ സത്യദൈവത്തിന്റെ മുമ്പാകെ തുള്ളിച്ചാടി നൃത്തം ചെയ്തു. 9 എന്നാൽ അവർ കീദോൻ മെതിക്കളത്തിൽ എത്തിയപ്പോൾ, കന്നുകാലികൾ വിരണ്ടിട്ട് പെട്ടകം മറിയാൻതുടങ്ങുന്നെന്നു കണ്ട ഉസ്സ കൈ നീട്ടി അതിൽ കയറിപ്പിടിച്ചു. 10 അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരെ ആളിക്കത്തി. പെട്ടകത്തിനു നേരെ കൈ നീട്ടിയതുകൊണ്ട്+ ദൈവം ഉസ്സയെ പ്രഹരിച്ചു. ഉസ്സ ദൈവസന്നിധിയിൽ മരിച്ചുവീണു.+ 11 പക്ഷേ ഉസ്സയ്ക്കു നേരെ യഹോവയുടെ കോപം ആളിക്കത്തിയതുകൊണ്ട് ദാവീദിനു ദേഷ്യം* വന്നു. ആ സ്ഥലം ഇന്നുവരെയും പേരെസ്-ഉസ്സ* എന്ന് അറിയപ്പെടുന്നു.
12 ദാവീദിന് അന്നു സത്യദൈവത്തോടു ഭയം തോന്നി. “ഞാൻ എങ്ങനെ സത്യദൈവത്തിന്റെ പെട്ടകം എന്റെ അടുത്ത് കൊണ്ടുവരും” എന്നു ദാവീദ് പറഞ്ഞു.+ 13 ആ പെട്ടകം ദാവീദിന്റെ നഗരത്തിൽ താൻ താമസിച്ചിരുന്ന സ്ഥലത്തേക്കു ദാവീദ് കൊണ്ടുവന്നില്ല. ദാവീദ് അതു ഗിത്ത്യനായ ഓബേദ്-ഏദോമിന്റെ വീട്ടിലേക്കു കൊണ്ടുപോകാൻ ഏർപ്പാടാക്കി. 14 സത്യദൈവത്തിന്റെ പെട്ടകം മൂന്നു മാസം ഓബേദ്-ഏദോമിന്റെ വീട്ടിൽ ഇരുന്നു. യഹോവ ഓബേദ്-ഏദോമിന്റെ വീട്ടിലുള്ളവരെയും അയാൾക്കുള്ള എല്ലാത്തിനെയും അനുഗ്രഹിച്ചു.+