വിലാപങ്ങൾ
א (ആലേഫ്)*
1 ആളുകൾ തിങ്ങിനിറഞ്ഞിരുന്ന നഗരം തനിച്ചിരിക്കുന്നല്ലോ!+
മറ്റു രാജ്യങ്ങളെക്കാൾ ആൾപ്പെരുപ്പമുണ്ടായിരുന്നവൾ വിധവയായിപ്പോയല്ലോ!+
സംസ്ഥാനങ്ങൾക്കിടയിൽ രാജകുമാരിയായി കഴിഞ്ഞവൾ അടിമപ്പണി ചെയ്യേണ്ടിവന്നല്ലോ!+
ב (ബേത്ത്)
2 രാത്രി മുഴുവൻ അവൾ പൊട്ടിക്കരയുന്നു,+ അവളുടെ കവിളുകളിലൂടെ കണ്ണീർ ഒഴുകുന്നു.
അവളെ ആശ്വസിപ്പിക്കാൻ അവളുടെ കാമുകന്മാർ ആരുമില്ല.+
അവളുടെ കൂട്ടുകാരെല്ലാം അവളെ ചതിച്ചു,+ അവർ അവളുടെ ശത്രുക്കളായി.
ג (ഗീമെൽ)
3 യഹൂദയ്ക്കു കഷ്ടതകളും ക്രൂരമായ അടിമത്തവും അനുഭവിക്കേണ്ടിവന്നു,+ അവളെ ബന്ദിയായി കൊണ്ടുപോയി.+
അവൾക്കു ജനതകൾക്കിടയിൽ താമസിക്കേണ്ടിവന്നു,+ അവൾക്കു വിശ്രമിക്കാനിടമില്ല.
അവളെ ഉപദ്രവിക്കുന്നവരെല്ലാം കഷ്ടതയുടെ സമയത്ത് അവളുടെ മേൽ ചാടിവീണിരിക്കുന്നു.
ד (ദാലെത്ത്)
4 ആരും സീയോനിലേക്ക് ഉത്സവത്തിനു വരാത്തതിനാൽ അവിടേക്കുള്ള വഴികൾ കരയുന്നു.+
അവളുടെ കവാടങ്ങളെല്ലാം വിജനമായിക്കിടക്കുന്നു,+ അവളുടെ പുരോഹിതന്മാർ നെടുവീർപ്പിടുന്നു.
അവളുടെ കന്യകമാർ* ദുഃഖിച്ചുകരയുന്നു, അവൾ അതിവേദനയിലാണ്.
ה (ഹേ)
5 അവളുടെ എതിരാളികളാണ് ഇപ്പോൾ അവളുടെ യജമാനന്മാർ, അവളുടെ ശത്രുക്കൾ പേടികൂടാതെ കഴിയുന്നു.+
അവളുടെ ലംഘനങ്ങൾ നിമിത്തം യഹോവ അവൾക്കു ദുഃഖം നൽകിയിരിക്കുന്നു.+
എതിരാളികൾ അവളുടെ മക്കളെ ബന്ദികളാക്കി കൊണ്ടുപോയി.+
ו (വൗ)
6 സീയോൻപുത്രിയുടെ പ്രൗഢിയെല്ലാം പൊയ്പോയി.+
അവളുടെ പ്രഭുക്കന്മാർ മേച്ചിൽപ്പുറം കിട്ടാത്ത കലമാനുകളെപ്പോലെ.
അവരെ പിന്തുടരുന്നവരുടെ മുന്നിൽ അവർ അവശരായി നടക്കുന്നു.
ז (സയിൻ)
7 കഷ്ടപ്പെടുകയും ഭവനമില്ലാതെ അലയുകയും ചെയ്യുമ്പോൾ,
പണ്ടു തനിക്കുണ്ടായിരുന്ന വിലപിടിച്ച വസ്തുക്കളെക്കുറിച്ചെല്ലാം യരുശലേം ഓർക്കുന്നു.+
അവളുടെ ജനം എതിരാളിയുടെ കൈയിൽ അകപ്പെടുകയും
അവളെ സഹായിക്കാൻ ആരുമില്ലാതാകുകയും ചെയ്തപ്പോൾ+
എതിരാളികൾ അവളുടെ വീഴ്ച കണ്ട് അതിൽ ആഹ്ലാദിച്ചു.+
ח (ഹേത്ത്)
8 യരുശലേം വലിയ പാപം ചെയ്തു;+ അതുകൊണ്ട് എല്ലാവരും അവളെ വെറുക്കുന്നു.
അവളെ ബഹുമാനിച്ചിരുന്നവരെല്ലാം അവളുടെ നഗ്നത കണ്ടു,+
അവർ ഇപ്പോൾ അവളെ അറപ്പോടെ കാണുന്നു.
അവൾ ഞരങ്ങുന്നു,+ അപമാനഭാരത്താൽ മുഖം തിരിക്കുന്നു.
ט (തേത്ത്)
9 അവളുടെ അശുദ്ധി അവളുടെ ഉടുപ്പിൽ പറ്റിയിരിക്കുന്നു.
അവളുടെ ഭാവിയെക്കുറിച്ച് അവൾ ചിന്തിച്ചില്ല.+
അവളുടെ വീഴ്ച ഭയങ്കരമായിരുന്നു, അവളെ ആശ്വസിപ്പിക്കാൻ ആരുമില്ല.
യഹോവേ, എന്റെ കഷ്ടതകൾ കാണേണമേ, ശത്രു മഹത്ത്വം നേടിയിരിക്കുന്നു.+
י (യോദ്)
10 എതിരാളി അവളുടെ സമ്പത്തു മുഴുവൻ കൈക്കലാക്കി.+
അങ്ങയുടെ സഭയിൽ പ്രവേശിക്കരുത് എന്ന് അങ്ങ് കല്പിച്ച ജനതകൾ
അവളുടെ വിശുദ്ധമന്ദിരത്തിൽ കടക്കുന്നത് അവൾ കണ്ടു.+
כ (കഫ്)
11 അവളുടെ ജനങ്ങൾ നെടുവീർപ്പിടുന്നു, അവരെല്ലാം ആഹാരം തേടി അലയുന്നു.+
അൽപ്പം ആഹാരം കഴിച്ച് ജീവൻ നിലനിറുത്താൻ അവർ അവരുടെ അമൂല്യവസ്തുക്കൾ നൽകുന്നു.
യഹോവേ, നോക്കേണമേ; ഞാൻ ഒന്നിനും കൊള്ളാത്തവളായിരിക്കുന്നു.*
ל (ലാമെദ്)
12 വഴിയേ പോകുന്നവരേ, നിങ്ങൾക്കു വിഷമം തോന്നുന്നില്ലേ?
യഹോവയ്ക്ക് ഉഗ്രകോപം തോന്നിയ ദിവസം ദൈവം എനിക്കു നൽകിയ വേദന കാണൂ!
ഞാൻ വേദനിക്കുന്നതുപോലെ മറ്റാരെങ്കിലും വേദനിക്കുന്നുണ്ടോ?+
מ (മേം)
13 സ്വർഗത്തിൽനിന്ന് ദൈവം എന്റെ അസ്ഥികളിലേക്കു തീ അയച്ച് അവ ഓരോന്നിനെയും കീഴടക്കുന്നു.+
ദൈവം എന്റെ വഴിയിൽ വല വിരിച്ചു, പിന്തിരിയാൻ എന്നെ പ്രേരിപ്പിച്ചു.
ദൈവം എന്നെ ആരോരുമില്ലാത്ത ഒരുവളാക്കിയിരിക്കുന്നു.
ദിവസം മുഴുവൻ ഞാൻ രോഗിയായി കഴിയുന്നു.
נ (നൂൻ)
14 എന്റെ ലംഘനങ്ങൾ എന്റെ മേൽ ഒരു നുകംപോലെ കെട്ടിവെച്ചിരിക്കുന്നു,
ദൈവം തന്റെ കൈകൊണ്ട് അവ കെട്ടിയിരിക്കുന്നു;
അവ എന്റെ കഴുത്തിൽ വെച്ചിരിക്കുന്നു, എന്റെ ശക്തി ചോർന്നുപോയി.
എനിക്ക് എതിർത്തുനിൽക്കാൻ കഴിയാത്തവരുടെ കൈയിൽ യഹോവ എന്നെ ഏൽപ്പിച്ചു.+
ס (സാമെക്)
15 എന്റെ ഇടയിലുണ്ടായിരുന്ന കരുത്തന്മാരെ യഹോവ നീക്കിക്കളഞ്ഞു.+
എന്റെ ചെറുപ്പക്കാരെ തകർക്കാൻ ദൈവം എന്റെ നേരെ ഒരു ജനസമൂഹത്തെ കൂട്ടിവരുത്തി.+
കന്യകയായ യഹൂദാപുത്രിയെ യഹോവ മുന്തിരിച്ചക്കിൽ* ഇട്ട് ചവിട്ടി.+
ע (അയിൻ)
16 ഇതെല്ലാം ഓർത്ത് ഞാൻ തേങ്ങുന്നു,+ എന്റെ കണ്ണിൽനിന്ന് കണ്ണീർ ഒഴുകുന്നു.
എനിക്ക് ആശ്വാസം തരാനും ഉന്മേഷം പകരാനും കഴിയുന്ന ആരും എന്റെ അടുത്തില്ല.
ശത്രു ഞങ്ങളെ കീഴടക്കിയിരിക്കുന്നു, എന്റെ പുത്രന്മാർ തകർന്നുപോയി.
פ (പേ)
17 സീയോൻ കൈ വിരിച്ചുപിടിച്ചിരിക്കുന്നു,+ അവളെ ആശ്വസിപ്പിക്കാൻ ആരുമില്ല.
യാക്കോബിനു നേരെ തിരിയാൻ അവന്റെ ചുറ്റുമുള്ള ശത്രുക്കൾക്ക് യഹോവ കല്പന കൊടുത്തിരിക്കുന്നു.+
യരുശലേമിനോട് അവർക്ക് അറപ്പു തോന്നുന്നു.+
צ (സാദെ)
18 യഹോവ നീതിമാനാണ്!+ ഞാനാണു ദൈവത്തിന്റെ കല്പനകൾ ലംഘിച്ചത്.*+
എല്ലാവരും ശ്രദ്ധിക്കൂ, എന്റെ വേദന കാണൂ.
എന്റെ കന്യകമാരെയും* ചെറുപ്പക്കാരെയും ബന്ദികളായി കൊണ്ടുപോയിരിക്കുന്നു.+
ק (കോഫ്)
19 ഞാൻ എന്റെ കാമുകന്മാരെ വിളിച്ചു, പക്ഷേ അവർ എന്നെ വഞ്ചിച്ചു.+
ജീവൻ നിലനിറുത്താനായി ആഹാരം തേടി അലഞ്ഞ്
എന്റെ പുരോഹിതന്മാരും മൂപ്പന്മാരും* നഗരത്തിൽ മരിച്ചുവീണു.+
ר (രേശ്)
20 യഹോവേ, കാണേണമേ, ഞാൻ വലിയ കഷ്ടത്തിലാണ്.
എന്റെ ഉള്ളം* കലങ്ങിമറിയുന്നു.
എന്റെ ഹൃദയം വേദനകൊണ്ട് പുളയുന്നു, ഞാൻ അങ്ങേയറ്റം ധിക്കാരം കാണിച്ചല്ലോ.+
പുറത്ത് വാൾ ജീവനെടുക്കുന്നു,+ വീടിനുള്ളിലും മരണംതന്നെ.
ש (ശീൻ)
21 ആളുകൾ എന്റെ ഞരക്കം കേട്ടു, എന്നാൽ എന്നെ ആശ്വസിപ്പിക്കാൻ ആരുമില്ല.
എന്റെ ശത്രുക്കളെല്ലാം എനിക്കു വന്ന ദുരന്തം അറിഞ്ഞു.
അങ്ങ് അതു വരുത്തിയതുകൊണ്ട് അവരെല്ലാം സന്തോഷിക്കുന്നു.+
എന്നാൽ അങ്ങ് പറഞ്ഞ ആ ദിവസം വരുമ്പോൾ+ അവരെല്ലാം എന്നെപ്പോലെയാകും.+
ת (തൗ)
22 അവരുടെ ദുഷ്ടതയെല്ലാം അങ്ങ് കാണേണമേ.
എന്റെ ലംഘനങ്ങൾ കാരണം എന്നോടു ചെയ്തതുപോലെ അവരോടും ചെയ്യേണമേ,+ ഒട്ടും ദയ കാണിക്കരുതേ.
ഞാൻ ഞരങ്ങിക്കൊണ്ടിരിക്കുന്നു, എന്റെ ഹൃദയം തളർന്നിരിക്കുന്നു.