ന്യായാധിപന്മാർ
4 എന്നാൽ ഏഹൂദ് മരിച്ചശേഷം ഇസ്രായേല്യർ വീണ്ടും യഹോവയുടെ മുമ്പാകെ തിന്മ ചെയ്തു.+ 2 അതുകൊണ്ട് യഹോവ അവരെ ഹാസോർ ഭരിച്ചിരുന്ന കനാൻരാജാവായ യാബീനു വിറ്റുകളഞ്ഞു.+ ഹരോശെത്ത്-ഹാ-ഗോയീമിൽ+ താമസിച്ചിരുന്ന സീസെരയായിരുന്നു യാബീന്റെ സൈന്യാധിപൻ. 3 യാബീന്* ഇരുമ്പരിവാൾ ഘടിപ്പിച്ച* 900 യുദ്ധരഥങ്ങളുണ്ടായിരുന്നു;+ യാബീൻ ഇസ്രായേല്യരെ 20 വർഷം നിർദയം അടിച്ചമർത്തി.+ അതിനാൽ ഇസ്രായേല്യർ യഹോവയോടു കരഞ്ഞുനിലവിളിച്ചു.+
4 അക്കാലത്ത് ലപ്പീദോത്തിന്റെ ഭാര്യയായ ദബോര പ്രവാചികയാണ്+ ഇസ്രായേലിൽ ന്യായപാലനം നടത്തിയിരുന്നത്. 5 എഫ്രയീംമലനാട്ടിലെ ബഥേലിനും+ രാമയ്ക്കും+ ഇടയ്ക്കുള്ള ദബോരയുടെ ഈന്തപ്പനയ്ക്കു കീഴിൽ പ്രവാചിക ഇരിക്കുമായിരുന്നു. ന്യായം നടത്തിക്കിട്ടാൻ ഇസ്രായേല്യർ പ്രവാചികയുടെ അടുത്ത് പോകുമായിരുന്നു. 6 ദബോര ആളയച്ച് കേദെശ്-നഫ്താലിയിൽനിന്ന്+ അബീനോവാമിന്റെ മകൻ ബാരാക്കിനെ വിളിപ്പിച്ചു. ദബോര ബാരാക്കിനോടു+ പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവയാണു കല്പിച്ചിരിക്കുന്നത്! ‘താബോർ പർവതത്തിലേക്കു പുറപ്പെടുക.* നഫ്താലിയിൽനിന്നും സെബുലൂനിൽനിന്നും 10,000 പുരുഷന്മാരെയും ഒപ്പം കൂട്ടിക്കൊള്ളുക. 7 യാബീന്റെ സൈന്യാധിപനായ സീസെരയെയും സീസെരയുടെ യുദ്ധരഥങ്ങളെയും സൈന്യത്തെയും ഞാൻ ബാരാക്കിന്റെ അടുത്ത്, കീശോൻ തോട്ടിൽ,*+ കൊണ്ടുവരും. സീസെരയെ ഞാൻ ബാരാക്കിന്റെ കൈയിൽ ഏൽപ്പിക്കും.’”+
8 അപ്പോൾ ബാരാക്ക് പറഞ്ഞു: “ദബോര കൂടെ വരുകയാണെങ്കിൽ ഞാൻ പോകാം. ദബോര വരുന്നില്ലെങ്കിൽ ഞാൻ പോകില്ല.” 9 അപ്പോൾ ദബോര പറഞ്ഞു: “ഞാൻ ബാരാക്കിനോടൊപ്പം വരാം. പക്ഷേ ഈ ഉദ്യമത്തിന്റെ മഹത്ത്വം അങ്ങയ്ക്കു ലഭിക്കില്ല. കാരണം ഒരു സ്ത്രീയുടെ കൈയിലായിരിക്കും യഹോവ സീസെരയെ ഏൽപ്പിക്കുക.”+ അങ്ങനെ ദബോര ബാരാക്കിനോടുകൂടെ കേദെശിലേക്കു+ പോയി. 10 ബാരാക്ക് സെബുലൂനെയും നഫ്താലിയെയും+ കേദെശിൽ കൂട്ടിവരുത്തി. 10,000 പേർ ബാരാക്കിനെ അനുഗമിച്ചു. ദബോരയും ബാരാക്കിന്റെകൂടെ പോയി.
11 കേന്യനായ ഹേബെർ മോശയുടെ അമ്മായിയപ്പനായ+ ഹോബാബിന്റെ വംശജരിൽനിന്ന്, അതായത് കേന്യരിൽനിന്ന്,+ വിട്ടുപിരിഞ്ഞ് കേദെശിലെ സാനന്നീമിലുള്ള വലിയ വൃക്ഷത്തിന് അരികെ കൂടാരം അടിച്ച് താമസിക്കുന്നുണ്ടായിരുന്നു.
12 അബീനോവാമിന്റെ മകനായ ബാരാക്ക് താബോർ പർവതത്തിലേക്കു പോയിട്ടുണ്ടെന്നു+ സീസെരയ്ക്കു വിവരം കിട്ടി. 13 സീസെര ഉടനെ തന്നോടൊപ്പമുള്ള സൈന്യത്തെ മുഴുവൻ കൂട്ടി, ഇരുമ്പരിവാൾ ഘടിപ്പിച്ച 900 യുദ്ധരഥങ്ങളുമായി ഹരോശെത്ത്-ഹാ-ഗോയീമിൽനിന്ന് കീശോൻ തോട്ടിലേക്കു+ പുറപ്പെട്ടു. 14 അപ്പോൾ ദബോര ബാരാക്കിനോടു പറഞ്ഞു: “എഴുന്നേൽക്കൂ, യഹോവ സീസെരയെ അങ്ങയുടെ കൈയിൽ ഏൽപ്പിക്കുന്ന ദിവസമാണ് ഇത്. ഇതാ, യഹോവ അങ്ങയ്ക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു!” അങ്ങനെ ബാരാക്ക് 10,000 പേരോടൊപ്പം താബോർ പർവതത്തിൽനിന്ന് പുറപ്പെട്ടു. 15 സീസെരയും സൈന്യവും സീസെരയുടെ എല്ലാ യുദ്ധരഥങ്ങളും ബാരാക്കിന്റെ വാളിനു മുന്നിൽ പരിഭ്രമിച്ചുപോകാൻ യഹോവ ഇടയാക്കി.+ ഒടുവിൽ സീസെര രഥത്തിൽനിന്ന് ഇറങ്ങി ഓടിപ്പോയി. 16 ബാരാക്ക് സീസെരയുടെ യുദ്ധരഥങ്ങളെയും സൈന്യത്തെയും ഹരോശെത്ത്-ഹാ-ഗോയീം വരെ പിന്തുടർന്നു. അങ്ങനെ, സീസെരയുടെ സൈന്യം മുഴുവൻ വാളിന് ഇരയായി;+ ഒരാൾപ്പോലും ബാക്കിയായില്ല.
17 സീസെരയാകട്ടെ, കേന്യനായ ഹേബെരിന്റെ+ ഭാര്യ യായേലിന്റെ കൂടാരത്തിലേക്ക്+ ഓടിച്ചെന്നു. ഹാസോർരാജാവായ യാബീനും+ കേന്യനായ ഹേബെരിന്റെ ഭവനവും തമ്മിൽ സമാധാനത്തിലായിരുന്നു. 18 യായേൽ പുറത്ത് വന്ന് സീസെരയെ സ്വീകരിച്ചു. യായേൽ പറഞ്ഞു: “വന്നാലും, അകത്തേക്കു വന്നാലും; പേടിക്കേണ്ടാ.” സീസെര കൂടാരത്തിന് അകത്തേക്കു ചെന്നു. യായേൽ സീസെരയെ ഒരു പുതപ്പ് ഇട്ട് മൂടി. 19 സീസെര യായേലിനോട്, “എനിക്കു വല്ലാതെ ദാഹിക്കുന്നു, കുടിക്കാൻ അൽപ്പം വെള്ളം തരൂ” എന്നു പറഞ്ഞപ്പോൾ യായേൽ ഒരു തോൽക്കുടം തുറന്ന് സീസെരയ്ക്കു കുടിക്കാൻ പാൽ കൊടുത്തു.+ അതിനു ശേഷം യായേൽ വീണ്ടും സീസെരയെ മൂടി. 20 സീസെര പറഞ്ഞു: “നീ കൂടാരവാതിൽക്കൽ നിൽക്കണം. ‘ഇവിടെ ഒരാൾ വന്നോ’ എന്ന് ആരെങ്കിലും ചോദിച്ചാൽ ‘ഇല്ല’ എന്നു പറയണം.”
21 എന്നാൽ ഹേബെരിന്റെ ഭാര്യ യായേൽ ഒരു കൂടാരക്കുറ്റിയും ചുറ്റികയും കൈയിലെടുത്തു. ക്ഷീണിച്ച് തളർന്ന സീസെര നല്ല ഉറക്കത്തിലായെന്നു കണ്ടപ്പോൾ യായേൽ പതുങ്ങിച്ചെന്ന് കൂടാരക്കുറ്റി സീസെരയുടെ ചെന്നിയിൽ* അടിച്ചുകയറ്റി; അതു മറുവശത്തുകൂടെ നിലത്ത് തുളഞ്ഞിറങ്ങി. സീസെര മരിച്ചു.+
22 ബാരാക്ക് സീസെരയെ പിന്തുടർന്ന് അവിടെ എത്തി. അപ്പോൾ യായേൽ പുറത്ത് ചെന്ന് ബാരാക്കിനോടു പറഞ്ഞു: “വരൂ, അങ്ങ് അന്വേഷിക്കുന്നയാളെ ഞാൻ കാണിച്ചുതരാം.” ബാരാക്ക് യായേലിനോടൊപ്പം ചെന്നപ്പോൾ തലയിൽ കൂടാരക്കുറ്റി തറച്ചുകയറി സീസെര മരിച്ചുകിടക്കുന്നതു കണ്ടു.
23 അങ്ങനെ, ദൈവം അന്നു കനാൻരാജാവായ യാബീനെ ഇസ്രായേല്യർക്കു മുന്നിൽ മുട്ടുകുത്തിച്ചു.+ 24 ഇസ്രായേല്യരുടെ കൈ കനാൻരാജാവായ യാബീന് എതിരെ കൂടുതൽക്കൂടുതൽ ശക്തമായി.+ ഒടുവിൽ അവർ കനാൻരാജാവായ യാബീനെ കൊന്നുകളഞ്ഞു.+