യിരെമ്യ
42 പിന്നെ സൈന്യാധിപന്മാരും കാരേഹിന്റെ മകൻ യോഹാനാനും+ ഹോശയ്യയുടെ മകൻ യസന്യയും ചെറിയവൻമുതൽ വലിയവൻവരെ ജനം മുഴുവനും 2 യിരെമ്യ പ്രവാചകന്റെ അടുത്ത് വന്ന് പറഞ്ഞു: “ഞങ്ങളുടെ അപേക്ഷ കേൾക്കണേ. ഞങ്ങൾക്കുവേണ്ടി അങ്ങയുടെ ദൈവമായ യഹോവയോടു പ്രാർഥിക്കണേ. ധാരാളം പേരുണ്ടായിരുന്ന ഞങ്ങളിൽ കുറച്ച് പേരേ ഇപ്പോൾ ശേഷിച്ചിട്ടുള്ളൂ+ എന്ന് അങ്ങ് കാണുന്നല്ലോ. ശേഷിച്ചിരിക്കുന്ന ഈ ഞങ്ങൾക്കെല്ലാവർക്കുംവേണ്ടി അങ്ങ് പ്രാർഥിക്കണേ. 3 ഞങ്ങൾ പോകേണ്ട വഴിയും ഞങ്ങൾ ചെയ്യേണ്ട കാര്യങ്ങളും അങ്ങയുടെ ദൈവമായ യഹോവ ഞങ്ങൾക്കു പറഞ്ഞുതരുമാറാകട്ടെ.”
4 അപ്പോൾ യിരെമ്യ പ്രവാചകൻ പറഞ്ഞു: “ശരി. നിങ്ങളുടെ അപേക്ഷയനുസരിച്ച് നിങ്ങളുടെ ദൈവമായ യഹോവയോടു ഞാൻ പ്രാർഥിക്കാം. യഹോവ പറയുന്ന ഓരോ വാക്കും ഞാൻ നിങ്ങളെ അറിയിക്കും; ഒന്നും മറച്ചുവെക്കില്ല.”
5 അപ്പോൾ അവർ യിരെമ്യയോടു പറഞ്ഞു: “അങ്ങയുടെ ദൈവമായ യഹോവ അങ്ങയിലൂടെ ഞങ്ങളോടു പറയുന്ന കാര്യങ്ങളെല്ലാം ഞങ്ങൾ അങ്ങനെതന്നെ ചെയ്യാതിരുന്നാൽ യഹോവ ഞങ്ങൾക്കെതിരെ വിശ്വസ്തനും സത്യവാനും ആയ സാക്ഷിയായിരിക്കട്ടെ. 6 ഞങ്ങൾ അങ്ങയെ നമ്മുടെ ദൈവമായ യഹോവയുടെ അടുത്തേക്ക് അയയ്ക്കുന്നു. ദൈവത്തിന്റെ വാക്കുകൾ, ഗുണമായാലും ദോഷമായാലും, ഞങ്ങൾ അനുസരിക്കും. ഞങ്ങൾ അങ്ങനെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കുമ്പോൾ ഞങ്ങൾക്കു നല്ലതു വരും.”
7 പത്തു ദിവസം കഴിഞ്ഞപ്പോൾ യിരെമ്യക്ക് യഹോവയിൽനിന്ന് ഒരു സന്ദേശം കിട്ടി. 8 അപ്പോൾ യിരെമ്യ കാരേഹിന്റെ മകൻ യോഹാനാനെയും അയാളുടെകൂടെയുണ്ടായിരുന്ന എല്ലാ സൈന്യാധിപന്മാരെയും ചെറിയവൻമുതൽ വലിയവൻവരെ മുഴുവൻ ജനത്തെയും വിളിച്ചുവരുത്തി.+ 9 എന്നിട്ട് അവരോടു പറഞ്ഞു: “നിങ്ങളെ സഹായിക്കണമെന്ന അപേക്ഷയുമായി നിങ്ങൾ എന്നെ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ അടുത്തേക്ക് അയച്ചിരുന്നല്ലോ. ഇപ്പോൾ ദൈവം പറയുന്നത് ഇതാണ്: 10 ‘നിങ്ങൾ ഈ ദേശത്തുതന്നെ താമസിക്കുകയാണെങ്കിൽ ഞാൻ നിങ്ങളെ പണിതുയർത്തും, ഇടിച്ചുകളയില്ല. ഞാൻ നിങ്ങളെ നടും, പിഴുതുകളയില്ല. കാരണം, നിങ്ങൾക്കു വരുത്തിയ ദുരന്തത്തെക്കുറിച്ച് എനിക്കു ഖേദം* തോന്നും.+ 11 നിങ്ങൾ പേടിക്കുന്ന ബാബിലോൺരാജാവിനെ ഇനി പേടിക്കേണ്ടാ.’+
“‘അവനെ ഭയപ്പെടേണ്ടാ’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘നിങ്ങളെ രക്ഷിക്കാനും അവന്റെ കൈയിൽനിന്ന് നിങ്ങളെ വിടുവിക്കാനും ഞാൻ നിങ്ങളുടെകൂടെയുണ്ട്. 12 ഞാൻ നിങ്ങളോടു കരുണ കാണിക്കും.+ അങ്ങനെ, അവനു നിങ്ങളോടു കരുണ തോന്നിയിട്ട് നിങ്ങളെ സ്വദേശത്തേക്കു മടക്കി അയയ്ക്കും.
13 “‘“ഇല്ല, ഞങ്ങൾ ഈ ദേശത്ത് താമസിക്കില്ല” എന്നു നിങ്ങൾ പറയുന്നെങ്കിൽ, നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് അനുസരിക്കാതെ 14 “ഞങ്ങൾ ഈജിപ്തിലേക്കു പോകുകയാണ്;+ അവിടെയാകുമ്പോൾ ഞങ്ങൾക്കു യുദ്ധം കാണേണ്ടിവരില്ല, കൊമ്പുവിളിയുടെ ശബ്ദം കേൾക്കേണ്ടിവരില്ല, വിശപ്പു സഹിക്കേണ്ടിവരില്ല; അതുകൊണ്ട് അവിടെയാണു ഞങ്ങൾ ജീവിക്കാൻപോകുന്നത്” എന്നു പറയുന്നെങ്കിൽ, 15 യഹൂദാജനത്തിൽ ബാക്കിയുള്ളവരേ, യഹോവയുടെ സന്ദേശം കേൾക്കൂ. ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: “ഈജിപ്തിലേക്കു പോയി അവിടെ താമസിക്കാനാണു* നിങ്ങളുടെ തീരുമാനമെങ്കിൽ, 16 നിങ്ങൾ പേടിക്കുന്ന അതേ വാൾ ഈജിപ്ത് ദേശത്തുവെച്ച് നിങ്ങളെ പിടികൂടും. നിങ്ങൾ പേടിക്കുന്ന ആ ക്ഷാമം നിങ്ങളുടെ പിന്നാലെ ഈജിപ്തിലേക്കു വരും. അവിടെവെച്ച് നിങ്ങൾ മരിക്കും.+ 17 ഈജിപ്തിൽ പോയി താമസിക്കാൻ നിശ്ചയിച്ചുറച്ച എല്ലാ പുരുഷന്മാരും വാളാലും ക്ഷാമത്താലും മാരകമായ പകർച്ചവ്യാധിയാലും മരിക്കും. ഞാൻ അവരുടെ മേൽ വരുത്താൻപോകുന്ന ദുരന്തത്തിൽനിന്ന് ഒറ്റ ഒരാൾപ്പോലും രക്ഷപ്പെടില്ല. ആരും അതിജീവിക്കില്ല.”’
18 “ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: ‘യരുശലേമിൽ താമസിച്ചിരുന്നവരുടെ മേൽ ഞാൻ എന്റെ കോപവും ക്രോധവും ചൊരിഞ്ഞതുപോലെതന്നെ,+ നിങ്ങൾ ഈജിപ്തിലേക്കു പോയാൽ നിങ്ങളുടെ മേലും ഞാൻ എന്റെ ക്രോധം ചൊരിയും. നിങ്ങൾ ഒരു ശാപവും ഭീതികാരണവും പ്രാക്കും നിന്ദയും ആകും.+ പിന്നെ ഒരിക്കലും നിങ്ങൾ ഈ സ്ഥലം കാണില്ല.’
19 “യഹൂദാജനത്തിൽ ശേഷിക്കുന്നവരേ, യഹോവ നിങ്ങൾക്കു വിരോധമായി സംസാരിച്ചിരിക്കുന്നു. ഈജിപ്തിലേക്കു നിങ്ങൾ പോകരുത്. 20 തെറ്റിനു വിലയായി നിങ്ങൾക്കു സ്വന്തം ജീവൻ കൊടുക്കേണ്ടിവരുമെന്നു ഞാൻ ഇതാ, ഇന്നു നിങ്ങൾക്കു മുന്നറിയിപ്പു തരുന്നു. ‘ഞങ്ങൾക്കുവേണ്ടി യഹോവയോടു പ്രാർഥിക്കണം; ഞങ്ങളുടെ ദൈവമായ യഹോവ പറയുന്നതെല്ലാം ഞങ്ങളെ അറിയിക്കണം; ഞങ്ങൾ അതൊക്കെ അനുസരിച്ചുകൊള്ളാം’ എന്നു പറഞ്ഞ് നിങ്ങളുടെ ദൈവമായ യഹോവയുടെ അടുത്തേക്കു നിങ്ങൾ എന്നെ അയച്ചിരുന്നല്ലോ.+ 21 ഞാൻ വന്ന് അവയെല്ലാം ഇന്നു നിങ്ങളോടു പറഞ്ഞു. എങ്കിലും നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് അനുസരിക്കുകയോ നിങ്ങളെ അറിയിക്കാൻ ദൈവം പറഞ്ഞ വാക്കുകൾക്കു ചേർച്ചയിൽ പ്രവർത്തിക്കുകയോ ഇല്ല.+ 22 അതുകൊണ്ട് നിങ്ങൾ ചെന്ന് താമസിക്കാൻ ആഗ്രഹിക്കുന്ന ദേശത്തുവെച്ച് വാളാലും ക്ഷാമത്താലും മാരകമായ പകർച്ചവ്യാധിയാലും നിങ്ങൾ മരിക്കുമെന്ന് ഇപ്പോൾത്തന്നെ അറിഞ്ഞുകൊള്ളുക.”+